കേരള നിയമസഭയിൽ നാളിതുവരെ നടത്തപ്പെട്ട പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പാരിസ്ഥിതിക അവബോധമുള്ള പ്രസംഗത്തിന്റെ പൂർണ്ണരൂപം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 31 August 2018

കേരള നിയമസഭയിൽ നാളിതുവരെ നടത്തപ്പെട്ട പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പാരിസ്ഥിതിക അവബോധമുള്ള പ്രസംഗത്തിന്റെ പൂർണ്ണരൂപം


കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ ദുരന്തത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മഴ തോര്‍ന്നാലും മരം പെയ്യുമെന്ന് പറയുന്നതുപോലെ, പ്രളയദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല. നമുക്ക് പരിചയമില്ലാത്ത പ്രളയ ദുരന്തത്തെ കേരള ജനത ഒറ്റ മനസ്സായി നേരിടുകയാണ്.

നമുക്കിപ്പോള്‍ രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുള്ളത്. ആദ്യത്തേത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്. ഒപ്പംതന്നെ, രണ്ടാമത്തെ ദൗത്യവും ഏറ്റെടുത്തേ തീരൂ. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണത്.

ആസുരമായ കാലത്താണ് നാം അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ തേടുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്പോള്‍ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണകൂട ഭീകരത അറസ്റ്റ് ചെയ്തത്. ജനങ്ങളോട് സംസാരിക്കുന്നു എന്നതാണ് അവര്‍ ചെയ്ത കുറ്റം. അതിന്റെതന്നെ മറുവശമാണ്, പ്രളയദുരന്തത്തില്‍ പെട്ട് നട്ടംതിരിയുന്ന ജനതയുടെ മോചന മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ നടത്തുന്ന ശ്രമം.

ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ ദേശീയ തലത്തിലും വലിയ തോതിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതിന്റെ വിശദീകരണത്തിലേക്ക് തല്‍ക്കാലം ഞാന്‍ കടക്കുന്നില്ല.കേരളം നേരിട്ട പ്രളയത്തിന് കാരണം കനത്ത മഴ തന്നെയാണ്. പക്ഷെ, ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുമാണ്. സ്വയംവിമര്‍ശനപരമായി പറഞ്ഞാല്‍, നമ്മുടെ നയ രൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്.

സര്‍, ഇത് എന്റെ ഒരു പുതിയ വെളിപ്പെടുത്തലല്ല. എത്രയോ കാലമായി, ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നാം കേട്ടുവരുന്നതാണ്. പക്ഷെ, നിരവധി സങ്കുചിത താല്‍പ്പര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍, എല്ലാം നാം അവഗണിച്ചു വരികയായിരുന്നു.

ഇപ്പോള്‍ നമ്മുടെ ശ്രദ്ധ ഒരു പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിലാണ്. വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്. വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്പുകള്‍ തീര്‍ച്ചപ്പെടുത്താനുള്ള അവസരമാണിത്. കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി, ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്.

സര്‍, ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ട സമയമാണ്.

വികസനമെന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നേ തീരൂ. നിയമങ്ങള്‍ കുറെക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണം.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മന്ത്രിസഭ തീരുമാനിച്ചാണ് അതിനു വേണ്ടി പ്രത്യേകം ഒരു ദൗത്യസംഘം രൂപീകരിച്ചത്. ആ പ്രക്രിയ ഇടക്ക് വെച്ച് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പുനഃപരിശോധിക്കണം.

മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണം.സര്‍, കുന്നിടിച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അര്‍ത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാന്‍ ഇനിയും ഇട വരുത്തരുത്. ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചുകൊണ്ടാവട്ടെ നമ്മുടെ തുടക്കം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി നിയമമുണ്ടാക്കിയവരാണ് നാം.

അതിന്റെ സത്ത ചോര്‍ത്തിക്കളയാനല്ല, ആ നിയമത്തെ കൂടുതല്‍ കര്‍ക്കശമാക്കാനും അത് മാതൃകാപരമായി പ്രാവര്‍ത്തികമാക്കാനുമാണ് കേരളം മുന്നോട്ടു വരേണ്ടത്

മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, കേരളം ആ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാന്‍ കേരളത്തിന് കെല്‍പ്പില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിനുണ്ടായിട്ടുണ്ട്. നമ്മുടെ പഴയ പഠന റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണിത്. വന്‍കിടക്കാര്‍ കാടും കായലും കയ്യേറി നിര്‍മ്മിക്കുന്ന

ഫ്ളാറ്റ് സമുച്ചയങ്ങളും, അനധികൃത ഭൂവിനിയോഗവും നിസ്സാരമായ പിഴയൊടുക്കി കോടതികളിലൂടെ സാധൂകരിച്ചെടുക്കുന്നത് അങ്ങും കാണുന്നില്ലേ? മേലില്‍ അതിനുള്ള അവസരമുണ്ടാവരുത്.

