Trending

പ്രഭാത വാർത്തകൾ.

2026  ജൂലൈ 17, വെള്ളി 
1201  കര്‍ക്കടകം 1, മകം
1448  സ്വഫർ 02

◾  മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥികളുമായി പോയ രണ്ടു ബോട്ടുകള്‍ മുങ്ങി അഞ്ഞൂറിലധികം പേര്‍ മരിച്ചു. രോഹിംഗ്യന്‍ അഭയാര്‍ഥികളാണു മരിച്ചത്. ഒരു മാസം മുമ്പുണ്ടായ ദുരന്തം ഇപ്പോഴാണ് ലോകം അറിയുന്നത്. മ്യാന്‍മറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭ  സ്ഥിരീകരിച്ചു. മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കു മാത്രമല്ല, ഇന്ത്യയിലേക്കും രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറാറുണ്ട്.

◾  സിബിഎസ്ഇ ത്രിഭാഷ പഠനത്തില്‍ ഇടപെട്ട് സുപ്രീംകോടതി. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പതാം ക്ലാസില്‍ പുതിയൊരു ഭാഷ കൂടി നിര്‍ബന്ധമാക്കുന്നത് അധിക മാനസിക സമ്മര്‍ദം സൃഷ്ടിക്കുമെന്നു ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ആറാം ക്ലാസ് മുതല്‍ പഠനം നടത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.

◾  നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. പഞ്ചാബില്‍ നിന്നുള്ള ആര്യന്‍ ഗുപ്ത, ഹരിയാനയില്‍ നിന്നുള്ള പന്‍ഷുല്‍ ബെന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്ക് നേടി ടോപ് സ്‌കോറര്‍മാരായി. യോഗ്യത നേടിയതില്‍ 58 ശതമാനവും പെണ്‍കുട്ടികള്‍ ആണ്.



◾  ആലപ്പുഴയില്‍ പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അട്ടിമറിച്ചതില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എസ്ഐടി തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ തെളിവുകളും കൈമാറി. കഴിഞ്ഞ 23 ന് ആദ്യം നല്‍കിയ എസ്ഐടി റിപ്പോര്‍ട്ട് കൂടുതല്‍ വ്യക്തത വേണമെന്ന നിര്‍ദേശത്തോടെ ഡിജിപി മടക്കിയിരുന്നു. ഡിജിപി ആരാഞ്ഞ അഞ്ചു സംശയങ്ങളിലും വ്യക്തത വരുത്തിയാണു പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് വിവരം.

◾  ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എന്‍. പ്രശാന്തിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. പുറമെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നീ അധിക ചുമതലകളും എന്‍. പ്രശാന്തിന് നല്‍കി. കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്‌കില്‍സ് എക്‌സലന്‍സ് അക്കാഡമി എംഡിയാക്കി.  സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണന്‍ ആയിരിക്കും പുതിയ വാട്ടര്‍ അതോറിറ്റി എംഡി. എസ്. സുഹാസ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയാകും.  

◾  സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഉപഭോഗം കൂടിയതും പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യമായതിനെക്കാള്‍ 400 മുതല്‍ 500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം.

◾  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി വരെ കൂടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

◾  തട്ടിപ്പു കേസ് പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കരയിലാണ് നടരാജ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി സനോജിനെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായത്. നെയ്യാറ്റിന്‍കര എസ്.ഐ അക്ഷയ് കുമാര്‍, സി.പി.ഒമാരായ ആന്റണി മിറാണ്ട, നിതിന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.



◾  പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും പരാതി നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയശേഷവും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

◾  ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ അരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വീട്ടുടുമയായിരുന്ന സ്ത്രീയുടെ മകന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബന്ധമില്ലാത്ത ആള്‍ അനധികൃതമായി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തു എന്ന പരാതിയിലാണു കോടതിയുടെ ഇടപെടല്‍. ആഭ്യന്തര വകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂര്‍ എസ്എച്ച്ഒ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. .

◾  കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. നെടുമ്പാശ്ശേരി, കാലടി, ആലുവ ഈസ്റ്റ്, ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം, കൊലപാതക ശ്രമം, മോഷണം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.

