Trending

നവകേരള നിര്‍മിതിയ്ക്ക് സഹായമൊരുക്കാന്‍:കോഴിക്കോട് കലക്ട്രേറ്റ് ജീവനക്കാര്‍

കോഴിക്കോട്: നവകേരള നിര്‍മിതിയ്ക്ക് സഹായമൊരുക്കാന്‍ കോഴിക്കോട് കലക്ട്രേറ്റ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ഒരു മാസത്തെ വേതനം മാറ്റി വയ്ക്കാന്‍ ജീവനക്കാര്‍ ഐക്യകണ്ഠേന തീരുമാനിച്ചത്.


മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്താണ് തുക നല്‍കുന്നതിനായി ജീവനക്കാര്‍ തയ്യാറായത്. മുഴുവന്‍ സര്‍വ്വീസ് സംഘടന പ്രതിനിധികളുമായി ചേര്‍ന്ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജനജീവിതത്തിന്റെ സമസ്തമേഖലകളും തകര്‍ക്കപ്പെട്ട കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനും കേരളത്തിന്റെ പുന:സൃഷ്ടിക്കുമായുള്ള കഠിനപ്രയത്നമാണു സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളീയസമൂഹം ഒന്നടങ്കം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറിക്കൊണ്ട് സംരംഭത്തില്‍ കൈകോര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തൊഴില്‍ ചെയ്യുന്ന എല്ലാവരും ഒരു മാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.
Previous Post Next Post
3/TECH/col-right