2026 | ഒക്ടോബര്‍ 24 | ശനി
1202 | തുലാം 7 | ഉത്രട്ടാതി
◾ എസ്എംഎ ചികില്‍സയ്ക്ക് നാറ്റ്കോയുടെ മരുന്ന് വാങ്ങാന്‍ ശുപാര്‍ശ വന്നത് എല്‍ഡിഎഫ് ഭരണകാലത്താണെന്നു രേഖകള്‍. നാറ്റ്കോ മരുന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ടെക്നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയ കത്ത് സംസ്ഥാന മിഷന്‍ ഡയറക്ടര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിലെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. യു ആര്‍ രാഹുല്‍ ഒപ്പിട്ട കത്താണു നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പ് മെയ് 8 നായിരുന്നു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റി നാറ്റ്ക്കോ മരുന്ന് ശുപാര്‍ശ ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തിനു പിറകേ മരുന്നു വാങ്ങാന്‍ കരാറുണ്ടാക്കി. കഴിഞ്ഞ ദിവസമാണ് പുതിയ മരുന്ന് വിതരണം ചെയ്തത്. ഇടപാടുകളില്‍ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം.
◾ കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ മുന്‍ വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രൈംബ്രാഞ്ച്. പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറായി. ക്രൈംബ്രാഞ്ച് എഡിജിപി പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി തേടും. അസിസ്റ്റന്റ് നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റിയെന്നാണ് കണ്ടത്തല്‍. പ്രധാന തൊണ്ടിമുതലായ ഉത്തരകടലാസ് നശിപ്പിച്ചിരുന്നു. മുന്‍ വിസി രാമചന്ദ്രന്‍നായര്‍, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാര്‍ കെ എ ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി റസ്സല്‍, കെഎ ആന്‍ഡ്രു എന്നിവരാണ് പ്രതികള്‍.
◾ പിഎസ് സിയുടെ ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടു കേസില്‍ പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പി എസ് സിയും സര്‍ക്കാരും ഭായ് ഭായ് കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണം തടയാന്‍ പി എസ് സി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പിഎസ് സിക്കെതിരേ നിലപാടെടുത്തത്. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ കൊലക്കേസില്‍ പ്രതി സഹകരിച്ചില്ലെങ്കില്‍ എന്താണ് ചെയ്യാറുള്ളതെന്ന് കോടതി ചോദിച്ചു.
◾ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ തന്നെ ജില്ലാ സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പി.പി ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയാണു തന്നെ വിലക്കിയതെന്നു കത്തില്‍ പറയുന്നു. തനിക്കെതിരായ പാര്‍ട്ടി നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണു പരാതി.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിന് ഗ്യാനേഷിനെതിരെ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ജീവനൊടുക്കിയ മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീയുടെ സുഹൃത്ത് വിജിലന്‍സിനെ അറിയിച്ചു. ഗ്യാനേഷ് കുമാര്‍ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിന്റെ മൊഴി. ബെല്‍ കമ്പനിയുടെ മുന്‍ ജീവനക്കാരനാണ് ഗ്യാനേഷിനെതിരെ മൊഴി നല്‍കാന്‍ തയാറായത്.
◾ ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ട്രാന്‍സ്‌പോര്‍ട് കരാറുകാരന്‍ എസ്എസ് ബിനു അറസ്റ്റിലായി. സന്നിധാനത്തേക്കുള്ള മില്‍മ നെയ്യ് മറിച്ചു വിറ്റതുമൂലം ദേവസ്വം ബോര്‍ഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി. മില്‍മക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തല്‍. തമിഴ് നാട്ടിലെ രണ്ട് എജന്‍സികള്‍ക്കാണ് നെയ്യ് മറിച്ചുവിറ്റത്.
