2026 ജൂലൈ 30, വ്യാഴം
1201 കര്‍ക്കടകം 14, തിരുവോണം
◾ എല്‍ഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ കോടിക്കണക്കിനു രൂപയുടെ മരുന്നുകളും പിപിഇ കിറ്റുകളും ഉപയോഗിക്കാതെ നശിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
◾ പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ എര്‍പ്പെടുത്തിയ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നു. തെളിവ് കണ്ടെത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. സര്‍ക്കാര്‍ ഉത്തരവില്‍ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നു കോടതി. സ്ഥലംമാറ്റം സര്‍ക്കാരിന്റെ അധികാരമാണെന്നും ഭരണ നിര്‍വ്വഹണ കാര്യങ്ങള്‍ സര്‍ക്കാരിനു തീരുമാനിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
◾ പൊലീസ് അസോസിയേഷന്‍ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◾ മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ഇടുക്കി, എറണാകുലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്.
◾ വടകര എം.ഡി.എം.എം. കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപികമാരില്‍ രണ്ടുപേര്‍ ഇടത് അനുകൂല സംഘടനാ മുന്‍ ഭാരവാഹികള്‍. കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കണ്‍വീനറായിരുന്നു കാവ്യ, നീഷ്മ ജോയിന്റ് കണ്‍വീനറും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരവാഹിത്വം ഒഴിഞ്ഞു.
◾ കോടികളുടെ കശുവണ്ടി അഴിമതി കേസില്‍ വിചാരണ നേരിടുന്ന കെ.എ. രതീഷിനെ ഖാദിബോഡ്, റൂട്രോണികസ് എംഡി പദവികളില്‍ ഇപ്പോഴും തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നു ഹൈക്കോടതി. നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.
◾ മുന്‍ഗണനാ പദ്ധതികളുടെയും വകുപ്പുകളുടെയും ഏകോപനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സിപിഎംഡിയിലേയ്ക്ക് കെ ഡിസ്‌കിലെ ജോലിക്കാരെ വേണമെന്ന് ചീഫ് സെക്രട്ടറി. പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ കെ ഡിസ്‌കിലെ നിയമനങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എര്‍മാര്‍ നിരന്തരം നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പ സംഗമവും വെള്ളാപ്പള്ളിയെ കൊണ്ടു നടന്നതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമെല്ലാം എല്‍ഡിഎഫിനു തിരിച്ചടിയായെന്നു മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍. മലപ്പുറം കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീറിന്റെ സ്വയം വിമര്‍ശനം.
◾ മുഖ്യമന്ത്രി വിഡി സതീശന്‍ നിരന്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നുവെന്നും ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടിന്റെ അവസാന ഗഡു നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അവസാന ഗഡു നല്‍കാതിരുന്നത് പെരുമാറ്റ ചട്ടം വന്നതിനാലാണെന്നും പിണറായി.
◾ പവര്‍കട്ടിന്റെ പേരില്‍ മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ആലപ്പുഴയിലെ പിഡിപി പ്രവര്‍ത്തകനായ അഹമ്മദ് കബീറിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.
◾ മഹാത്മഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോസ്റ്ററിലെ പാറ്റയുടെ പടം നീക്കം ചെയ്യണമെന്ന് വൈസ് ചാന്‍സലര്‍. പാറ്റ ചിത്രം മാറ്റിയില്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് അനുവദിച്ച പണം തിരികെപിടിക്കുമെന്നു വിസി മുന്നറിയിപ്പു നല്‍കി.
◾ ആസൂത്രണ ബോര്‍ഡ് നിയമനത്തിനുള്ള പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ അന്വേഷണം വരും. ആസൂത്രിത ഗൂഢാലോചന അന്വേഷണ സംഘം കണ്ടെത്തി. ഒന്നാം റാങ്കുകാരന്‍ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്.
◾ മൂന്നാറില്‍ പ്ലാസ്റ്റിക് നിരോധനം. ഓഗസ്റ്റ് മുതല്‍ മൂന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും മൂന്നാര്‍ പഞ്ചായത്ത് നിരോധിച്ചു. രണ്ടരലക്ഷം രൂപ വരെയാണു പിഴ.
◾ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നേരത്തെ തുടങ്ങാന്‍ കേരളത്തിലെ ബിജെപി നേതൃത്വം തീരുമാനിച്ചു. മിഷന്‍ 29 മായി മുന്നോട്ടു പോകാനാണ് തീരുമാനം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ 30 സീറ്റ് ആയാല്‍ 6 മുതല്‍ 8 സീറ്റ് വരെ നേടണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
◾ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുളള നിയമനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റം. താത്കാലിക ജീവനക്കാര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയിലെ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ, പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കുളള നിയമന സാധ്യത തുലാസിലായി.
◾ മഞ്ചേരി മാലാംകുളത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.
