Trending

പ്രഭാത വാർത്തകൾ

2026  സെപ്റ്റംബര്‍ 10 | വ്യാഴം 
1202  ചിങ്ങം 25 | മകം
1448  റ: അവ്വൽ 28

◾  തനിക്കെതിരേ വേട്ടയാടല്‍ തുടങ്ങിയിട്ട് നാളുകളേറെയായെന്നും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികള്‍ ഉദ്ദേശിച്ച നിലയിലേക്ക് എത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്‍ഫോഴ്സ്മെന്റിനു തക്കതായ തെളിവൊന്നും കണ്ടെത്താനാകാത്തതിനാല്‍ രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

◾  സോളാര്‍ വൈദ്യുതി സംഭരിക്കാന്‍ സംവിധാനം ഇല്ലെന്നും ഒക്ടോബറില്‍ ഒരു സ്റ്റോറേജ് പ്രവര്‍ത്തനം തുടങ്ങുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി നിയന്ത്രണം ഫീഡര്‍ തലത്തില്‍ മുന്‍കൂട്ടി അറിയിക്കാന്‍ ഇന്നു മുതല്‍ സംവിധാനമുണ്ടാക്കും. കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

◾  കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാര്‍ട്ടിക്കു വഴങ്ങി രമ്യ ഹരിദാസ് എംഎല്‍എ. ചിറയിന്‍കീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന എംഎം ഹസ്സന്‍ സമിതിക്ക് മുന്നിലെത്തി രമ്യ മൊഴി നല്‍കി. താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരിയാണെന്ന് വിശദീകരിച്ചു. കെപിസിസി സസ്പെന്‍ഡു ചെയ്ത പാളയം പ്രദീപിനെ ഒഴിവാക്കിയാണ് രമ്യ മണ്ഡലത്തിലെത്തിയത്.

◾  ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ നാളെ ദേശവ്യാപകമായി പണിമുടക്കും. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് യൂണിയനുകള്‍ അറിയിച്ചു.

◾  പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ പരാതി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തള്ളി. പദ്ധതി നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് 'പ്രിയദര്‍ശിനി' എന്ന് കമ്മീഷന്‍ വ്യക്തമാക്കി.



◾  മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടനുസരിച്ചു കേസെടുത്താല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരള സര്‍ക്കാര്‍ ഇഡിയുടെ ഏജന്റാകരുതെന്നും ഇഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണ്.  കേസെടുത്താല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിബി പറഞ്ഞു.

◾  സംസ്ഥാനത്തെ 33,120 അങ്കണവാടികളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ 'പോഷണ്‍ മാഹ്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

◾  വൃദ്ധസദനങ്ങള്‍ ഇനി സ്നേഹാലയം എന്ന പേരില്‍ അറിയപ്പെടും. സര്‍ക്കാര്‍, സ്വകാര്യ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഉപയോഗിക്കരുതെന്നുമാണ് സാമൂഹിക നീതി വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്.

◾  ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് ഇടക്കാലത്തേക്കു സ്റ്റേ ചെയ്തു. കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ഒബ്സര്‍വേഷന്‍ ഹോമിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ പൊലീസിന് അനുമതി നല്‍കിയത്.

◾  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. 12 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾  കെഎസ്ആര്‍ടിസി ബസുകളുടെ ഡീസല്‍ മൈലേജ് മെച്ചപ്പെടുത്തുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി 'പ്രോജക്റ്റ് സൂര്യ' എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. ബസുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവയെ തരംതിരിച്ച് സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.

◾  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി, വയോജന ക്ഷേമ വകുപ്പ് സിഎംഡിയുമായി ചേര്‍ന്ന് വയോജനങ്ങളുടെ വിവരശേഖരണം നടത്തുന്നു. വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ സാഹചര്യങ്ങള്‍ വിലയിരുത്തി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം.

◾  കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സംഘം സെക്രട്ടറി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രീനക്കെതിരെ 10 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകളില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

◾  കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി 48ാം ദിവസമാണ് ഡോ. റാമിന് ജാമ്യം കിട്ടുന്നത്.

