Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 19 | തിങ്കള്‍ 
1202 | തുലാം 2 | ഉത്രാടം

◾ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. കെ.എസ്.ഇ.ബി.യുടെ മുന്‍കാല നഷ്ടമായ 5,000 കോടി രൂപ നാലു വര്‍ഷംകൊണ്ട് സര്‍ച്ചാര്‍ജിലൂടെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് നീക്കം. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയം വൈകിട്ട് ആറു മുതല്‍ രാത്രി 11:30 വരെ ആക്കും. ഇപ്പോള്‍ രാത്രി 10 വരെയാണ്. പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ചുമത്തും.

◾ മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസന്വേഷണം ദുബായിലേക്ക്. ദുബായിലെ വിവരശേഖരണത്തിന് ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനായി കൊച്ചി പി.എം.എല്‍.എ കോടതിയുടെ അനുമതി തേടും. ഇ.ഡി. ചോദ്യങ്ങള്‍ തയ്യാറാക്കി ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയോടെ ദുബായ് അധികൃതര്‍ക്ക് നല്‍കും. ദുബായിലെ ഏജന്‍സികള്‍ അന്വേഷിച്ച് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിയാസിന് ഇ.ഡി സമന്‍സ് അയക്കുക.

◾ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തി. കെ.എ.പി. നാലാം ബറ്റാലിയന്‍ കമന്‍ഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരമണിക്കൂറോളം ചെലവഴിച്ചാണ് മൊഴിയെടുത്തത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന സൂചനകള്‍ വീണാ ജോര്‍ജിന്റെ മൊഴിയിലില്ല. പത്തനംതിട്ട കൊടുമണിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരെന്നും എസ്ഐടി പരിശോധിക്കും.


◾ സംസ്ഥാനത്തു സ്പാ പ്രവര്‍ത്തനം സംബന്ധിച്ചു നിയമനിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്പാകളില്‍ മൂന്നു ദിവസമായി പൊലീസ് പരിശോധന നടത്തുന്നുണ്ട്. ലൈസന്‍സ് ഇല്ലാതേയും നിയമം പാലിക്കാതെയും നടത്തുന്ന സ്പാകളുണ്ട്. ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് ചിലര്‍ സ്പാകള്‍ നടത്തുന്നത്.

◾ കോവളത്ത് ആന്ധ്രാ സ്വദേശിയായ 16 കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മയാണ് കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതോടെ ഇവര്‍ മുങ്ങി. നെയ്യാര്‍ സ്വദേശിയായ ജീവനക്കാരനാണ് കുട്ടിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി രക്ഷിച്ചത്.

◾ കോവളത്തെ സ്പായില്‍ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ സ്പാ സന്ദര്‍ശിച്ചവരെയെല്ലാം പോലീസ് തെരയുന്നു. അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. സൈബര്‍ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. ചെന്നൈയിലും പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം.

◾ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സര്‍ക്കുലര്‍. മരുന്ന് ക്ഷാമം പരിഹരിക്കാനാണ് നടപടി. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമായി എഴുതണം. ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം. സര്‍ക്കുലറില്‍ പറയുന്നു.

◾ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും. ഹോര്‍ട്ടിവൈന്‍ ബേക്കറി വഴി വില്‍ക്കാന്‍ അനുമതി നല്‍കിയ വിദേശ മദ്യ ചട്ട ഭേദഗതി പിന്‍വലിക്കാനാണ് സാധ്യത. ചാലക്കുടിയിലെ എംആര്‍സി ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ ലൈസന്‍സ് ജൂണിലാണ് അനുവദിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയും താനും അറിഞ്ഞിരുന്നില്ലെന്ന് എക്സൈസ് മന്ത്രി ലിജു പറഞ്ഞു. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ഇന്നലെ മരവിപ്പിച്ചിരുന്നു.

