Trending

പടനിലം പാലം നിർമ്മാണം വേഗത്തിലാക്കാൻ ശക്തമായ ഇടപെടൽ; കരാറുകാരുമായി തുടർയോഗം: പി.കെ. ഫിറോസ് എം.എൽ.എ

കൊടുവള്ളി: കൊടുവള്ളി–കുന്നമംഗലം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതപാതയായ പടനിലം പാലത്തിന്റെ നിർമ്മാണവും അനുബന്ധ അപ്രോച്ച് റോഡ് പ്രവൃത്തികളും വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കിയതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. 

പാലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തിയ എം.എൽ.എ, ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. പാലത്തിന്റെ പ്രധാന നിർമ്മാണ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്. നിലവിൽ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡ്, റീടെയ്‌നിംഗ് വാൾ, ഡ്രെയിനേജ് തുടങ്ങിയ അനുബന്ധ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് 26-05-2026ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലസന്ദർശനം നടത്തിയിരുന്നു. തുടർന്ന് 05-06-2026ന് കോഴിക്കോട് പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ അവലോകന യോഗവും, 11-08-2026ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നു. മന്ത്രിതല യോഗത്തിലെ തീരുമാനത്തിന്റെ തുടർനടപടിയായി 14-08-2026ന് കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു.

കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി 11-09-2026ന് കോഴിക്കോട് യു.എൽ.സി.സി.എസ് ചെയർമാനുമായി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പാലത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.

നിർമ്മാണം അനാവശ്യമായി വൈകുന്നത് അനുവദിക്കാനാകില്ലെന്നും കരാർ വ്യവസ്ഥകൾ പ്രകാരം സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാർ തയ്യാറാകണമെന്നും എം.എൽ.എ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി വേഗത്തിലാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, വാർഡ് മെമ്പർ സക്കീന മുഹമ്മദ്, മെമ്പർമാരായ സാലിഹ ഇബ്രാഹിം, അസറുദ്ദീൻ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും എം.എൽ.എയ്ക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു
Previous Post Next Post
3/TECH/col-right