Trending

മഹാപ്രളയത്തിന് വഴിവെച്ചതില്‍ ഡാം മാനേജ്‌മെന്റിലെ പാളിച്ചയും

കൊച്ചി:  കേരളത്തെ മുക്കിയ മഹാപ്രളയത്തിന് ഡാം മാനേജ്‌മെന്റിലെ പിഴവും കാരണമായെന്ന വസ്തുത ബലപ്പെടുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമപ്പെടുത്താന്‍ കഴിയാതിരുന്നതാണ് നാളിതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത പല സ്ഥലങ്ങളേയും വെള്ളത്തില്‍ മുക്കിയത്‌.



ആഗസ്റ്റ് ഒമ്പതിന് പോലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 2397 അടിയിലെത്തിയാല്‍ ഇടുക്കിയുടെ ഷട്ടര്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറഞ്ഞു. പക്ഷേ ജലവിഭവ മന്ത്രി മന്ത്രി പറഞ്ഞത് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്നാണ്. ഒടുവില്‍ 2399 അടിയിലെത്തിയപ്പോഴാണ് ഒരു ഷട്ടര്‍ തുറന്നത്. അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡാം തുറക്കാന്‍ കഴിയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

പക്ഷേ മഴ കനത്തതോടെ ഇടുക്കിയിലെ എല്ലാ ഷട്ടറുകളും തുറന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ ഷട്ടറുകളില്‍ ചിലത്‌ ഏതാനും സെന്റീമീറ്റര്‍ താഴ്ത്തി. ഇതും വിനയായി. ആദ്യ ഘട്ടം മുതല്‍ 2403 എന്ന പരമാവധി ശേഷിയിലെത്തിയിട്ട് ഡാം തുറന്നാല്‍ മതി എന്ന നിലപാടിലായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍.


ഈ കടംപിടുത്തവും ദുരന്തത്തിന്റെ ആഘാതം വലുതാക്കി.ഡാമുകളിലെ ജലനിരപ്പ് താഴ്ത്തണമെന്ന നിര്‍ദേശം ദിവസങ്ങള്‍ക്ക് മുന്നെ വന്നുവെങ്കിലും അത് അവഗണിക്കപ്പെട്ടു. അപ്പോഴും പരമാവധി വെള്ളം സംഭരിക്കണം എന്ന നിലപാടിലായിരുന്നു കെഎസ്ഇബി. വെള്ളം തുറന്നുവിട്ടാല്‍ ഒരു മണിക്കൂറില്‍ 10 ലക്ഷം രൂപയുടെ നഷ് ടമുണ്ടാകുന്നുവെന്ന കണക്കാണ് മന്ത്രി എംഎം മണിക്കൊപ്പമുണ്ടായിരുന്ന കെഎസ്ഇബി ചെയര്‍മാന്റെ പരാമര്‍ശം വന്നത്.

ഇടുക്കിയും ഇടമലയാറും ഈ മാസം ഒമ്പതിന് തുറന്നു. മഴ കുറച്ചുകുറഞ്ഞപ്പോള്‍ ഇടുക്കിയുടെ ഷട്ടര്‍ കുറച്ച് താഴ്ത്തി. പക്ഷേ 13 മുതല്‍ മഴ കനത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇടുക്കിയില്‍ നിന്ന് മാത്രം സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിടേണ്ട അവസ്ഥയുണ്ടായി. മുല്ലപ്പെരിയാറിലെ ജലം കൂടി വന്നതോടെ കാര്യങ്ങള്‍ പൂര്‍ണമായും കൈവിടുന്ന സാഹചര്യമുണ്ടായി. അതോടെ പെരിയാര്‍ കരകവിഞ്ഞു.

 ശബരിഗിരി ഡാം തുറന്നത്‌ റെഡ് അലേര്‍ട്ട് പോലും നല്‍കാതെയായിരുന്നു. ശബരിഗിരിയില്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് രാജു ഏബ്രഹാം പ്രതികരിച്ചു. കെഎസ്ഇബിയുടേയും റവന്യു വകുപ്പിന്റെയും ഭാഗത്ത് വീഴ്ചയുണ്ടായതായി രാജു ഏബ്രഹാം പ്രതികരിച്ചു. പോലീസാണ് ഒടുവില്‍ മുന്നറിയിപ്പ് പോലും നല്‍കിയത്. വളരെ വൈകി ഗൗരവം കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കാനായി പോയ വാഹനം പോലും വെള്ളത്തില്‍ മുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്ന വിവരം വൈകിയാണ് കേരളത്തെ അറിയിച്ചത്. ഈ രണ്ട് ഡാമുകളിലേയും വെള്ളം വന്നപ്പോള്‍ പെരിങ്ങല്‍ക്കൂത്ത് ഡാം നിറഞ്ഞു. അതോടെ ചാലക്കുടി പുഴ കരകവിഞ്ഞു. പമ്പാതീരത്തുള്ളവരും മുന്നറിയിപ്പ് കിട്ടാതെ വന്നതോടെ പെട്ടെന്ന് വെള്ളത്തിലായി.

പമ്പയിലെ ശബരിഗിരി പദ്ധതിയിലേ മൂന്നു അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ ഒറ്റയടിക്ക് തുറന്നത് ആറന്മുളയേയും റാന്നിയേയും ചെങ്ങന്നൂരിലേയും മുക്കിക്കളഞ്ഞു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നരൊക്കമോ മുന്നറിയിപ്പോ നല്‍കാതെ തുറന്നതാണ് വയനാട്ടിലെ പ്രളയക്കെടുതിക്ക് ഇടയാക്കിയത്. ബാണാസുര സാഗര്‍ തുറക്കുന്ന കാര്യം കളക് ടര്‍ പോലും അറിഞ്ഞില്ല. ഇത് കളക് ടര്‍ തന്നെ സ്ഥിരീകരിക്കുകയുണ്ടായി
Previous Post Next Post
3/TECH/col-right