◾  ചാലിയാറില്‍ വിഷം കലക്കി മീന്‍ പിടിക്കുന്ന നാലംഗ സംഘം പിടിയില്‍. പ്രതികളെ നാട്ടുകാര്‍ പിടികൂടി ഫറോക്ക് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.. മലപ്പുറം മുതുവല്ലൂര്‍ സ്വദേശി മുര്‍ഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശികളായ ഹംസ, അബ്ദുല്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്.

◾  വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കുവൈറ്റ് പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ ആദ്യത്തെ 15 വര്‍ഷത്തെ 'ഗോള്‍ഡന്‍ റെസിഡന്‍സി' ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എംഎ യൂസഫലിക്ക് ലഭിച്ചു. ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് യൂസഫ് അലിക്ക് റെസിഡന്‍സി രേഖകള്‍ കൈമാറിയത്.

◾  ഗള്‍ഫിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്നലെ രാത്രിയിലെ യാത്ര ഇന്നത്തേക്കു മാറ്റി. രാത്രി 10 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈന്‍ വിമാനം ഇന്നു രാവിലെ എട്ടിന് കൊച്ചിയില്‍ നിന്ന് പുറപ്പെടും.

◾  മന്ത്രിമാര്‍ പാര്‍ട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കിടെ മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ച യോഗം ചര്‍ച്ച ചെയ്യും.

◾  വടക്കാഞ്ചേരി പൊലീസിന്റെ വാഹനം പിടികൂടി പിഴയിട്ട എംവിഐ വി ബിജുവിനെ അറസ്റ്റുചെയ്തു വിട്ടയച്ചു. ഒളിവിലായിരുന്ന എംവിഐ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായത്. ഇന്‍ഷുറന്‍സുള്ള പൊലീസ് വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് ആരോപിച്ചു പിഴയിട്ടതിന് പിറകേ പൊലീസ് ബിജുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

◾  മുഖ്യമന്ത്രി വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തന്‍വേലിക്കര സ്വദേശി രാജുവിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി എസ് അനിക്കുട്ടന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

◾  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങി കിഴക്കേക്കോട്ട വരെയാണ് പ്രകടനം സംഘടിപ്പിച്ചത്.

◾  പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു. അര്‍ഹരായവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍ സപ്ലൈസ് വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

◾  കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ആര്‍ അനൂപ്. എന്നാല്‍, പാര്‍ട്ടിയുടെ മുഖമായിരുന്ന് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നവര്‍ ആരുടെ വക്താക്കള്‍ ആണെന്ന് സ്വയം ചിന്തിക്കണമെന്ന് രാജു പി നായര്‍ തിരിച്ചടിച്ചു.

◾  കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിയുടെ ആദ്യഘട്ടം മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര നല്‍കുന്ന പദ്ധതിയിലൂടെ ഒരു മാസം കൊണ്ട് 3.81 കോടി യാത്രകള്‍ നടന്നു. ഇതോടെ ഓര്‍ഡിനറി ബസുകളിലെ ആകെ യാത്രക്കാരില്‍ 66 ശതമാനവും സ്ത്രീകളായി മാറി.

◾  കെപിസിസി പ്രസിഡന്റാകാന്‍ താന്‍ യോഗ്യനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. തന്നെക്കാള്‍ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതില്‍ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാനദണ്ഡമാകരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

◾  മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വര്‍ഷത്തിനുശേഷം പിടികൂടി. പുളിക്കീഴ് ചാത്തങ്കേരി എന്ന സ്ഥലത്തെ ജെയിംസ് ചാക്കോ (48) യെ ആണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.

◾  കോഴിക്കോട്-മംഗലാപുരം ട്രെയിനില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായി. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്.

◾  രജിസ്റ്റര്‍ ചെയ്ത് ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും അനുയോജ്യമായ വിവാഹാലോചനകള്‍ കണ്ടെത്താനായില്ലെന്ന് ആരോപിച്ച് മാട്രിമോണിയല്‍ സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്സിംഗ് കോളേജ് പ്രൊഫസര്‍. സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ കോടതി. കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയാണ് മാട്രിമോണി സ്ഥാപനത്തിന് 8000 രൂപ പിഴയിട്ടത്.

