കൊടുവള്ളി: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. സുഹറയാണ് മാതാവ്. സഹോദരങ്ങൾ: കെ.പി ഷമീം, ഷംന, ഷഹാന.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. രണ്ട് കൂട്ടുകാരുമൊത്ത് മീൻ പിടിക്കുന്നതിനിടെ പാറയിൽ നിന്ന് വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. 50 മീറ്റർ അകലെ പുഴയിൽ വീണുകിടന്ന മരത്തടിക്ക് അടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുക്കം ഫയർഫോഴ്സും, വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും, പോലീസും ചേർന്ന് ഒന്നര മണിക്കൂർ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹിൻ. വിദ്യാർത്ഥിയുടെ ഭൗതികശരീരം ഇന്ന് (ശനിയാഴ്ച - ഓഗസ്റ്റ് 29) രാവിലെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. പ്രിയ സഹപാഠിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാവിലെ 11 മണിയോടെ സഹപാഠികളും, രക്ഷിതാക്കളും സ്കൂളിൽ എത്തിച്ചേരണമെന്നും സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.