◾ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനവിഭജനത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതികളുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഗ്രൂപ്പ് വ്യത്യാസം മറന്നാണ് മുഖ്യമന്ത്രിക്കെതിരെ പുതിയ ചേരി രൂപപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു മാസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത സ്ഥാനവിഭജനത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി പെരുമാറുന്നുവെന്ന നിലപാടാണ് പാര്‍ട്ടിയിലും മുന്നണിയിലും.


◾ പുനഃസംഘടിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല പഠനബോര്‍ഡുകളിലൊന്നില്‍ മരിച്ച അധ്യാപികയും. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡിലാണ് തൃശ്ശൂര്‍ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുടെ പേരുമുള്‍പ്പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് രോഗബാധിതയായി മരിച്ചത്.

◾ നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്‍ - സജിത ദമ്പതികളുടെ മൂത്തമകള്‍ അഖിലയ്ക്ക് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു ജോലി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടികളുടെ സുരക്ഷയ്ക്ക് പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വസതിയിലാണ് സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയെയും അഖിലയെയും ചെന്നിത്തല സന്ദര്‍ശിച്ചത്. വധശിക്ഷ ലഭിച്ചു ജയിലില്‍ കഴിയുന്ന ചെന്താമര ആണ് സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയത്.

◾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ പിറവത്ത് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സമുണ്ടാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈതാരം സ്വദേശിയായ കളത്തിപ്പറമ്പില്‍ വിഷ്ണുവിനെയാണ് പുണെയില്‍നിന്ന് പോലീസ് പിടികൂടിയത്.

◾ മുഖ്യമന്ത്രി വി ഡി സതീശനെതിരേ വിമര്‍ശനം തുടരുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഒരാള്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ ആരോ ഉണ്ടെന്ന് കെ മുരളീധരന്‍. അതാര് എന്ന് താനിപ്പോള്‍ പറയുന്നില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾ മാസപ്പടി കേസില്‍ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നയത്തിനെതിരെ കെ.കെ രമ എംഎല്‍എയും. അഡ്വക്കറ്റ് ജനറലിന്റെ നിലപാട് നിരാശാജനകമാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ പൊതുനിലപാടിന്റ നിറം കെടുത്തുന്നതാണെന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പരിഗണിക്കണം. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ പദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.

◾ ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം വലിയകുളങ്ങര തൈമൂട്ടില്‍ രാജേഷ്-താര ദമ്പതികളുടെ രണ്ടുവയസുള്ള മകന്‍ രാഹുല്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇതേസമയം, മറ്റു നാലു കുട്ടികളെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കും.  

◾ എറണാകുളത്തെ സിനഗോഗിന് മുമ്പില്‍ തീയിട്ട പ്രതി എബിന്‍ പോള്‍ ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടെന്ന് പൊലീസ്. വാളകം അമ്പലപ്പടിയില്‍ ആള്‍താമസം ഇല്ലാത്ത വീട്ടിലാണ് തീയിട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്തി 'ബോസ്' എന്നയാളുടെ ചാറ്റിലേക്ക് അയച്ചതോടെ ഇതിനുള്ള പ്രതിഫലം ലഭിച്ചുവെന്നാണ് വിവരം

◾ മലയിന്‍കീഴില്‍ വ്യാപക മോഷണവും അക്രമവും. മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് കവര്‍ച്ച നടന്നത്. വാറുവിളാകം ശിവനായക നാഗേശ്വര ക്ഷേത്രം, ആല്‍ത്തറ ഭഗവതി ക്ഷേത്രം, ഇരട്ടക്കിടങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

◾ ശബരിമലയില്‍ ക്ഷേത്രദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി ഓണ്‍ലൈന്‍ റൂം ബുക്കിങ് പരിമതിപ്പെടുത്തും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്പെഷ്യല്‍ കമ്മിഷണര്‍ ഉടന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

◾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരില്‍ കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക സവിത സിങ് അറ്റോര്‍ണി ജനറലിന് കത്ത് നല്‍കി. വിവാദ എക്സ് പോസ്റ്റിന്റെ പേരില്‍ നേരത്തെ കെ പി സി സിക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു.

