തലശ്ശേരി ഉപജില്ലാ നീന്തല്‍ മത്സരത്തിനിടെ ക്ഷേത്രക്കുളത്തില്‍ കാണാതായ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. ന്യൂ മാഹിയിലെ എംഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും കൊടിയേരി പാറാലിലെ കെ രാഗേഷിന്റെ മകനുമായ ഋഥിക്(13)ആണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ രാവിലെ 10.30ഓടെയാണ് സംഭവം.
150ഓളം വിദ്യാര്‍ഥികളാണ് നീന്തല്‍ മത്സരത്തിനായി ഇവിടെയെത്തിയത്. രണ്ടാം റൗണ്ടില്‍ അഞ്ച് പേര്‍ പങ്കെടുത്ത മത്സരത്തിനിടെയാണ് ഋഥികിനെ കാണാതായത്. പിന്നീട് തീരദേശ സേനയിലെ ലൈഫ് ഗാര്‍ഡ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.
കുളത്തിലെ ചെളിയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് മത്സരം സംഘടിപ്പിച്ചിരുന്നതെന്ന് ആരോപണമുണ്ട്.