Trending

വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം



സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി അംഗീകരിച്ച നിബന്ധനകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് മൊറട്ടോറിയം പ്രഖ്യാപിക്കുക.

കാലവര്‍ഷക്കെടുതിയുടെ അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചിലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാര്‍ഷിക പദ്ധതി വിഹിതത്തില്‍ 20 ശതമാനം വരെ കുറവ് വരുത്താനും മുന്‍ഗണനാ ക്രമീകരണം നടത്താനും തീരുമാനിച്ചു.

കോളജ് - സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ യാതൊരു കുറവും വരുത്തുന്നതല്ല. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം എന്നിവ ഒഴികെ ഉള്ള എല്ലാ വകുപ്പുകളുടെയും വാര്‍ഷിക പദ്ധതിയുടെ 20 ശതമാനം കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതി, വിദേശ സഹായ പദ്ധതി, നബാര്‍ഡ് എന്നിവയ്ക്കുള്ള സംസ്ഥാന വിഹിതത്തെ പദ്ധതി വെട്ടിക്കുറവില്‍ നിന്ന് ഒഴിവാക്കുന്നതാണെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

കേരളത്തിലെ ക്ഷീരസംഘങ്ങളെ ആനന്ദ് മാതൃകയില്‍ ശാക്തീകരിക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്തിയ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കരട് ബില്‍ അംഗീകരിച്ചു. ഈ ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
Previous Post Next Post
3/TECH/col-right