മടവൂർ:കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ശ്രേഷ്ഠ വിദ്യാലയത്തിനുള്ള പ്രഥമ പെർഫോമൻസ് അവാർഡിന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അർഹത നേടി. ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരവും,5 ലക്ഷം രൂപയും പ്രശസ്‌തി പത്രവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ സെപ്റ്റംബർ 5ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ നൽകും.
നൂതനവും തനതുമായ അക്കാദമിക പ്രവർത്തനങ്ങൾ,മികച്ച ഭൗതിക സാഹചര്യങ്ങൾ,അക്കാദമികാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനായി സ്കൂൾ നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങൾ, പി ടി എ , എം പി ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരുടെ മികച്ച പിന്തുണ ,പാഠ്യ പാഠ്യേതര വിഷയങ്ങളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൃത്യമായ ഇടപെടലുകൾ , കാര്യക്ഷമമായ സ്കൂൾ അഡ്മിനിസ്ട്രേഷൻ ഭരണ സംവിധാനങ്ങൾ,വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കിയ പ്രവർത്തനങ്ങൾ, സാമൂഹ്യ വിഷയങ്ങളിൽ സ്കൂളിന്റെ ഇടപെടലുകൾ,ലഹരി വിരുദ്ധ ക്യാമ്പയിനുകളും പ്രവർത്തങ്ങളും , ശുചിത്വപൂർണ്ണമായ ഹരിത വിദ്യാലയം , പൊതു പരീക്ഷകളിലെ കുട്ടികളുടെ മികച്ച പ്രകടനങ്ങൾ,കലാ കായിക മേഖലകളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ ലഭിച്ച നേട്ടങ്ങൾ തുടങ്ങിയവ നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് പ്രസ്തുത അവാർഡ്ന് അർഹരായത് .
ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗത്തിലായി നാലായിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ഡിജിറ്റൽ സംവിധാനത്തോടുകൂടിയ ലൈബ്രറി,എ ഐ ടീച്ചർ, അടൽ ടിങ്കറിങ് ലാബ്, അത്യാധുനിക കമ്പ്യൂട്ടർ, സയൻസ് ലാബുകൾ ,മികച്ച സ്‌കൂൾ സുരക്ഷാ സംവിധാനങ്ങൾ,എൻ സി സി, എസ് പി സി , എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി ,ഫോറസ്ട്രി ക്ലബ്ബ്, ലിറ്റിൽ കൈറ്റ് ,സൗഹൃദ ക്ലബ്ബ് ,കരിയർ ഗൈഡൻസ് ,ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ എന്നിവയും സ്കൂളിന്റെ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.
വിദ്യവനം അവാർഡ്, സ്നേഹാരാമത്തിനുള്ള സ്റ്റേറ്റ് അവാർഡ് എന്നിവയും ഈ വിദ്യാലയം നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്.