Trending

99-ലെ വെള്ളപ്പൊക്കത്തെ പഴമക്കാരുടെ മങ്ങിയ ഓർമച്ചെപ്പിനടിയിൽ

കോഴിക്കോട്: 99-ലെ വെള്ളപ്പൊക്കം എന്നു കേൾക്കാത്തവരില്ല. എന്നാൽ, അന്നത്തെ ദുരിതാശ്വാസം എങ്ങനെ? യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇന്നത്തെക്കാൾ അപര്യാപ്തമായ കാലം. കൊല്ലവർഷം 99 പക്ഷേ, ദുരിതാശ്വാസത്തിൽ കാണിച്ച മികവും ജാഗ്രതയും മാതൃകാപരമാണ്.


മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു അന്ന് മലബാർ. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്ന നാട്. കളക്ടർ ജെ.എ. തോറൺ എന്ന ജോൺ ആൻഡേഴ്‌സൺ തോറൺ. മദ്രാസ് ഗവർണർ വിസ്‌ക്കൗണ്ട് ഗോഷൻ ഇവർ വ്യക്തമായ പ്ലാനിങ്ങോടെ ഒരുവർഷവും ഒരുമാസവും നീണ്ട ദുരിതാശ്വാസ പ്രവർത്തനമാണ് നടത്തിയത്. അന്ന് ജനസംഖ്യ ഇന്നത്തെക്കാൾ കുറവാണെന്നും വയലുകൾ നികന്നിട്ടില്ലെന്നും ഓടിട്ട വീടുകളാണ് അന്നത്തെ ആഡംബരമെന്നും കോൺക്രീറ്റ് ഇരുനില വീടുകളില്ലെന്നും കേരളം ഉപഭോക്തൃസംസ്ഥാനമായിട്ടില്ലെന്നും ഒക്കെ ഓർത്തുകൊണ്ട് തുടർന്ന് വായിക്കുക: ഈ ചരിത്രം ദുരിതവഴികളിൽനിന്ന് പിടിച്ചുകയറാൻ നാടിന് കരുത്താവും. 1924- നെ മനസ്സിൽ സങ്കല്പിച്ചുകൊണ്ട്.



ബ്രിട്ടീഷ് മലബാറിലെ ഏറ്റവും വലിയ ദുരിതമെന്നാണ് വെള്ളപ്പൊക്കത്തെ കളക്ടർ ജെ.എ. തോറൺ വിശേഷിപ്പിക്കുന്നത്. വിവരങ്ങൾ യഥാസമയം തന്നെ കമ്പിയടിച്ച് അറിയിക്കണമെന്ന് ഗവർണറുടെ നിർദേശമുണ്ട്. ഇതിനും പുറമേയാണ് മൂന്നു തവണയായി പ്രത്യേക ദൂതൻ മുഖേന റിപ്പോർട്ടുകൾ കൊടുത്തയയ്ക്കുന്നത്. അങ്ങയുടെ വിശ്വസ്തസേവകൻ എന്നെഴുതി പച്ചമഷിയിൽ കൈയൊപ്പിട്ട് കളക്ടർ അയച്ച റിപ്പോർട്ടുകൾക്ക് സൂക്ഷ്മതയുടെ അംശമുണ്ട്.

മഴക്കണക്കുകൾ ദിനം തിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സെന്റീ മീറ്ററല്ല. ഇഞ്ചാണ് മഴയുടെ അളവ്. ജൂലായ് 17-ന് 3.87 ഇഞ്ച്, 20-ന് 6.83 ഇഞ്ച് , 24-ന് 2.71 ഇഞ്ച് എന്നിങ്ങനെ. മാസത്തിലെ ഏറ്റവും കൂടുതൽ ശരാശരി മഴ വയനാട്ടിൽ 117.05 ഇഞ്ച്. ജൂലായ് 16-ന് തുടങ്ങിയ ദുരിതം ഒട്ടൊന്ന് ഒതുങ്ങുന്നത് ഒന്നരമാസത്തിനു ശേഷം. എവിടെയും നിരാശ, അസ്വസ്ഥത, അസൗകര്യം. ഏറ്റവും വലിയ ക്യാമ്പ് സാമൂതിരീസ് കോളേജിൽ. അവിടെ മാറ്റിപ്പാർപ്പിച്ചത് 750 വീട്ടുകാരെ. കോഴിക്കോട് ടൗണിൽ വേറെയും ചെറു ദുരിതാശ്വാസക്യാമ്പുകളുണ്ടായിരുന്നു.

