Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 27, തിങ്കള്‍ 
1201 | കര്‍ക്കടകം 11,  മൂലം

◾ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റിങ്ങില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആവശ്യമായ വിവരങ്ങള്‍ ദേവസ്വം അധികൃതര്‍ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍, കുങ്കുമം എന്നിവയുടെ കണക്കുകള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരില്‍ പൊലീസിന് അമിത അധികാരം പ്രയോഗിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. നാളെ വിശദമായ വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

*_ONLINE MEDIA REPORTERS ASSOCIATION-OMAK_*

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ വകുപ്പുകളോട് ചെലവ് കൂട്ടരുതെന്നും, പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും സംസ്ഥാനത്തെ ധനവകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം.

ഈ വര്‍ഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രേഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്.

കെപിസിസിയ്ക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികള്‍ അല്ലാത്തവര്‍ പ്രസിഡന്റ് ആയി വേണം. വിഷയം ചര്‍ച്ച ചെയ്യാന്‍ കെ സി വേണുഗോപാലുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

പ്രിയദര്‍ശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ തടയുന്നതും കയ്യേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. കടുത്ത നിയമ നടപടി ഉണ്ടാകും.സ്ത്രീകള്‍ക്കുള്ള സീറോ ടിക്കറ്റ്,പുരുഷന്‍മാര്‍ക്ക് നല്‍കി കണ്ടക്ടര്‍മാര്‍ പണം തട്ടുന്നുണ്ടോ എന്നറിയാന്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍. കഴിഞ്ഞ സര്‍ക്കാര്‍ മൈക്രോ പ്ലാനിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി.

ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍. ഉത്തരവ് നിലവില്‍ വരുന്നതിലൂടെ ലൈസന്‍സ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു.

*_ONLINE MEDIA REPORTERS ASSOCIATION-OMAK_*

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവച്ച കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല. ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയാണ് ധര്‍മേന്ദ്ര പ്രധാനെ പ്രശംസിച്ചത്.  ഇതിനു പിന്നാലെ കമന്റ് ബോക്‌സില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.

ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ അന്‍സിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് അന്‍സിബ ഹാജരാകേണ്ടത്. പരാതിയില്‍ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ പേരാമ്പ്ര ബിആര്‍സി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ കാവ്യയേയും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ അറസ്റ്റിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.

ഹരിപ്പാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീവത്സം എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അധികൃതര്‍ കടയ്ക്കു മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന അശോകന്‍ എന്ന നാട്ടുകാരന്റെ പെട്ടിക്കട പൊളിച്ചു നീക്കി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌ന പരിഹാരത്തിനായി നടത്തിയ ചര്‍ച്ചയില്‍ പൊളിച്ചു നീക്കിയ കട പുനര്‍നിര്‍മിച്ച് നല്‍കാമെന്ന് ശ്രീവല്‍സം ഗ്രൂപ്പ് സമ്മതിച്ചു.

കുണ്ടറയില്‍ യുവാവ് മരിച്ചതില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിയെ കാണാതായെന്ന പരാതിയില്‍ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച സിയാദ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് മര്‍ദ്ദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം.

തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അയല്‍വാസികള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വിശാഖ് എന്നയാളെ അയല്‍വാസിയായ പ്രദീപ് കൊലപ്പെടുത്തിയത്.

നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അഹല്യ നഗര്‍ ജലാല്‍പുര്‍ സ്വദേശി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ലോക്‌സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന്‍ മേലുള്ള ചര്‍ച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു. മന്ത്രി ജിതേന്ദ്രസിംഗ് ബില്ലവതരിപ്പിച്ചെങ്കിലും പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.  ബഹളത്തില്‍ സഭ മുങ്ങിയതോടെ ചര്‍ച്ച നടന്നില്ല. പത്ത് മണിക്കൂര്‍ ചര്‍ച്ച നടത്തി ബില്ല് പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കി. നോട്ടീസിന് പിന്നാലെ പോസ്റ്റുകള്‍ നീക്കം ചെയ്തു.

