പൂനൂർ: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശി ഷിജുവിനായുള്ള (47) തിരച്ചിൽ ഊർജിതമായി തുടരുന്നു. താമരശ്ശേരിയിൽ നിന്നും ഇന്നലെ വാർക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റു രണ്ട് തൊഴിലാളികൾക്കൊപ്പം മടങ്ങുന്നതിനിടയിലാണ് അപകടം.
പൂനൂർ പുഴയുടെ അരികിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് ടയർ നന്നാക്കിയ ശേഷം മൂവരും പുഴയിൽ കുളിക്കാനിറങ്ങി. ഇതിനിടയിലാണ് ഷിജു ശക്തമായ ഒഴുക്കിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ഇന്നലെ രാത്രി വൈകുന്നതുവരെ ഫയർഫോഴ്സും, സിവിൽ ഡിഫൻസ് അംഗങ്ങളും, HCF ഡിസാസ്റ്റർ മാനേജ്മെന്റ് ടീമംഗങ്ങളും, നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥയും, ശക്തമായ അടിയൊഴുക്കും കാരണം രാത്രിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ 6 മണി മുതൽ പ്രദേശത്ത് തിരച്ചിൽ വീണ്ടും പുനരാരംഭിച്ചു. ഫയർഫോഴ്‌സ് പുഴയിൽ ഡിങ്കിബോട്ട് ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതോടൊപ്പം, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
കോഴിക്കോട് എം.പി.രാഘവൻ, കൊടുവള്ളി എം.എൽ.എ. പി. കെ. ഫിറോസ്, ബാലുശ്ശേരി എം.എൽ.എ സൂരജ്, താമരശ്ശേരി താലൂക്ക് തഹസിൽദാർ, ഉണ്ണികുളം, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സ്ഥലത്തെത്തി തിരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
പുഴലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകളും, മറ്റു കാടുകളും രക്ഷാ പ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. ഇന്നത്തെ തിരിച്ചിലിൽ ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ മുതൽ ഓരോ 100 മീറ്റർ വെച്ച് ടീമുകളെ ഇറക്കി കാടുകൾ തെളിച്ചു പരിശോധന നടത്തുമെന്ന് ഫയർഫോർസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:
POONOOR