Trending

വാച്ച് മോഷണം പോയെന്നാരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദനം: ഒത്തുതീർപ്പ് ശ്രമങ്ങൾ തള്ളി നാട്ടുകാർ; പ്രതികൾ ഒളിവിൽ.

​എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ പ്രദേശത്ത് വാച്ച് മോഷണം പോയെന്ന് ആരോപിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ കൊടുവള്ളി പൊലീസ് കേസെടുത്തു. പത്ത് ദിവസം മുൻപ് നടന്ന സംഭവം കുടുംബാംഗങ്ങൾക്കിടയിൽ സംസാരിച്ച് ഒതുക്കിതീർക്കാൻ പലതവണ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ നാട്ടുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും ശക്തമായ ഇടപെടലാണ് ഒടുവിൽ നിയമ നടപടിയിലേക്ക് എത്തിച്ചത്.

​മർദനമേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയുടെ ദാരുണമായ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലും, സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇതോടെ കുടുംബക്കാർ നടത്തിയ ഒത്തുതീർപ്പ് നീക്കങ്ങളെ തള്ളി, പ്രദേശത്തെ ചെറുപ്പക്കാരും സന്നദ്ധ പ്രവർത്തകരും കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.

സംഭവം കോഴിക്കോട്  ജില്ലാ യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തര മന്ത്രിയുടെയും, ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) യുടെയും ശ്രദ്ധയിൽപെടുത്തുകയും ചെയ്തതോടെ റൂറൽ എസ്.പി ഓഫീസിലേക്ക് അടിയന്തര നടപടിക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് ജുവനൈൽ ജസ്റ്റിസ് (JJ) ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

​വിവരം പുറത്തുവന്നതോടെ പ്രതികളായ മൂന്നുപേരും നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്. ഒളിവിൽപ്പോയ പ്രതികളെ ഉടൻ പിടികൂടാനുള്ള ഊർജിതമായ അന്വേഷണം കൊടുവള്ളി പൊലീസ് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
Previous Post Next Post
3/TECH/col-right