Trending

സായാഹ്ന വാര്‍ത്തകള്‍

2026 | സെപ്റ്റംബര്‍ 11 | വെള്ളി 
1202 | ചിങ്ങം 26 | പൂരം

◾  ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരാഴ്ച ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം എന്ന നിലയില്‍ പവര്‍കട്ട് സമയം ഏകീകരിക്കും.  വൈദ്യുതി ആവശ്യകത വന്‍ തോതില്‍ വര്‍ധിച്ചതിനാലാണ് ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം  സെപ്റ്റംബറിലേതിനേക്കാള്‍ ആയിരത്തിലധികം മെഗവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രാത്രി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും എസി പ്രവര്‍ത്തിപ്പിക്കുന്നതും കാരണമാകാം. വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാര്‍ക്കറ്റിലോ റിയല്‍ ടൈം മാര്‍ക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നുംമന്ത്രി പറഞ്ഞു.

◾  ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തെ ചെറുക്കാന്‍ പിഎസ്സി അംഗങ്ങള്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി പിഎസ്സി ചെയര്‍മാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കും. നിയമോപദേശം തേടാനും തീരുമാനം. എന്നാല്‍, ചോദ്യചെയ്യല്‍ എവിടെ വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നു നിയമവിദഗ്ധര്‍.

◾  പിഎം ശ്രീ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ഉടനേ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം രണ്ടാമതും ചീഫ് സെക്രട്ടറിക്ക് കത്തയച്ചെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. കരാര്‍ ഒപ്പിട്ടതാണ്, ഉടനേ നടപ്പാക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും അടിയന്തരമായി കൂടിയാലോചന നടത്തും. മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

◾  മുഹമ്മദ് റിയാസിനെതിരേ ഹസന്‍ വാരീസ് നല്‍കിയ മൊഴി പിന്‍വലിക്കാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ്. പിടിച്ചെടുത്ത രേഖകളെ സാധൂകരിക്കുന്ന മൊഴിയാണുള്ളത്. വാട്സ്ആപ് ചാറ്റുകളും സന്ദേശങ്ങളും അടക്കമുള്ള തെളിവുണ്ട്, വിചാരണ വേളയില്‍ മൊഴിമാറ്റിയാല്‍ കോടതി തീരുമാനമെടുക്കും. എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.  

◾  സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി ഞായറാഴ്ച മുതല്‍ കോഴിക്കോട്ട് എകെജി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ സമാപിക്കും. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ മറികടക്കാനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുമാണ് വിപുലീകൃത കമ്മിറ്റി ചേരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവരടക്കം മുന്നൂറിലേറെ പേര്‍ കമ്മിറ്റിയില്‍ പങ്കെടുക്കും.


◾  എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നത് എന്തുകൊണ്ടെന്നു ഹൈക്കോടതി. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോയെന്ന് ജസ്റ്റിസ് എ.ബദറുദീന്‍ വാക്കാല്‍ സംശയം പ്രകടിപ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കണമെന്ന ഉത്തരവിനെക്കുറിച്ച് ഇന്നലെയാണ് അറിഞ്ഞതെന്നാണ് പിന്നാക്ക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ അറിയിച്ചത്.

◾  അമുസ്ലിംകളെ അംഗങ്ങളാക്കാത്തതിന് പ്രവര്‍ത്തനം മരവിപ്പിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ നടത്തുന്ന കേസില്‍ കക്ഷി ചേരാന്‍ കേരള വഖഫ് ബോര്‍ഡ് അപേക്ഷ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കേയാണ് കേസില്‍ കക്ഷി ചേര്‍ന്നത്.

◾  ബസ് ഡ്രൈവര്‍മാര്‍ റോഡിലെ തമ്പുരാക്കന്മാരല്ലെന്നു കോടതി. അപകടരമായി വാഹനമോടിച്ച് മറ്റുള്ളവരെ കൊല്ലാനുള്ള അവകാശം വലിയ വാഹനം ഓടിക്കുന്നവര്‍ക്കും ഇല്ല. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ബസ് ജീവനക്കാര്‍ക്കു പോലീസ് വേരിഫിക്കേഷനും നിയമലംഘനം അറിയിക്കാന്‍ വാട്സ്ആപ് നമ്പര്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയോയെന്നും കോടതി ചോദിച്ചു.