ദുരിതാശ്വാസസഹായമായി 6500 രൂപയാണ് ആദ്യഘട്ടത്തിൽ കളക്ടർ ആവശ്യപ്പെട്ടത്. ഇതിൽ 5000 രൂപ ഉടൻ അനുവദിച്ചുകിട്ടി. പ്രളയത്തിന്റെ ഗൗരവം മനസ്സിലായതോടെ 20,000 രൂപ പിന്നാലെ എത്തി. പിന്നെ താലൂക്ക് തിരിച്ച് ഒരു വർഷത്തിനിടെ നല്കിയ ആശ്വാസധനം ചുവടെ: ചിറയ്ക്കൽ -14200 രൂപ, കോട്ടയം -3325, കുറുമ്പ്രനാട്-2510 , കോഴിക്കോട് -33971 , ഏറനാട്-33,739, വള്ളുവനാട്-14069, പൊന്നാനി-34911, പാലക്കാട്-919, വയനാട്-750 ആകെ-1,38,403 രൂപ.

റെയിൽ തകർന്നത് ഉടൻ പുനർനിർമിച്ചതും തിരൂരിലും തലശ്ശേരിയിലും കരുവാരക്കുണ്ടിലും നിലമ്പൂരും ക്യാമ്പ് ചെയ്ത എം.എസ്.പി.ക്കാരായിരുന്നു. റോഡുകളും പോലീസ് പുനർനിർമിച്ചു. തലശ്ശേരി-കൂർഗ് പാതയിലെ ഇരിട്ടി പാലം 24-ന് ഒലിച്ചുപോയി. വെള്ളമിറങ്ങി വൈകാതെ പുനർനിർമിച്ചു.

ആൾ നാശത്തിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തി അയയ്ക്കാൻ കളക്ടർക്കു കഴിഞ്ഞിരുന്നില്ല. പുഴകളിൽനിന്ന് മൃതദേഹം കിട്ടിയത് വെവ്വേറെ പറയുന്നുണ്ട്. നൂറുകണക്കിന് പേർ മരിച്ചു. മഞ്ചേരിയിലെ ഒരു വക്കീൽ തോണി മറിഞ്ഞ് മുങ്ങിമരിച്ചിട്ടുണ്ട് എന്ന മട്ടിലാണ് മരണക്കണക്കുകൾ

അനേകം പേരുടെ കടങ്ങൾ എഴുതിത്തള്ളിയും നികുതി വേണ്ടെന്നുവച്ചും സർക്കാർ പ്രളയബാധിതരെ സഹായിച്ചു. താമരശ്ശേരിയിലും തലശ്ശേരിയിലും കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തി. താമരശ്ശേരി മേഖലയിലും മറ്റും പുതിയ പാതകൾ ഉണ്ടായി. ഉള്ളവയുടെ വീതികൂട്ടി. സഹായത്തിനായി കളക്ടർ ജി.സി. റോബിൻസൺ കൂടിയെത്തിയതോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇരട്ടി വേഗമായി.

തോറൺ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു റിപ്പോർട്ടിൽ കർഷകരുടെ ദുരിതത്തെക്കുറിച്ച് ഹൃദയസ്പർശിയായ വിവരണമുണ്ട്. -ഉടുതുണിക്കു മറുതുണിയില്ലാത്തവരും കന്നുകാലികൾ നഷ്ടപ്പെട്ടവരും നിത്യവൃത്തിക്കു പോലും മാർഗമില്ലാത്തവരുമായ കൃഷീവലന്മാരെ സഹായിക്കണം.-അപേക്ഷയ്ക്ക് പ്രയോജനമുണ്ടായി കാർഷിക കടങ്ങൾ എഴുതിത്തള്ളാൻതന്നെ 2500 രൂപ അനുവദിച്ചു.

97 പേജുകളുള്ള ആദ്യഘട്ടത്തിലെ റിപ്പോർട്ടിൽ 59 മുതൽ പേജുകൾ പ്രളയാനന്തര ദുരിതാശ്വാസത്തെക്കുറിച്ചാണ്. വേണ്ട കാര്യങ്ങൾ ഒന്നൊന്നായി അതിൽ വിവരിക്കുന്നു. കോഴിക്കോട് കളക്‌ട്രേറ്റിലെ ആർക്കൈവ്‌സ് വിഭാഗം റഫറൻസ് ലൈബ്രറിയിൽ റിപ്പോർട്ടുകളുടെ പകർപ്പ് നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