◾ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മുന്നറിയിപ്പ് നല്‍കി. നാളെ 7 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
◾ ജീവനക്കാര്‍ മാംസാഹാരം കഴിക്കരുതെന്ന് വിലക്കിയിട്ടില്ലെന്ന് ലോക്ഭവന്‍. ഗവര്‍ണറും കുടുംബവും പച്ചക്കറിയേ കഴിക്കൂ. അതിനാല്‍ അടുക്കളയില്‍ സസ്യാഹാരങ്ങള്‍ മാത്രമേ പാകം ചെയ്യൂവെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍. ലോക്ഭവനിലെ അടുക്കള ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അതിഥികള്‍ക്കും ഭക്ഷണം പാകംചെയ്യാനുള്ളതാണ്. ജീവനക്കാരുടെ ഭക്ഷണത്തിനു വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിശദീകരണം.
◾ സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാര്‍ട്ടണ്‍ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്. പി പി ദിവ്യയുടെ ബെനാമി കമ്പനിയല്ലെന്നും വഴിവിട്ട് ഒരു കരാറും കിട്ടിയിട്ടില്ലെന്നും കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
◾ പീഡന പരാതികള്‍ പരസ്യമാക്കാതെ പരിഹരിക്കാന്‍ സിപിഎം. നേതാക്കള്‍ക്കെതിരായ പീഡന പരാതികള്‍ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാക്കില്ല. പരാതികള്‍ പരിശോധിക്കേണ്ടതും പരിഹാരം നിര്‍ദ്ദേശിക്കേണ്ടതും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി ആയിരിക്കും. ഐസിസിയുടെ തീര്‍പ്പ് അന്തിമമായിരിക്കും. പാര്‍ട്ടി വേദിയില്‍ ചര്‍ച്ചയാക്കില്ല.
◾ ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റിലെ പിഴവുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. ലോജിക്കല്‍ സ്റ്റെപ് എന്ന കമ്പനിയെ സോഫ്‌റ്റ്വെയര്‍ നിര്‍മ്മിക്കാന്‍ എങ്ങനെ തെരഞ്ഞെടുത്തു എന്ന് കോടതി ആരാഞ്ഞു. എന്താണ് മാനദണ്ഡമെന്നും കോടതി ചോദിച്ചു.
◾ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രന്‍ ശ്യാംജിത്ത്. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നും ശ്യാംജിത്ത് ആരോപിച്ചു.
◾ ഇ.പി. ജയരാജനെതിരെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് മരുമകന്‍ ശ്യാംജിത്ത്.തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോള്‍ താന്‍ ശബരിമലയിലാണെന്നും വിഷയത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ശ്യാംജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും വാര്‍ത്തകളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നും ഇ.പി. ജയരാജനും പ്രതികരിച്ചു.
◾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. 2026-ലെ വേനല്‍ക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സര്‍വീസുകളില്‍ നാല് ശതമാനം വര്‍ധനയുണ്ടാകും. പുതിയ സമയക്രമം ഒക്ടോബര്‍ 25 മുതല്‍ അടുത്ത മാര്‍ച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും.
◾ ഖത്തര്‍ കെഎംസിസി ഫണ്ട് കവര്‍ച്ച സംബന്ധിച്ച് ആരോപണ വിധേയനായ റൊട്ടാന റസാഖിനെ കെഎംസിസിയില്‍ നിന്ന് പുറത്താക്കി. മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്. മുസ്ലിം ലീഗ് ഖത്തര്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്നു റൊട്ടാന റസാഖ്. ഖത്തര്‍ കെഎംസിസി ഓഫീസില്‍നിന്ന് 8 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് കേസ്. എന്നാല്‍, സംഭവത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് റസാഖിന്റെ പ്രതികരണം.
◾ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. വിള്ളല്‍ അടക്കമുള്ള പ്രശ്നത്തിന് ചെന്നൈ ഐഐടി നിര്‍ദേശിച്ച അറ്റകുറ്റപണി ആരു ചെയ്യുമെന്ന തര്‍ക്കത്തിന് ഇതോടെ തീരുമാനമായി. ഉടമസ്ഥരും, വാടകക്കാരും തര്‍ക്കമായതോടെ പണി നടന്നിരുന്നില്ല. വാടക കുടിശിക പിടിക്കാനും നല്‍കിയില്ലെങ്കില്‍ കരാര്‍ വ്യവസ്ഥ പ്രകാരം നടപടി എടുക്കാമെന്നും കോടതി.
