2026 | ജൂലൈ 14, ചൊവ്വ
1201 | മിഥുനം 30, പുണര്‍തം
◾ ഇറാനിലെ ആറു നഗരങ്ങളില്‍ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത വ്യോമാക്രമണം. ഇറാന്റെ സൈനിക ശേഷി തകര്‍ത്തെന്നും പ്രമുഖ കമാന്‍ഡര്‍മാരെ വധിച്ചെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മുജ്തബ ഖമനേയി 90 ശതമാനവും ഇല്ലാതായെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂര്‍ണമായി തകര്‍ത്തെന്നാണ് ട്രംപിന്റെ അവകാശവാദം.
◾ ഹോര്‍മുസില്‍ യുഎഇ ടാങ്കറുകളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ. ഇറാന്‍ നയതന്ത്ര പ്രതിനിധി ഇറാന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.
◾ ഓണക്കിറ്റിനായി എഎവൈ വിഭാഗത്തിന് 53 കോടി രൂപയും, ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടി രൂപയും ഉള്‍പ്പെടെ 253 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
◾ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം ഭാഷയ്ക്ക് പ്രത്യേക പരീക്ഷ ഉണ്ടാകില്ല. എന്നാല്‍, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ഇന്റേണല്‍ അസസ്മെന്റില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചിരിക്കണം. 2026- 27 അധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണം. ഇതില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണം. 2027- 28 വര്‍ഷത്തില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുമ്പോള്‍ മൂന്നാം ഭാഷയ്ക്ക് ബോര്‍ഡ് പരീക്ഷ ഉണ്ടായിരിക്കില്ല. പകരം സ്‌കൂളുകള്‍ നടത്തുന്ന പരീക്ഷ പാസാകണം.
◾ ആലപ്പുഴയില്‍ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എസ്ഐടി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളില്‍ കുറച്ചുകൂടി വ്യക്തതവേണമെന്നു ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ഡിജിപി മടക്കി. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളില്‍ തുടരന്വേഷണം നടത്താനും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടി. എത്രയും വേഗം തുടരന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
◾ കാപ്പ കേസില്‍ തടവുപുള്ളിയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞയ്ക്കു മേയര്‍ വി വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ സത്യപ്രതിജ്ഞ നടന്നത്.
◾ വൈദ്യുതി തടസം ജനങ്ങളെ അറിയിക്കുന്നതിന് ഓരോ സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദ്ദേശിച്ചു. തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരയുടെ അന്തസ്സും കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
◾ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സംഘം ഇനിയും സ്ഥലത്തെത്തിയില്ല. സര്‍ക്കാര്‍ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞ സമയത്തിനകം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.
◾ ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തില്‍ എന്‍എസ്എസ് നേതൃത്വം. ബിജെപിയുമായി ഏറ്റുമുട്ടേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്‍എസ്എസ് ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്നും എന്‍എസ്എസ് നേതൃത്വം അറിയിച്ചു.
◾ വ്യാജരേഖ ചമച്ചുള്ള അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. ഡോ അലക്സാണ്ടര്‍, ഡോ ശ്രീജ പിള്ള എന്നിവരെയാണ് കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തി മൊഴി എടുത്തത്. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസിലെ മുഖ്യപ്രതി നജീബിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ആശുപത്രി എംഡി എസ് കെ അബ്ദുള്ള, കമ്പനി സെക്രട്ടറി മുരളീധര പൈ അടക്കമുള്ളവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
◾ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചതുമൂലം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ഉടമകള്‍. 500 ലധികം ബസുകള്‍ ഓട്ടം നിര്‍ത്തിയെന്നും ഓടുന്നവയില്‍ പകുതിയും മുഴുവന്‍ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോണ്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു.
◾ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ സിപിഐയുടെ പരസ്യ നിലപാടില്‍ നീരസം വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പുറത്ത് സംസാരിച്ചു തീര്‍ക്കേണ്ട വിഷയമല്ല. പരസ്പര കൂടിയാലോചനയോടെ ധാരണയില്‍ എത്തേണ്ടതാണ്. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ പയ്യന്നൂരില്‍ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ ആരോപണ വിധേയരായ രണ്ട് ഡോക്ടര്‍മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പയ്യന്നൂര്‍ ബേബി മെമോറിയല്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യനായ ഡോ. ആശ നിര്‍മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി അന്തര്‍ജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
◾ നിയമനം നടക്കാത്തതിനാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധാത്മകമായി മണ്ണു തിന്ന് എല്‍പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷമായിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിനെത്തിയത്. ഇടത് സര്‍ക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
◾ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കാപ്പ കേസിലെ പ്രതിയായ സുഗതനെ കൊണ്ടുവരുമ്പോള്‍ കയ്യില്‍ വിലങ്ങ് വച്ചിരുന്നില്ല. ബിനു ഐ പി അടക്കമുള്ള സിപിഎം നേതാക്കളെ കൊണ്ടുവരുമ്പോള്‍ കയ്യില്‍ വിലങ്ങു വച്ചെന്നും ജോയ് പറഞ്ഞു.