◾  കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആഗോള വിപണിയില്‍ മുന്‍ഗണന ലഭ്യമാക്കുന്നതിനായുള്ള 'കേരള ബ്രാന്‍ഡ്' പോര്‍ട്ടല്‍ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോര്‍ട്ടല്‍ വഴി ഉയര്‍ന്ന ഗുണനിലവാരവും തനിമയും പുലര്‍ത്തുന്ന തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് 'മെയ്ഡ് ഇന്‍ കേരള' എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും.

◾  കറന്റ് എപ്പോള്‍ വരുമെന്ന് ആരാഞ്ഞ് കെഎസ്ഇബി ഓഫീസിലേക്കു വിളിച്ചയാള്‍ക്ക് കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. മന്ത്രിയെ വിളിച്ചാലേ അറിയാന്‍ കഴിയൂവെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മന്ത്രി തന്നെയാണു വെളിപ്പെടുത്തിയത്.



◾  മെസ്സി വിവാദവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സത്യസന്ധമായി ഒന്നുമില്ലെന്ന് മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍. അര്‍ജന്റീന കളിക്കാന്‍ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്. കേരളത്തിലും അര്‍ജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി. തിരൂര്‍ തലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾  കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പത്നി പ്രിയ വര്‍ഗീസിന്റെ നിയമന കേസില്‍ സര്‍ക്കാര്‍ നിലപാടു മാറ്റിയതില്‍ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് രംഗത്തെത്തി. സര്‍വകലാശാല നയം മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ ആരോപണം.

◾  തിരുവനന്തപുരത്തു രാത്രി വൈദ്യുതിഭവനു മുന്നില്‍ മെഴുകുതിരി വിതരണംചെയ്ത് ഡിവൈഎഫ്ഐ പ്രതിഷേധം.  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഈ സമരം.

◾  കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

◾  എറണാകുളം എടയാറില്‍ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ ടെക്നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. തൃശ്ശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്.

◾  ദേശീയപാതയില്‍ കളര്‍കോട് ബൈപാസ് ജങ്ഷനില്‍ അമ്പലപ്പുഴ ഭാഗത്തേക്ക് 250 മീറ്റര്‍ ദൂരത്തില്‍ ഉയരപ്പാത നീട്ടണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന് കത്തു നല്‍കി.

◾  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയെ എതിര്‍ക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. പിണറായി വിജയനെ മൂക്കില്‍ വലിച്ച് കയറ്റുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, അദ്ദേഹത്തെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.


◾  പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ വിമര്‍ശിച്ചും സജി ചെറിയാന്‍. ആയുസ്സും ആരോഗ്യവും അനുവദിച്ച് നല്‍കിയാല്‍ പിണറായി വിജയന്‍ കേരളത്തെ വീണ്ടും നയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾  പിണറായി വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി വരുമെന്ന് ഉറപ്പായതോടെ, സമാന കേസുകളില്‍ പ്രതികളായ കമ്മ്യൂണിസ്റ്റുകളെ ഉള്‍പ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. ഈ ഗ്രൂപ്പിന്റെ അഡ്മിനാവാനാണ് പിണറായി ശ്രമിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പരിഹസിച്ചു.

◾  കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശി പൗരന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി. ഹദിയുള്ള ഖാന്‍ ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. മതിയായ രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

◾  മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലിയുടെ ആത്മഹത്യയില്‍ കൈക്കൂലി ആരോപണം നിഷേധിച്ച് അന്വേഷണ റിപ്പോര്‍ട്ട്. ഗതാഗത സെക്രട്ടറി ടി വി അനുപമയാണ് റിപ്പോര്‍ട്ട് കൈമാറിയത്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

◾  ജിന്ന് മന്ത്രിച്ച പഴത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ മലപ്പുറം തിരുനാവായയിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാര്‍ പൂട്ടിച്ചു. ഒരു ഏത്തപ്പഴത്തിന് വ്യാജ ചികിത്സാകേന്ദ്രം നടത്തിപ്പുകാരനായ അബു അലവി വാങ്ങിയിരുന്നത് 2500 രൂപവരെ. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് കേന്ദ്രം പൂട്ടിച്ചത്.  