◾  ബോളിവുഡ് താരം ആമിര്‍ ഖാനെതിരേ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വര്‍ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിര്‍ ഖാനെ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഈയിടെ ഗൗരി സ്പ്രാറ്റുമായുള്ള ആമിര്‍ ഖാന്റെ മൂന്നാം വിവാഹത്തിനു പിറകേ, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലവ് ജിഹാദ് ആരോപിച്ചിരുന്നു.

◾  തൃണമൂല്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജി പക്ഷത്തെ ഒരു രാജ്യസഭാ എംപി കൂടി രാജിവച്ചു. എംപി കോയല്‍ മല്ലിക്കാണ് രാജിക്കത്ത് രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിച്ചത്. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാര്‍ രാജിവച്ചിരുന്നു.

◾  ഒഡിഷയിലെ പുരിയില്‍ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ക്കു പരിക്ക്. നൂറിലേറെ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതമായ ജനത്തിരക്ക് കാരണം നിരവധി ഭക്തര്‍ക്ക് ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.

◾  എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ നാല്‍പത്തിയഞ്ച് ദിവസത്തിനകം മാനസിക പ്രയാസമുണ്ടാക്കിയതിനടക്കം 21 ലക്ഷത്തി അറുപതിനായിപരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

◾  രാജ്യത്തെ ആദ്യത്തെ തദ്ദേശ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഹരിത ഊര്‍ജ്ജ രംഗത്ത് ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാന ചുവടുവയ്പായാണ് ഇതിനെ കാണുന്നത്.

◾  ബെംഗളൂരുവിനെ നടുക്കി വീണ്ടും പ്രണയപ്പകയില്‍ കൊലപാതകം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച നിയമ വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിന്റെ സഹോദരന്‍ കുത്തിക്കൊന്നു. സംഭവത്തില്‍ കൊടിഹള്ളി സ്വദേശി സൂര്യ, സഹോദരന്‍ ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

◾  ഡ്രസിംഗ് റൂമില്‍വച്ച് അപമാനിച്ചെന്ന കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് എഴുത്തുകാരിയായ ഇ. ജീന്‍ കരോളിന് നഷ്ടപരിഹാരമായി 54 കോടി 24 ലക്ഷം രൂപ (56 ലക്ഷം ഡോളര്‍) നല്‍കിയെന്ന് റിപ്പോര്‍ട്ട്. 1996 ല്‍ ലൈംഗികാതിക്രമവും അപകീര്‍ത്തിപ്പെടുത്തലും നടത്തിയെന്ന കേസില്‍ സിവില്‍ കോടതി 2023 -ല്‍ കരോളിന് 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പലിശ സഹിതം ഇത്രയും തുകയായി വര്‍ധിച്ചത്.

◾  അമേരിക്കയില്‍ വിസ നിയന്ത്രണം കര്‍ശനമാക്കി. വിദേശ വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസകളുടെ കാലാവധി നാല് വര്‍ഷമാക്കി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വന്‍ തിരിച്ചടിയാണ് ഈ തീരുമാനം. നിലവില്‍ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഠനം ആവശ്യമായ പി.എച്ച്.ഡി. ഗവേഷണം, മെഡിക്കല്‍ റെസിഡന്‍സി ചെയ്യുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് കാലാവധി നീട്ടാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

◾  അമേരിക്കയിലെ ഫ്ളോറിഡയിലെ പെന്‍സക്കോള ബീച്ചില്‍ ജനക്കൂട്ടത്തിന് തൊട്ടുമുകളിലൂടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനം പ്രോട്ടോക്കോള്‍ ലംഘിച്ച് താഴ്ന്നു പറന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. വിമാനം പറന്നുപോയപ്പോഴുണ്ടായ അതിശക്തമായ കാറ്റില്‍ ബീച്ചിലുണ്ടായിരുന്ന കൂടാരങ്ങളും വലിയ കുടകളും കസേരകളും  പറന്നുപോയി.

