2026 ജൂലൈ 28, ചൊവ്വ
1201 കര്‍ക്കടകം 12, പൂരാടം
1448 സ്വഫർ 13
◾ നീറ്റ് പരീക്ഷാ ക്രമക്കേട് സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും, സമരക്കാര്‍ക്ക് നിയമസഹായം നല്‍കാനായി 'സാക്ഷി' എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചതായും പാര്‍ട്ടി അറിയിച്ചു.വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഞങ്ങള്‍ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികള്‍ കപില്‍ സിബലിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
◾ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് എതിരായി കേസുകള്‍ എടുക്കില്ലെന്നാണ് കേന്ദ്രം ഉറപ്പ് നല്‍കിയതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സിജെപിയുടെ പരാതി കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുമെന്നും നദ്ദ വ്യക്തമാക്കി.
◾ ജൂലൈ 20-ന് ജന്തര്‍ മന്ദറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ദേശീയ കോര്‍ഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷന്‍ അധ്യക്ഷന് പരാതി സമര്‍പ്പിച്ചത്.
◾ സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി.
◾ സംസ്ഥാനത്തെ പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും, കേരള സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷനും. ഇതോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന 'കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍' എന്ന സംഘടന ഇല്ലാതായി.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത കേരള പൊലീസ്, കൊലവിളി നടത്തിയ ടി ജി മോഹന്‍ദാസിനെതിരെ കേസെടുക്കാത്തതിനെ പിണറായി വിമര്‍ശിച്ചു.
◾ നീറ്റ് വിഷയത്തില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുക്കുന്നതിനും ജാമ്യമില്ല വകുപ്പില്‍ ജയിലില്‍ അടയ്ക്കാനും കേരള പൊലീസും ഗവണ്‍മെന്റും കാണിച്ച ശുഷ്‌കാന്തി ഈ വര്‍ഗീയ വിഷത്തെ പിടിച്ച് ജയിലില്‍ അടക്കാന്‍ കാണിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ടി ജി മോഹന്‍ദാസിന്റെ വിവാദപരാമര്‍ശത്തിലാണ് പ്രതികരണം.
◾ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ വിവാദപരാമര്‍ശത്തില്‍ നടപടി. സൈബര്‍ സെല്‍ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്.
◾ വരുമാനം വര്‍ധിച്ചിട്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ചെലവ് ചുരുക്കാനും സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കാനും ധനവകുപ്പ് മറ്റ് വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പുതിയ ബജറ്റിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കുലര്‍.
◾ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകള്‍ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.
◾ വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സ്വയം തൊഴില്‍ തുടങ്ങാന്‍ മൈക്രോ പ്ലാനിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ നല്‍കിയില്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധം ഗൗരവത്തില്‍ എടുക്കുന്നുവെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചതായും മന്ത്രി അറിയിച്ചു.
◾ ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
◾ എംജി സര്‍വകലാശാലയില്‍ ഫ്‌ലെക്‌സ് ബോര്‍ഡിനെ ചൊല്ലി തര്‍ക്കം. യുണിവേഴ്‌സിറ്റി യൂണിയന്‍ നടത്തുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഫ്‌ലെക്‌സാണ് വിവാദമായിട്ടുള്ളത്. ഫ്‌ലെക്‌സില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഫ്‌ലെക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു.
◾ വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ സിവിലും ക്രിമിനലുമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
◾ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ പോലീസ് കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. നിലവില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റകൃത്യങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, മാനനഷ്ട കേസിലുള്ള നടപടിക്രമങ്ങള്‍ കോടതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൊഴി നല്‍കുന്നതിനായി അന്‍സിബയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
◾ തലസ്ഥാനത്തും ലോണ്‍ ആപ്പ് തട്ടിപ്പ് കമ്പനി. സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാര്‍ പൊലീസ് പിടിയിലായി. 50 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവര്‍. ഇടപാടുകാര്‍ കൂടുതലും അമേരിക്കക്കാരാണ്. വിമാനത്താവളത്തില്‍ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാനില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്.
