തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുക ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ സഹായിക്കാന്‍ ഏവരും ഒറ്റമനസോടെ മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തില്‍ എല്ലാവരും സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പ്രളയബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് നടന്‍ മോഹന്‍ലാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. പ്രളയദുരനത്തില്‍ സംസ്ഥാനത്തൊട്ടാകെ 8,316 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 20, 000 ത്തോളം വീടുകള്‍ തകര്‍ന്നു. 10,000 കിമീ റോഡുകള്‍ നശിച്ചു.


വിവിധ ജില്ലകളിലായി 38 പേര്‍ മരിച്ചു. നാല് പേരെ കാണാനില്ല. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ 27 അണക്കെട്ടുകള്‍ തുറന്ന് വിട്ടു. ഇത് ചരിത്രത്തില്‍ ആദ്യമാണ്.

നേരത്തെ പ്രഖ്യാപിച്ച 190 വില്ലേജുകള്‍ക്ക് പുറമെ 251 വില്ലേജുകളെക്കൂടി പ്രളബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ഇതോടെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന വില്ലേജുകളുടെ എണ്ണം 441 ആയി. ഇടുക്കി, വയനാട് ജില്ലകള്‍ ഉള്‍പ്പെടെയാണിത്. രണ്ട് ദിവസത്തോളം വെള്ളം കെട്ടി നിന്ന് വീട് ആവാസയോഗ്യമല്ലാതായവര്‍ക്ക് 10,000 രൂപ ആശ്വാസസഹായം നല്‍കും.വീട് പൂര്‍ണമായും നഷ്ടപ്പെടുകയോ വാസയോഗ്യം അല്ലാതാവുകയോ ചെയ്തവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. മണ്ണിടിഞ്ഞ് ഭൂമി നഷ്ടമായവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്റ് വാങ്ങാന്‍ ആറ് ലക്ഷം നല്‍കും. ഇവര്‍ക്ക് വീട് വയ്ക്കാന്‍ നാലുലക്ഷവും നല്‍കും. ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

മന്ത്രിമാരായ ഇപി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, മാത്യടി തോമസ്, എകെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ടതാണ് ഉപസമിതി. സര്‍ക്കാര്‍, പൊതുമേഖലാന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്ബളം ദുരിതാസ്വാസനിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ധനസഹായത്തെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് ദുരന്തബാധിതരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും.
.