◾  കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ സാങ്കേതിക വിദഗ്ധര്‍. പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയില്‍വേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


◾  നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി ഒക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

◾  എല്‍ഡിഎഫ് ഭരിക്കുന്ന വയനാട്ടിലെ പൂതാടി ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റ് ഇകെ ബാലകൃഷ്ണനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

◾  രാജ്യത്തെ പ്രധാന റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് അനുമതി. 2030 നകം പൂര്‍ത്തിയാകുന്ന പദ്ധതികള്‍ക്കായി 1021 കോടി രൂപ വകയിരുത്തി. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികള്‍ക്ക് 10,789 കോടി രൂപയും വകയിരുത്തി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അടുത്ത വര്‍ഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

◾  കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. കര്‍ണാടകയില്‍ മന്ത്രി സതീഷ് ജര്‍ക്കിഹോളി അടക്കം 13 നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് എക്സില്‍ പറഞ്ഞു.  

◾  തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിക്ക് 'മതേതര സാമൂഹികനീതി വിജയ  സഖ്യം' (സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്) എന്ന് പേരിട്ടു. ചെന്നൈ പനൈയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന സഖ്യകക്ഷി നേതാക്കളുടെ നിര്‍ണായക യോഗത്തിലാണ് തീരുമാനം. സഖ്യത്തിന്റെ പേരിലും 'വെട്രി' ഉണ്ട്. വിജയ് ആണ് സഖ്യത്തിന്റെ ചെയര്‍മാന്‍. ടിവികെയും കോണ്‍ഗ്രസും അടക്കം അഞ്ച് പാര്‍ട്ടികള്‍ സഖ്യത്തിലുണ്ട്.

◾  ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകര്‍ന്നുവീണ് പത്തോളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്.

◾  ബിജെപി 'സേവാ സങ്കല്‍പ് അഭിയാന്‍' എന്ന പേരില്‍ രാജ്യവ്യാപകമായി ഒരു മാസം നീളുന്ന പരിപാടി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ നടക്കുന്ന ഈ ക്യാമ്പയിനിലൂടെ മോദിയുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

◾  സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര പരീക്ഷാ ഗൈഡ് ഭശിവന്ത് സാര്‍' എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉള്‍പ്പെടുത്തിയത്. പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം ശക്തമായത്.

◾  ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ഡല്‍ഹി. അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് അത്താഴവിരുന്ന് നല്‍കും. നേതാക്കള്‍ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും.

◾  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞ് 27 ദിവസമായിട്ടും സഭ പിരിച്ചു വിട്ട് രാഷ്ട്രപതി വിഞ്ജാപനം ഇറക്കാത്ത നടപടിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് വിവാദ ബില്ലുകള്‍ പാസാക്കാനുള്ള നീക്കമാണു മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

◾  ചെങ്കോട്ട സ്ഫോടനക്കേസില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമര്‍ നബിയാണ് സ്ഫോടനത്തിന്റെ മുഖ്യ നടത്തിപ്പുകാരനെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കോടതിയില്‍ സമര്‍പ്പിച്ച 7500 പേജുള്ള കുറ്റപത്രത്തിലാണ് ഈ വിവരം. നിരോധിത ഭീകരസംഘടനയായ അന്‍സാര്‍ ഗസാവത്ത് അല്‍ ഹിന്ദിന്റെ വിവിധ കണ്ണികളെ പരസ്പരം കോര്‍ത്തിണക്കുന്നതില്‍ ഇയാള്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഖ്വയ്ദയുമായി ഈ സംഘടനയ്ക്കുള്ള ബന്ധവും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

◾  ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചുമരു പൊളിച്ചുനീക്കിയതിനാലാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെട്ടിടമുടമയും ഭാര്യയും മകനും റിമാന്‍ഡിലാണ്.