◾ കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
◾ കുണ്ടറയില്‍ മരണപ്പെട്ട സിയാദിനെ പോലീസ് മര്‍ദിച്ചെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെണ്‍കുട്ടി തന്നെ രംഗത്തെത്തി. കുണ്ടറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രീജിത്താണ് മര്‍ദിച്ചതെന്നും ജീപ്പില്‍ കയറ്റിയതിന് പിന്നാലെയായിരുന്നു മര്‍ദനമെന്നും ആ സമയം താനും ജീപ്പിലുണ്ടായിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി. തന്റെ സഹോദരന്റെ കാര്യം ചോദിച്ചാണ് മര്‍ദിച്ചതെന്നും തന്റെ അടുത്തിരുന്ന ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നുവെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
◾ സര്‍ക്കാര്‍ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് നടത്തിയ ഡോക്ടര്‍ ശിവപ്രസാദിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജനുമായ ഡോക്ടര്‍ ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് കേസ് എടുത്തത്.
◾ മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദില്‍ഷാദിനെയാണ് (31) കാണാതായത്. ഈ മാസം ആറിനാണ് ദില്‍ഷാദ് ചേലേമ്പ്രയില്‍ നിന്ന് യാത്ര പോയത്. കഴിഞ്ഞ 22ന് മൊബൈല്‍ ഫോണില്‍ ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറഞ്ഞു.
◾ കേരളത്തില്‍ 31 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
◾ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ക്ക് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. കടലാസിന് പകരം പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തില്‍ 10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണംപോളിമര്‍ നോട്ടുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. പരീക്ഷണം വിജയിച്ചാല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ വ്യാപകമാക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ സ്ഥിരീകരിച്ചു
◾ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ട പരീക്ഷ ഭേദഗഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുനയ നീക്കത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് സഹകരിക്കാന്‍ തീരുമാനിച്ചത്.
◾ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതില്‍ വിജയ് സര്‍ക്കാരിന് തിരിച്ചടി. നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
◾ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ 31 ജിബി ഡാറ്റ ചോര്‍ന്നതായി സംശയം. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബര്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ പ്രകാരം, മിസൈല്‍ രേഖകള്‍ അടക്കമുള്ള പ്രതിരോധ രഹസ്യങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ സംഭവം രാജ്യസുരക്ഷയില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു.
◾ ഏറെ പ്രതിഷേധങ്ങള്‍ക്കും സിജെപിയുടെ രാജ്യവ്യാപക സമരത്തിനുമൊടുവില്‍ നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകള്‍ പരിഗണിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് തന്നെ മാറ്റിവെച്ചു. സിബിഐ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കേണ്ടി വന്നത്.
◾ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളും വീഡിയോകളും ഡീപ്‌ഫേക് ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്ക്കരി മാനനഷ്ടക്കേസ് നല്‍കും. ഗൂഗിള്‍, എക്‌സ്, മെറ്റ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ സിവില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കി.
◾ കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയായ 26 കാരി നവ്നീത് കൗര്‍ വെടിയേറ്റ് മരിച്ചു. വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടണ്‍ സ്വദേശിയായ ശരണ്‍ജിത് സിംഗിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
◾ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 79 കിലോ വിഭാഗത്തില്‍ വല്ലൂരി അജയബാബു വെള്ളിയും വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കലവും സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജമ്പില്‍ സര്‍വേഷ് കുഷാരെ ചരിത്രം കുറിച്ച് വെള്ളി മെഡല്‍ നേടി . ഈ ഇനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മുപ്പത്തിയൊന്നുകാരനായ സര്‍വേഷ്.
◾ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച സ്ലൊവേനിയന്‍ റഫറി സ്ലാവ്‌കോ വിന്‍സിച്ച് ലോകകപ്പ് ഫൈനലിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
◾ വിവിധ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന പിഎംഎസ് അവതരിപ്പിക്കാന്‍ സെബി. ഇതോടെ കുറഞ്ഞ നിക്ഷേപ തുകയുള്ളവര്‍ക്കും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനം പ്രയോജനപ്പെടുത്താം. ലിസറ്റ് ചെയ്യാത്ത സെക്യൂരിറ്റികള്‍, വിദേശ ആസ്തികള്‍ എന്നിവയിലും നിക്ഷേപം അനവദിക്കും. നിയന്ത്രണം ലളിതമാക്കി കൂടുതല്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ എന്നിവയില്‍ മാത്രം നിക്ഷേപം നടത്തുന്ന പ്രത്യേക എംഎഫ്-പിഎംഎസ് വിഭാഗം നിലവില്‍വരും. പിഎംഎസിന് ആവശ്യമായ കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. എംഎഫ്-പിഎംഎസിന് 25 ലക്ഷം രൂപ മതിയാകും. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് ആവശ്യമായ ആസ്തി അഞ്ച് കോടി രൂപയില്‍നിന്ന് രണ്ട് കോടിയായി കുറയ്ക്കും. നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് മൊത്തം ആസ്തിയുടെ പരമാവധി 2.5 ശതമാനമാകും. നിക്ഷേപകന്റെ സമ്മതത്തോടെ, പ്രകടനത്തിന് അനുസരിച്ചുള്ള ഫീസ് ഈടാക്കാന്‍ അനുവദിക്കും.