◾  റിപ്പോര്‍ട്ടര്‍ കമ്പനിയുടെ അക്കൗണ്ടില്‍ വന്ന 213 കോടി രൂപ വായ്പയാണെന്ന വാദം നിലനില്‍ക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം. ചിട്ടി സ്ഥാപനം 137.15 കോടി നല്‍കി. ഇതില്‍ റിപ്പോര്‍ട്ടര്‍ കമ്പനിയുടെ ബോര്‍ഡ് പാസാക്കിയതായി കാണിച്ചത് 100 കോടിയുടെ ഇടപാട് മാത്രമാണെന്നും ബാക്കി 37.15 കോടി വന്നത് എങ്ങനെ എന്ന് വ്യക്തതയില്ല.

◾  അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരേ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

◾  സംസ്ഥാനത്തെ സ്ലീപ്പര്‍, ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചതോടെ കേരളത്തില്‍ ടൂറിസ്റ്റു ബസുകളുടെ രജിസ്ട്രേഷനില്‍ വര്‍ധന. ഒന്നര മാസത്തിനിടെ 59 ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 193 ബസുകളില്‍ പകുതിയിലേറേയും ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. സീറ്റൊന്നിന് മൂന്നു മാസത്തേക്ക് മൂവായിരം രൂപയായിരുന്ന നികുതി 1,500 രൂപയായാണു കുറച്ചത്. 40 സീറ്റുള്ള ബസ് മൂന്നു മാസത്തേക്ക് 1,20,000 രൂപയ്ക്കു പകരം 60,000 രൂപ അടച്ചാല്‍ മതിയാകും.

◾  ബിജെപി - ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിറകേ ഭരണം നഷ്ടമായ എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കും. ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോന്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

◾  വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവ് അബ്ദുള്ള ബാസില്‍ നല്‍കിയ പരാതിയില്‍ ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സമുദായിക സ്പര്‍ദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസിന്റെതാണ് നടപടി.

◾  പാലക്കാട് നഗരത്തില്‍ ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതന്‍ പ്രദേശത്തെ ട്രാന്‍സ്ഫോമറിന്റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

◾  ഇടുക്കിയില്‍ സത്രം എന്ന സ്ഥലത്ത് അനുവദിച്ച എന്‍സിസിയുടെ എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണ. എയര്‍ സ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കര്‍ ഭൂമി, സത്രത്തില്‍ വിട്ടു നല്‍കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. വനം വകുപ്പിന്റെ എതിര്‍പ്പ് മൂലം, മൂന്ന് വര്‍ഷത്തിലധികമായി പണികള്‍ മുടങ്ങി കിടക്കുകയായിരുന്നു.

◾  കരീലക്കുളങ്ങര രാമപുരത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് രാമപുരം ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. പത്തിയൂര്‍ പടിഞ്ഞാറ് കോട്ടൂര്‍ തെക്കതില്‍ സജി-സുധാമണി ദമ്പതികളുടെ മകന്‍ ആദിത്യന്‍ (16) ആണ് മരിച്ചത്.



◾  ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ 5,79,860 രൂപയും പലിശയും നല്‍കണമെന്ന് പൊന്നാനി മുന്‍സിഫ് കോടതി ഉത്തരവിട്ടു. തുക ആവശ്യമെങ്കില്‍ സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന കെ സന്തോഷിന്റെ സ്വത്ത് വകകളില്‍ നിന്ന് ഈടാക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

◾  ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ചില ട്രെയിനുകള്‍ വഴി മാറിയോടും. 24നു പുറപ്പെടുന്ന ടാറ്റാ നഗര്‍  എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ മംഗളൂരു സെന്‍ട്രല്‍  തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും. എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്നു സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

◾  വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ബാരത്ത് വനത്തോടു ചേര്‍ന്ന് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് മൂന്നര വയസ്സുള്ള പുള്ളിപ്പുലി കുടുങ്ങിയത്. രണ്ടു തേയിലത്തോട്ടം തൊഴിലാളികളെ കഴിഞ്ഞ മാസം കടുവ കൊലപ്പെടുത്തിയിരുന്നു.