◾ കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇന്‍വെര്‍ട്ടറും സൈക്കിളും മോഷണം പോയി. പ്രതികളായ താഹിര്‍, അജ്മല്‍, അനസ്, നാസര്‍ എന്നിവരെ പോലീസ് പിടികൂടി. പളളിത്തോട്ടം സ്റ്റേഷന്‍ കഴിഞ്ഞ ദിവസമാണ് പോര്‍ട്ടിന്റെ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റിയത്. പഴയ കെട്ടിടത്തിലെ വസ്തുക്കള്‍ പൂര്‍ണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. അവയാണ് മോഷ്ടിക്കപ്പെട്ടത്.
◾ നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടര്‍ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ നാദാപുരം പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
◾ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞ, കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് പരാതി.
◾ ഗെയിമിംഗ് ഉപകരണങ്ങള്‍ വാങ്ങിയതിന് ഇറ്റലിയിലെ കമ്പനിക്ക് ലുലു ഗ്രൂപ്പ് നല്‍കാനുണ്ടായിരുന്ന 1.64 കോടി രൂപ വ്യാജ ഇ മെയില്‍ സന്ദേശങ്ങളിലൂടെ തട്ടിയെടുത്തെന്ന് കേസ്. സെപ്റ്റംബര്‍ 2 മുതല്‍ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
◾ നിര്‍മ്മാണം ആരംഭിച്ച് പത്ത് വര്‍ഷമായിട്ടും റോഡ് പണി പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധിച്ച് നാട്ടുകാര്‍. റോഡില്‍ കിടന്നു പ്രതിഷേധിച്ചതോടെ വാഹനങ്ങള്‍ അഞ്ചു മണിക്കൂര്‍ വഴിയില്‍ കുടുങ്ങി. നവംബര്‍ 30 നകം പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയതോടെ ഉച്ചയ്ക്ക് 12 നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. എഡിഎം സ്ഥലത്തെത്തി പഞ്ചായത്ത് പ്രസിഡന്റ്, നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍, തഹസില്‍ദാര്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍, കെ എസ് ഇ ബി എന്നിവരെ വിളിച്ചു ചര്‍ച്ച നടത്തി.
◾ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂര്‍ സ്വദേശികളായ മണത്തണ സ്വദേശി പി. പ്രണവ് (24), കെ. കനകരാജ് (28), കണ്ണൂര്‍ ചൊക്ലി പെരിങ്ങളം സ്വദേശി നിഥുല്‍ കുമാര്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
◾ പ്രതിഷേധിക്കുകയോ സമരം നടത്തുകയോ ചെയ്യില്ലെന്ന പീസ് ബോണ്ടില്‍ ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നതു തുടരും. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണ്. വോട്ട് അവകാശം, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല. വോട്ട് അവകാശം തട്ടിയെടുത്തപ്പോളാണ് തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധം സമാധാനപരമായിരുന്നു. പോലീസാണ് അതിക്രമങ്ങള്‍ നടത്തിയതെന്നും നേഹ പറഞ്ഞു.
◾ സമരം ചെയ്യില്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കണമെന്ന ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സിജെപി വക്താവ് സൗരവ് ദാസിനോട് ഡല്‍ഹിയിലെ താമസം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്‍കി. വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ നടന്‍ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളില്‍ ടിവികെ - ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അര്‍ജുന രംഗത്തെത്തി. പുതുതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയമില്ലെന്ന് ആധവ് അര്‍ജുന പറഞ്ഞു.
