Trending

ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ല; കേസെടുത്ത് വനം വകുപ്പ്.

ബാലുശ്ശേരി: മതിയായ ഭക്ഷണവും പരിചരണവും ലഭിക്കാത്തതിനെ തുടർന്ന് ഉണ്ണികുളത്ത് 'ചെറിയപറമ്പത്ത് ഗോപാലൻ' എന്ന ആനയുടെ ഉടമയ്ക്കും പാപ്പാനും എതിരെ കേസെടുത്തു. ഉടമ ഉണ്ണികുളം എകരൂൽ ചെറിയപറമ്പത്ത് സി.പി സത്യനാഥനെതിരെയാണ് കേസെടുത്തത്. 

ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം എകരൂലിലെ വീട്ടിലെത്തി ആനയെ പരിശോധിച്ചിരുന്നു. ആനയുടെ രക്തസാംപിളുകൾ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് അയക്കുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമായി. 

തുടർന്ന് ഒക്ടോബർ 23ന് വീണ്ടും നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ നിർദ്ദേശിച്ചിട്ടുള്ള ഭക്ഷണക്രമം നൽകുന്നില്ലെന്നും ഇത് ആനയെ കടുത്ത ക്ഷീണത്തിലേക്കു നയിച്ചെന്നും സ്ഥിരീകരിച്ചതോടെ അന്നുതന്നെ ഉടമയുടെയും പാപ്പാന്റെയും പേരിൽ കേസെടുക്കുകയായിരുന്നു. പരിശോധനയിൽ ആനയുടെ കാലുകളിൽ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും കണ്ടെത്തിയിരുന്നു. 

രോഗാവസ്ഥയിലും ആനയെ തടി പിടിത്തത്തിന് കൊണ്ടുപോയതായും ആക്ഷേപമുണ്ട്. നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും, വെറ്ററിനറി ഡോക്ടർമാരുടെയും പരിപാലനത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.എൻ ദിവ്യ പറഞ്ഞു.

അതേസമയം, ക്ഷീണത്തെ തുടർന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി സത്യനാഥൻ പറഞ്ഞു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും അടുത്ത കാലത്ത് തടിയെടുപ്പിനോ മറ്റു ഭാരമുള്ള ജോലികൾക്കോ ആനയെ അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Previous Post Next Post
3/TECH/col-right