എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പ്രദേശത്ത് വാച്ച് മോഷ്ടിച്ചു എന്നാരോപിച്ച് 12 കാരനെ പിതൃ സഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ വീട് യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ ഗ്ലോബൽ ഫിനാൻസ് ഡയറക്ടർ സാദിക്ക് ബേപ്പൂരും, ജില്ലാ പ്രവർത്തകനായ നിസാർ നാലകത്തും ചേർന്ന് സന്ദർശിച്ചു.
കുട്ടിയുടെ സഹോദരനോടും, പിതാവിനോടും സംഭവത്തെ കുറിച്ചും, നിലവിലെ സാഹചര്യത്തെ കുറിച്ചും ചോദിച്ച് മനസ്സിലാക്കുകയും കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തു.
അതേ സമയം മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതായി വിവരം. ഇക്കാര്യം തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കേസ് പിൻവലിച്ചാൽ പണവും, സമ്മാനങ്ങളും, കുട്ടി ചോദിക്കുന്ന എന്തും നല്‍കാമെന്ന് പ്രതികളുടെ ബന്ധു പരാതിക്കാരനായ ഏഴാം ക്ലാസുകാരന്റെ പിതാവിനോട് പറയുന്നത് ശബ്ദ സന്ദേശം ആണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം.ഇക്കഴിഞ്ഞ ആറാം തീയതിയാണ് പിതാവിന്‍റെ ബന്ധുക്കള്‍ കുട്ടിയെ കെട്ടിയിച്ച് ക്രൂരമായി മര്‍ദിച്ചത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. എന്നാൽ മോഷണം പോയെന്ന് പറയപ്പെട്ട വാച്ച് ഇവർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടതോടെയാണ് കൊടുവള്ളി പോലീസ് കേസെടുക്കാന്‍ തയാറായത്. മർദനമേറ്റ കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍, ഭാര്യ, മകൻ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതേതുടര്‍ന്നാണ് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള നീക്കവുമായി പ്രതികളുമായി അടുത്ത ബന്ധമുള്ളവര്‍ കുട്ടിയുടെ പിതാവിനെ ബന്ധപ്പെടുന്നത്.
കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇവർ നിലവിൽ കേരളം വിട്ടതായാണ് വിവരം. മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പുകൊണ്ട് കുത്തിയും മർദിച്ചും പരിക്കേൽപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കാൽവിരലുകളിലെ നഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റുകയും കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും ചെയ്തതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പച്ചമുളക് അരച്ച് ശരീരത്തിൽ പുരട്ടിയെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
പ്രതികൾ കൈകാലുകൾ കെട്ടിയിട്ടാണ് കുട്ടിയെ മർദിച്ചത്. എന്നാൽ പിന്നീട് സ്വയം അഴിച്ചുമാറ്റി കുട്ടി രക്ഷപെടുകയായിരുന്നുവെന്നാണ് വിവരം. രാത്രി 11 മണിയോടെ വീട്ടിലെ ടെറസിൽനിന്ന് പുറത്തുകടന്ന കുട്ടിയെ, വഴിയിൽ കണ്ട യാത്രക്കാരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.