◾ കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 68 കാരന്‍ മരിച്ചു. കുളത്തൂപ്പുഴ ബീമാ മന്‍സിലില്‍ ബഷീര്‍ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം.
◾ കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ മുന്‍ പൈലറ്റ് അര്‍ഷാദ് അലി 814 ഗ്രാം എംഡിഎംഎയുമായി ഗുരുഗ്രാമില്‍ പൊലീസിന്റെ പിടിയിലായി.
◾ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം ലോക് സഭ സ്തംഭിപ്പിച്ചു. രാജ്യസഭയിലും ബഹളം വച്ച പ്രതിപക്ഷം വാക്കൗട്ട് നടത്തി. പരീക്ഷ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കും. അമിത് ഷാ സഭയിലെത്തിയില്ല. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട രാഹുല്‍ ഗാന്ധി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
◾ സുരക്ഷസേനകളുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച ജവാന് എതിരെ സിആര്‍പിഎഫ് കേസിന് അനുവാദം നല്‍കില്ല. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടിയെന്നാണ് സിആര്‍പിഎഫ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
◾ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഓഗസ്റ്റ് മൂന്നാം തിയതി കേസ് അതിവേഗ പ്രത്യേക കോടതി പരിഗണിക്കും.
◾ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പ്രയോഗിച്ച പെല്ലറ്റുകളില്‍ ലോഹങ്ങളും. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തില്‍നിന്നാണ് ഇവ കണ്ടെത്തിയത്.
◾ പഞ്ചാബിലെ ചോദ്യ പേപ്പര്‍ ചര്‍ച്ചയെച്ചൊല്ലി എഎപി സര്‍ക്കാരിനെതിരേ ബിജെപി പ്രതിഷേധം. ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ഹര്‍ഷ് മല്‍ഹോത്ര നയിക്കും.
◾ പശ്ചിമ ബംഗാളില്‍ മുന്‍ ബസ് ഡ്രൈവറുടെ വീട്ടില്‍നിന്ന് നോട്ട് കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ പണത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം. അറസ്റ്റിലായ മിനാര്‍ മൊണ്ഡലിന്റെ വീട്ടില്‍നിന്നാണ് 28 കോടി രൂപയും 21 കോടി രൂപ വിലവരുന്ന 15 കിലോയോളം സ്വര്‍ണവും കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിന്റെ അനുയായിയും കരിങ്കല്ല് വ്യാപാരിയുമായ ടുളു മൊണ്ഡലിന്റെ ബന്ധുവുമാണ് പിടിയിലായ മിനാര്‍.
◾ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ പാഴ്സല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
◾ ബീഹാറിലെ ജഹാനാബാദ് ജില്ലയില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 22 കാരിയായെ ഭര്‍ത്താവിന്റെ സഹോദരന്‍ കൊലപ്പെടുത്തി. കേസില്‍ പ്രതിയായ കുനാല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍ഷു കുമാരി (22) ആണ് കൊല്ലപ്പെട്ടത്.
◾ പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവൃത്തി ചെയ്ത ഫ്രഞ്ച് വിദ്യാര്‍ത്ഥിക്ക് 600 സിങ്കപ്പൂര്‍ ഡോളര്‍ (44,487 രൂപ) പിഴ ചുമത്തി സിങ്കപ്പൂര്‍ കോടതി. ഓറഞ്ച് ജ്യൂസ് വെന്‍ഡിങ് മെഷീനിലേക്ക് നക്കിയ സ്ട്രോ നിക്ഷേപിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
◾ പാര്‍ലമെന്റില്‍ സയനി ഘോഷ് എംപി റീല്‍ ചിത്രീകരിച്ചെന്ന് ആരോപിച്ച് പ്രതിഷേധം. വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി.
◾ അസമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. ശിവസാഗര്‍, ഗോലാഘട്ട് ജില്ലകളില്‍ മൂന്നുപേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്.
◾ എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയില്‍ പഞ്ചാബ് സ്വദേശി അമൃത്പാല്‍ സിംഗും. അന്താരാഷ്ട്ര ലഹരിക്കടത്തിനാണ് അമേരിക്കയിലെ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇയാളെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
◾ ഇറാനെ നേരിടാന്‍ നയതന്ത്രം, സാമ്പത്തിക ഉപരോധം, സൈനിക നടപടി എന്നീ മൂന്നു തലങ്ങളിലൂടെ മുന്നോട്ടു പോകാന്‍ അമേരിക്കയും ഇസ്രയേലും തമ്മില്‍ ധാരണ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണു ധാരണ.
◾ ഇറാനു നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഭീഷണി ഇറാന്‍ തള്ളി.
