Trending

അനര്‍ഹര്‍ നഷ്ടപരിഹാരത്തിന് ശ്രമിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും:ജില്ലാ കലക്ടര്‍

കോഴിക്കോട്: ദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ദുരന്തനിവാരണ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. കളവാണെന്ന് അറിഞ്ഞുകൊണ്ട് സര്‍ക്കാറിന്റൈയോ ബന്ധപ്പെട്ട അതോറിറ്റികളുടെയോ ആനുകൂല്യങ്ങള്‍ക്ക് തെറ്റായ അവകാശവാദം ഉന്നയിക്കുന്നത് നിയമത്തിലെ സെക്ഷന്‍ 52 പ്രകാരമാണ് കുറ്റകൃത്യമാകുന്നത്. 


രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ദുരന്തനിവാരണത്തിന് വിവിധ നടപടികള്‍ നിര്‍ദേശിക്കുന്ന 2005 ലെ ദുരന്ത നിവാരണ നിയമത്തില്‍ തന്നെയാണ് അനര്‍ഹര്‍ ആനുകൂല്യത്തിന് ശ്രമം നടത്തുന്നതടക്കം നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികളും പരാമര്‍ശിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ദുരന്തനിവാരണ നിയമത്തിന്റെ ലക്ഷ്യം. 

ദേശീയ, സംസ്ഥാന, ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദ്ദേശപ്രകാരം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടയുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയോ ദുരന്തനിവാരണ അതോറിറ്റികളുടെയും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നതും സെക്ഷന്‍ 51 പ്രകാരം കുറ്റകരമാണ്. 
രണ്ടിനും ഒരു വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. ഈ കുറ്റകൃത്യങ്ങള്‍ ജീവാപായത്തിന് കാരണമായിട്ടുണ്ടെങ്കില്‍ തടവുശിക്ഷയുടെ കാലാവധി രണ്ടു വര്‍ഷം വരെയാകും. 

ദുരന്തത്തിനിടെ സംരക്ഷിക്കാനും മറ്റുമായി ആരെങ്കിലും ഏല്‍പിച്ചിട്ടുളള പണമോ വസ്തുവകകളോ സ്വന്തം കാര്യലാഭത്തിന് ഉപയോഗിക്കുന്നതും ഇങ്ങനെ ദുരുപയോഗം നടത്താന്‍ മറ്റാര്‍ക്കെങ്കിലും അവസരമൊരുക്കി നല്‍കുന്നതും സെക്ഷന്‍ 53 പ്രകാരം രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജനങ്ങളില്‍ ഭീതിയും ആശങ്കയും പരത്തുന്ന വിധം ദുരന്തം സംബന്ധിച്ച അനാവശ്യം മുന്നറിയിപ്പുകളോ ദുരന്തം സംബന്ധിച്ച് അനാവശ്യ മുന്നറിയിപ്പുകളോ തെറ്റായ അപായ സൂചനകളോ പ്രചരിപ്പിക്കുന്നത് സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 

സര്‍ക്കാറിനു കീഴിലെ ഏതെങ്കിലും വകുപ്പിന്റെ ഭാഗത്തുനിന്ന് കുറ്റകൃത്യങ്ങളുണ്ടായാല്‍ തന്റെ അറിവോടെയല്ല കുറ്റകൃത്യം നടന്നതെന്ന് തെളിയിക്കാനാവാത്തപക്ഷം വകുപ്പ് മേധാവി വിചാരണ നടപടി നേരിടേണ്ടിവരും. മേധാവി അറിയാതെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെങ്കില്‍ ആ ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെടുക. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയില്‍നിന്ന് വകുപ്പ് മേധാവിയുടെ രേഖാമൂലമുളള അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കും ഒരു വര്‍ഷം വരെ തടവു ശിക്ഷയാണ് നിയമത്തിനല്‍ പ്രതിപാദിക്കുന്നത്. കമ്പനിയുടെയോ കോര്‍പറേറ്റ് ഓഫീസുകളുടെയോ ഭാഗത്ത് നിന്നുണ്ടാവുന്ന തെറ്റുകള്‍ക്ക് നിരപരാധിത്വം തെളിയിക്കുനായില്ലെങ്കില്‍ ചുമതലയുളള ഉദ്യോഗസ്ഥന്‍ കുറ്റവാളിയാകും. ഡയറക്ടര്‍, മാനേജര്‍, സെക്രട്ടറി തുടങ്ങിയവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുളള പക്ഷം അവരും പ്രതികളാവും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ പ്രോസിക്യൂഷന്‍ നടപടികള്‍ പാടില്ലെന്ന വ്യവസ്ഥ ഇക്കാര്യത്തിലും ബാധകമാണ്.
Previous Post Next Post
3/TECH/col-right