Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 6, തിങ്കള്‍ 
1201 | മിഥുനം 22, പൂരോരുട്ടാതി

◾ നേതൃസ്ഥാനത്തിരുന്ന് സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദന് പാര്‍ട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അയാള്‍ക്കു നാണമില്ലേയെന്നും ജി. സുധാകരന്‍ എംഎല്‍എ. എം.വി. ഗോവിന്ദന്‍ കമ്യൂണിസ്റ്റല്ല, വെറും അധികപ്പറ്റാണ്. കസേരയിലിരുന്ന് ആളാകാതെ വായടക്കുന്നതാണ് നല്ലത്. സുധാകരന്‍ പറഞ്ഞു.

◾  സംസ്ഥാനത്തെ പൊലീസ് സേനയില്‍ അടിമുടി മാറ്റത്തിനു കളമൊരുങ്ങുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ മുകള്‍ത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്ന നിലവിലെ ഘടനയില്‍ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന്  ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.

◾  പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ് പി അന്വേഷിക്കും. പരീക്ഷ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ് പിക്ക് കൈമാറിയത്.

◾  നിയമസഭയ്ക്കുള്ളില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഊരാളുങ്കലിന്റേതടക്കം ക്രമവിരുദ്ധമായ കരാറുകള്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റദ്ദാക്കി.



◾  സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു. 3,59,890 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകള്‍  ഒഴിഞ്ഞുകിടക്കുന്നുണ്ട്.

◾  പിഎം ശ്രീ വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. യുഡിഎഫുമായി ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ട് ഉടനേ സര്‍ക്കാരിന് സമര്‍പ്പിക്കും. മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് അന്തിമ തീരുമാനമെടുക്കുക. കേന്ദ്രത്തിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന ഏകപക്ഷീയമായ കരാറിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ചതെന്ന് മന്ത്രി വിമര്‍ശിച്ചു.

◾  കേരള സര്‍വ്വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറില്‍ തന്നെ ഉത്തരവും അച്ചടിച്ചുവന്നു. ഇന്നു നടന്ന ബിഎസ്സി രണ്ടാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് പിഴവ്. അഞ്ചാം ചോദ്യത്തിനൊപ്പം ആണ് ഉത്തരവും പ്രിന്റ് ചെയ്തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

◾  മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി അംഗീകരിച്ചു.

◾  സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകല്‍ സമയത്ത് ഒരു യൂണിറ്റ് വൈദ്യുതിക്ക് ഒരു പൈസയാണ് വില. എന്നാല്‍ രാത്രി 10 രൂപ കൊടുത്താല്‍ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടാനില്ല. അതിനാല്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.



◾  മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പിച്ചത്.

◾  തൃശൂര്‍ അമല ആശുപത്രിയില്‍ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് സമരം ഒത്തുതീര്‍പ്പാക്കിയെന്ന് വ്യാജപ്രചാരണം നടത്തുന്നതായി അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍.

◾  കൂട്ടത്തോടെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ ഇന്നും ഡോറാ ഹെല്‍ത്തില്‍ ജോലിക്ക് എത്തിയെങ്കിലും അകത്തേക്കു പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ മാനേജുമെന്റ്. കൂട്ടപ്പിരിച്ചുവിടല്‍ വിവാദമായതോടെ പത്താം തീയതിവരെ മരവിപ്പിക്കാമെന്ന ധാരണ ലംഘിച്ചുകൊണ്ടാണു മാനേജുമെന്റ് ജീവനക്കാര്‍ക്കു പ്രവേശനം നിഷേധിച്ചത്.

◾  സൈക്കിളില്‍ റോഡ് മുറിച്ച് കടക്കവേ ആംബുലന്‍സ് ഇടിച്ചു മസ്തിഷ്‌ക മരണം സംഭവിച്ച ഏഴ് വയസുകാരന്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കും. തിരുനെല്‍വേലി സ്വദേശിയായ ഏഴുവയസുകാരന്‍ യാഷ്വാനാണ് സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നത്.