◾ നാലുവര്‍ഷത്തിനിടെ ഇതാദ്യമായി ഇന്ത്യയിലേക്കുള്ള ഐഫോണ്‍ വരവില്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുശതമാനമാണ് കുറവുണ്ടായത്. ഈ കാലയളവില്‍ സ്മാര്‍ട്ട്ഫോണ്‍ വിതരണത്തില്‍ 10 ശതമാനമാണ് കുറവുണ്ടായത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍നിന്ന് ആപ്പിള്‍ പുറത്തായി. 2019 മുതല്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 1.5 കോടി യൂണിറ്റുകളുടെ വില്പന മാത്രമാണ് ലക്ഷ്യമിടുന്നത്. സ്മര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ കുറവും ഉയര്‍ന്ന വിലയും ലഭ്യതയിലുണ്ടായ ഇടിവുമൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 15 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ 17ന്റെ ലഭ്യതക്കുറവ് വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
◾ റിമ കല്ലിങ്കല്‍ നായികയായ 'തിയേറ്റര്‍' എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം. റഷ്യയിലെ പ്സ്‌കോവില്‍ ലോക്കല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് ആണ് ചിത്രം നേടിയത്. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യല്‍ മീഡിയയിലൂടെ സജിന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റര്‍. ഇന്ത്യ, കസാക്കിസ്ഥാന്‍, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാന്‍, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് പ്രിക്സ് വിജയിയെ നിര്‍ണ്ണയിക്കുന്നത്.
◾ റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കുന്ന 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി'ല്‍ ഭാഗമാവാന്‍ കൂടുതല്‍ താരങ്ങള്‍. പ്രശസ്ത അഭിനേതാക്കള്‍ മുതല്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധര്‍ വരെ അണിനിരക്കുന്ന ചിത്രം അസാധാരണ ടീമിനെയാണ് കോര്‍ത്തിണക്കുന്നത്. നടി ഭൂമി സതീഷ് പഡ്നേക്കര്‍ ആണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. നിര്‍ഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്. ഇതിഹാസ യോദ്ധാവ് രാജാവ് ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തില്‍, അര്‍ജുന്‍ രാംപാല്‍, വിവേക് ഒബ്‌റോയ് എന്നിവരും പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘവും തന്നെ അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന ഋഷി വീര്‍മണിയാണ്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ക്യൂസി3 എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ ഇലക്ട്രിക് സ്‌കൂട്ടര്‍, ക്യൂസി1 എന്നിവയ്ക്ക് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.പുതിയ സ്‌കൂട്ടറില്‍ 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് ഉള്ളത്. ഇത് പരമാവധി 145 കിലോമീറ്റര്‍ റേഞ്ച് നല്‍കും. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍.മുഴുവന്‍ ചാര്‍ജിന് നാലു മണിക്കൂറാണ് എടുക്കുക. ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ആധുനിക ഡിസൈനില്‍ വരുന്ന ക്യൂസി3 ഒരു ഒതുങ്ങിയ മോഡലാണ്. ഹോണ്ട റോഡ്സിങ്ക് കണക്ട്വിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനുമുള്ള ടിഎഫ്ടി ഡിസ്പ്ലേയും ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.
◾ നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയ. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ തുടങ്ങി തെരുവുകളില്‍ വരെ അവര്‍ നെയ്തുകൂട്ടിയ വലക്കണ്ണികള്‍. പിന്നണിയില്‍ സകലത്തിന്റെയും അധിപയായി ചിത്രലേഖ. അവളുടെ വിശ്വസ്തനായ മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം ഇന്‍സ്‌പെക്ടര്‍ രാംകുമാറിനെ പ്രതിക്കൂട്ടിലാക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും വിശ്വസിക്കുമ്പോഴും, രാംകുമാര്‍ അതൊരു ആത്മഹത്യയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ ക്കുന്നു. എന്നാല്‍ പുതിയൊരു ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നതോടെ കഥ തിരിയുന്നു. 'രാസലഹരി - ദ ഗ്യാങ് ഓഫ് ചിത്രലേഖ'. ആദര്‍ശ് എസ്. ഡിസി ബുക്‌സ്. വില 234 രൂപ.
