Trending

വയനാട്ടിലേക്ക് പോവുന്നവര്‍ അറിയാൻ:കാന്താരി വിസ്മയവുമായി അച്ചൂസ് ഹോട്ടൽ

വയനാട്ടിലേക്ക് പോവുന്നവര്‍ അറിയാൻ.ചുരം കയറുന്നതിനുമുന്നേ ചന്ദ്രേട്ടന്റെ കാന്താരി വിസ്മയമുണ്ട്. അവിടെ കേറിയാൽ പിന്നെ വയറും പെരുപ്പിച്ച് ഇറങ്ങി വരലേ രക്ഷ. കാന്താരിച്ചമ്മന്തിയിലാണ് ചന്ദ്രേട്ടന്‍ ആ വിസ്മയം തീർക്കുന്നത് .

 
കഥ കേട്ട് കേറി ചെന്നപ്പോള്‍ അച്ചൂസ് ഹോട്ടലിന്റെ അടുക്കള ചായ്പിലിരുന്ന് കാന്താരിയുടെ പണിയിലാണ് ചന്ദ്രേട്ടനും ഭാര്യ സാവിത്രിച്ചേച്ചിയും.''ഇപ്പോ അഞ്ചുകിലോ കാന്താരി വന്നു. വയനാട്ടില്‍നിന്നാണ്. എല്ലാം ചമ്മന്തിക്കാണ്. സീസണില്‍ ഒരു കിലോ കാന്താരിമുളകിന് ആയിരം രൂപയൊക്കെയാവും. പക്ഷേ  പതിനായിരമായാലും ചന്ദ്രേട്ടന് ചമ്മന്തി നിര്‍ബന്ധമാണ്.

അതു കൂട്ടാനാണ് ഉച്ചയ്ക്ക് ഇങ്ങോട്ട് ആളുകള്‍ വരുന്നതും.'' സാവിത്രിച്ചേച്ചി ചിരിച്ചു. ഇടയ്ക്ക് അവരൊന്ന് കണ്ണുതുടച്ചു. ഭാഗ്യം സാരിത്തുമ്പുകൊണ്ടാണ്. ഇല്ലേല്‍ കണ്ണെരിഞ്ഞ്...
''കാന്താരി മുളകില്‍ ചെറിയ ഉള്ളി ചേര്‍ത്തരയ്ക്കും. പിന്നെ ഇത്തിരി പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കും'' ചന്ദ്രേട്ടന്‍ കേള്‍ക്കാതെ ചേച്ചി ആ രഹസ്യം പരസ്യമാക്കി. 

ആ സമയത്ത്  മൂപ്പര് മുന്നിലെത്തിയവരെ സല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു. പൂപോലെ നേര്‍ത്ത പൊറോട്ടയും മുട്ടറോസ്റ്റുമായി വിരുന്നുകാര്‍ ചങ്ങാത്തത്തിലായി.
പതിനാറുവര്‍ഷം മുമ്പാണ് ചന്ദ്രേട്ടനും സാവിത്രിച്ചേച്ചിയും കൂടി ചായക്കട തുറന്നത്. അന്നുമുതല്‍ വയനാട് പോവുന്നവരുടെ ഇടത്താവളമായി അച്ചൂസ്. രാവിലെ പൊറോട്ടയും ദോശയും കറികളും കഴിച്ച് പോവുന്നവര്‍ ഉച്ചയാവും മുന്നേതന്നെ വീണ്ടും കൂടണയും. ചോറുണ്ണാന്‍. സീസണില്‍ ചക്ക ഉപ്പേരിയും വാഴക്കൂമ്പും ചേമ്പിന്‍തണ്ടുമെല്ലാം കൂട്ടി ചോറ്. കൂടെ ചെമ്പല്ലി, ആവോലി, നെയ്മീന്‍, കൂന്തല്‍, കടുക്ക. തിരഞ്ഞെടുക്കാന്‍ പലതും പൊരിച്ച് നിരത്തി വെച്ചിരിക്കും. 

ഇതിനൊക്കെ പിന്നാലെയാണ് കാന്താരിച്ചമ്മന്തി അവതരിക്കുന്നത്. സ്വാദിന്റെ കൂടോത്രം പൊട്ടിച്ച് അത് ആളുകളെ പൂട്ടിയിട്ടുകളയും.
''ഉച്ചയ്ക്ക് സാമ്പാറും മീന്‍കറിയും ഒരു പച്ചക്കറിയും നിര്‍ബന്ധം. നാടന്‍മോര് കൊടുക്കും. ഇവിടെത്തന്നെ ഉറയൊഴിച്ച് ഉണ്ടാക്കുന്നതാണ്. പച്ചമുളകും കറിവേപ്പിലയും അരച്ച് ചേര്‍ത്താണ് കൊടുക്കുന്നത്. പുളിയിഞ്ചിയുമുണ്ടാവും. അതും ചമ്മന്തിയുമാണ് ദിവസേന വരുന്നവര്‍ക്ക് പ്രിയം.

''ചന്ദ്രേട്ടന്‍ മെനു വിളമ്പി അടുക്കളയിലേക്ക് ഒരുവട്ടം കൂടെ തലയിട്ടപ്പോള്‍ കണ്ടത് സാവിത്രിച്ചേച്ചി പുളിയിഞ്ചിയൊരുക്കുന്നതാണ്.'' പുളി പിഴിഞ്ഞിട്ട് അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ഇടണം. പിന്നെ ശര്‍ക്കര വേണം. ഇഞ്ചി ചെറുതായിട്ട് കൊത്തിയിടണം. അവസാനമൊരു വറവും ''നാവില്‍ പുളിനിറഞ്ഞിട്ടുവയ്യ. 

തക്കംനോക്കി ചന്ദ്രേട്ടന്‍ വന്നു .''വീട്ടിലുണ്ടാക്കുന്ന സാധനങ്ങളാണ് വരുന്നവര്‍ക്ക് കൊടുക്കുന്നത്. ഞങ്ങള് കഴിക്കുന്നത് ഇങ്ങക്കും തരും.''അതാണ് മൂപ്പരുടെ തിയറി. പിന്നെയൊരു കാര്യം, ഇവിടുത്തെ കാന്താരിചമ്മന്തി കൂട്ടണമെന്ന് നിര്‍ബന്ധമുണ്ടേല്‍ മൂന്നുമണിക്ക് മുന്നേയെങ്കിലും വരണം. ചമ്മന്തി തീര്‍ന്നാല്‍ ചന്ദ്രേട്ടനെ കുറ്റം പറഞ്ഞേക്കരുത്.



cts:FB
Previous Post Next Post
3/TECH/col-right