2026 | ഒക്ടോബര്‍ 23 | വെള്ളി
1202 | തുലാം 6 | പൂരുരുട്ടാതി
◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടത്തും. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നാണ് ആരോപണം. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.
◾ വിജിലന്‍സിലെ സുപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന ടി സെക്ഷനെ വിവരാവകാശ നിയമ പരിധിയില്‍നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഏതെല്ലാം രേഖകള്‍ ടി സെക്ഷനിലേക്കു മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകളുടെ വിവരങ്ങള്‍ ഒളിപ്പിക്കാനുള്ള നീക്കമെന്ന് ആക്ഷേപം.
◾ അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യവുമായി ഇന്ത്യന്‍ സൈന്യത്തിന്റെ മുഖാമുഖം ഏറ്റുമുട്ടല്‍. ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസ് മേധാവി ശത്രുജീത് കപൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസ്.
◾ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ എന്നിവര്‍ സമര്‍പ്പിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീല്‍ പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
◾ കേരളത്തിന്റെ 29ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വി.ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
◾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസില്‍ പുതിയ തെളിവുകള്‍ തേടാനാണ് നീക്കം. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേള കോഴിക്കോട് ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയായ എന്‍.ഐ.ടി ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഒളിമ്പ്യന്‍ പിടി ഉഷ ദീപശിഖ തെളിക്കും. 4000 കായിക താരങ്ങള്‍ നിരക്കുന്ന മാര്‍ച്ച് പാസ്റ്റും 3000 കുട്ടികളുടെ സാംസ്‌കാരിക പരിപാടിയും ഉദ്ഘാടനച്ചടങ്ങിന് മോടിയാകും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 27 ന് ആരംഭിക്കും. 31 ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യാതിഥിയാവും. അയ്യായിരത്തോളം കായിക താരങ്ങള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേര്‍ കായിക മേളയുടെ ഭാഗമാകും. സേ നോ ഡ്രഗ്സ'് എന്ന ലഹരി വിരുദ്ധ സന്ദേശത്തോടെയാണ് കായികമേള.
◾ ഇടതുസര്‍ക്കാര്‍ കാലത്തേതു പോലെ കത്രിക ശരീരത്തില്‍ ഫ്രീയായി ഇട്ടു കൊടുത്തുള്ള ശസ്ത്രക്രിയ ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ജനങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ആരോഗ്യമന്ത്രിമാരുടെ ആരോപണം അടിസ്ഥാന രഹിതമാണ്. വിദേശ കുത്തക മരുന്നു കമ്പനിക്കുവേണ്ടിയാണ് സിപിഎമ്മിന്റെ ആരോഗ്യമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും മുരളീധരന്‍ ആരോപിച്ചു.
◾ എസ്എംഎ എന്ന അപൂര്‍വ ജനിതക രോഗത്തിന്റെ ജനറിക് മരുന്ന് ഹൈദരാബാദിലെ ഇന്ത്യന്‍ കമ്പനി നാറ്റ്കോ ഫാര്‍മ 95 ശതമാനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനെതിരേ പിണറായി വിജയനും മുന്‍ ആരോഗ്യമന്ത്രിമാരും നടത്തിയ സിപിഎം പ്രചാരണം വിവാദമായി. ആഗോള കുത്തകയായ റോഷ് എന്ന സ്വിസ്സ് കമ്പനിയുടെ മരുന്നിനെ പിന്തുണച്ചാണ് സിപിഎമ്മിന്റെ പ്രചാരണം. റോഷ് കമ്പനിയുടെ രണ്ടാഴ്ചത്തെ മരുന്നിന് രോഗി ആറ് ലക്ഷം രൂപ ചെലവാക്കണം. ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകാരം നല്‍കിയ നാറ്റ്കോയുടെ മരുന്നു തടയാന്‍ ശ്രമിച്ചു പരാജയപ്പെട്ട റോഷ് കമ്പനി സിപിഎമ്മിനെ വിലയ്ക്കെടുത്തോയെന്നുവരെ ആരോപണമുണ്ട്.
