Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 25 | ചൊവ്വ 
1202 | ചിങ്ങം 9 | ഉത്രാടം

◾  പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തില്‍ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനവുമായി അസിസ്റ്റന്റ് സെക്രട്ടറിയുടെ ലേഖനം. പിണറായി വിജയന്‍ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്നാണ് സത്യന്‍ മൊകേരിയുടെ വിമര്‍ശനം. പിണറായിയുടെ പ്രസ്താവനയും എല്ലാം ഞാനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. കമ്യൂണിസ്റ്റുകാര്‍ മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്.

◾  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

◾  പകല്‍ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താന്‍ അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് 2027 മുതല്‍ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്.


◾  വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണം ആഘോഷിക്കാന്‍ 2 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ് സര്‍ക്കാര്‍ പ്രത്യേക തുക അനുവദിച്ചത്

◾  കേരളത്തില്‍ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍. സതീശന്‍ സര്‍ക്കാര്‍ പിണറായി സര്‍ക്കാറിന്റെ കാര്‍ബണ്‍ കോപ്പിയാണ്. ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ എന്ന് പറയേണ്ടത് ഉത്തരവാദിത്വമുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു .

◾  കണ്ണൂര്‍ എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടര്‍ പി വിഷ്ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

◾  ബേപ്പൂരിലെ തോല്‍വിക്ക് കാരണം അന്‍വര്‍ സ്ഥാനാര്‍ഥി ആയതാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവര്‍ത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്. ജയിച്ചാല്‍ തനിക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോല്‍വിക്ക് പിന്നിലെന്ന അന്‍വറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീണ്‍ പറഞ്ഞു.

◾  പാലക്കാട് ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരാതിയുമായി രംഗത്തെത്തി. ജീവന്‍രക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് എം വി ഡി ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മോയന്‍സ് എല്‍പി സ്‌കൂളിന്റെ മൈതാനത്തു നടത്തിയ ഓണാഘോഷത്തിലാണ് ആംബുലന്‍സ് ഉപയോഗിച്ചത്.


◾  പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകനെ മാറ്റാന്‍ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര എന്നിവരില്‍ ഒരാളെ കേസില്‍ ഹാജരാക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

◾  വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും.

◾  ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം.കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

◾  രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 51കാരന്‍ അറസ്റ്റില്‍. ഇടപ്പള്ളി പോണേക്കര സ്വദേശി കൃഷ്ണന്‍ (51) ആണ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പില്‍ മീന്‍ കച്ചവടം നടത്തുന്ന യുവാവാണ് ആക്രമണത്തിനിരയായത്.

◾  ചേര്‍ത്തലയില്‍ വഴക്ക് പിടിച്ചുമാറ്റാന്‍ ശ്രമിച്ച ബ്രയിന്‍ ട്യൂമര്‍ രോഗിയായ രതീഷിന് ഒരു സംഘം യുവാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ദൃശ്യങ്ങള്‍ അടക്കം തെളിവുകളുണ്ടായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പോലീസിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തി.

◾  തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തില്‍ അടക്കം പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്ന് പറച്ചിലുമായി പി ജയരാജന്‍. പ്രത്യേക സാഹചര്യത്തില്‍ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടല്‍ എന്നതിന് അപ്പുറം വ്യക്തിപരമായ ഒരു പ്രാധാന്യം അതിനില്ലെന്നാണ് പി. ജയരാജന്റെ പരസ്യ പ്രതികരണം.

◾  ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികള്‍ അറസ്റ്റില്‍. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ഗുണ്ടാസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ഒമ്പത് പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

◾  സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 27 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഭക്ഷ്യവിഷബാധയെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. മറ്റ് കാരണങ്ങളും പരിശോധിക്കുന്നുവെന്നാണ് അധികൃതരുടെ പ്രതികരണം.

◾  ഗുജറാത്തിലെ വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. അന്വേഷണത്തില്‍ ഇവര്‍ക്ക് മുന്‍പും മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

◾  ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഏകീകൃത യൂണിഫോം നിര്‍ബന്ധമെന്നും കോടതി വ്യക്തമാക്കി.

◾  മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയില്‍. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാന്‍ നടപടി സ്വീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വെടിയേറ്റിരുന്നു.

◾  അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ നടക്കുന്ന സമ്മേളനത്തിലാണ് നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയത്.


◾  ദില്ലിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് 18 വിമാനങ്ങളാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റദ്ദാക്കിയത്.

◾  ദില്ലിയില്‍ സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടയുള്ള സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയില്‍ മാറ്റം വരുത്തുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സമിതിയിലെ ചിലര്‍ നിഷ്പക്ഷരല്ല എന്ന ഹര്‍ജിക്കാരുടെ നിലപാടിനോടാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

◾  അസമിലെ കാംരൂപ് ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതായിരുന്നു.

◾  ജോലി കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാര്‍ത്ഥി അമേരിക്കയില്‍ ജീവനൊടുക്കി. പ്രദീപ് 2024-ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ടെക്സസ് സര്‍വകലാശാലയിലെ മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപ് മരണപ്പെട്ട വിവര പുറത്തുവരുന്നത്.

◾  ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേര്‍പ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്യങ്ങള്‍ക്കുള്ള കര്‍ശന മുന്നറിയിപ്പ്. 'ഓപ്പറേഷന്‍ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ നടപടികള്‍ക്ക് അമേരിക്ക നല്‍കിയിരിക്കുന്ന പേര്.

◾  ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം എച്ച്-1ബി വിസ അപേക്ഷാ ഫീസ് ഏകദേശം 99 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ പുതിയ കരട് ചട്ടം പുറത്തിറക്കി. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും യുഎസ് കമ്പനികളെയും കാര്യമായി ബാധിക്കുന്ന ഈ നിര്‍ദ്ദേശം, നിയമപരമായ കുടിയേറ്റത്തെ തടസ്സപ്പെടുത്തുമെന്ന് ആശങ്കയുയര്‍ത്തുന്നു.

◾  ഇന്ധന ഇറക്കുമതി കുറച്ച് ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശില്‍ 2.73 ലക്ഷം കോടി രൂപയുടെ വന്‍ വാതക പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കല്‍ക്കരി ശേഖരം ഉപരിതലത്തിലേക്ക് ഖനനം ചെയ്‌തെടുക്കാതെ തന്നെ ഹൈഡ്രജന്‍, മെഥനോള്‍, അമോണിയ, പ്രകൃതിവാതകം എന്നിവ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. സാങ്കേതികമായി ഒട്ടേറെ വെല്ലുവിളികളുള്ള പദ്ധതിയുടെ ആദ്യഘട്ട വിജയം വിലയിരുത്തിയാകും തുടര്‍നടപടികള്‍. എല്‍.എന്‍.ജി., യൂറിയ, അമോണിയം നൈട്രേറ്റ്, മെഥനോള്‍ എന്നിവയുടെ ഇറക്കുമതിക്കായി കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.77 ലക്ഷം കോടി രൂപയാണ് രാജ്യം ചെലവഴിച്ചത്. ആവശ്യമായ എല്‍.എന്‍.ജി.യുടെ 50 ശതമാനവും യൂറിയയുടെ 20 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2030-ഓടെ 10 കോടി ടണ്‍ വാതക ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 8,500 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.

◾  പുസ്തകങ്ങള്‍ വന്‍തോതില്‍ വാങ്ങി നശിപ്പിക്കുന്ന വിഷയത്തില്‍ പ്രമുഖ നിര്‍മിതബുദ്ധി കമ്പനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.എസിലെ സംഘടനകള്‍. മെഷീന്‍ ലേണിംഗ് സിസ്റ്റങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി വന്‍തോതില്‍ പുസ്തകങ്ങള്‍ വാങ്ങുകയും സ്‌കാന്‍ ചെയ്യുകയും ഭൗതികമായി നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക് കോടിക്കണക്കിന് രൂപ മുടക്കി പുസ്തകങ്ങള്‍ വാങ്ങുകയും പേജുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി അവയുടെ കെട്ടഴിച്ചെടുക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്യുന്നതായി 'ദി വാഷിംഗ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍, ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് എന്നിവയും സമാനമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

◾  അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'മെല്‍കൗ പോണ്ടിച്ചേരി' ആദ്യ ടീസര്‍ പുറത്ത്. അര്‍ജുന്‍ അശോകന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസര്‍ പുറത്തുവിട്ടത്. അരുണ്‍ ഗോപിയും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിഖില്‍ മോഹന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സംഘം സുഹൃത്തുക്കള്‍ കേരളത്തില്‍ നിന്ന് പോണ്ടിച്ചേരിയില്‍ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയന്‍ ആണ്.

◾  സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ് എന്ന ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന്‍ എന്നിവരും പ്രദീപ് സി.എസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം 'ടൈറ്റന്‍സ്' സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ഒക്ടോബര്‍ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. ഒരു ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഈ പോസ്റ്റര്‍ നല്‍കുന്നുണ്ട്. ജെയിംസ് സെബാസ്റ്റ്യന്‍ ആണ് ചിത്രം രചിച്ചത്.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് അപ്ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 92,990 രൂപയും 1.15 ലക്ഷം രൂപയുമാണ് പ്രാരംഭവില. അപ്ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 എന്നി രണ്ടു ബൈക്കുകളിലും മെക്കാനിക്കല്‍, കോസ്മെറ്റിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പള്‍സര്‍ 125ന് കരുത്ത് പകരുന്നത് അതേ 124.58 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8000 ആര്‍പിഎമ്മില്‍ 11.8 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പള്‍സര്‍ 150ല്‍ 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8500 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്പിയും 6500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ടു ബൈക്കുകളിലും ഫൈവ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ഉള്ളത്.

◾  മാഞ്ഞുപോകുന്ന പ്രിയപ്പെട്ടവരെയും നമ്മെ നിരന്തരം വേട്ടയാടുന്ന അവരുടെ ഓര്‍മകളെയുംകുറിച്ചുള്ള അപൂര്‍വസുന്ദരമായ നോവല്‍, മരണത്തെപ്പോലും തോല്‍പ്പിച്ച ഒരമ്മയുടെ ശബ്ദത്തിലൂടെ കഥ ആരംഭിക്കുന്നു. അകാലമരണത്തിനു ശേഷവും മക്കളോടുള്ള അടങ്ങാത്ത വാത്സല്യവും സ്‌നേഹവും അവര്‍ സൂക്ഷിച്ചുവെച്ച എല്ലാ വസ്തുക്കളിലും നിഴലിക്കുന്നു. ഡല്‍ഹിയിലെ തെരുവുകള്‍ ഭയത്താലും പ്രക്ഷോഭത്താലും നിറയുമ്പോള്‍ പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആ അമ്മയുടെ മൂത്തമകളും സഹപ്രവര്‍ത്തകനായ മുസ്ലീം ആര്‍ട്ട് ഡയറക്ടറും സമരജ്വാലകളിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴയ്ക്കപ്പെടുന്നു. 'അമ്മയും അതുപോല്‍ മാഞ്ഞതൊക്കെയും'. രാധിക ഒബ്‌റോയ്. പരിഭാഷ - ബീജ വി.സി. മനോരമ ബുക്‌സ്. വില 427 രൂപ.

◾  നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ജലദോഷത്തിനും ചുമയ്ക്കും നല്‍കുന്ന മരുന്നുസംയുക്തത്തിനു വിലക്ക്. ക്ലോര്‍ഫെനിറാമിന്‍ മാലേറ്റ്, ഫിനൈലഫ്രീന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ സംയുക്തങ്ങള്‍ക്കാണു കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. മരുന്നിന്റെ നിര്‍മാണം, വില്‍പ്പന, വിതരണം എന്നിവയില്‍ കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തി. മരുന്ന് കുട്ടികളുടെ ആരോഗ്യത്തിനു വെല്ലുവിളിയാണെന്നു കണ്ടതിനെത്തുടര്‍ന്നാണു നടപടി. മുതിര്‍ന്നവരുടെ ഉപയോഗത്തിനുള്ള മരുന്നിന്റെ ലേബലിലും ലഘുലേഖയിലും 'നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു നല്‍കരുത്' എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദര്‍ശിപ്പിക്കാനാണു നിര്‍ദേശം. കുട്ടികളുടെ അസുഖത്തിന് സുരക്ഷിതമായ ബദല്‍മരുന്ന് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ രാസമൂലകങ്ങള്‍ ചേര്‍ന്ന ചില സംയുക്തങ്ങള്‍ ഏപ്രിലില്‍ സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. വിദഗ്ധസമിതിയുടെയും ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെയും കൂടുതല്‍ വിലയിരുത്തലിനെത്തുടര്‍ന്നാണ് നിയന്ത്രണം വിപുലമാക്കിയത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഔഷധനിയമത്തിലെ സെക്ഷന്‍ 26 എ പ്രകാരമാണ് വിജ്ഞാപനം. കുട്ടികളുടെ ചുമമരുന്നുപയോഗിച്ചതിനെത്തുടര്‍ന്ന് ജീവഹാനി ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രാജ്യത്ത് ഇത്തരം മരുന്നുകളില്‍ കര്‍ശനമായ വിലയിരുത്തലും നിയന്ത്രണ നടപടികളും നടത്തിവരുകയാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.70, പൗണ്ട് - 130.44, യൂറോ - 111.58, സ്വിസ് ഫ്രാങ്ക് - 119.04, ഓസ്ട്രേലിയന്‍ ഡോളര്‍ - 68.33, ബഹറിന്‍ ദിനാര്‍ - 253.89, കുവൈത്ത് ദിനാര്‍ -309.99, ഒമാനി റിയാല്‍ - 248.89, സൗദി റിയാല്‍ - 25.51, യു.എ.ഇ ദിര്‍ഹം - 26.08, ഖത്തര്‍ റിയാല്‍ - 26.26, കനേഡിയന്‍ ഡോളര്‍ - 69.05.
Previous Post Next Post
3/TECH/col-right