◾ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും സമൂഹമാധ്യമങ്ങളിലൂടെ ലൈംഗീകാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാര്‍ത്തികയില്‍ മുംതാസ് മുംതാസി (39) നെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾ മാസപ്പടി കേസില്‍ സര്‍ക്കാര്‍ നിലപാടിനെച്ചൊല്ലിയുള്ള വിവാദത്തില്‍ സ്വന്തം നിഗമനവും നിലപാടുമുണ്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപ്പോള്‍ പരസ്യ സംവാദത്തിന് ഇല്ല. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

◾ യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയവും ധാര്‍മികവുമായ ബാധ്യത സമസ്ത എപി വിഭാഗത്തിനോട് ഉണ്ടായിട്ടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എന്‍ എം സാദിഖ് സഖാഫി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തന്നാല്‍ അത് വഖഫിന് പകരമാവില്ലെന്നും വഖഫ് സ്വത്ത് ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്നത് സുന്നികളാണെന്നും അദ്ദേഹം പറഞ്ഞു.

◾ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവച്ച് ഫ്ളെക്സ് ബോര്‍ഡുകള്‍. നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ലെന്നാണ് ഫ്ളെക്സ് ബോര്‍ഡിലെ പരാമര്‍ശം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്ളെക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.

◾ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പവിഴമല്ലിത്തറ മേളത്തില്‍ ഇത്തവണയും മേളപ്രമാണിയായി നടന്‍ ജയറാം. നൂറ്റിയന്‍പതിലേറെ വാദ്യമേള കലാകാരന്മാര്‍ ജയറാമിന്റെ നേതൃത്വത്തില്‍ മേളത്തിനായി അണിനിരക്കും. മേളത്തിന് മുന്നോടിയായി ജയറാം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

◾ സമരം ചെയ്യില്ലെന്ന സമാധാന ബോണ്ടില്‍ ഒപ്പിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ഐസ) പ്രസിഡന്റ് നേഹ ബോറയ്ക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നല്‍കിയ നോട്ടീസിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഐസ. നോട്ടീസ് പിന്‍വലിക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

◾ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ഒരാഴ്ച്ച പിന്നിട്ടതോടെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ സര്‍വകലാശാല ഉന്നതതല സമിതി രൂപീകരിച്ചു. വിവിധ വിഭാഗങ്ങളിലെ ഡീന്‍മാര്‍ ഉള്‍പ്പെടുന്ന ഉന്നത തല സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍വകലാശാല വി സിക്ക് റിപ്പോര്‍ട്ട് കൈമാറും.

◾ ട്രെയിന്‍ യാത്രക്കിടെ ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി ആയിരം രൂപ പിഴ ഈടാക്കും. സതേണ്‍ റെയില്‍വേയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.  

◾ ഒരാഴ്ചയിലേറെയായി പോലീസ് അടച്ചുപൂട്ടിയ ഡല്‍ഹിയിലെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമര പരമ്പരകളെ നേരിടാന്‍ പോലീസ് റോഡുകളെല്ലാം ബാരിക്കേഡു സ്ഥാപിച്ച് അടയ്ക്കുകയും കാല്‍നട യാത്രക്കാരെപോലൂം തടയുകയും ചെയ്യുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഒരു ബിസിനസും നടക്കുന്നില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികള്‍.

◾ ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്റോഫിനു നേരെ വെടിവയ്പ്പു നടത്തിയ അക്രമികളായ മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. 17, 18, 22 വയസുള്ളവരാണു പ്രതികള്‍. രാജസ്ഥാന്‍ പോലീസും ആന്റി ഗാങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അന്ധേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ ടൈഗര്‍ ഷ്റോഫിനെ വീട്ടിലെത്തി കണ്ടു.