◾ അധ്യാപികമാര്‍ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസില്‍ എസ്എസ്‌കെ ജില്ല കോര്‍ഡിനേറ്റര്‍ക്കെതിരെ അന്വേഷണം. എസ്എസ്‌കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീമിനെതിരെയാണ് വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്തു സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
◾ അതീവ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന്റെ ഉള്‍വശം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ റീല്‍സ് പ്രത്യക്ഷപ്പെട്ടതിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സെക്രട്ടേറിയറ്റില്‍ ടൈല്‍സ് പണിക്കെത്തിയ കരാറുകാരാണ് സെക്രട്ടേറിയറ്റിന്റെ ഉള്‍ഭാഗമടക്കം വീഡിയോ എടുത്തു റീല്‍സാക്കി പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
◾ ശബരിമലയില്‍ വ്യാപകമായി വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന ലാബ് മാഫിയയെ ആരോഗ്യവകുപ്പ് പിടികൂടി. പരിശോധനകള്‍ ഒന്നും നടത്താതെ പണം വാങ്ങിയാണ് പത്തനംതിട്ട സീതത്തോട് അമ്മ ക്ലിനിക്ക് എന്ന സ്ഥാപനം ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യാജ കാര്‍ഡുകള്‍ നല്‍കിയത്.
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെ കണ്ണൂരില്‍ പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രസംഗം.
◾ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കേരള പൊലീസിന്റെ 'ഓപ്പറേഷന്‍ ഗ്രിപ്പ്' പരിശോധനയുമായി കൊച്ചി സിറ്റി പൊലീസ്. ബുധനാഴ്ച 125 പേരെ പരിശോധിച്ചു. 76 പേരെ കരുതല്‍ അറസ്റ്റുചെയ്തു.
◾ നെടുമ്പാശ്ശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പര്‍ അപകടത്തില്‍ വാഹനത്തിന്റെ ഇഡിആര്‍ ജര്‍മ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധര്‍ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നല്‍കൂ. അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങള്‍ പൊലീസിനു ലഭിക്കാന്‍ വൈകും.
◾ തിങ്കളാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
◾ കോവളം സ്പാ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റു ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് കോടതിയുടെ അനുമതി തേടി. ചെന്നൈയിലും പീഡനം നടന്നെന്ന് മൊഴിയുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു.
◾ അയല്‍വാസികളായ യുവാവിനെയും പിതാവിനെയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തന്‍വീട്ടില്‍ ശ്രീജേഷ് ശശിധരന്‍ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്താന്‍ ഇന്ത്യാ സഖ്യം. നവംബര്‍ ഒന്നിനു നടത്തുന്ന റാലിക്ക് മുന്നോടിയായി ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് ആലോചന. ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നീക്കം ഒരിക്കല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. ശൈത്യകാല സമ്മേളനത്തില്‍ വീണ്ടും നീക്കമുണ്ടാകും.
◾ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ നാല് ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാന്‍ നീക്കം. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിങ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
◾ അസം മുഖ്യമന്ത്രിയുടെ വിജിലന്‍സ് സെല്ലിലെ ഡിഎസ്പിയെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ 'ഹോട്ടല്‍ ജാഹ്നവി റീജന്‍സി'യിലാണ് ഡിഎസ്പി ഖര്‍ഗേശ്വര്‍ റഭയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്.
◾ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത മകനുമായി ഇന്ത്യ വിട്ട റഷ്യന്‍ വനിത വിക്ടോറിയ ബസുവിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. വിക്ടോറിയയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനായി ഡല്‍ഹി പൊലീസ് നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
◾ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മില്‍ ഭിന്നതയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയുടെ ഫോട്ടോ പ്രദര്‍ശനം ഉയര്‍ത്തിക്കാണിച്ച് മകനെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനാണ് പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നതെന്നും സഹോദരന്‍ രാഹുല്‍ ഗാന്ധിയില്‍ പ്രിയങ്കയ്ക്കു വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് പ്രദീപിന്റെ ആരോപണം.