◾ ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റി-ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് സമീപകാലം പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനത്തില്‍ ദിവസവും രണ്ടു തവണയോ അതില്‍ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാക്കാനുള്ള സാധ്യത 49 ശതമാനം മുതല്‍ 55 ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകരും വിശദീകരണം. അതേസമയം, ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവരില്‍ താരതമ്യേന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ആന്റിബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ദോഷകരമായ ബാക്ടീരിയകള്‍ക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷുകള്‍ തിരഞ്ഞെടുക്കുക. പല്ല് തേക്കുന്നതിനും ഫ്‌ലോസ്സ് ചെയ്യുന്നതിനും പകരമല്ല മൗത്ത് വാഷ്. ദിവസവും രണ്ടു നേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളില്‍ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് ഏറ്റവും മികച്ച വഴി.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ പാടം ദേശാടനപക്ഷികളുടെ സ്ഥിരം സഞ്ചാരപാതയായിരുന്നു. ഒരു ദിവസം കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട് താഴ്ന്ന് പറന്നുവരുന്ന രണ്ട് പക്ഷികളെ അദ്ദേഹം ശ്രദ്ധിച്ചു. ഒന്ന് അരയന്നം, മറ്റൊന്ന് മൂങ്ങ. വ്യത്യസ്ത ഇനത്തില്‍പ്പെട്ട പക്ഷികളായിട്ടും അവ ഒരുമിച്ച് വന്ന് അയാളുടെ സമീപത്ത് ഇറങ്ങി. അവയെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അതിന്റെ കാരണം അദ്ദേഹത്തിന് മനസ്സിലായി. രണ്ടിന്റെയും കാലുകള്‍ക്ക് വളവുണ്ടായിരുന്നു. അതുകൊണ്ട് രണ്ടും ഒരേപോലെ ഞൊണ്ടിയാണ് നടന്നിരുന്നത്. ജീവിതവും പലപ്പോഴും ഇങ്ങനെയാണ്. ഒരേ കഴിവുള്ളവരെക്കാള്‍ വേഗത്തില്‍ ഒരേ വേദന അനുഭവിച്ചവരാണ് പരസ്പരം മനസ്സിലാക്കുകയും ഒന്നിക്കുകയും ചെയ്യുന്നത്. ഒരു കൈ നഷ്ടപ്പെട്ടവന്റെ വേദന, അതേ അനുഭവം നേരിട്ട മറ്റൊരാള്‍ക്കാണ് ഏറ്റവും നന്നായി മനസ്സിലാകുക. നമ്മോടൊപ്പം എന്നും ഉണ്ടാകുമെന്ന് കരുതിയ ചിലര്‍, ഒരു പ്രതിസന്ധി വന്നാല്‍ നിശ്ശബ്ദമായി അകലാം. അതുവരെ ഉണ്ടായിരുന്ന സ്നേഹവും ഐക്യവും ഒരു നിമിഷംകൊണ്ട് ഇല്ലാതാകാം. അത്തരം സമയങ്ങളില്‍ നമ്മെ ചേര്‍ത്തുപിടിക്കുന്നത് പലപ്പോഴും സമാനമായ ദുരനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. പ്രതിസന്ധികള്‍ മനുഷ്യരെ തുല്യരാക്കുന്നു. പദവിയും പ്രശസ്തിയും സമ്പത്തും എല്ലാം അവിടെ അപ്രസക്തമാകുന്നു. ഒരേ കുഴിയില്‍ വീണുകിടക്കുന്നവര്‍ക്ക് അന്തസ്സിനെയോ ആഭിജാത്യത്തെയോ കുറിച്ച് തര്‍ക്കിക്കാന്‍ കാര്യമില്ല. ദുരിതവും നൊമ്പരവും മനുഷ്യരെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഏറ്റവും വലിയ ശക്തിയാണ്. മറ്റൊരാളുടെ വേദന മനസ്സിലാക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മനുഷ്യത്വം. നമുക്ക് കരുതലോടെ ജീവിക്കാം... ഒരുമയോടെ ഉയരാം. ശുഭദിനം.
Tags:
KERALA