Trending

പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ:വിജ്ഞാനത്തിന്റെയും,വിനയത്തിന്റെയും ദീപസ്തംഭം.

വിജ്ഞാനം മനുഷ്യനെ എത്രത്തോളം വിനയാന്വിതനാക്കുമെന്നതിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരേക്കാൾ മികച്ച ഉദാഹരണം വർത്തമാനകാലത്ത് ചൂണ്ടിക്കാണിക്കാനാവില്ല. മലപ്പുറം ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്ന് ആരംഭിച്ച് ലോകമാകെ പടർന്ന വൈജ്ഞാനിക പ്രഭയുടെ സൂര്യതേജസ്സായി ഉയർന്നുനിന്നപ്പോഴും, നിഷ്‌കളങ്കതയും നൈർമല്യവും കൈവിടാത്ത ആ ജീവിതം കാലത്തിന് സമ്മാനിച്ചത് സ്നേഹത്തിന്റെയും വിജ്ഞാനത്തിന്റെയും അപൂർവ മാതൃകയായിരുന്നു.

നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പേറുന്ന സമസ്തയ്ക്ക് ആഭരണവും അലങ്കാരവുമായിരുന്നു അതിന്റെ കരുത്തുറ്റ കാര്യദർശിയായ ആലിക്കുട്ടി മുസ്‌ലിയാർ. വിശ്രമജീവിതത്തിലായിരുന്നിട്ടും നൂറാം വാർഷിക നിറവിലെത്തിയ സ്വന്തം പ്രസ്ഥാനത്തെ കണ്ണുനിറയെ കാണാനും ഹൃദയം നിറഞ്ഞ് അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് ദൈവം അവസരമൊരുക്കി. കാസർകോട് കുണിയയിൽ നടന്ന നൂറാം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സാന്നിധ്യമായും സമാപനച്ചടങ്ങിൽ സന്ദേശമായും അദ്ദേഹം നിറഞ്ഞുനിന്നു.

ഇസ്ലാമിക പ്രാസ്ഥാനിക ചരിത്രത്തിൽ നൂറ്റാണ്ടുകൾ പിന്നിട്ട സംഘടനകൾ ഇന്ത്യയിലും കേരളത്തിലുമുണ്ട്. എന്നാൽ ഒരു പണ്ഡിതസഭ ജനതയുടെ ആവേശമായി മാറിയ അപൂർവ ചരിത്രമാണ് സമസ്തയ്ക്കുള്ളത്. വിശ്വസിച്ച ആദർശത്തിന് ജീവിതംകൊണ്ട് സാക്ഷ്യംവഹിച്ച മഹാന്മാരായ നേതാക്കളുടെ പാരമ്പര്യമാണ് അതിന് അടിത്തറയായത്. വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ നീളുന്ന ആ മഹത്തായ ശൃംഖലയിലെ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രഭാപൂരിതമായ കണ്ണിയാണ് ആലിക്കുട്ടി ഉസ്താദ്.

ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാറിന് ശേഷം സമസ്തയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹം, തനിക്ക് കൈമാറിക്കിട്ടിയ പൈതൃകത്തിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ അണുവിട പോലും വ്യതിചലിക്കാതെ സംഘടനയെ മുന്നോട്ട് നയിച്ചു. കൗമാരപ്രായത്തിൽ തന്നെ സമൂഹസേവനത്തിന്റെ വഴിയിലേക്ക് നടന്നുകയറിയ അദ്ദേഹം, വെറും 16-ാം വയസ്സിൽ സ്വന്തം മഹല്ലിലെ ഖത്തീബായി. ഇരുപത് വയസ്സ് തികയുന്നതിന് മുമ്പേ ഖാസി പദവിയും അദ്ദേഹത്തെ തേടിയെത്തി.

പിറന്ന മണ്ണിൽ നിന്ന് ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ ആരംഭിച്ച പൊതുജീവിതം ഒടുവിൽ എത്തിനിന്നത് പരമോന്നത പണ്ഡിതസഭയുടെ അമരത്തായിരുന്നു. കേരളത്തിന്റെ മണ്ണിൽ നിന്ന് ആഗോള ഇസ്ലാമിക ലോകത്തേക്കുള്ള ഒരു വിസ്മയകരമായ വിജ്ഞാനയാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഇന്ത്യക്കകത്തും പുറത്തും നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച ആലിക്കുട്ടി ഉസ്താദിനെ ആഗോള പണ്ഡിതലോകം ആദരവോടെയാണ് സ്വീകരിച്ചത്. മുസ്ലിം വേൾഡ് ലീഗിന്റെ ഇസ്‌ലാമിക ഫിഖ്ഹ് കൗൺസിലിലെ അംഗത്വം ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പദവികൾ അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിലെ ഇഫ്ലു സർവകലാശാലയുടെ സിലബസ് രൂപീകരണ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.

2008-ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമത്തിലും, 2011-ൽ ലിബിയയിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും, തുടർന്ന് സെനഗലിൽ നടന്ന സൂഫി സമ്മേളനങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകൾ ശ്രദ്ധേയമായി.

പാണക്കാട് കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്നത് ഔപചാരികതകൾക്കപ്പുറമുള്ള ഹൃദയബന്ധമായിരുന്നു. സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി പുതിയ തലമുറയോടുപോലും അദ്ദേഹം പുലർത്തിയ വിനയാന്വിതമായ പെരുമാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തോടും ചന്ദ്രികയോടും അദ്ദേഹം അവസാന നാളുകൾവരെ അഭേദ്യമായ ആത്മബന്ധം പുലർത്തി.

"പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാകുന്നു" എന്ന പ്രവാചകവചനം അന്വർത്ഥമാക്കുന്നതാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗം. ചുറ്റും ഇരുട്ട് പടരുന്ന കാലത്ത് കൂടുതൽ വെളിച്ചം ആവശ്യമായിരിക്കെയാണ് ആ വിളക്കണഞ്ഞത്.
Previous Post Next Post
3/TECH/col-right