◾ തന്റെ പൂര്‍വ്വികരില്‍ അടിമകളായിരുന്നവരും അടിമ ഉടമകളായിരുന്നവരും ഉണ്ടായിരുന്നുവെന്ന് ലെയോ മാര്‍പാപ്പ. മുത്തശ്ശന്മാരും മുത്തശ്ശിമാരും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു. അമ്മയുടെ ബന്ധുക്കളില്‍ പലരും പണ്ട് അടിമകളായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാര്‍പ്പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ 'ബോര്‍ഗോ ലൗദാത്തോ സി' പരിസ്ഥിതി കേന്ദ്രത്തില്‍ ബോച്ചെല്ലിയും 164 കുട്ടികളും അണിനിരന്ന സംഗീതച്ചടങ്ങില്‍ പങ്കെടുത്ത ശേഷം എന്‍ബിസി ലേഖകന്‍ ടോം ലാമാസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപെടുത്തിയത്.
◾ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതല്‍ തുക ഈടാക്കിയവരില്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്നാണ് വന്‍ തുക പിഴ ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ ആകെ ഈടാക്കിയ തുക: 4,948.71 കോടി രൂപ. എച്ച്ഡിഎഫ്‌സി ബാങ്ക്: 1,798.14 കോടി രൂപ (ഏറ്റവും ഉയര്‍ന്ന തുക). ആക്‌സിസ് ബാങ്ക്: 1,081.33 കോടി രൂപ. 19 സ്വകാര്യ ബാങ്കുകളിലെ മൊത്തം തുകയുടെ 58 ശതമാനവും (2,879.47 കോടി രൂപ) എച്ച്ഡിഎഫ്സി, ആക്‌സിസ് എന്നീ ബാങ്കുകളാണ് ഈടാക്കിയത്. 2,137.92 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ മൊത്തം ശേഖരിച്ചത്. ആകെ ശേഖരിച്ച തുക 7,086.63 കോടിരൂപയാണ്. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ഇത്തരത്തിലുള്ള പിഴ ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ക്കും പിഴ ഈടാക്കാറില്ല.
◾ ഇന്ത്യയിലെ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്കൊപ്പമെത്തി. യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്കു തുല്യമായ 50 കോടി ആളുകളിലേക്ക് ഇന്ത്യയില്‍ 5ജി ഇതിനകം എത്തിക്കഴിഞ്ഞു. 2030-ഓടെ ഇന്ത്യയില്‍ 100 കോടി ആളുകളിലേക്ക് 5ജി സാങ്കേതികവിദ്യ എത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകളില്‍ 97 ശതമാനത്തിന്റെ കുറവുണ്ടായി. 6ജി സാങ്കേതികവിദ്യയില്‍ ഇന്ത്യ ലോകത്തെ നയിക്കും. ഐ.ടി.യു., 3ജി.പി.പി. എന്നിവയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ചട്ടക്കൂടില്‍ രാജ്യം പങ്കാളിയാകുന്നുണ്ട്. സ്പെക്ട്രം, ഡിവൈസ് ടെക്നോളജി, ആപ്ലിക്കേഷനുകള്‍ തുടങ്ങി ഏഴ് പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പുകള്‍ വഴിയാണ് ഭാരത് 6ജി അലയന്‍സ് പ്രവര്‍ത്തിക്കുന്നത്. അലയന്‍സിലെ അംഗങ്ങളായ സംഘടനകള്‍ക്ക് 5ജി, 6ജി സാങ്കേതികവിദ്യകളിലായി 7,700-ലധികം പേറ്റന്റ് അപേക്ഷകളുണ്ട്. ഇതില്‍ 4,400-ലധികം വിദേശ അപേക്ഷകളും ഉള്‍പ്പെടുന്നു.