◾ ഫ്രാന്‍സിലെ ജനകീയ പ്രതിഷേധം യൂറോപ്പിലാകെ പടരുന്നു. ഇറ്റലി, അല്‍ബേനിയ, ബല്‍ജിയം, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും സര്‍ക്കാര്‍ വിരുദ്ധറാലികള്‍. ഇറ്റലിയിലെ മിലാനില്‍ വിലക്കയറ്റത്തിനെതിരേ വ്യാപക സംഘര്‍ഷം ഉണ്ടായി. ആക്രമണം അഴിച്ചുവിടുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് പിന്നില്‍ കുടിയേറ്റക്കാരാണെന്നാണു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോപണം.

◾ കുറഞ്ഞ വിലയ്ക്കു റഷ്യയില്‍നിന്ന് ഡീസല്‍ വാങ്ങാന്‍ കരാറൊപ്പിട്ട അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയിനുള്ള സ്റ്റാര്‍ ലിങ്ക് സേവനങ്ങള്‍ നിര്‍ത്തിവയ്പിച്ചു. ഇതോടെ യുക്രെയിന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കാതായി. യുദ്ധത്തിനും ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാനും ഇന്റര്‍നെറ്റ് സേവനം ലഭിക്കാതെ യുക്രെയ്ന്‍ റഷ്യയുടെ യുദ്ധമുഖത്ത് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. യുക്രെയ്‌ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു.

◾ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും പങ്കെടുപ്പിച്ച് ത്രികക്ഷി ഉച്ചകോടി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍്റെ ശ്രമം. മോസ്‌കോയ്ക്ക് അനുകൂലമായ സമാധാന ധാരണയിലെത്തുകയാണ് പുടിന്റെ ലക്ഷ്യമെന്നു ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ 9,237 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അബുദാബി പൊലീസ് പിടിച്ചെടുത്തു. 2026-ലെ ആദ്യ 10 മാസത്തിനിടയിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിലെ നിയമലംഘനങ്ങള്‍ റൈഡര്‍മാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് അബുദാബി പൊലീസ് ചൂണ്ടിക്കാട്ടി.

◾ ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ റാസ് അല്‍ ശൈഖ് മസൂദ് തീരത്തോട് ചേര്‍ന്ന കടല്‍മേഖലയില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ ഒഴുകിനടക്കുന്നതായി മുന്നറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റിന് സമീപം ചരക്കുകപ്പല്‍ തകര്‍ന്ന് മുങ്ങിയതിനെ തുടര്‍ന്നാണ് കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നത്.

◾ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് കൂടുതല്‍ ആകര്‍ഷകമായ നിറം നല്‍കാന്‍ ലെഡ് അടങ്ങിയ വിഷപ്പെയിന്റ് കലര്‍ത്തിയ സംഭവത്തില്‍ ചൈനയിലെ നഴ്സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്. കേസില്‍ കിന്റര്‍ഗാര്‍ട്ടന്‍ ഉടമ ലി ഹുഫാങിനും അഞ്ച് ജീവനക്കാര്‍ക്കുമെതിരെ കോടതി ശിക്ഷ വിധിച്ചു.

◾ കുവൈറ്റില്‍ ആഭരണ പ്രദര്‍ശനത്തിനിടെ ഏകദേശം 7,000 കുവൈറ്റ് ദിനാര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതിയെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. മോഷണം പോയ മുഴുവന്‍ ആഭരണങ്ങളും പ്രതിയുടെ താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

◾ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിംഗിലൂടെ മോനാ അഗര്‍വാളാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. റെക്കോഡോടെയാണ് താരം സ്വര്‍ണം സ്വന്തമായാക്കിയത്. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്ക് തന്നെയാണ്. അവനി ലേഖരയാണ് വെള്ളി നേടിയത്.