◾ ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിക അന്താരാഷ്ട്ര തന്ത്രപ്രധാന ചര്‍ച്ചയായ ഇന്തോ പസഫിക് റീജിയണല്‍ ഡയലോഗ് 2026 നവംബര്‍ 3 മുതല്‍ 5 വരെ ഡല്‍ഹിയില്‍ നടക്കും. 'ഇന്തോ പസഫിക്കിലെ ശാസ്ത്രം, സാങ്കേതികവിദ്യ, അക്കാദമിക് സഹകരണം' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.
◾ സൗദി അറേബ്യയിലെ റിയാദ് നഗരവും തെക്കന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികള്‍ നടത്തിയ വ്യോമാക്രമണ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. തെക്കന്‍ പ്രദേശം ലക്ഷ്യമാക്കി ഹൂതി വിഭാഗം വിക്ഷേപിച്ച രണ്ട് ഡ്രോണുകളും റിയാദ് നഗരത്തിന് നേരെ വന്ന ഒരു ബാലസ്റ്റിക് മിസൈലുമാണ് സഖ്യസേന തകര്‍ത്തു കളഞ്ഞത്.
◾ അമേരിക്കന്‍ തപാല്‍ സേവനമായ യുഎസ് പോസ്റ്റല്‍ സര്‍വീസിന് 2.6 കോടി ഡോളറിലേറെ (ഏകദേശം 1,194 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പാകിസ്ഥാനിയായ 33 -കാരനെ പാകിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ സ്വദേശിയായ ഫഹീം അക്രമാണ് പാക് പോലീസിന്റെ പിടിയിലായത്.
◾ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പാകിസ്താന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലായി 20 സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
◾ ഇറാനെതിരെ കനത്ത ആക്രമണം പുനരാരംഭിക്കാന്‍ അമേരിക്കന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. സംയുക്ത ആക്രമണം പുനരാരംഭിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയും യുഎസ് സൈന്യവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയായി. പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. പവന്‍ വിലയില്‍ 4,080 രൂപയുടെ കുറവാണ് ഉണ്ടായത്. 18 കാരറ്റിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയായി. 14 കാരറ്റിന് 110 രൂപ കുറഞ്ഞ് 8,360 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,395 രൂപയുമാണ് ഇന്ന് വില. വെള്ളി വിലയും ഇന്ന് വലിയ ഇടിവിലാണ്. കുറച്ചു ദിവസമായി മാറ്റമില്ലാതെ നിലനിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ ഇടിഞ്ഞ് 320 രൂപയായി. ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ വന്‍ ഇടിവാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയാണിത്.
◾ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ 'സിം ബൈന്‍ഡിംഗ്' നിയമം 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് സേവനങ്ങള്‍ ഇനിമുതല്‍ ഉപയോക്താക്കളുടെ കെ.വൈ.സി സ്ഥിരീകരിച്ച സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. ഇതിനുള്ള അവസാന തീയതി 2026 ഡിസംബര്‍ 31ആണ്. സിം ഇല്ലാതെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ മെസേജിങ് ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിന്റെ ഇടപെടല്‍. സിം ബൈന്‍ഡിങ് ചട്ടം നിലവില്‍ വരുന്നതോടെ മെസേജിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പാക്കേണ്ടിവരും.
◾ തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് 'കല്‍ക്കി 2898 എഡി'യുടെ അണിയറപ്രവര്‍ത്തകര്‍. 'ഭൈരവ തിരിച്ചെത്തുന്നു' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ മേക്കിങ് വിഡിയോ പുറത്തുവിട്ടത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിര്‍മ്മിച്ച സയന്‍സ് ഫിക്ഷന്‍ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് ആശംസകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. 'കല്‍ക്കി 2898 എഡി'യില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. പുരാണങ്ങളും സയന്‍സ് ഫിക്ഷനും സമന്വയിപ്പിച്ച ചിത്രം, തകര്‍ച്ചയുടെ വക്കിലുള്ള ഭാവിലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വമ്പന്‍ സിനിമാറ്റിക് അനുഭവമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഭാഗം കൂടുതല്‍ വിപുലമായ കഥാലോകവുമായി ആണ് ഒരുങ്ങുന്നത്.