◾  ജാര്‍ഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ മൂന്ന് അഫ്ഗാന്‍ പൗരന്മാരും. എസ്ഐആര്‍ നടപടികള്‍ക്കിടെയാണ് ഇവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയത്.

◾  പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയര്‍ന്നു.

◾  ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്റെ പത്ത് ടാങ്കര്‍ കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. തങ്ങളുടെ യുദ്ധക്കപ്പലിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും യുഎസ് സൈന്യം അറിയിച്ചു.

◾  ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഒറ്റ വിസയില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ത്ഥ്യമാകും. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇത് പ്രയോജനപ്പെടും. പദ്ധതിയുടെ വിശദാംശങ്ങള്‍ ഔദ്യോഗിക ഏജന്‍സികള്‍ ഉടന്‍ പുറത്തുവിടുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ അറിയിച്ചു.

◾  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ചന്ദ്രന്‍ ഞങ്ങളുടേത്' എന്ന് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തതും കാനഡ, മെക്സിക്കോ, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി യുഎസിന്റെ പുതിയ ഭൂപടം പങ്കുവച്ചതും അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ട്രംപിന്റെ മുന്‍കാല പ്രസ്താവനകളും പേരുമാറ്റ നിര്‍ദേശങ്ങളും വിവാദങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

◾  നിര്‍ണായക സൈനിക നീക്കവുമായി ഇറാന്‍. തങ്ങളുടെ പ്രധാന തുറമുഖമായ ചാബഹാറില്‍ നിന്ന് ഒമാന്‍ ഉള്‍ക്കടലിലേക്കും അറേബ്യന്‍ കടലിലേക്കും വ്യാപിക്കുന്ന പുതിയ 'നിയന്ത്രിത സമുദ്ര മേഖല' സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേവി. ഹോര്‍മുസ് കടലിടുക്ക് എന്ന തങ്ങളുടെ പരമ്പരാഗത പ്രവര്‍ത്തന മേഖലയ്ക്ക് പുറത്തേക്ക് ഐആര്‍ജിസി സ്വാധീനം വ്യാപിപ്പിക്കാനാണു നീക്കം.

◾  അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ കടുത്ത നയതന്ത്ര പ്രതിസന്ധി നേരിടുകയാണെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതൊരു ഞാണിന്മേല്‍ കളിയാണെന്നാണ് പാക് മന്ത്രി പറഞ്ഞത്.

◾  പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഒരാഴ്ചയ്ക്കിടെ 52 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ നടന്ന 28 വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 52 പാക് സൈനികരെ വധിച്ചതെന്നാണ് ബിഎല്‍എയുടെ അവകാശവാദം.

◾  ബംഗ്ലാദേശിലെ ചട്ടഗ്രാമിലുള്ള ഹാഥസാരി ഫീല്‍ഡ് ഫയറിങ്‌റേഞ്ചില്‍ നടന്ന സൈനിക പരിശീലനത്തിനിടെ ചൈനീസ് നിര്‍മ്മിത ടൈപ്പ്-59 യുദ്ധ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

◾  ഏഷ്യന്‍ ഗെയിംസിന് വേദിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ആതിഥേയ നഗരമായ ജപ്പാനിലെ നഗോയയില്‍ കനത്ത പ്രളയം. മത്സരങ്ങള്‍ ആരംഭിക്കാന്‍ ഒമ്പതു ദിവസം മാത്രം ശേഷിക്കെ പെയ്ത റെക്കോര്‍ഡ് മഴയില്‍ നഗരത്തിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ ഇതിനകം എത്തിയ നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 400 കായികതാരങ്ങളെയും ഒഫീഷ്യലുകളെയും താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

◾  കെസിഎ പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി സഫയര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്. പേള്‍സിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ എമറാള്‍ഡ് റൂബീസിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചു. അന്‍സു സുനിലിന്റെയും സജന സജീവന്റെയും തകര്‍പ്പന്‍ പ്രകടനമാണ് പേള്‍സിനെതിരെ സഫയറിന് വിജയമൊരുക്കിയത്.