◾  ചിറയിന്‍കീഴില്‍ സിപിഎം ശാര്‍ക്കര ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

◾  ഡല്‍ഹിയില്‍ നാളേയും ഞായറാഴ്ചയുമായി നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്  മൂന്നരയ്ക്ക്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, ഇന്ധന ഇറക്കുമതി, ആണവോര്‍ജ രംഗത്തെ സഹകരണം എന്നിവ രണ്ട് നേതാക്കളും ചര്‍ച്ച ചെയ്യും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ മോദി വൈകിട്ട് ആറരയ്ക്കു കാണും.


◾  ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ രൂപീകരിച്ച അഞ്ചംഗ ഉന്നതതല സമിതി പുനഃസംഘടിപ്പിക്കില്ലെന്ന് സുപ്രീം കോടതി. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതി പ്രവര്‍ത്തിക്കുന്നത്. സമിതി പക്ഷപാതപരമായി പ്രവര്‍ത്തിക്കുമെന്ന മുന്‍വിധിയോടെ മുന്‍പോട്ടു പോകാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

◾  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജൂലൈ മാസത്തില്‍ നടത്തിയ ജോയിന്റ് സിഎസ്ഐആര്‍- യുജിസി നെറ്റ് പരീക്ഷയുടെ അന്തിമ ഫലവും റാങ്കുകളും പ്രസിദ്ധീകരിച്ചു. 1,50,057 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിരുന്നു.

◾  ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞ രണ്ട് അല്ലെങ്കില്‍ മൂന്ന് ബ്രിക്സ് ഉച്ചകോടികള്‍ കൊണ്ട് ഇന്ത്യക്ക് എന്തെങ്കിലും പ്രത്യക്ഷമായ ലാഭമുണ്ടായോ എന്ന് സംശയമാണെന്നായിരുന്നു പി ചിദംബരത്തിന്റെ വിമര്‍ശനം. അതേസമയം ബ്രിക്സ് ഉച്ചകോടി ഇന്ത്യക്ക് വലിയ നയതന്ത്ര നേട്ടമെന്ന് ശശി തരൂര്‍ എംപി. ബ്രിക്സ് കൂട്ടായ്മ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

◾  വൈദ്യുതി പ്രതിസന്ധിമൂലം തമിഴ്നാട്ടിലും പ്രതിഷേധം. ടിവികെ നേതാവും മന്ത്രിയുമായി കെ ജഗദീശ്വരിക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം. വിരുദുനഗര്‍ രാജപാളയത്ത് എത്തിയപ്പോഴാണ് വൈദ്യുതി മുടക്കം പതിവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടത്. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

◾  മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം 8 പേര്‍ മരിച്ചു. ഛത്തീസ്ഗഡില്‍ നിന്ന് റായ്പൂര്‍ വഴി നാഗ്പൂരിലേക്ക് പോയിരുന്ന വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും  പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.



◾  ഒഡീഷയിലെ ബാലാസോറില്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ കുരങ്ങുകളുടെ കുട്ടത്തിലുള്ള ഏഷ്യന്‍ ജെനുസ്സില്‍ പെട്ട ഒറാങ് ഊട്ടാനുകളെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അഞ്ച് ഒറാങ് ഊട്ടാന്‍ കുഞ്ഞുങ്ങളെ കൊല്‍ക്കത്തയിലെത്തിച്ച് ഒഡീഷയിലേക്ക് കടത്തിയതാണെന്നാണ് സംശയം.

◾  ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാര്‍ക്കായി പുതിയ ആപ്പ് പുറത്തിറക്കി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി). 'നമ്മ ബിഎംടിസി മൊബൈല്‍ ആപ്പ് 2.0' എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്.