നടന്‍ ധനുഷ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പ്രാദേശികമായി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിലെ ധനുഷിന്റെ പ്രസംഗമാണ് ചര്‍ച്ചയാകുന്നത്.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലേക്കില്ലെന്ന് സൂചന. വിദ്യാര്‍ഥികളുടെയും  യുവജനങ്ങളുടെയും പ്രശ്നങ്ങളില്‍ ബദല്‍ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ടെന്നാണ് വിവരം.

ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നുണ്ടെന്ന് ഖമനയി പറഞ്ഞു. ഹിസ്ബുള്ളയെ പ്രതിരോധിക്കുന്നത് ഒരു 'തന്ത്രപരമായ കടമ'യായി ടെഹ്‌റാന്‍ കണക്കാക്കുന്നുവെന്ന് ഖമനയി വ്യക്തമാക്കി.

കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുക്രെയ്ന്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ. ചില പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാകും. അത്ലറ്റിക്സിലെ ആദ്യ ദിനത്തില്‍ മലയാളി ലോങ് ജംപ് താരം ശ്രീശങ്കര്‍ മത്സരിക്കും. സജന്‍ പ്രകാശിന് നീന്തലിലും മത്സരമുണ്ട്.

ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്തൃ-ബാങ്കിങ് വിവരങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഏകദേശം ഒരു ടെറാബൈറ്റ് വരുന്ന ഉപഭോക്തൃ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ന്ന് ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നുവെന്നാണ് വിവരം. ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ആധാര്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വായ്പാ രേഖകള്‍, നെറ്റ് ബാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വലിയ ഡാറ്റാസെറ്റാണ് പുറത്തുവിട്ടതെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ വിവരങ്ങളുടെ ആധികാരികത ബാങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ യഥാര്‍ഥത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍, ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ സംഭവങ്ങളിലൊന്നായി ഇത് മാറും. അതേസമയം ബാങ്കിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ബാങ്കിംഗ്, റീട്ടെയില്‍, എം.എസ്.എം.ഇ തുടങ്ങിയ മേഖലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ബഹുഭാഷാ വോയ്‌സ് ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനായി ഇന്റലിജന്റ് വെര്‍ച്വല്‍ ഫ്രണ്ട് ഓഫീസ് 'അദിതി 2.0' പുറത്തിറക്കി.

വാട്സാപ്പ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ആറക്ക പിന്‍ നമ്പറുള്ള ടൂ-ഫാക്ടര്‍ ഓതന്റിക്കേഷന് പകരമായി ഉടന്‍ തന്നെ പാസ്വേഡുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും. അക്കങ്ങള്‍ മാത്രമുള്ള പിന്‍ നമ്പറുകളെ അപേക്ഷിച്ച് പാസ്വേഡുകള്‍ തകര്‍ക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. യുപിഐ പേയ്‌മെന്റുകള്‍ക്കും അന്യര്‍ ചാറ്റുകള്‍ പരിശോധിക്കുന്നത് തടയാനും ശക്തമായ ഒരു സംവിധാനമായിരിക്കും പുതിയ പാസ്വേഡ് ഫീച്ചര്‍. ഈ പുതിയ പാസ്വേഡ് സംവിധാനം ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം തിരഞ്ഞെടുത്താല്‍ മതി. കൂടാതെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഐപാഡുകളില്‍ ഫോണിന്റെ സഹായമില്ലാതെ തന്നെ ലോഗിന്‍ ചെയ്യാനും സ്വന്തമായി അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇതിന് പുറമെ വെബ്, ഡെസ്‌ക്ടോപ്പ് വേര്‍ഷനുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഇന്‍-ബില്‍റ്റ് പിഡിഎഫ് റീഡറും എഡിറ്ററും കൂടെ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എസ് യുവി വിപണിയില്‍ അവതരിപ്പിച്ചു. ഇസഡ്ആര്‍- വി എന്ന പേരില്‍ അവതരിപ്പിച്ച പുതിയ എസ്യുവിയുടെ പ്രാരംഭ വില 47.99 ലക്ഷം രൂപയാണ്. ഹോണ്ടയുടെ 2.0 ലിറ്റര്‍ ഇ:എച്ച്ഇവി ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഡ്യുവല്‍ മോട്ടോര്‍ ഹൈബ്രിഡ് സജ്ജീകരണത്തോടും ഇ-സിവിടി ട്രാന്‍സ്മിഷനോടും കൂടിയ 2.0 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനുമാണ് എന്‍ജിന്‍ സിസ്റ്റത്തിന്റെ കരുത്ത്. 181 ബിഎച്ച്പി കരുത്തും 315 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍ സിസ്റ്റം. ലിറ്ററിന് 22.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. ഇലക്ട്രിക്, ഹൈബ്രിഡ്, എന്‍ജിന്‍ ഡ്രൈവ് മോഡുകളിലേക്ക് ഇത് സ്വയം മാറുന്നു. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേള്‍, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ എന്നി കളര്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