◾  അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്ത് കൊട്ടാരസമാനമായ വീടിനു വളര്‍ത്തു നായ തീയിട്ടു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് നായ അബദ്ധത്തില്‍ ടോസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചു. അതില്‍നിന്ന് ഉയര്‍ന്ന തീ വീടു ചാമ്പലാക്കുകയും വീട്ടിലെ മറ്റ് മൂന്ന് വളര്‍ത്തു മൃഗങ്ങള്‍ വെന്തു മരിക്കുകയും ചെയ്തു. വീടിന് രണ്ടു ലക്ഷം ഡോളര്‍ നാശനഷ്ടമുണ്ടായി. സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് പിന്നില്‍ വളര്‍ത്തുനായയാണെന്ന് വ്യക്തമായത്.

◾  ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലി 65 റണ്‍സും ശ്രേയസ് അയ്യര്‍ 66 റണ്‍സും നേടി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മധ്യനിരയിലെ തകര്‍ച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 44.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 99 റണ്‍സ് നേടിയ ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലണ്ടനിലെ ലോര്‍ഡ്സില്‍ ഞായറാഴ്ച നടക്കും.

◾  ലോകകപ്പില്‍ ഗോളുകളുടെ എണ്ണത്തില്‍ കിലിയന്‍ എംബാപ്പെയ്ക്ക് ഒപ്പമാണെങ്കിലും ലിയോണല്‍ മെസി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ട് അസിസ്റ്റുകളാണ് മെസിക്ക് തുണയായത്.

◾  കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയര്‍ ഇന്ത്യ. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ജൂണില്‍ ട്രാക്ക് ചെയ്ത 15,135 സര്‍വീസുകളില്‍ 86.85 ശതമാനം സര്‍വീസുകളും സമയത്ത് തന്നെ ലാന്‍ഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയര്‍ ഇന്ത്യയുടെ കമ്പ്ളീഷന്‍ ഫാക്ടര്‍ (നിശ്ചയിച്ച സര്‍വീസുകളില്‍ സമയക്രമപ്രകാരം പൂര്‍ത്തിയാക്കിയവ). ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 600 പുതിയ എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങളാണ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയത്. 2026-ല്‍ കൂടുതല്‍ ബോയിങ് 787-9 വിമാനങ്ങളും എയര്‍ബസ് എ350-1000 വിമാനങ്ങളും ഫ്ളീറ്റിന്റെ ഭാഗമാകും.

◾  ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളുടെ മേധാവികള്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. എഐ സാങ്കേതികവിദ്യ മൂലം ജോലി നഷ്ടപ്പെടുമെന്ന ഭീതിയും, ഈ സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അമര്‍ഷവുമാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. സാം ആള്‍ട്ട്മാന്‍, ആന്ത്രോപിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അടുത്തിടെ വധശ്രമങ്ങളും ഭീഷണികളും ഉണ്ടായി. എഐ എക്സിക്യൂട്ടീവുകള്‍ക്കും ഡാറ്റാ സെന്ററുകള്‍ക്കും നേരെയുള്ള ഓണ്‍ലൈന്‍ ഭീഷണികള്‍ ഏഴിരട്ടിയായി വര്‍ദ്ധിച്ചു. 55 ശതമാനം അമേരിക്കക്കാരും എഐ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നവരാണ്. ഈ സാഹചര്യം നേരിടാന്‍ കമ്പനികള്‍ തങ്ങളുടെ സുരക്ഷാ ബഡ്ജറ്റ് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ഒറാക്കിള്‍ 5.6 മില്യണ്‍ ഡോളറും സെയില്‍സ്‌ഫോഴ്‌സ് 4 മില്യണ്‍ ഡോളറുമാണ് സുരക്ഷയ്ക്കായി ചെലവിടുന്നത്. പല കമ്പനികളും തങ്ങളുടെ ആശയവിനിമയ രീതികള്‍ പുനഃപരിശോധിക്കാനും എക്സിക്യൂട്ടീവുകള്‍ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാനും നിര്‍ബന്ധിതരായിരിക്കുകയാണ്.

