Trending

കിഴക്കോത്ത് NSC സംഘം:പാലോറ മലയിലെ നിർമ്മാണ പ്രദേശം സന്ദർശിച്ചു‌

കൊടുവള്ളി:കിഴക്കോത്ത് പാലോറ മലയിൽ  നടക്കുന്ന കൂറ്റൻ നിർമ്മാണ പ്രർത്തനങ്ങൾ പ്രദേശത്തെ പരിസ്ഥിതി സന്തുലനാവസ്ഥക്ക് കോട്ടം തട്ടാനും അതുവഴി മറ്റൊരു കിരിഞ്ചോല ദുരന്തം ആവർത്തിക്കാനും സാധ്യതയുണ്ടെന്ന നാട്ടുകാരുടെ ആശങ്ക അടിസ്ഥാന രഹിതമല്ലെന്ന് മലയിൽ കാണുന്ന നിർമ്മാണ  പ്രവർത്തനങ്ങൾ വിളിച്ചോതുന്നു. ഈ മലയിൽ തന്നെയുള്ള "വെള്ളപ്പൊടുപ്പിൽ" എന്ന് പറയുന്ന നീരുറവ വേനൽക്കാലത്ത് അനേകം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ്. മാത്രമല്ല ഇത് ഒരു പ്രദേശത്തിന്റെ ഭൂഗർഭ ജലം പരിപോഷിപ്പിക്കുന്ന ഒരു മർമ്മ പ്രധാന കേന്ദ്രം കൂടിയാണ്. 


ഇവിടെ നൂറിൽപ്പരം പൈലിംഗ് നടന്നു കഴിഞ്ഞു. ഈ നിർമ്മാണ പ്രവർത്തികൾ നടന്നു കഴിഞ്ഞാൽ ഈ വെള്ളപ്പൊടുപ്പ് നാമാവശേഷമാവും. അതോടു കൂടി പാലോറ മലയുടെ ചുറ്റുപാടിലുമുള്ള അരീക്കുഴിയിൽ, കച്ചേരിമുക്ക്, മഠത്തുംകുഴി, നൂഞ്ഞാറ്റിൻകര മുതലായ വലിയൊരു പ്രദേശം കുടിവെള്ള ക്ഷാമത്തിലാവും. ഇവിടെ നിർമ്മിക്കുന്ന റിസോർട്ട്,  കൺ വെൻഷൻ ഹാൾ എന്നിവയിൽ നിന്നുള്ള ടോയിലറ്റ് മാലിന്യം ഉൾപ്പെടെയുള്ള പലവിധ മാലിന്യങ്ങൾ സമീപ പ്രദേശങ്ങളിലെ കിണറുകളെയും ഈ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സുകളെയും മലിനമാക്കും. മാത്രമല്ല ഇവിടെ മലയുടെ നെറുകയിൽ അല്ല നിർമ്മാണം നടക്കുന്നത്.


മലയുടെ ചരിവിൽ    ലക്ഷക്കണക്കിനു ടൺ ഭാരം വരുന്ന തരത്തിലുള്ള നിർമ്മാണം വലിയ തോതിലുള്ള ഒരു മലയിടിച്ചിലിനു തന്നെ കാരണമായേക്കാം.   ആയത് കൊണ്ട് ഈ വിഷയത്തിൽ ഒരു സർക്കാർ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിച്ച് പ്രദേശവാസികളുടെ  ആശങ്ക അകറ്റുന്നതിന് ആവശ്യമായി നടപടികൾ പ്രാദേശിക ഭരണകൂടം എന്ന നിലയിൽ  പ്രമപഞ്ചായത്ത് സന്നദ്ധമാവണമെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ് (NSC) കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ടിന്റ്  പൊയിലിൽ അബ്ദുറഹിമാൻകുട്ടി യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച എം.എസ്.മുഹമ്മദ് മാസ്റ്റർ, നസീമാ ജമാലുദ്ദീൻ,  സിംല മുഹമ്മദ് ഹാജി, അൻസാരി മുഹമ്മദ് ഹാജി, റാസിഖ് കോരോത്ത്, എം.എം. ഖാദർ , സലീം വയലിൽ , ഇബ്രാഹിം കെ. എന്നിവർ  ബന്ധപ്പെട്ട അധികാരികളോട്  അഭ്യർത്ഥിച്ചു.

പാലോറമല സംരക്ഷണ സമിതിക്ക് എല്ലാ വിധ പിന്തുണയും സംഘം പ്രഖ്യാപിക്കുകയും ചെയ്തു.


Previous Post Next Post
3/TECH/col-right