◾  ദുലീപ് ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണ്‍ വിജയത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്ത ഈസ്റ്റ് സോണിന് ഇപ്പോള്‍ 584 റണ്‍സിന്റെ കൂറ്റന്‍ ലീഡുണ്ട്. ആദ്യ ഇന്നിംഗ്സില്‍ 336 റണ്‍സിന് പുറത്തായ സൗത്ത് സോണ്‍ 372 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു.

◾  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ ഓഹരി പങ്കാളിത്തം വീണ്ടും ഉയര്‍ത്തി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിലെ ഓഹരി വിഹിതം 12.11 ശതമാനത്തില്‍ നിന്ന് 12.34 ശതമാനമായാണ് അദ്ദേഹം വര്‍ധിപ്പിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 5.79 കോടി സിയാല്‍ ഓഹരികളാണ് യൂസഫലിയുടെ പക്കലുണ്ടായിരുന്നത്. മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ഇത് 5.90 കോടിയായി ഉയര്‍ന്നു. അതായത് 11 ലക്ഷം ഓഹരികളുടെ വര്‍ധന. കമ്പനിയുടെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റല്‍ 47.82 കോടി ഓഹരികളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിലുള്ള ഏതെങ്കിലും ഓഹരി ഉടമകളില്‍ നിന്നാണ് യൂസഫലി ഇവ വാങ്ങിയതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഓഹരികള്‍ വിറ്റത് ആരാണെന്ന വിവരങ്ങളില്ല. നിലവില്‍ കേരള സര്‍ക്കാര്‍ (33.38%), എം.എ. യൂസഫലി (12.34%), എന്‍.വി. ജോര്‍ജ് (5.92%) എന്നിവരാണ് സിയാലിലെ ഏറ്റവും വലിയ മൂന്ന് ഓഹരി ഉടമകള്‍.

◾  ഫോണ്‍ പെട്ടെന്ന് ഹാങ് ആകുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വിദഗ്ധര്‍. സോഷ്യല്‍മീഡിയ പരസ്യത്തിലോ പരിചയമില്ലാത്ത ലിങ്കിലോ ക്ലിക്ക് ചെയ്ത ശേഷം ഫോണ്‍ പെട്ടെന്ന് ഹാങ് ആവുന്നത് ഒരു സാധാരണ സാങ്കേതിക തകരാര്‍ ആണെന്ന് തോന്നാം. ഫോണിന്റെ സ്‌ക്രീന്‍ ഫ്രീസ് ആകുന്നത് യഥാര്‍ഥ പ്രശ്‌നമല്ല. മറിച്ച് ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പുകാരുടെ തന്ത്രമാണ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പല തരത്തിലുള്ള അനുമതികള്‍ നല്‍കാന്‍ അത് ആവശ്യപ്പെട്ടേക്കാം. ഇത്തരം അനുമതികള്‍ അനുവദിച്ചാല്‍ ഫോണിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിച്ചേക്കാം. പെട്ടെന്ന് ഹാങ് ആയാല്‍ മൊബൈല്‍ ഡാറ്റയും വൈ ഫൈയും ഓഫ് ചെയ്യുക. ബാങ്കിങ് വിവരങ്ങളോ യുപിഐ പിന്നോ ടൈപ്പ് ചെയ്യാതിരിക്കുക. സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്ന് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക. സാമ്പത്തിക തട്ടിപ്പുകള്‍ ഉടനടി 1930 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുക.

◾  വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'രണബാലി'യുടെ പവര്‍പാക്ക് ടീസര്‍ റിലീസ് ചെയ്തു. ബ്രീട്ടീഷുകാരുടെ അധിനിവേശത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തിയ നായകന്‍ രണബാലി എന്ന കഥാപാത്രത്തെയാണ് വിജയ് ദേവരക്കൊണ്ട അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. രാഹുല്‍ സങ്കൃത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 16 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രം ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.