◾  വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു. വടക്കാഞ്ചേരിക്കടുത്ത പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് എന്ന ഇരുപത്തിരണ്ടുകാരിയാണു മരിച്ചത്. വേലൂരില്‍ നിന്ന് സഹോദരിയുടെ വീട്ടില്‍ പോയി തൃശൂരിലേക്ക് വരുന്നതിനിടെ പൂങ്കുന്നം ജഗ്ഷനിലാണ് അപകടമുണ്ടായത്. അമ്മ ശാന്തിയെ പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര സ്വദേശിയായ മനു എന്ന 22 കാരനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മക്കളും അടക്കം നാലു പേര്‍ പിടിയില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മനുവിന്റെ അയല്‍വാസികളായ ബിജു, ബിജുവിന്റെ മക്കളായ അമ്പാടി, മിഥുന്‍, 17 വയസുകാരനായ മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്.

◾  വിഴിഞ്ഞം സ്വര്‍ണ പണയ തട്ടിപ്പ് കേസില്‍ ആത്മഹത്യക്കു ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

◾  പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വീട്ടുതടങ്കലില്‍. ബാരൂയിപൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതു തടയാനാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നതെന്ന് മമത. ബിജെപി പ്രവര്‍ത്തകന്‍ പ്രതിയായ കേസ് ബംഗാളില്‍ വലിയ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുകയാണ്.

◾  ഹിന്ദുക്കളായ രണ്ടുപേരെ ഉള്‍പെടുത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചു. 2025 ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാരിന്റെ നടപടി. ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി.

◾  ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി ബജ്രംഗ്ലാല്‍ ബാഗ്ഡയെ തെരഞ്ഞെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ ദേശീയ അന്തര്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബാഗ്ഡ. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാഗ്ഡയുടെയും നിലവിലെ അംഗം കൃഷ്ണമോഹന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയുടെ പേരും ട്രസ്റ്റംഗമായി പരിഗണനയിലുണ്ട്. ചമ്പത് റായ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചിരിക്കേ, ഇന്നു നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.

◾  അയോധ്യയിലെ രാമക്ഷേത്രത്തില്‍ തട്ടിപ്പിനു പിറകേ, സംഭാവനയായി ലഭിച്ച 900 കിലോ വെള്ളി ഗുണമേന്മ പരിശോധിക്കാനെന്ന പേരില്‍ 21 ലക്ഷം രൂപ ചെലവിട്ട് ഹൈദരബാദിലേക്ക് അയച്ചെന്നു റിപ്പോര്‍ട്ട്. ഹൈദരാബാദിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് പരിശോധനയ്ക്കായി അയച്ചെന്നാണ് ട്രസ്റ്റ് പറയുന്നത്.

◾  മുംബൈയില്‍ കനത്ത മഴയെത്തതുടര്‍ന്ന് മാന്‍ഖുര്‍ദ് പ്രദേശത്ത് കെട്ടിടം തകര്‍ന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ മാന്‍ഖുര്‍ദിലെ ജനതാ നഗറിലുളള മൂന്നുനില വാടക കെട്ടിടമാണ് തകര്‍ന്നത്.

◾  പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.

◾  ഇറാന്‍ കനത്ത സുരക്ഷയില്‍. ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. വ്യോമാതിര്‍ത്തി ഇന്ന് പൂര്‍ണമായും അടച്ചിടും.

◾  യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി റഷ്യ. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. തുര്‍ക്കിയില്‍ നിര്‍ണായകമായ നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.

◾  ഇസ്രായേലിന് ഇന്ത്യയില്‍നിന്ന് വലിയ പിന്തുണയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷി യുഎസ് മാത്രമാണെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.

