കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടിസമയം പരിഷ്‌കരിക്കുന്നു. വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മുലമുള്ള അപകടങ്ങള്‍ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ല. ദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ ഡ്രൈവര്‍മാര്‍ മാറുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ത്തതിനാല്‍ പൂ‌ര്‍ണമായി നടപ്പിലാക്കാനായില്ല. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ട എന്നതാണ് ആക‌ര്‍ഷണം. ദീ‌ര്‍ഘദൂര സ‌ര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്കു ചെയ്യുന്നവരുണ്ട്.

കഴിഞ്ഞ ദിവസം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ട്രക്ക് ഡ്രൈവറും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

വാഹനാപകടത്തിന്റെ കാരണം കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കൊല്ലം ആര്‍ടിഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു