കൂരാച്ചുണ്ട് : മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2487 അടിയിലെത്തിയതിനെ തുടർന്ന് ഇന്ന് രാത്രി 8:45 മുതൽ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. ഷട്ടറുകൾ തുറന്നതോടെ കുറ്റ്യാടി പുഴയിലും അനുബന്ധ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും കെ.എസ്.ഇ.ബി അധികൃതരും മുന്നറിയിപ്പ് നൽകി.
അപകടസാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങുക, കുളിക്കുക, മീൻപിടിക്കുക എന്നിവയ്ക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് റവന്യൂ വിഭാഗവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സംവിധാനങ്ങളും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
Tags:
KOZHIKODE