സാഹിത്യം മനുഷ്യനെ മനുഷ്യനോട് കൂടുതല്‍ അടുപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ആ അര്‍ത്ഥത്തില്‍ ഈ കഥകള്‍ മനുഷ്യാവസ്ഥകളുടെ ആത്മസാക്ഷ്യങ്ങളാണ്. നഷ്ടപ്പെട്ടുപോകുന്ന ഓര്‍മ്മകളെയും വിസ്മൃതിയിലാകുന്ന മനുഷ്യരെയും കാലത്തിന്റെ ഇരുണ്ട കോണുകളില്‍ മറഞ്ഞുപോകുന്ന അനുഭവങ്ങളെയും എഴുത്തിലൂടെ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം. ഈ കഥകള്‍ വായിച്ചുകഴിഞ്ഞാല്‍ വായനക്കാരന്റെ മനസ്സില്‍ ചില മനുഷ്യരും ചില ദൃശ്യങ്ങളും ചില ചോദ്യങ്ങളും ബാക്കി നില്‍ക്കും. അതുതന്നെയാണ് ഈ രചനകളുടെ വിജയവും. 'വെയിലിലേക്ക് വളരുന്ന വേരുകള്‍'. സി വിനോദ്. കൈരളി ബുക്സ്. വില 190 രൂപ.

പോഷകഗുണങ്ങള്‍ കൂടുതലാണെങ്കിലും എല്ലാവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍ ഒട്ടും കഴിക്കാന്‍ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും. നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോര്‍ഡര്‍ ഉള്ള ആളാണെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും. കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക അത്ര നല്ലതല്ല. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ഉയര്‍ന്ന അസിഡിറ്റി സ്വഭാവവും ലിവര്‍ സിറോസിസ് പോലുള്ള കരള്‍ രോഗങ്ങളെ വഷളാക്കും. വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. നെല്ലിക്ക ജ്യൂസ് ഡൈയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ്. വൃക്കയിലെ ചില കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ചില ബയോആക്ടീവ് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികളില്‍ ഇത് സ്ഥിതി വഷളാക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെന്‍ഷന്‍ ഉള്ളവരില്‍ ഇത് ദോഷം ചെയ്യും. ഗര്‍ഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 95.87, പൗണ്ട് - 127.82, യൂറോ - 109.29, സ്വിസ് ഫ്രാങ്ക് - 117.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.14, ബഹറിന്‍ ദിനാര്‍ - 254.88, കുവൈത്ത് ദിനാര്‍ -309.05, ഒമാനി റിയാല്‍ - 249.34, സൗദി റിയാല്‍ - 25.58, യു.എ.ഇ ദിര്‍ഹം - 26.20, ഖത്തര്‍ റിയാല്‍ - 26.42, കനേഡിയന്‍ ഡോളര്‍ - 68.04.
Previous Post Next Post
3/TECH/col-right