◾  മലപ്പുറത്തിന്റെ ആവേശകരമായ സെവന്‍സ് ഫുട്ബോള്‍ സംസ്‌കാരത്തെ പശ്ചാത്തലമാക്കി വന്‍ ക്യാന്‍വാസില്‍ നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിസില്‍'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂര്‍ നിര്‍വഹിക്കുന്നു. ഷാദില്‍ നീനു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിര്‍മ്മിക്കുന്ന ഈ ആദ്യ ചിത്രത്തില്‍ കാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്‌കര്‍ അലി നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. എ ആര്‍ റഹ്‌മാന്റെ ശിഷ്യന്‍ കമല്‍ പ്രശാന്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പോര്‍ച്ചുഗല്‍ അവന്‍ക ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവായ വിനോദ് രവീന്ദ്രന്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്നു.

◾  തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 'ഫൗസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബര്‍ 3 ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിലെത്തും. ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. 'എ ബറ്റാലിയന്‍ ഹു ഫൈറ്റ്സ് എലോണ്‍' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. പ്രഭാസിന്റെ ഒരു മാസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. 1940-കളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മഹത്തായ ചരിത്രത്തില്‍ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാന്‍ പോകുന്നത്. 1932 മുതല്‍ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചന. ഇമാന്‍വി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

◾  ചെറു ഇലക്ട്രിക് എസ്യുവി സിറോസ് ഇവിയെ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ച് കിയ. കിയ ഇന്ത്യ വെബ്‌സൈറ്റ് വഴിയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും 25,000 രൂപ നല്‍കി വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. സൈറോസ് ഇവിക്ക് ലൈഫ് ടൈം ഹൈ വോള്‍ട്ടേജ് ബാറ്ററി വാറന്റിയാണ് കിയ നല്‍കുന്നത്. ഒപ്പം മികച്ച റീസെയില്‍ വാല്യൂ ഉറപ്പാക്കുന്ന 'അഷ്വേര്‍ഡ് ബൈബാക്ക്' പദ്ധതിയും, തുടക്കത്തിലെ ഉയര്‍ന്ന പണച്ചെലവ് കുറയ്ക്കുന്ന 'ബാറ്ററി-ആസ്-എ-സര്‍വീസ്'ഫിനാന്‍സിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് സൈറോസ് ഇവി ലഭ്യമാകുന്നത്. 51.4 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച 526 കി.മീറ്റര്‍ റേഞ്ച് നല്‍കുന്നു. 42 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ 443 കി.മീറ്റര്‍ റേഞ്ച് നല്‍കുന്നു. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 39 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. രണ്ട് ബാറ്ററി പാക്കുകളിലായി 7 ട്രിമ്മുകളില്‍ സൈറോസ് ഇവി ലഭ്യമാകും.

◾  ഇന്ത്യന്‍ പൊതുജീവിതത്തെയും രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ പുതിയ കണ്ണോടെ വായിക്കുന്ന ലേഖനസമാഹാരം. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ഭാവനയെ സ്വാധീനിച്ച നിരവധി വ്യക്തികളെ  പുനര്‍വായിക്കുകയാണിവിടെ. വ്യക്തിപൂജയുടെയോ രാഷ്ട്രീയപ്രചാരണത്തിന്റെയോ വഴിയല്ല ഗുഹയുടെ സഞ്ചാരം. ചരിത്രരേഖകള്‍, അനുഭവങ്ങള്‍, മറന്നുപോയ സംഭവങ്ങള്‍, ആശയസംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ത്ത് അദ്ദേഹം ആ മനുഷ്യരുടെ മഹത്ത്വവും പരിമിതികളും ഒരുപോലെ വെളിപ്പെടുത്തുകയാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, കര്‍ഷകപ്രസ്ഥാനങ്ങള്‍, ജാതിവിരുദ്ധരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനങ്ങളിലൂടെ സമകാലിക പ്രസക്തിയോടെ ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ ഇന്നലെയെ അറിഞ്ഞുകൊണ്ട് ഇന്നിനെ ചോദ്യം ചെയ്യാനും നാളെയെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ലേഖനസമാഹാരം. 'ഇന്ത്യയുടെ മനസ്സാക്ഷികള്‍'. രാമചന്ദ്ര ഗുഹ. മാതൃഭൂമി. വില 238 രൂപ.