◾ മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കംമൂലുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു. മലപ്പുറം മുന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. കോഴിമുട്ട വാങ്ങാന്‍ എത്തിയ ലത്തീഫ് വാഹനത്തില്‍ കയറി പോകുന്നതിനിടയ്ക്ക് ഫൈസല്‍ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ ഫൈസല്‍ റോഡിലേക്ക് തലയിടിച്ച് വീണു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു.
◾ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ എം കെ റാം ആന്ധ്രാ പ്രദേശില്‍ ഒളിവില്‍ തുടരുന്നതെന്ന നിഗമനത്തില്‍ പൊലീസ്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന.
◾ പെരുമ്പാവൂരില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾ വര്‍ക്കല ക്ലിഫില്‍ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂര്‍ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തന്‍, ജെറിന്‍ എന്നിവരെ ടൂറിസം പൊലീസ് പിടികൂടി.
◾ സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന പ്രകാരം സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.
◾ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ രാമക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ് ഐ റ്റി. മറ്റു ട്രസ്റ്റ് ഭാരവാഹികളില്‍ നിന്നും വിവരങ്ങള്‍ തേടും. കൂടാതെ എസ് ഐ റ്റി സംഘം അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കുകയും നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
◾ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും, പുതിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചില്ല. സര്‍ക്കാര്‍ അടുത്ത നടപടികളെക്കുറിച്ച് വ്യക്തമാക്കാത്തതിനാല്‍ ആറു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ഇടതുപാര്‍ട്ടികള്‍. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും സിപിഎമ്മും സിപിഐയും ഒന്നിച്ച് മത്സരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു. നേരത്തെ, തമിഴക വെട്രി കഴകം ബുധനാഴ്ച വിളിച്ചുചേര്‍ത്ത സഖ്യകക്ഷികളുടെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐയും സിപിഎമ്മും തീരുമാനിച്ചിരുന്നു.
◾ ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന എന്‍ജിനീയര്‍മാരായ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ ഒപ്റ്റം എന്ന കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ഉത്തര്‍പ്രദേശ് സ്വദേശിനി ഇന്‍ഷാറ അയ്യൂബി(25) ഫ്ളാറ്റില്‍ കുത്തറ്റു കൊല്ലപ്പെട്ട നിലയിലും ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലികി(25) ന്റെ മൃതദേഹം റെയില്‍വേട്രാക്കിലുമാണ് കണ്ടെത്തിയത്.
◾ ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിള്‍ ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി. മനീഷ്(32) എന്ന പോലീസുകാരനാണ് സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് ഭാര്യ പ്രിയങ്ക ഭാട്ടി(34)യെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒളിവില്‍പോയ ഇയാള്‍ക്കായി ഹരിയാണയിലും സമീപപ്രദേശങ്ങളിലും തെരച്ചില്‍ തുടരുകയാണെന്നു പൊലീസ്.
◾ രേഖകളില്ലാതെ യുഎസ് പൗരന്‍ ഉത്തര്‍പ്രദേശിലെ നേപ്പാള്‍ അതിര്‍ത്തിയില്‍ അറസ്റ്റിലായി. യുഎസിലെ മുന്‍ സൈനികനാണെന്ന് അവകാശപ്പെടുന്ന ജോര്‍ദാന്‍ ബ്രൗണ്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ എസ്എസ്ബി തടഞ്ഞുവെയ്ക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
◾ ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടല്‍ വര്‍ധിച്ചതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധസമാന സാഹചര്യം. ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. തൊട്ടുപിന്നാലെ, ഒമാന്‍ തീരത്ത് ടാങ്കര്‍ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◾ ഫിഫ ലോകകപ്പില്‍ ഇന്നു രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സ്- സ്പെയിന്‍ പോരാട്ടം. നാളെ രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടും.
◾ അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ 12,000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി വിറ്റൊഴിഞ്ഞത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിനെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങി മുന്‍പ് പിന്തുണച്ചത് ജി ക്യു ജി പാര്‍ട്ണേഴ്സാണ്. അദാനി എന്റര്‍പ്രൈസസിന്റെ 1.64 കോടി ഓഹരികളും അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ 63.65 ലക്ഷം ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയിലെ 0.6 ശതമാനം ഓഹരികളുമാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് വിറ്റഴിച്ചത്. ഇതില്‍ വലിയൊരു പങ്ക് സ്വന്തമാക്കിയത് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഫണ്ടായ എസ് ബി ഐ മ്യൂച്വല്‍ ഫണ്ടാണ്. ജി ക്യു ജി വിറ്റ അതേ ശരാശരി വിലയ്ക്കാണ് എസ് ബി ഐ ഫണ്ട് ഓഹരികള്‍ വാങ്ങിയത്.
