കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന വിവിധ റോഡ്, പാലം നിർമ്മാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മാനാഞ്ചിറ പി.ഡബ്ല്യു.ഡി. കോംപ്ലക്സിൽ പി. കെ. ഫിറോസ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
പടനിലം പാലം, പരപ്പൻപൊയിൽ–പുന്നശ്ശേരി റോഡ്, ആർ.ഇ.സി.–പുത്തൂർ–കൂടത്തായി റോഡ്, വെള്ളേച്ചാൽ–തെക്കേതൊടുക പാലം, പള്ളിപ്പുറം–താമരശ്ശേരി റോഡ്, കരുവാറ്റക്കടവ് പാലം, കൊടുവള്ളി–ഓമശ്ശേരി റോഡ് തുടങ്ങിയ പ്രധാന പ്രവർത്തികളുടെ പുരോഗതിയാണ് യോഗത്തിൽ അവലോകനം ചെയ്തത്.
പടനിലം പാലത്തിന്റെ നിർമ്മാണം ഡിസംബർ 15നകം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക വിഷയങ്ങൾ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉദ്യോഗസ്ഥരുമായി അടിയന്തരമായി കൂടിയാലോചിച്ച് പരിഹരിക്കണമെന്നും, സാങ്കേതിക തടസ്സങ്ങൾ പ്രവർത്തിയുടെ പുരോഗതിയെ ബാധിക്കാത്തവിധം ആവശ്യമായ ഏകോപനം ഉറപ്പാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.
പരപ്പൻപൊയിൽ–പുന്നശ്ശേരി റോഡിന്റെ നിർമ്മാണം മന്ദഗതിയിലായതിൽ എം.എൽ.എ കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിലവിൽ അനുമതി ലഭിച്ചിട്ടുള്ള എഫ്.ഡി.ആർ. മാതൃകയിൽ തന്നെ റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്നും, പുരോഗമിച്ചുകൊണ്ടിരിക്കുന്ന യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി, മാർച്ച് 30നകം പ്രവർത്തി പൂർത്തിയാക്കുമെന്ന് യോഗത്തിൽ ധാരണയായി.
പള്ളിപ്പുറം–താമരശ്ശേരി റോഡിലെ ഡ്രൈനേജ് പ്രവർത്തികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. റോഡ് നിർമ്മാണം വേഗത്തിലാക്കി നവംബർ 30നകം പൂർത്തീകരിക്കുമെന്നും യോഗത്തിൽ അറിയിച്ചു. ആർ.ഇ.സി.–പുത്തൂർ–കൂടത്തായി റോഡിൽ ഹാൻഡ്‌റെയിൽ സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ബി.സി. നിലവാരത്തിലുള്ള ടാറിങ് പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും റോഡിന്റെ ശേഷിക്കുന്ന പ്രവർത്തികൾക്ക് ആവശ്യമായ വേഗം നൽകണമെന്നും എം.എൽ.എ നിർദേശിച്ചു.
വെള്ളേച്ചാൽ–തെക്കേതൊടുക പാലത്തിന്റെ നിർമ്മാണം പുഴയിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്ക് പുനരാരംഭിക്കുമെന്നും കരുവാറ്റക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ രണ്ട് മാസത്തിനകം പുനരാരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു. ഇരു പാലങ്ങളുടെയും തുടർപ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കൊടുവള്ളി–ഓമശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി കൊടുവള്ളി–മാനിപുരം ഭാഗത്ത് അമൃത് പദ്ധതിയുടെയും മാനിപുരം–ഓമശ്ശേരി ഭാഗത്ത് ജലജീവൻ മിഷന്റെയും പൈപ്പ് ലൈൻ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ അജിത് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ലിയ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ മിഥുൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഫാത്തിമ ബീവി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ സുരേന്ദ്രൻ തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Tags:
KODUVALLY