◾ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടി വേഗത്തിലാക്കുമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
◾ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകള്‍ വീണ്ടും നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമാക്കി എത്തിയ ഡ്രോണും തലസ്ഥാനമായ റിയാദിലേക്ക് തൊടുത്ത ബാലസ്റ്റിക് മിസൈലുമാണ് സൗദി വ്യോമസേന ആകാശത്തുവെച്ചുതന്നെ തകര്‍ത്തത്.
◾ രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക, റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ നല്‍കിയതിന് അവധൂത് സാഥെ ട്രേഡിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകന്‍ അവധൂത് സാഥെയ്ക്കും എതിരെ കര്‍ശന നടപടിയുമായി സെബി. സേവനങ്ങള്‍ നല്‍കുന്നതിനായി സമാഹരിച്ച 546.17 കോടി തിരികെ നല്‍കാനും 11.5 കോടി രൂപ പിഴയടയ്ക്കാനും സെബി ഉത്തരവിട്ടു. അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് 6 കോടി രൂപ പിഴയിട്ടപ്പോള്‍ സ്ഥാപകന്‍ അവധൂത് സാഥെ 4 കോടി രൂപ സെബിയില്‍ അടയ്ക്കണം. കമ്പനിയില്‍ പങ്കാളിയായ ഗൗരി അവധൂത് സാഥെ 1.5 കോടി രൂപയും പിഴയായി ഒടുക്കണം. അക്കാദമിയെയും അവധൂത് സാഥെയെയും സെക്യൂരിറ്റീസ് വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെയായിരിക്കും ഈ വിലക്ക് ബാധകമാവുക. മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഗൗരി അവധൂത് സാഥെയ്ക്ക് വിപണിയില്‍ നിന്ന് ആറുമാസത്തെ വിലക്കുമുണ്ട്.
◾ എഐ ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം അമേരിക്കയിലെ ടെക്‌സാസിലെ വായു മലിനീകരണം അതിരൂക്ഷമാക്കുമെന്ന് പുതിയ പഠനം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പതിറ്റാണ്ടുകളായി ഉണ്ടാക്കിയ പുരോഗതിയെ എല്ലാം എഐ ഡേറ്റാ സെന്ററുകള്‍ പിന്നോട്ടടിച്ചേക്കാമെന്ന് ഹൂസ്റ്റണ്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്ററിന്റെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. വമ്പന്‍ എഐ ഡാറ്റാ സെന്റര്‍ ഹബ്ബായി ടെക്‌സാസ് മാറുന്നതിനിടെയാണ് പഠനം പുറത്തുവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയുടെ ആവശ്യം വര്‍ധിക്കുന്നത് ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിക്കുന്നത് തുടരുമ്പോള്‍ ശുദ്ധമായ വൈദ്യുതി സ്രോതസ്സുകള്‍ അത്യാവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
◾ '40 ഡെയ്സ് ഓഫ് ഹൗസ് പാര്‍ട്ടി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്സിയാണ് 'പെരുത്ത് നന്ദി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിബിന്‍ അശോകാണ് ഈണം നല്‍കിയിരിക്കുന്നത്. മനു ഹസ്സനാണ് ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ആല്‍ബി ആന്റണി, അജ്മല്‍ സാബു, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍.
◾ പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'ഫൗജി'യുടെ സ്പെഷ്യല്‍ ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി. 'ഫയല്‍ നമ്പര്‍ 25' എന്ന പേരില്‍ എത്തിയ വീഡിയോ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 'ഫൗജി'യുടെ കഥ വികസിക്കുന്നത്. 1942 മേയ് 29ന് ബെര്‍ലിനില്‍ നേതാജി സുഭാഷ് ചന്ദ്രബോസും അഡോള്‍ഫ് ഹിറ്റ്ലറും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്. ഇമാന്‍വിയാണ് നായിക. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ, ഭാനു ചന്ദര്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലുണ്ട്. 2027 മാര്‍ച്ച് 19ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവരുടെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 1.60 ലക്ഷം രൂപ മുതലാണ് വില (എക്‌സ് ഷോറൂം) ആരംഭിക്കുന്നത്. 199.5 സിസി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. മുന്‍ പതിപ്പില്‍ 24 ബിഎച്ച്പി ആയിരുന്നെങ്കില്‍ പുതിയ എന്‍എസ്200ല്‍ 25 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡിയോട് കൂടി വരുന്നതിനാല്‍ റൈഡേഴ്‌സിന് വിവിധ റൈഡ് മോഡുകളും ട്രാക്ഷന്‍ കണ്‍ട്രോളും തെരഞ്ഞെടുക്കാം. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ഇബോണി ബ്ലാക്ക്, റേസിങ് റെഡ്, നാര്‍ഡോ ഗ്രേ, പേള്‍ മെറ്റാലിക് വൈറ്റ് എന്നി പുതിയ നിറങ്ങളില്‍ ലഭ്യമാകും.