ദുരന്തമുണ്ടായി ഒരു വർഷത്തിനുശേഷം ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്തൊക്കെ ചെയ്തു എന്നതിന്റെ വിശദാംശങ്ങൾ നല്കുന്നുണ്ട്. 152 പേജുകളുള്ള ആ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് എക്കാലത്തെയും നല്ല മാർഗരേഖയാണ്. തോണിയിൽ പോയി രക്ഷാദൗത്യം ഏറ്റെടുത്തവരെയും മത്സ്യംപിടുത്തക്കാരെയും ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടർമാരെയും നഴ്‌സുമാരെയും കമ്പൗണ്ടർമാരെയുമൊക്കെ പ്രശംസിക്കുന്ന റിപ്പോർട്ട് കമ്പിളിപ്പുതപ്പുമുതൽ 3000 ചാക്ക് അരിവരെ നല്കിയതിന്റെ നന്ദിയും പ്രകടിപ്പിക്കുന്നു. 97 പേജുള്ള മൂന്നാംഘട്ട റിപ്പോർട്ടുകൾ കടങ്ങളുടെ കണക്കെടുപ്പോടുകൂടിയതാണ്.

എഴുതിത്തള്ളിയ കടങ്ങൾ മാത്രമല്ല പുതു വായ്പകളും സമൃദ്ധിയിലേക്ക്, പ്രത്യേകിച്ചും കാർഷികനന്മകളിലേക്ക് നാടിനെ കൈപിടിച്ചു നടത്തി. ഭാവനാസമ്പന്നനായ ഒരു ബ്രിട്ടീഷ് കളക്ടറുടെ നിരന്തരമായ എഴുത്തുകുത്തുകൾക്കൊടുവിൽ 29,438 രൂപയുടെ പുതിയ വായ്പകൾ അനുവദിക്കപ്പെട്ടു എന്നുമറിയുക.

ഇന്നു നമുക്ക് ഓർക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും പ്രകൃതിയുടെ പെരുങ്കളിയാട്ടമായിരുന്നു അന്നത്തെ ദുരിതം. പുഴകൾ നിറഞ്ഞു കവിഞ്ഞു. കല്ലായിപ്പുഴയിലെ പാലത്തിന്റെ ഗർഡറുകൾ മുങ്ങി. കടലുണ്ടിപ്പുഴയും ചാലിയാറും കരകളെ കവർന്ന് കവിഞ്ഞൊഴുകി. കോഴിക്കോട്ടുമാത്രം 12 പേർ മരിച്ചു. കോഴിക്കോട് താലൂക്കിൽ മാത്രം 3372 വീടുകൾ തകർന്നു. ഷൊർണൂരിനടുത്ത് വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചതുമാത്രമാണ് വിദേശിക്കുണ്ടായ ജീവഹാനിയെന്ന് റിപ്പോർട്ടിൽ കളക്ടർ വ്യക്തമാക്കുന്നു.flood 99

ആകെ തകർന്നത് 22,000 വീടുകൾ. മരത്തടികൾ ഈർച്ചമില്ലുകളിൽ നിന്ന് അതിർത്തികൾ ഭേദിച്ചൊഴുകി. ഓരോ താലൂക്കിലും 3000 രൂപയുടെ കന്നുകാലികൾ ചത്തു. നിലമ്പൂർ കോവിലകത്തെ തിരുമുല്പാടിന്റെ രണ്ട് ആനകൾ ഒലിച്ചുപോയി.

കൊച്ചിയുമായി മലബാറിനെ ബന്ധിപ്പിച്ചിരുന്ന ഷൊർണൂർ പാലത്തിന്റെ നാല് തൂണുകൾ ഒലിച്ചു പോയി. പുനർനിർമിക്കാൻ ഏറെ നാൾ വേണ്ടിവന്നു. പേര്യ ചുരവും നാടുകാണി ചുരവും താമരശ്ശേരിച്ചുരവും തകർന്നടിഞ്ഞു. കൃഷിയിടങ്ങൾ വെള്ളംകറിയ ശേഷം ചെളിയും എക്കലും നിറഞ്ഞ് നശിച്ചു. മലബാർ കലാപവും വാഗൺട്രാജഡിയുമൊക്കെ ഉണ്ടായ ശേഷം പിന്നാലെയെത്തിയ വെള്ളപ്പൊക്കം നാടിനെ ഒരുമയിലേക്ക് നയിച്ചു. മനുഷ്യർ വ്യത്യാസങ്ങൾ വെടിഞ്ഞ് പിടിച്ചുകയറി. ഇന്നു നാം കാണുന്ന നാടിന് അടിസ്ഥാനമിട്ടു. കളക്ടറുടെ ഭാര്യ മുതൽ തെരുവിലെ തോട്ടിപ്പണിക്കാരൻ വരെ ആശ്വാസപ്രവർത്തനത്തിന് ആവുംവിധം സഹകരിച്ചു.