◾ ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 404ന് അവസാനിച്ചു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പുറത്താവാതെ 139 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്റ്യേും 113 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടേയും ഇന്നിംഗ്‌സുകളാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

◾ വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐ. ബാങ്കിന്റെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പാ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാണ് വര്‍ധന. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ഉയര്‍ത്തി. തെരഞ്ഞെടുത്ത കാലാവധികളിലേക്കുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ്- ബേസ്ഡ് വായ്പാനിരക്കിലും 15 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിട്ടുണ്ട്. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 8.85 ശതമാനമാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് ആര്‍.എല്‍.എല്‍.ആര്‍ 8.10 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായും ബാങ്ക് ഓഫ് ബറോഡ 7.90-ല്‍ നിന്ന് 8.15 ശതമാനമായും, ബാങ്ക് ഓഫ് ഇന്ത്യ 8.10-ല്‍ നിന്ന് 8.35 ശതമാനമായും ഉയര്‍ത്തി. കനറാ ബാങ്കും ഇന്ത്യന്‍ ബാങ്കും സമാനമായ രീതിയില്‍ റീപ്പോ ലിങ്ക്ഡ് നിരക്കുകളും വര്‍ധിപ്പിച്ചു.

◾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ പിന്നാലെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. മൊബൈല്‍ ഡാറ്റ ഉപയോഗിക്കാതെ കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ളവര്‍ക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്. 185, 203, 206 നിരക്കുകളിലുള്ള വോയ്സ്-ഓണ്‍ലി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്ലാനുകള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് അനുവദിച്ച ഒക്ടോബര്‍ 21ലെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍ കോളുകളും ആകെ 300 എസ്എംഎസും ലഭിക്കും. മൊബൈല്‍ ഡാറ്റ ഉള്‍പ്പെടുത്തിയിട്ടില്ല. വാലിഡിറ്റിയിലാണ് പ്രധാന വ്യത്യാസം. 185യുടെ പ്ലാനിന് 28 ദിവസമാണ് കാലാവധി. 203യുടെ പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഒരു കലണ്ടര്‍ മാസമാണ് 206യുടെ പ്ലാനിന്റെ കാലാവധി.

◾ മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ എം പത്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'സൂര്യ'. സണ്ണി ഡിയോള്‍ നായകനായ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 1.17 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ടീസറിന്. കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്. എം എം മൂവീസിന്റെ ബാനറില്‍ കമല്‍ മുക്കൂട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളികള്‍ക്കും പരിചിതരായ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി കിഷന്‍, ജിഷു സെന്‍ ഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാള്‍, തനുശ്രീ ചക്രവര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍ ആണ്. ബല്ലു സലൂജയാണ് എഡിറ്റര്‍. കരണ്‍ റസ്ദാന്‍, നീരജ് പഥക്, മായങ്ക് ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഉദ്ധം സിംഗ്, രഞ്ജിന്‍ രാജ് എന്നിവരാണ് സംഗീതം.

◾ ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായന്‍ ചാപ്റ്റര്‍ 1'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 3ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. 'ബിയോണ്ട് ദ ഷാഡോസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്നാണ് സൂചന. റാഫിയും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പ്രധാന പശ്ചാത്തലമാകുന്നു.

◾ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡ് ആയ വിഡ യുവജനങ്ങള്‍ക്കായി തങ്ങളുടെ ഇലക്ട്രിക് യൂത്ത് മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പ് ആയ ഡര്‍ട്ട്.ഇ കെ3 6ഡേയ്‌സ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച് ഈ ബൈക്കിന്റെ ഉല്‍പ്പാദനം 100 യൂണിറ്റുകളായി കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2025 ഡിസംബറിലാണ് ഇതിന്റെ അടിസ്ഥാന മോഡല്‍ പുറത്തിറക്കിയത്. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് ബൈക്കിന്റെ അളവുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന മോഡുലാര്‍ സെറ്റപ്പ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു കീ ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് ഹാന്‍ഡില്‍ബാര്‍ ഉയരം, സീറ്റ് ഉയരം എന്നിവ ക്രമീകരിക്കാന്‍ സാധിക്കും. 500വാട്ട് മോട്ടോറാണ് ഈ മിനി ഡര്‍ട്ട് ബൈക്കിന് കരുത്തു പകരുന്നത്. ഇത് മണിക്കൂറില്‍ 23-25 കിലോമീറ്റര്‍ വരെ ഉയര്‍ന്ന വേഗം നല്‍കുന്നു. മൂന്ന് മണിക്കൂറിനകം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള റിമൂവബിള്‍ ബാറ്ററിയാണ് ഇതിലുള്ളത്. ബൈക്കിന് മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 69,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

