പൂനൂർ പുഴയുടെ ചോയിമടം ഭാഗത്ത് പുഴയിലേക്ക് വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരുടെ നടപടി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെ ഞായർ രാത്രിയിലാണ് വീണ്ടും മാലിന്യം കൊണ്ടു തള്ളിയത്. ഒരേ പ്രദേശത്ത് ഇത് മൂന്നാം തവണയാണ് മാലിന്യം തള്ളുന്നത്.
പുഴയെ ആശ്രയിച്ച് കഴിയുന്നവർക്കും പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും, പല ജലസേചന പദ്ധതികളെ ആശ്രയിക്കുന്നവർക്കും ഇത് വലിയ ഭീഷണിയാണുയർത്തുന്നത്. കടുത്ത ദുർഗന്ധത്തിനൊപ്പം മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇതിൽക്കൂടുതൽ എന്ത് സാഹചര്യം വേണം?
ഇതിന് മുൻപ് തിരുവമ്പാടി വെച്ച് ഒരു ടിപ്പർ ലോറിയെ പിടികൂടിയപ്പോൾ അല്പം ആശ്വസിച്ചതായിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിനു പിന്നിൽ വലിയൊരു സംഘവും ശക്തമായ നെറ്റ്വർക്കുമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. പിടിക്കപ്പെട്ടാൽ പകരം മറ്റൊരു ലോറി ഉടൻ രംഗത്തിറക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. മാത്രമല്ല, നമ്പർ പ്ലേറ്റുകൾ പോലും വെക്കാതെയാണ് ഈ ലോറികൾ സർവീസ് നടത്തുന്നത്.
നാടിന്റെ ജീവനാഡിയായ പൂനൂർ പുഴയെ ഇത്തരക്കാർ നശിപ്പിക്കുമ്പോൾ നോക്കിനിൽക്കാൻ കഴിയില്ല. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരികൾ കർശന, നടപടി സ്വീകരിക്കണമെന്നും, നാട്ടുകാരും യുവജനങ്ങളും ഒത്തൊരുമിച്ച് ഇതിനെതിരെ രംഗത്തിറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
Tags:
POONOOR