◾  ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് സര്‍വീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് ട്രെയിന്‍ മംഗളൂരു ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.

◾  പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂല്‍ വിമതരുടെ പാര്‍ട്ടിയായ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.

◾  നെഞ്ചിലും വയറ്റിലുമേറ്റ മര്‍ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണു മണിപ്പൂരി സംഗീതജ്ഞന്‍ ചോങ്താം വിക്രം സിങ്ങിന്റെ മരണത്തിനു കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  യുഎഇയുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചതായി അറിയിച്ച് അള്‍ജീരിയ. വെള്ളിയാഴ്ച മുതല്‍ യുഎഇ രജിസ്‌ട്രേഷനിലുള്ള സൈനിക, സിവിലിയന്‍ വിമാനങ്ങള്‍ക്ക് അള്‍ജീരിയന്‍ വ്യോമപാതയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

◾  അമേരിക്കയില്‍ എച്ച്-വണ്‍ ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, താത്കാലിക തൊഴില്‍ വിസയിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും.

◾  ഇന്ത്യന്‍ അത്ലറ്റിക്‌സ് സീരീസ് ഫൈനലില്‍ വനിതകളുടെ 100 മീറ്ററില്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി മഹാരാഷ്ട്രയില്‍ നിന്നുള്ള 23കാരി ഹരിത ഭദ്ര. 11.22 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. വനിതകളുടെ ലോങ് ജമ്പില്‍ 6.76 മീറ്റര്‍ ചാടി തൃശൂര്‍ ജില്ലക്കാരിയായ ആന്‍സി സോജന്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 16.43 മീറ്റര്‍ ദൂരത്തോടെ കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ സ്വര്‍ണം കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ സ്വര്‍ണം നേടി. വനിതാ ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക് ദേശീയ റെക്കോര്‍ഡ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസ് ഫൈനലിലാണ് ഉത്തര്‍പ്രദേശ് താരം 68.35 മീറ്റര്‍ എറിഞ്ഞ് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

◾  ഇന്ത്യയുടെ അന്നു റാണിക്ക് ജാവലിന്‍ ത്രോയില്‍ ഏഷ്യാഡ് യോഗ്യത നേടാനായില്ല. 57.50 മീറ്റര്‍ എറിഞ്ഞാണ് അന്നു റാണി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫൈനല്‍ സീരീസില്‍ ജേതാവായത്. എന്നാല്‍, ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടാന്‍ 57.62 മീറ്റര്‍ ദൂരം കണ്ടെത്തണം. 12 സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് ഏഷ്യാഡ് യോഗ്യത നഷ്ടമായത്.

◾  യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിന്റെ നാളെ നടക്കുന്ന ഫൈനലില്‍ കരുത്തരുടെ പോരാട്ടം. ഒന്നാം സീഡ് ആര്യാന സബലേങ്കയും രണ്ടാം സീഡ് എലെന റൈബാക്കിനയും വനിതകളുടെ കിരീടത്തിനായി ഏറ്റുമുട്ടും. അമേരിക്കന്‍ താരം കോകോ ഗൗഫിനെ പരാജയപ്പെടുത്തിയാണ് റൈബാക്കിന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. അമേരിക്കന്‍ താരം ജെസിക്ക പെഗുലയെയാണ് സബലേങ്ക കീഴടക്കിയത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് സബലേങ്കയുടെ ലക്ഷ്യം.

◾  യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍് വമ്പന്‍ ജയങ്ങളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയേണ്‍ മ്യൂണിക്കും. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അസര്‍ബൈജാന്‍ ക്ലബ്ബായ സബാ എഫ്കെയെ തകര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവ് ഗംഭീരമാക്കി. മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നോര്‍വീജിയന്‍ ക്ലബ് ബോഡോ ഗ്ലിംറ്റിനെ  തകര്‍ത്തെറിഞ്ഞു.