◾ കോടമഞ്ഞിറങ്ങുന്നതുപോലെ മരണമിറങ്ങണം. അത് പുതപ്പുപോലെ മലയുടെ ഉച്ചിയെ മൂടണം. ഇല്ലെങ്കില്‍ എല്ലാവനും മല ഇറങ്ങണം. മലമ്പാത താഴേക്ക് നീണ്ടുകിടപ്പുണ്ട്. ഇത്ര കാലവും ഉച്ചിയിലേക്കായിരുന്നല്ലോ ലോകത്തിന്റെ നോട്ടം. മതി. മല തുടര്‍ന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കണം. പോകാത്തവനൊക്കെ ശവമാകട്ടെ... സമതലഭൂമിയില്‍നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്‍ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്നങ്ങള്‍ കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥ. പ്രകൃതിയില്‍നിന്ന് ഒരിക്കലും വേരറുത്തുമാറ്റാനാകാത്ത മനുഷ്യനെന്ന പ്രതിഭാസത്തിലേക്കൊരു മടക്കയാത്ര. ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവല്‍. 'കൊടിയടയാളം'. മാതൃഭൂമി. വില 170 രൂപ.

◾ ഉറങ്ങാന്‍ കിടന്ന് ഏറെ നേരം കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധര്‍. ഫോണില്‍ നിന്നുള്ള വെളിച്ചവും തുടര്‍ച്ചയായ ഉള്ളടക്കങ്ങള്‍ കാണുന്നതിലൂടെ തലച്ചോറിനുണ്ടാകുന്ന ഉത്തേജനവും ഉറങ്ങാന്‍ വൈകാന്‍ കാരണമാകാം. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും മൊബൈല്‍, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക. പകരം പുസ്തകം വായിക്കുകയോ ശാന്തമായ സംഗീതം കേള്‍ക്കുകയോ ചെയ്യാം. വൈകുന്നേരങ്ങളില്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്താം. ഉറങ്ങുന്നതിന് ആറു മുതല്‍ എട്ട് മണിക്കൂര്‍ മുമ്പെങ്കിലും കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. രാത്രി വൈകി വയറുനിറയെ ഭക്ഷണം കഴിക്കുന്നതും ഉറക്കത്തെ ബാധിക്കാം. ഉറങ്ങുന്നതിന് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. അവധി ദിവസങ്ങളിലും ഈ ക്രമം പരമാവധി പാലിക്കുക. ശബ്ദങ്ങളും മുറിയിലെ അസൗകര്യകരമായ താപനിലയും ഉറക്കത്തെ തടസ്സപ്പെടുത്താം. കിടപ്പുമുറി ശാന്തവും ഇരുണ്ടതും സുഖകരമായ താപനിലയുള്ളതുമാക്കുക. ഫോണ്‍ സൈലന്റ് മോഡിലാക്കുകയോ ആവശ്യമില്ലാത്ത നോട്ടിഫിക്കേഷന്‍ ഓഫാക്കുകയോ ചെയ്യാം. സുഖകരമായ തലയിണയും മെത്തയും ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.89, പൗണ്ട് - 126.41, യൂറോ - 106.34, സ്വിസ് ഫ്രാങ്ക് - 115.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.18, ബഹറിന്‍ ദിനാര്‍ - 250.28, കുവൈത്ത് ദിനാര്‍ -305.35, ഒമാനി റിയാല്‍ - 246.77, സൗദി റിയാല്‍ - 25.21, യു.എ.ഇ ദിര്‍ഹം - 25.82, ഖത്തര്‍ റിയാല്‍ - 25.88, കനേഡിയന്‍ ഡോളര്‍ - 67.34.
Previous Post Next Post
3/TECH/col-right