പരമ്പരാഗത ജല നിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചുകളഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. മനുഷ്യ നിര്‍മ്മിതികള്‍ തകര്‍ത്തുകൊണ്ടാണ് പ്രളയ ജലം ഒഴുകാന്‍ വഴി കണ്ടെത്തിയത്. തകര്‍ന്നുപോയ വീടുകളും പാലങ്ങളും റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നതോടൊപ്പം, നമ്മുടെ പരമ്പരാഗത ജല നിര്‍ഗമന പാതകളുടെ പുനരുദ്ധാരണവും ആരംഭിക്കേണ്ടതുണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം, കൊട്ടിഘോഷിച്ച മഹാ വികസനങ്ങളില്‍ ഏതെല്ലാമാണ് മഹാ ദുരന്തങ്ങള്‍ക്ക് കാരണമാവുക എന്ന, ശാസ്ത്രീയമായ വിലയിരുത്തലിനും ഇതുതന്നെയാണ് പറ്റിയ സന്ദര്‍ഭം. അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വില കൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടം അടക്കമുള്ള നമ്മുടെ ഭൂപ്രകൃതിയാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. പക്ഷെ, കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റര്‍ പ്ലാനിന്റെയും അടിസ്ഥാനത്തിലല്ലാതെ, വ്യക്തിഗത വികസന പദ്ധതികള്‍ നടപ്പാക്കരുത്.

വികസനം തടസ്സപ്പെടുത്താത്ത പ്രകൃതി സംരക്ഷണമല്ല, പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുദ്രാവാക്യം. ചിലര്‍ക്ക് മുമ്പില്‍ നിയമം വഴിമാറുന്ന സ്ഥിതി ഉണ്ടായിക്കൂട. വികസനം ഒരിടത്തും, പരിസ്ഥിതി സംരക്ഷണം മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന വൈരുദ്ധ്യം അവസാനിക്കണം. വികസനം ജനങ്ങള്‍ക്ക് മേല്‍ ദുരന്തമായി വീഴാന്‍ പാടില്ല. ഇത്തരം നിര്‍ദ്ദേശങ്ങളെ വികസനവിരുദ്ധമെന്നും കേവല പരിസ്ഥിതി വാദമെന്നും പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ടാവും.

പറഞ്ഞുവന്നത് ഇത്രയേയുള്ളു. നവ കേരള സൃഷ്ടിക്കായി നമുക്ക് ആദ്യം വേണ്ടത് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാനാണ്. അല്ലാതെ വ്യക്തിഗത പദ്ധതികളല്ല. ആ മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ കേരളത്തിലെ യുവജനങ്ങളുടെയും, കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെയും വിപുലമായ സഹായം തേടണം. നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നിയമജ്ഞരും അദ്ധ്യാപകരും ബ്യൂറോക്രാറ്റുകളും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം ഉള്‍പ്പെടുന്ന വിപുലമായ ഒരു കര്‍മ്മസേനക്ക് രൂപം നല്‍കണം. ആ കര്‍മ്മസേനക്ക് ഒരു ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കണം. അവിടെ മാറ്റിനിര്‍ത്തലുകളില്ല.കേരളം കണ്ട മഹത്തായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നിന്നത് തീരദേശ മത്സ്യത്തൊഴിലാളികളായിരുന്നു എന്ന് നാം തിരിച്ചറിയണം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ബോധവല്‍ക്കരണ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്. ബോദ്ധ്യപ്പെടുത്തേണ്ട മറ്റൊന്നുകൂടിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ സഹകരിച്ച കേരളീയരുടെ കര്‍മ്മശേഷി ഇനിയും വിന്യസിക്കാനുള്ളത്, ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ്. ബൗദ്ധികമായും ധനപരമായും അവര്‍ക്കത് സാദ്ധ്യമാണ്.

വ്യക്തമായ പദ്ധതികളോടെ, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് ആശിക്കാം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും ഏര്‍പ്പെട്ടിരിക്കുന്നവരുമായ എല്ലാവരേയും ഈ സന്ദര്‍ഭത്തില്‍ അനുമോദിക്കേണ്ടതുണ്ട്. കേന്ദ്ര ഗവര്‍മെണ്ടില്‍നിന്നും സഹകരണമുണ്ടെന്നും, കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പോലും, കൂടുതല്‍ സഹായത്തിനായി കൂട്ടായി സമ്മര്‍ദ്ദം ചെലുത്താന്‍ മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് നാം ശ്രമിക്കുകയും വേണം.

-വി.എസ്. അച്യുതാനന്ദൻ
2018 ആഗസ്റ്റ് 30,
 കേരള നിയമസഭ.

No comments:

Post a Comment

Post Bottom Ad

Nature