◾  ആതിഥേയരായ മെക്‌സിക്കോയെ രണ്ടിനെതിരേ മൂന്നു ഗോളിനു മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളും ഹാരി കെയ്‌നിന്റെ ഒരു ഗോളുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ജൂലിയന്‍ ക്വിനോനസ്, റൗള്‍ ജിമിനെസ് എന്നിവരാണ് മെക്‌സിക്കോയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിലൊന്നാകെ ആറ് മഞ്ഞ കാര്‍ഡുകളും ഒരു ചുവപ്പ് കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.

◾  ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിറകേയാണ് 34 കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്. 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

◾  ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗന്റെ സസ്‌പെന്‍ഷന്‍ ഫിഫ നീക്കി. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ നീക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

◾  രാജ്യത്തുടനീളമുള്ള 30.91 ലക്ഷം പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു. 2025 മാര്‍ച്ച് 31 ന് 31.83 ലക്ഷത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷം 30.91 ലക്ഷമായി, ക്ലെയിം ചെയ്യാത്ത തുക 851 കോടി കുറഞ്ഞ് 10,181 കോടിയില്‍ നിന്ന് 9,330 കോടിയായി. ഈ ഇടിവ് ഉണ്ടായിരുന്നിട്ടും, ഏകദേശം 31 ലക്ഷം നിഷ്‌ക്രിയ അക്കൗണ്ടുകളും ആയിരക്കണക്കിന് കോടി തൊഴിലാളികളുടെ വിരമിക്കല്‍ സമ്പാദ്യവും ഇപ്പോഴും ക്ലെയിം കാത്തിരിക്കുന്നു. 2016 ല്‍ ആരംഭിച്ച ഉഡാന്‍ റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിനായി കേന്ദ്രം ചെലവഴിച്ച 10,169 കോടി രൂപയ്ക്ക് തുല്യമാണ് ഇപിഎഫ് അക്കൗണ്ടുകളില്‍ കിടക്കുന്ന 9,330 കോടി രൂപ. നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണെങ്കിലും, തൊഴിലാളികള്‍ അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലേക്ക് സംഭാവന ചെയ്യുന്നത് നിര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ ആയിരക്കണക്കിന് കോടി രൂപ അവകാശപ്പെടാതെ തുടരുന്നു.

◾  രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെകിന് 10,850 കോടി രൂപ (1.14 ബില്യണ്‍ ഡോളര്‍) യുടെ കരാര്‍ ലഭിച്ചു. എ.ഐ മാതൃകകള്‍ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സാധ്യതകള്‍ നവീകരിക്കുന്നതിനുമാണ് യൂറോപ്യന്‍ കമ്പനിയുമായി പങ്കാളിത്തം. ഈ വര്‍ഷം ഇന്ത്യയിലെ ഒരു ടെക് കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. 2026 ജൂലൈ മുതല്‍ 2031 ഡിസംബര്‍ വരെ അഞ്ച് വര്‍ഷമാണ് കാലയളവ്. അതിനുശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ വ്യവസ്ഥയുണ്ട്. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 50 പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയുമായാണ് പങ്കാളിത്തം. സുരക്ഷാ കാരണങ്ങളാല്‍ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ 500 കോര്‍പ്പറേഷനുകളുടെ വാര്‍ഷിക റാങ്കിംഗായ 'ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500'-ലെ ആദ്യ 50 സ്ഥാനങ്ങളില്‍ വരുന്നതാണ് ഈ കമ്പനി. 2024-ലെ കണക്കനുസരിച്ച്, ഈ പട്ടികയിലെ കമ്പനികള്‍ മൊത്തം 41.7 ലക്ഷം കോടി ഡോളര്‍ വരുമാനം നേടിയിട്ടുണ്ട്. ലോക ജിഡിപിയുടെ മൂന്നിലൊന്നിലധികം വരും ഇത്.

◾  കേരളാ ടാക്കീസിന്റെ ബാനറില്‍ എം എ നിഷാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ലര്‍ക്ക്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത 'ലര്‍ക്ക് ' അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിട്ടുണ്ട്. ആര്‍ ഹരികുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി, പ്രശാന്ത് അലക്സാണ്ടര്‍, എം എ നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍, സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, അനുമോള്‍, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കര്‍, ബിന്ദു പ്രദീപ്, നീതാ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം -ജുബിന്‍ ജേക്കബ്.