കളക്ടറുടെ ഭാര്യയുടെ നേതൃത്വത്തിലുളള കോഴിക്കോട് ലേഡീസ് ക്ലബ്ബ് 6000 രൂപ പിരിച്ചെടുത്ത് ദുരിതാശ്വാസപ്രവർത്തനത്തിനു നല്കി. സാമൂതിരി കുടുംബവും കൊളംബോ ഇമ്പിച്ചിയും രാമകൃഷ്ണമിഷനും വൈ.എം. സി.എ.യും ആര്യസമാജവും തബ്ലീഗുമെല്ലാം ആശ്വാസം പകർന്നു. അഞ്ഞൂറു ചാക്ക് അരിയായിരുന്നു കോഴിക്കോട് നഗരത്തിൽ ഒരു ദിവസം വേണ്ടിയിരുന്നത്. ഗുപ്തൻ നമ്പൂതിരിപ്പാട് , മനേക്ജി, വർഗീസ് എന്നീ വലിയ അരിക്കച്ചവടക്കാരുടെ സഹായം കളക്ടർ തേടി. തീർന്നില്ല, അരി പൂഴ്ത്തിവയ്ക്കാൻ ഇടനൽകാതെ നിയമനിർദേശം നല്കി. ചെറിയ കച്ചവടക്കാർ 10,000 ചാക്കിൽ കൂടുതലും മൊത്തക്കച്ചവടക്കാർ 40,000 ചാക്കിൽ കൂടുതലും സൂക്ഷിക്കരുതെന്നായിരുന്നു നിർദേശം. കപ്പലിൽ 4000 ചാക്കും ഉണ്ടായിരുന്നു. ഒട്ടൊക്കെ പട്ടിണിയകറ്റി മുന്നോട്ടു പോകാൻ ഇതെല്ലാം സഹായിച്ചു.

ഈ കത്ത് എന്ന് അവിടെ ലഭിക്കുമെന്ന് അറിയില്ല എന്ന് ആരംഭിക്കുന്ന കളക്ടറുടെ റിപ്പോർട്ട് അഞ്ചൽ ശിപായിമാരുടെയും ടെലിഗ്രാഫിന്റെയുമൊക്കെ അവസ്ഥയും വിവരിക്കുന്നുണ്ട്. വള്ളത്തിലും നടന്നും അഞ്ചൽ ശിപായിമാർ തപാൽ ഉരുപ്പടികൾ കൊണ്ടുപോയി. ഒലവക്കോടുമുതൽ ട്രെയിൻ മാർഗം. ടെലിഗ്രാഫ് ബന്ധങ്ങളും ഇടയ്ക്കിടെ അറ്റു. ടി.വി.യും മൊബൈലും വാട്‌സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്ത് കളക്ടറുടെ റിപ്പോർട്ടുപോലും ലക്ഷ്യത്തിലെത്താതെ പോയ കഥയുമുണ്ട്. ജൂലായ്‌ 24-ന് കളക്ടർ അയച്ച കത്തിന് മണ്ണാർക്കാട് പത്താംമൈലിൽ നെല്ലിപ്പുഴ പാലം ഒലിച്ചുപോയതിനാൽ ബസ് വഴിയിൽ കുടുങ്ങി ലക്ഷ്യംകാണാനായില്ല. അതിനാൽ ആദ്യത്തെ കത്തിനൊപ്പം രണ്ടാമത്തെ റിപ്പോർട്ടും വീണ്ടും അയച്ചു.

എന്തുകൊണ്ട് ദുരന്തമെന്നത് ഇന്നെന്നപോലെ അന്നും പ്രളയാനന്തരം വീണ്ടും വീണ്ടും ചർച്ചയായി. ബ്രിട്ടീഷുകാർ റോഡും റെയിലും നിർമിച്ചത് പാടങ്ങളും തോടുകളും നികത്തിയാണെന്നും നീരൊഴുക്കു തടസ്സപ്പെട്ടുവെന്നതുമൊക്കെ ഉത്തരങ്ങളായി. പാർപ്പിടങ്ങൾ പതുക്കെപ്പതുക്കെ പുനർ നിർമിക്കപ്പെട്ടു. റോഡുകളും. മനുഷ്യപ്രയത്നത്താ‍ൽ, വിയർപ്പൊഴുക്കി. മണ്ണുമാന്തിയന്ത്രങ്ങളില്ലാത്ത കാലത്ത്. പുഴകളിലെ വെള്ളം വീണ്ടും തെളിഞ്ഞു. കൃഷിനിലങ്ങൾ വീണ്ടും പച്ചപ്പണിഞ്ഞു. നാട് മെല്ലെ നടന്നുകയറി-നന്മകളുടെ നല്ലോണക്കാലങ്ങളിലേക്ക്.
Previous Post Next Post
3/TECH/col-right