◾  യോഗ്യമായ യു.പി.ഐ ഇടപാടുകള്‍ക്ക് മൂല്യത്തിന്റെ ഏകദേശം 0.40 ശതമാനം അഥവാ 40 ബേസിസ് പോയിന്റ് ഫീസ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താന്‍ ഏതാണ്ട് ധാരണയായി. ഈ തുക ബാങ്കുകള്‍, തേര്‍ഡ് പാര്‍ട്ടി ആപ്പ് ദാതാക്കള്‍, മറ്റ് യു.പി.ഐ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ പങ്കിടും. വിവരമനുസരിച്ച്, മൊത്തം ഫീസിന്റെ ഏറ്റവും വലിയ വിഹിതം ഏകദേശം 40 ശതമാനം ബാങ്കുകള്‍ക്കായിരിക്കും. ഫീസ് ബാധകമായ ഓരോ യു.പി.ഐ ഇടപാടിനും വ്യാപാരി ഏകദേശം 40 ബേസിസ് പോയിന്റ് നല്‍കേണ്ടിവരും. ഇടപാട് സാധ്യമാക്കുന്ന പ്രധാന പങ്കാളികള്‍ക്കിടയില്‍ ഈ തുക വീതിക്കും. വലിയ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന 2,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ഫീസ് ഈടാക്കുന്ന രീതിയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. 2026 ജൂലൈയില്‍ മാത്രം 2,366 കോടി ഇടപാടുകളാണ് യു.പി.ഐ വഴി നടന്നത്. ഇവയുടെ ആകെ മൂല്യം 29.9 ലക്ഷം കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ 11 രാജ്യങ്ങളിലും നിലവില്‍ യു.പി.ഐ സേവനം ഉപയോഗിക്കുന്നുണ്ട്.

◾  വാട്സ്ആപ്പ് പഴയ ചില ആന്‍ഡ്രോയിഡ് ഫോണുകളിലെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ആന്‍ഡ്രോയിഡ് 5.0, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. പുതിയ സുരക്ഷാ സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി, വാട്സ്ആപ്പ് പ്രവര്‍ത്തിക്കാനുള്ള ഏറ്റവും കുറഞ്ഞ ആന്‍ഡ്രോയിഡ് പതിപ്പ് ആന്‍ഡ്രോയിഡ് 6.0 ആയി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ വാട്സ്ആപ്പ് മെസഞ്ചറിനും വാട്സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്. ഫോണില്‍ വാട്സ്ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കാനായി  ഫോണിലെ സെറ്റിംഗ്സ് തുറക്കുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് എബൗട്ട് ഫോണ്‍ അല്ലെങ്കില്‍ എബൗട്ട് ഡിവൈസ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ പരിശോധിക്കുക. ആപ്പിള്‍ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല.

◾  ഇന്ത്യയിലൊട്ടാകെ വന്‍തരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമായ 'ദൃശ്യം: ദി കണ്‍ക്ലൂഷന്‍' തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം ആഗോളറിലീസ്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം 'ദൃശ്യം 2'-ന്റെ തുടര്‍ച്ചയാണെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്. ഐക്കണിക് കഥാപാത്രമായ വിജയ് സാല്‍ഗോങ്കറായി അജയ് ദേവ്ഗണ്‍ മടങ്ങിയെത്തുന്നു. എന്നാല്‍ ഇത്തവണ, സത്യം എന്നെന്നേക്കുമായി പുറത്തുകൊണ്ടുവരാന്‍ ഉറച്ചുനില്‍ക്കുന്ന ഭീഷണിയായ പുതിയ ശക്തിയായി എസ്.പി ക്രൈംബ്രാഞ്ച് രാജ്വീര്‍ സിംഗ് തോമറായി ജയ്ദീപ് അഹ്ലാവത് എത്തുകയാണ്. പ്രകാശ് രാജ്, തബു, ശ്രിയ ശരണ്‍, രജത് കപൂര്‍, കമലേഷ് സാവന്ത്, ഇഷിത ദത്ത്, മൃണാല്‍ യാദവ് ഇവരുടെ കഥാപാത്രങ്ങളും പുതിയ വെല്ലുവിളികളെ നേരിടുകയാണ്.