◾ രണ്‍ബീര്‍ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രാമായണ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നുണ്ട്. ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുണ്‍ ഗോവില്‍, രാകുല്‍ പ്രീത് സിങ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നമിത് മല്‍ഹോത്രയുടെ പ്രൊഡക്ഷന്‍ കമ്പനിയായ ഡി.എന്‍.ഇ.ജി, യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളാണ് ചിത്രം നിര്‍മിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ആദ്യഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
◾ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ചിത്രത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ഖലീഫ ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. 'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കൊച്ചുമകന്‍ ആണ് ആമിര്‍ അലി. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അത്യാധുനിക രൂപത്തില്‍ പുതിയ ഹൈലക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 31.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില. 500 കിലോഗ്രാം വരെ ഭാരം കയറ്റാന്‍ കഴിയുന്ന കാര്‍ഗോ ബെഡ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഇമോഷണല്‍ റെഡ്, ആഷ്, സൂപ്പര്‍ വൈറ്റ്, സള്‍ഫര്‍ മെറ്റാലിക്, പ്ലാറ്റിനം പേള്‍ വൈറ്റ് മെറ്റാലിക് എന്നി കളര്‍ ഓപ്ഷനുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇതിലെ 2.8 ലിറ്റര്‍ എന്‍ജിന്‍ 201 ബിഎച്ച്പി കരുത്തും 500 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ജിഎക്‌സ്, വിഎക്‌സ് എന്നിവയാണ് ലഭ്യമായ വേരിയന്റുകള്‍. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, പുതുക്കിയ സസ്‌പെന്‍ഷന്‍ ട്യൂണിങ്, മള്‍ട്ടി ടെറൈന്‍ സെലക്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
◾ ചരിത്രകാരനായ പ്രൊഫ. ആനന്ദബോസിന്റെ കൊലയാളികളെ അന്വേഷിച്ചിറങ്ങിയ സി.ഐ. ഹരിമോഹനും കൂട്ടരും ഏഴാം നൂറ്റാണ്ടിലെ കഥയിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ അറിയുന്നത് കൂട്ടക്കൊലകളുടെ ഒരു പുരാവൃത്തമാണ്. കവിത പൂക്കുന്ന കുറിഞ്ചിയില്‍ കുറിഞ്ഞിപ്പൂക്കള്‍ ചിരിക്കുന്നു. ശബ്ദാര്‍ത്ഥങ്ങള്‍ താളബോധത്തോടെ മേളിക്കുന്ന കുറിഞ്ചിയില്‍ കുറിഞ്ഞിപ്പുക്കള്‍ ചീയുന്നഗന്ധം പരക്കുമ്പോള്‍ കാലം കരുതിവച്ചതെന്താണെന്നതാണ് കഥ കാറ്റുപറഞ്ഞ ഒരു കഥപോലെ ഹരിമോഹനും കുട്ടരും ആനന്ദബോസിന്റെ കൊലപാതകിയിലേക്കെത്തുന്നു. 'ഒരു ചരിത്രകാരന്റെ കൊലപാതകം'. ടി. ബിജുരാകേഷ്. കൈരളി ബുക്സ്. വില 256 രൂപ.
◾ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ഇന്ന് പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന ഒരു പൊതു പ്രശ്നമായി മാറിയിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സന്ധിവേദന, കാല്‍വിരലുകളിലോ മുട്ടുകളിലോ ഉണ്ടാകുന്ന വീക്കം, വിട്ടുമാറാത്ത കാഠിന്യം എന്നിവ ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണമാവാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്യൂരിന്‍ എന്ന ഘടകത്തെ ശരീരം വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് കൃത്യസമയത്ത് ശ്രദ്ധിക്കാതിരുന്നാല്‍ ഗൗട്ട് രോഗത്തിനും, വൃക്കയിലെ കല്ലുകള്‍ക്കും, സന്ധികള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവാനും കാരണമാകും. ശരീരത്തിന് പുറന്തള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അവ ക്രിസ്റ്റലുകളായി സന്ധികളില്‍ അടിയുകയും വീക്കവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ കൊണ്ട് ഇതില്‍ നിന്ന് വലിയ ആശ്വാസം നേടാനാകും. റെഡ് മീറ്റില്‍ പ്യൂരിന്റെ അളവ് വളരെ കൂടുതലാണ്. ഇത് പതിവായി കഴിക്കുന്നത് യൂറിക് ആസിഡ് ഉയരുന്നതിനും ഗൗട്ട് രോഗത്തിനും സന്ധിവീക്കത്തിനും കാരണമാകുന്നു. മൃഗങ്ങളുടെ കരള്‍, വൃക്ക തുടങ്ങിയ ഓര്‍ഗന്‍ മീറ്റില്‍ കടുത്ത പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന യൂറിക് ആസിഡോ ഗൗട്ടോ ഉള്ളവര്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കണം. ഇവ ചെറിയ അളവില്‍ കഴിച്ചാല്‍ പോലും കഠിനമായ വേദനയ്ക്ക് കാരണമായേക്കാം. ചെമ്മീന്‍, മത്തി, നെത്തോലി, ഷെല്‍ഫിഷ് തുടങ്ങിയവ ഗൗട്ട് ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയ്ക്ക് പകരം സാല്‍മണ്‍ പോലുള്ള പ്യൂരിന്‍ കുറഞ്ഞ മത്സ്യങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് സുരക്ഷിതം. പാക്കറ്റ് ലഘുഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരത്തില്‍ വീക്കം കൂട്ടുകയും മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.75, പൗണ്ട് - 127.72, യൂറോ - 109.51, സ്വിസ് ഫ്രാങ്ക് - 117.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.56, ബഹറിന്‍ ദിനാര്‍ - 255.49, കുവൈത്ത് ദിനാര്‍ -308.48, ഒമാനി റിയാല്‍ - 249.03, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 26.07, ഖത്തര്‍ റിയാല്‍ - 26.43, കനേഡിയന്‍ ഡോളര്‍ - 68.07.
Tags:
KERALA