◾  ബോക്‌സ് ഓഫീസിലെ സമാനതകളില്ലാത്ത കുതിപ്പ് തുടര്‍ന്ന് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'.  ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 270 കോടിയാണ്. ഇതോടെ പിന്നിലാക്കിയത് മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയാണ്. 268 കോടിയായിരുന്നു എമ്പുരാന്‍ നേടിയത്. എമ്പുരാന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ബെത്‌ലഹേമിന് വേണ്ടി വന്നത് വെറും 18 ദിവസം മാത്രമാണ്. ഇതോടെ ബെത്‌ലഹേമിന് മുന്നിലുള്ള ഏക ചിത്രം ലോകയാണ്. ലോകയുടെ കളക്ഷന്‍ 304 കോടിയാണ്. അതേസമയം കേരള ബോക്‌സ് ഓഫീസിലും ബെത്‌ലേഹം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കി കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.

◾  സുസുക്കി തങ്ങളുടെ ജിക്‌സര്‍ നിര പുതുക്കി വിപണിയിലിറക്കി. എന്‍ജിനിലോ മറ്റ് സാങ്കേതിക സൗകര്യങ്ങളിലോ മാറ്റങ്ങളില്ലാതെ പൂര്‍ണമായും വിഷ്വല്‍ അപ്‌ഡേറ്റുകളോടെയാണ് പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തിയത്. ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്, ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250, ജിക്‌സര്‍ എസ്എഫ് 250 ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡലുകളിലാണ് കമ്പനി മാറ്റങ്ങള്‍ വരുത്തിയത്. പുതിയ കളര്‍ കോമ്പിനേഷനുകള്‍ ഇവയ്ക്ക് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 155 സിസി എന്‍ജിന്‍ 13 ബിഎച്ച്പി കരുത്തും 13.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 250 സിസി എന്‍ജിന്‍ 26 ബിഎച്ച്പി കരുത്തും 22.2 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ജിക്‌സറിന് 1,37,221 രൂപയാണ് എക്‌സ് ഷോറൂം വില. ജിക്‌സര്‍ എസ്എഫ് 1,40,729 രൂപ, ജിക്‌സര്‍ 250 1,84,517, ജിക്‌സര്‍ എസ്എഫ് 250 1,92,768 രൂപ, ജിക്‌സര്‍ എസ്എഫ് 250 ഫ്‌ലെക്‌സ് ഫ്യുവല്‍ 1,98,476 രൂപ എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ എക്‌സ് ഷോറൂം വില.

◾  ഈ നോവലിന്റെ  വ്യത്യസ്തമായ അന്തരീക്ഷവും നൂതനമായ ശൈലിയും നല്ല വായനക്കാരെ തീര്‍ച്ചയായും ആകര്‍ഷിക്കും. സ്പാര്‍ട്ടക്കസിനെ കേന്ദ്രീകരിച്ചുള്ള ഈ കൃതി ചില പുതിയ അറിവുകള്‍ തരുന്നു. സ്പാര്‍ട്ടക്കസും പിതാവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ഗന്ധകത്തിന്റെ മഴയായും തീനാളങ്ങളുടെ ഉടുപുടവയായും ചുറ്റിവരിയുന്ന പിതൃപാശംബലികൊടുക്കപ്പെടുന്ന നേര്‍ച്ചമൃഗത്തിന്റെ തീക്ഷ്ണനിറങ്ങളില്‍ മനസ്സില്‍ എരിയുന്ന പ്രതീതി. മലയാളനോവല്‍ഭാവുകത്വത്തെ പുതുക്കിപ്പണിയാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു നോവലിന്റെ കാല്‍നൂറ്റാണ്ടിനു ശേഷമുള്ള വീണ്ടെടുപ്പ്. 'ഗ്രീഷ്മപാഠങ്ങള്‍'. സേനന്‍. മാതൃഭൂമി. വില 272 രൂപ.