◾  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ആര'ത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'പേമാരിക്കലിയാറി തീയെല്ലാം തണലായി' എന്ന ഗാനമാണ് പുറത്തിറക്കിയത്. 'ആരം' ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മിച്ച്, രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആരം'. രചന വിഷ്ണു രാമചന്ദ്രനാണ്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു, ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലതാദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾  ബ്രോ സുപ്പീരിയറുമായി സഹകരിച്ച് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നു. എഎംബി 002 റോഡ്സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് വരുന്നത്. ആദ്യ ഡെലിവറികള്‍ അടുത്ത വര്‍ഷം മൂന്നാം പാദത്തില്‍ ആരംഭിക്കാനാണ് പദ്ധതി. ലോകമാകെ 300 എണ്ണമാണ് ലഭ്യമാക്കുക. മുന്‍പത്തെ എഎംബി 001, എഎംബി 001 പ്രോ എന്നിവ ട്രാക്കില്‍ മാത്രം ഉപയോഗിക്കുന്ന റേസിങ് മോഡലുകളാണ്. ഇതിന്റെ മെക്കാനിക്കല്‍ പാക്കേജ്, റൈഡിങ് പൊസിഷന്‍, ഷാസി എന്നിവയെല്ലാം റോഡ് ഉപയോഗത്തിന് മാത്രമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. പുതിയ 1,083 സിസി ലിക്വിഡ് കൂള്‍ഡ് 88 ഡിഗ്രി വി ട്വിന്‍ എന്‍ജിന്‍ 130 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ബൈക്കിന്റെ ഭാരം വെറും 190 കിലോഗ്രാം മാത്രമാണ്. ഫിയോര്‍- ടൈപ്പ് ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷനാണ് ഉപയോഗിക്കുന്നത്.

◾  കേരളത്തിന്റെ ടൂറിസം ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം രേഖപ്പെടുത്തുന്ന ഗ്രന്ഥം. ആലപ്പുഴയെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റിയ ഹൗസ്ബോട്ട് വിപ്ലവത്തിന്റെ ഉദ്ഭവം, വളര്‍ച്ച, അതിനുപിന്നിലെ ദര്‍ശനവും നിരന്തര പരിശ്രമങ്ങളും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ടൂറിസം മേഖലയിലെ മാറ്റങ്ങളെ വെറും ചരിത്രവിവരങ്ങളായി മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിലും ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു. 'കിഴക്കിന്റെ വെനീസ്' എന്ന വിശേഷണം ആലപ്പുഴയ്ക്ക് നിലനിര്‍ത്തുന്നതില്‍ ഹൗസ്ബോട്ട് ടൂറിസം വഹിച്ച പങ്കും, അതിന്റെ രൂപീകരണത്തിനും ആഗോളസ്വീകാര്യതയ്ക്കും പിന്നിലെ അനുഭവങ്ങളും വായനക്കാരനെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. 'വീണ്ടും വെനീസ് കിഴക്കുദിച്ചു'. ടി.ജി രഘു. മാതൃഭൂമി. വില 170 രൂപ.

◾  പോഷകഗുണങ്ങള്‍ ഏറെയുള്ള നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാവര്‍ക്കും നെല്ലിക്ക നല്ലതല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും. നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. ഇത് സ്ഥിതി വഷളാക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെന്‍ഷന്‍ ഉള്ളവരില്‍ ഇത് ദോഷം ചെയ്യും. ഗര്‍ഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.75, പൗണ്ട് - 129.38, യൂറോ - 111.09, സ്വിസ് ഫ്രാങ്ക് - 117.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.62, ബഹറിന്‍ ദിനാര്‍ - 253.70, കുവൈത്ത് ദിനാര്‍ -310.44, ഒമാനി റിയാല്‍ - 249.10, സൗദി റിയാല്‍ - 25.53, യു.എ.ഇ ദിര്‍ഹം - 26.06, ഖത്തര്‍ റിയാല്‍ - 26.27, കനേഡിയന്‍ ഡോളര്‍ - 69.19.
Previous Post Next Post
3/TECH/col-right