Trending

കണ്ണൂർ വിമാനത്താവളം: വ്യോമയാനമന്ത്രാലയത്തിന് തൃപ്തി,രാത്രി പരീക്ഷണപ്പറക്കൽ നടത്തും.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ വ്യോമയാനമന്ത്രാലയം തൃപ്തി പ്രകടിപ്പിച്ചു. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകനയോഗത്തിലാണ് വിമാനത്താവളത്തിന്റെ സംവിധാനങ്ങൾ മികച്ചതാണെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്.




വ്യോമയാനമന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സെപ്റ്റംബർ 13-ന് ചേർന്ന അവലോകനയോഗത്തിന് ശേഷം നടന്ന പ്രവൃത്തികളാണ് അവലോകനം ചെയ്തത്. വിമാനത്താവളത്തിൽ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡി.ജി.സി.എ. ഉദ്യോഗസ്ഥർ അറിയിച്ചു.

വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ പരമാവധി വേഗത്തിലാക്കുമെന്ന് വ്യോമയാനമന്ത്രാലയവും ഡി.ജി.സി.എ.യും ഉറപ്പുനൽകി. യോഗത്തിൽ സംസ്ഥാന ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കിയാൽ എം.ഡി. വി.തുളസീദാസ്, സ്‌പെഷ്യൽ ഓഫീസർ വിജയകുമാർ, കണ്ണൂർ വിമാത്താവള എൻജിനീയറിങ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ്, ഓപ്പറേഷൻ വിഭാഗം സീനിയർ മാനേജർ ബിനു ഗോപാൽ എന്നിവരും പങ്കെടുത്തു.

പ്രവർത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനമുപയോഗിച്ച് രാത്രിയിലും പരീക്ഷണപ്പറക്കൽ നടത്തും. സിഗ്നൽ സംവിധാനമുൾപ്പെടെയുള്ളവയുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് രാത്രിയിൽ റൺവേയിൽ വിമാനമിറക്കി പരിശോധന നടത്തുന്നത്. ഇതിനായി എയർഇന്ത്യയുടെ വിമാനം ഈ മാസംതന്നെ കണ്ണൂരിലെത്തും. ഐ.എൽ.എസ്. സംവിധാനത്തിന്റെ പരിശോധനയ്ക്ക് എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം വീണ്ടും വിമാനത്താവളത്തിലെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്പ്രസിന്റെയും ഇൻഡിഗോയുടെയും പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തിയിരുന്നു. കണ്ണൂരിലെ ലാൻഡിങ് സുഗമവും സുരക്ഷിതവുമാണെന്ന അഭിപ്രായമാണ് പൈലറ്റുമാർ പറഞ്ഞത്. ഡി.വി.ഒ.ആർ. സഹായത്തോടെയാണ് ഈ പരിശോധനകൾ നടത്തിയത്. മോശം കാലാവസ്ഥയിലും വിമാനമിറക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം(ഐ.എൽ.എസ്.).
Previous Post Next Post
3/TECH/col-right