Trending

നവകേരളം:മലയാളിക്ക് കരുത്തുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ്, പക്ഷെ അതെല്ലാം സാധ്യമാക്കാനുള്ള കരുത്ത് മലയാളി സമൂഹത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല. കേരളത്തെ പുതുക്കി പണിയുന്നതില്‍ ദേശീയ-അന്തരാഷ്ട്രതലത്തിലുള്ള വിദഗ്ദ്ധരുടെ ഉപദേശം നാം തേടും. വലിയ വെല്ലുവിളിയാണ് മുന്നില്‍. പക്ഷേ എല്ലാരും കൂടി സഹകരിച്ചാല്‍ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനാവും.



നഷ്ടപ്പെട്ടത് പുനര്‍നിര്‍മ്മിക്കുന്നതിനപ്പുറം ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഒരു നവകേരള സൃഷ്ടിക്കുള്ള അടിത്തറയായി ഇതിനെ കാണണം.
കേരളത്തില്‍ വന്നു ദുരിതം നേരില്‍ക്കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ഉള്ളില്‍ത്തട്ടിയുള്ള അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്വാഭാവിക പ്രതികരണമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നു തന്നെയാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.


പുറത്തുനിന്നുള്ള സഹായത്തിനപ്പുറം നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ നാടിനൊരു കരുത്തുണ്ട്. നമ്മുടെ കേരളം ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ?ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല, പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം… അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല.


പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായത്. പ്രളയത്തില്‍ തകര്‍ന്നു പോയത് വീടുകള്‍ മാത്രമല്ല ഒരുപാട് നാടുകള്‍ കൂടിയാണ്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right