◾ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയുടെ ദുരിതത്തിന്റെ ഓര്‍മ്മകളിലൂടെയുള്ള യാത്രയാണി പുസ്തകം.ഹൈറേഞ്ചിലെ മലനിരകളില്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി കുടിയേറിയ മനുഷ്യരുടെ നോവും കണ്ണുനീരും കലര്‍ന്ന കഥാപരിസരങ്ങള്‍.എഴുത്തുകാരന്റെ കുട്ടിക്കാലവും ജനനവും പഠനവും അസുഖങ്ങളോടുള്ള പോരാട്ടവും വായനയും പുസ്തകങ്ങളും കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരും പകര്‍ന്ന ഒരു കാലത്തെ ഓര്‍ത്തെടുക്കുകയാണ് ഈ കൃതിയില്‍ കാട്ടുമൃഗങ്ങളും ഇല്ലായ്മകളും ദുര്‍ഘടവഴികളും പകര്‍ച്ചവ്യാധികളും നിറഞ്ഞ കുടിയേറ്റ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. 'നോവിന്റെ കനമല്ലോ കതിരിന്'. സിബി ജോണ്‍ തൂവല്‍. ഗ്രീന്‍ ബുക്സ്. വില 161 രൂപ.
◾ വരുംദശകങ്ങളില്‍ ലോകം നേരിടുന്ന വലിയ ആരോഗ്യഭീഷണിയായി ഡിമെന്‍ഷ്യ മാറുമെന്ന് പഠനം. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള പുതിയ കേസുകളുടെ എണ്ണം രണ്ടരക്കോടി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ ഈ നിരക്ക് ഏകദേശം ഒന്നേകാല്‍കോടിയായിരുന്നു. ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള 38,418 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഡിമെന്‍ഷ്യ എന്നത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥയായതിനാല്‍ കരുതലോടെ കാണേണ്ട വിഷയമാണിതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നുണ്ട്. പ്രതിരോധ തന്ത്രങ്ങള്‍ നേരത്തേ ആസൂത്രണം ചെയ്ത് ഡിമെന്‍ഷ്യയെ അകറ്റുകയും രോഗനിര്‍ണയം മെച്ചപ്പെടുത്തുകയും രോഗികള്‍ക്കുള്ള സേവനങ്ങള്‍ ഫലപ്രദമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഓര്‍മക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങള്‍, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങള്‍ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാന്‍ അപരിചിതമായ വാക്കുകള്‍ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകള്‍ മറക്കുക, പഴയ ഓര്‍മകള്‍ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങള്‍ ഡിമെന്‍ഷ്യ ബാധിതരില്‍ കാണാനാവുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.95, പൗണ്ട് - 126.99, യൂറോ - 105.95, സ്വിസ് ഫ്രാങ്ക് - 114.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.49, ബഹറിന്‍ ദിനാര്‍ - 252.04, കുവൈത്ത് ദിനാര്‍ -306.84, ഒമാനി റിയാല്‍ - 246.95, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 25.85, ഖത്തര്‍ റിയാല്‍ - 26.07, കനേഡിയന്‍ ഡോളര്‍ - 67.55.
Tags:
KERALA