◾  ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കില്‍ ജി ഡി നായിഡുവായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മാധവന്‍. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജിഡിഎന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്.  തമിഴില്‍ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് റിലീസ് ചെയ്യുക.

◾  മലയാള സിനിമയിലെ തിരക്കേറിയ യുവ സംഗീത സംവിധായകരില്‍ ഒരാളാണ് വിഷ്ണു വിജയ്. 'ഗപ്പി' എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ അദ്ദേഹം പിന്നീടും സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കി. ഇപ്പോള്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു എക്സ്5 ആണ് വിഷ്ണു ഗാരിജിലേക്കെത്തിച്ചത്. കാറിനുള്ളിലെ ഏറ്റവും വലിയ ആകര്‍ഷണം ബിഎംഡബ്ല്യുവിന്റെ കര്‍വ്ഡ് ഡിസ്‌പ്ലേയാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ബിഎംഡബ്ല്യു എക്സ് 5 നിരത്തുകളില്‍ എത്തുന്നത്. 3.0 ലീറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇത് 281 ബിഎച്ച്പി പവറും 650 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിലും 3.0 ലീറ്റര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 375 ബിഎച്ച്പി പവറും 520 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.

◾  മകനെ രാജാ... നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ... വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ...' അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകള്‍. കഥയുടെ ചെറുവിരല്‍ത്തുമ്പില്‍ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മള്‍ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആര്‍ദ്രമായ ഒരു ഓര്‍മക്കാലത്തിന്റെ ചെമ്മണ്‍പാതകള്‍. 'അത്രേടം'. ഡോ. ലീനാപാര്‍വതി. എച്ച് ആന്‍ഡ് സി ബുക്സ്. വില 133 രൂപ.

◾  ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതല്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12. ശരീരത്തിന് ഇവ സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിന്‍ ബി 12 ലഭ്യമാകൂ. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വിറ്റാമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. വിറ്റാമിന്‍ ബി12 കുറയുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുകയും ഓക്സിജന്‍ ഗതാഗതം പരിമിതമാവുകയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു. ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന നാഡികളുടെ കേടുപാടുകള്‍ കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടാന്‍ കാരണമാകും. കാര്യങ്ങള്‍ മറക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുക, ചിന്തകളില്‍ ആശയക്കുഴപ്പം അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇതിന്റെ അഭാവവത്തിലുണ്ടാകാം. വിളര്‍ച്ച പലപ്പോഴും ചര്‍മത്തെ വിളറിയതോ ചെറുതായി മഞ്ഞനിറമുള്ളതോ ആയി കാണപ്പെടും. നാവിന്റെ വീക്കം, വേദനാജനകമായ വായ് വ്രണങ്ങള്‍ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ വിറ്റാമിന്‍ ബി12 ന്റെ കുറവ് ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ച മങ്ങാന്‍ ഉണ്ടാക്കുകയും ചെയ്യും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ശ്വാസതടസം, ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യും. ബി12ന്റെ അഭാവം പരിഹരിക്കാതെ തുടരുന്നത് തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.43, പൗണ്ട് - 127.20, യൂറോ - 108.97, സ്വിസ് ഫ്രാങ്ക് - 118.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.10, ബഹറിന്‍ ദിനാര്‍ - 253.14, കുവൈത്ത് ദിനാര്‍ -307.38, ഒമാനി റിയാല്‍ - 248.21, സൗദി റിയാല്‍ - 25.39, യു.എ.ഇ ദിര്‍ഹം - 25.97, ഖത്തര്‍ റിയാല്‍ - 26.08, കനേഡിയന്‍ ഡോളര്‍ - 67.12.
Previous Post Next Post
3/TECH/col-right