◾  ചായ പ്രേമികള്‍ പലതരമുണ്ട്. ചിലര്‍ക്ക് ചായ ചൂടോടെ വേണം. മറ്റ് ചിലരാകട്ടെ, ചായ ആറി തണുത്ത ശേഷമായിരിക്കും കുടിക്കുക. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. ചായ തണുക്കുന്തോറും അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്‌ട്രോ ഇന്റസ്റ്റീനിയല്‍ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ. സാധാരണ താപനിലയില്‍ ചായ അധിക നേരം വയ്ക്കുന്നത് ഓക്സിഡേഷന്‍ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂര്‍ കഴിഞ്ഞ ചായ, പാമ്പിന്റെ വിഷത്തെക്കാള്‍ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം. പാല്‍ ചായ ആണെങ്കില്‍ പാല്‍ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാല്‍, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളില്‍ കുടിച്ചില്ലെങ്കില്‍ കളയണം. എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ ഫ്രിഡ്ജിനുള്ളില്‍ 40ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കില്‍ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാല്‍ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷന്‍, ഇരുമ്പ് ആഗീരണം കുറയ്ക്കല്‍, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു ഗുരു ശിഷ്യനോട് ചോദിച്ചു.  'ജീവിതത്തില്‍ ഏറ്റവും വലിയ പരാജയം എന്താണ്?'  ശിഷ്യന്‍ പല ഉത്തരങ്ങളും പറഞ്ഞു.  ധനം നഷ്ടപ്പെടുക, ജോലി നഷ്ടപ്പെടുക, ബന്ധങ്ങള്‍ തകരുക...   ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:  'അങ്ങനെയായിരുന്നെങ്കില്‍, രാമന്‍ ജീവിതത്തിലെ ഏറ്റവും വലിയ പരാജിതനാകുമായിരുന്നു.'   രാജാവാകേണ്ട ദിവസം...  കിരീടം തലയില്‍ ചൂടേണ്ട സമയം... ഒരു നിമിഷം കൊണ്ട് എല്ലാം മാറി.   സിംഹാസനം നഷ്ടപ്പെട്ടു.  കൊട്ടാരം വിട്ടിറങ്ങി. പതിനാലു വര്‍ഷം വനവാസം. പക്ഷേ രാമന്‍ ഒരു കാര്യം നഷ്ടപ്പെടുത്തിയില്ല...  സ്വന്തം സ്വഭാവം.  പരാതിപ്പെട്ടില്ല.  പ്രതികാരം തേടിയില്ല. വിധിയെ പഴിച്ചില്ല.  കാരണം, സാഹചര്യങ്ങള്‍ മനുഷ്യനെ മഹാനാക്കുന്നില്ല... അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് മനുഷ്യനെ മഹാനാക്കുന്നത്.   വനവാസം രാമന്റെ അവസാനമായിരുന്നില്ല... അതായിരുന്നു ലോകം 'മര്യാദാ പുരുഷോത്തമന്‍' എന്ന് വിളിക്കുന്ന മനുഷ്യന്റെ തുടക്കം.   ജീവിതത്തില്‍ ചിലപ്പോള്‍ നമുക്ക് അര്‍ഹിച്ചതൊന്നും ലഭിക്കാതെ പോകാം.  എന്നാല്‍ അത് നമ്മുടെ കഥയുടെ അവസാനമല്ല...  ദൈവം എഴുതുന്ന ഏറ്റവും മനോഹരമായ അധ്യായങ്ങള്‍ പലപ്പോഴും തുടങ്ങുന്നത്, നമ്മുടെ പദ്ധതികള്‍ അവസാനിക്കുന്നിടത്താണ്.  രാമായണമാസം മനസ്സിനെ ശുദ്ധീകരിക്കാനും ജീവിതത്തെ ശരിയായ വഴിയിലേക്ക് നയിക്കാനുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ.  - ശുഭദിനം.
Previous Post Next Post
3/TECH/col-right