◾  ചൂര മീന്‍ കഴിക്കുന്നവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്ന് പിടിച്ച സ്‌കിപ്ജാക് ട്യൂണകളില്‍ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷന്‍ ആന്റ് കോസ്റ്റല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളില്‍ നിന്ന് ശേഖരിച്ച 53 സ്‌കിപ്ജക് ചൂരകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്. പരിശോധിച്ച 10 അവയവങ്ങളില്‍ കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ കഴിക്കാന്‍ ഉപയോഗിക്കുന്ന മാംസഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഈ പാരസൈറ്റുകള്‍ മനുഷ്യരിലേക്ക് പകരാവുന്നവയാണ്. വയറുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ചിലരില്‍ അലര്‍ജി പ്രതികരണങ്ങളും ഉണ്ടാകാം. ചൂരമീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ വൃത്തിയാക്കുമ്പോള്‍ ആന്തരാവയവങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുകയും മാംസം നന്നായി പാകം ചെയ്യുകയും വേണം. മീന്‍ വാങ്ങുമ്പോള്‍ മാംസത്തിന്റെ നിറത്തിനോ ഘടനയ്ക്കോ മാറ്റങ്ങള്‍ കണ്ടാല്‍ അവ ഒഴിവാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടിലെ ഏക തയ്യല്‍ക്കാരനായിരുന്നു അയാള്‍.  അതുകൊണ്ട് തന്നെ ധാരാളം പണം സമ്പാദിച്ചിരുന്നു.  ഒരിക്കല്‍ നാട്ടുകാരിലൊരാള്‍ അയാളോട് ചോദിച്ചു: താങ്കള്‍ക്ക് ധാരാളം പണമില്ലേ, പാവപ്പെട്ടവരെ സഹായിച്ചുകൂടെ.  ആ ഇറച്ചിവെട്ടുകാരന് താങ്കളുടെ പകുതി വരുമാനമല്ലേ ഉളളൂ.. എന്നിട്ടും അയാള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇറച്ചി നല്‍കുന്നുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞു. എല്ലാം ദൈവത്തിനറിയാം. ആ മറുപടി നാട്ടുകാരന് ഇഷ്ടപ്പെട്ടില്ല.  അയാള്‍ തയ്യല്‍ക്കാരനെക്കുറിച്ച് അപവാദം പറഞ്ഞുപരത്തി. കാലം കടന്നുപോയി.  തയ്യല്‍ക്കാരന്‍ രോഗശയ്യയിലായി.  ആരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയതേയില്ല.  പിന്നീട് ഒരു ദിവസം അയാള്‍ മരിക്കുകയും ചെയ്തു.  അയാള്‍ മരിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇറച്ചിവില്‍പ്പനക്കാരന്‍ ഇറച്ചി സൗജന്യമായി നല്‍കുന്നത് നിര്‍ത്തി. കാര്യമന്വേഷിച്ച നാട്ടുകാരനോട് ഇറച്ചിവെട്ടുകാരന്‍ പറഞ്ഞു:  ഞാന്‍ സൗജന്യം നല്‍കിയിരുന്ന ഇറച്ചിയുടെ പണം നല്‍കിയിരുന്നത് തയ്യല്‍ക്കാരനായിരുന്നു.. നിശബ്ദമായി സത്കര്‍മ്മങ്ങളിലേര്‍പ്പെടുന്നവര്‍ ആരുടേയും അംഗീകാരമോ സാക്ഷ്യപത്രമോ പ്രതീക്ഷിക്കുന്നില്ല.  അവര്‍ക്കത് സ്വന്തം ജീവിതത്തിന്റെ നിയോഗമാണ്.  ആരും തിരിച്ചറിയാത്ത അനേകം നന്മകള്‍ പരസ്യങ്ങളും പടമെടുക്കലും ഇല്ലാതെയും നടക്കുന്നുണ്ട്.  ഒരാളും തിരിച്ചറിയാത്തതുകൊണ്ട് അവയെല്ലാം പാഴാകുന്നു എന്ന് അര്‍ത്ഥമില്ല.  ഒരാളെ മനസ്സിലാക്കേണ്ടത് അയാള്‍ പൊതുജനമധ്യത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കിയല്ല, ആരാലും ശ്രദ്ധിക്കപ്പെടാതെ അയാള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍കൂടി വിലയിരുത്തണം. - ശുഭദിനം
Previous Post Next Post
3/TECH/col-right