◾ സൂര്യ നായകനായ 'സീന്‍' ചിത്രത്തിലെ നസ്ലെന്റെ ലുക്കും കഥാപാത്രവും പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അതിക്രൂരനും മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത സൈക്കോ കില്ലറായിട്ടാണ് ചിത്രത്തില്‍ നസ്ലെന്‍ എത്തുന്നതെന്നാണ് ക്യാരക്ടര്‍ റിവീല്‍ വിഡിയോ വ്യക്തമാക്കുന്നത്. ഈശ്വരന്‍ എന്നാണ് ചിത്രത്തിലെ നസ്ലെന്റെ കഥാപാത്രത്തിന്റെ പേര്. മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന സീനില്‍ നായിക നസ്രിയയാണ്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'സീന്‍'. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലുണ്ട്.
◾ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രാവയലറ്റിന്റെ പുതിയ വിഎക്‌സ്-100 100വി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍. ബുക്കിങ് ആരംഭിച്ചു. നവംബറില്‍ ഡെലിവറി ആരംഭിക്കും. തുടക്കത്തില്‍ 2.65 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 343 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 30 കിലോവാട്ട് (40 ബിഎച്ച്പി) ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 550 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 5.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ യുവി ലൈറ്റ്ഫ്യൂറി മോട്ടോര്‍, 11 കിലോവാട്ട്അവര്‍ എസ്ആര്‍ബി-11 ബാറ്ററി പായ്ക്ക്, അപ്‌ഡേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
◾ ഭീകരവാദവും സൈനികരുടെ ജീവിതവും നോവലിന് ഊടുംപാവുമാവുന്നു. നിസ്സാരകാര്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തരമായ ആക്രമണം മനുഷ്യനെ മൃഗമായിട്ട് പതിപ്പിക്കുന്നു. ക്ഷണിക ജീവിതത്തിനുടമയായ മനുഷ്യന്റെ ഇത്തരം പ്രവൃത്തികള്‍ ലോകജനതയെ എവിടേക്ക് നയിക്കുമെന്ന് കാതോര്‍ത്തിരിക്കുന്ന സമൂഹത്തിന് ഈ നോവല്‍ നല്ലൊരു വായനാനുഭവം സമ്മാനിക്കും കാശ്മീരി ജനതയുടെ നിത്യജീവിതത്തിന്റേയും കാശ്മീരി പണ്ഡിറ്റുകളും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷത്തിന്റേയും നേര്‍ചിത്രങ്ങള്‍. 'ലാഹോര്‍ ബസ്'. അനില്‍കുമാര്‍ പി. ഗ്രീന്‍ ബുക്സ്. വില 320 രൂപ.
◾ മൃഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള രോഗബാധിതന്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങള്‍ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധശേഷി കുറഞ്ഞനിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാന്‍സിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് ഫ്രഞ്ച് അധികൃതര്‍ സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പൊതുജനാരോഗ്യത്തിമേലുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും അന്വേഷണം നടന്നു വരികയാണ്. കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍ തുടങ്ങിയ മൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. കുലിക്കോയിഡ്‌സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതുന്നത്. ഇതുവരെ മൃഗങ്ങളില്‍ മാത്രമാണ് ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിലും ജര്‍മനിയിലും, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മൂലം ചത്ത കുതിരകളുടെ മസ്തിഷ്‌കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് മനുഷ്യരില്‍ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.95, പൗണ്ട് - 127.05, യൂറോ - 106.34, സ്വിസ് ഫ്രാങ്ക് - 115.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.68, ബഹറിന്‍ ദിനാര്‍ - 251.97, കുവൈത്ത് ദിനാര്‍ -305.61, ഒമാനി റിയാല്‍ - 246.92, സൗദി റിയാല്‍ - 25.30, യു.എ.ഇ ദിര്‍ഹം - 25.80, ഖത്തര്‍ റിയാല്‍ - 25.99, കനേഡിയന്‍ ഡോളര്‍ - 67.76.
Tags:
KERALA