◾ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്‌സ്ആപ്പ് 'ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍' ഫീച്ചര്‍ കൊണ്ടുവരുന്നു. ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ കോണ്‍ടാക്റ്റ് ബുക്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് ആ വ്യക്തിക്ക് ജന്മദിനം ആശംസിക്കാം എന്ന സന്ദേശം വാട്സ്ആപ്പ് ഉപയോക്താക്കളെ അറിയിക്കും. ഇതിനായി ആപ്പില്‍ ഒരു പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും, അവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ എന്നിവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങളും അറിയാം. പ്രിയപ്പെട്ടയാള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുന്നതിനും സമ്മാനങ്ങള്‍ മുന്‍കൂട്ടി വാങ്ങുന്നതിനും ഫീച്ചര്‍ ഉപയോക്തക്കളെ സഹായിക്കും. ഉപയോക്താക്കള്‍ ഓരോ വ്യക്തിയുടെയും ജന്മദിനം വാട്സ്ആപ്പില്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യേണ്ടതില്ല. ഫോണിന്റെ നേറ്റീവ് കോണ്‍ടാക്റ്റ്, അഡ്രസ് ബുക്ക് എന്നിവ വായിക്കാനും സ്വന്തം കോണ്‍ടാക്റ്റ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാനും മെറ്റാ അനുമതി ചോദിക്കും.
◾ 'ടോം ക്രൂസിനെ നായകനാക്കി അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്യുന്ന കോമഡി സറ്റയര്‍ ചിത്രം 'ഡിഗര്‍' ട്രെയിലര്‍ എത്തി. ശ്വത കോടീശ്വരനായ ഡിഗര്‍ റോക്ക്വെല്‍ എന്ന എണ്‍പതുകാരനായി ടോം ക്രൂസ് ചിത്രത്തിലെത്തുന്നു. ജോണ്‍ ഗുഡ്മാന്‍, സാന്ദ്ര ഹുള്ളെര്‍, റോബര്‍ട്ട് ജോണ്‍, സോഫീ വൈല്‍ഡ്, ജെസി പ്ലെമണ്‍സ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഗണേഷ് എന്ന ഇന്ത്യക്കാരനായി റിസ് അഹമ്മദ് അഭിനയിക്കുന്നു. ഇതേ വേഷത്തിനു വേണ്ടി ഫഹദ് ഫാസിലിനെ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഓഡിഷന്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇമ്മാനുവല്‍ ലുബെസ്‌കിയാണ് ഛായാഗ്രഹണം. എഡിറ്റിങ് സ്റ്റീഫന്‍ മിറിയോണി. സംഗീതം കോസ്മോ ഷെല്‍ഡ്രേക്. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളിലെത്തും. വാര്‍ണര്‍ ബ്രദേഴ്സ് ആണ് വിതരണം.
◾ റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് ആണ് ചിത്രം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് എന്നും വാര്‍ത്തകളുണ്ട്. സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമയില്‍ മലയാളി താരം മമിത ബൈജു നായികയായി എത്തുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 14-നാണ്. സംവിധായകന്‍ തന്നെയാണ് രചനയും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
◾ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം 'ഗാട്ട കുസ്തി'2 ബോക്സോഫീസില്‍ തകര്‍ത്തോടുകയാണ്. സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ വിഷ്ണു വിശാലിന് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവായ ഡോ. ഈശ്വരി കെ. ഗണേഷ്. ബിഎംഡബ്ല്യു 3 സീരീസ് ആഡംബര കാറാണ് വിഷ്ണുവിന് സമ്മാനമായി ലഭിച്ചത്. സ്പോര്‍ട്ടി ലുക്കും ആഡംബരവും ഒത്തുചേരുന്ന ഡിസൈനാണ് 3 സീരീസിനുള്ളത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഏകദേശം 258 ബിഎച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഏകദേശം 190 ബിഎച്പി പവറും ഉല്‍പാദിപ്പിക്കുന്നു. 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള ടോപ്പ്-എന്‍ഡ് മോഡലും ലഭ്യമാണ്. ഇത് വെറും 4.4 സെക്കന്‍ഡ് കൊണ്ട് 0 മുതല്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. എല്ലാ മോഡലുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആണ് വരുന്നത്. വില ഏകദേശം 60 ലക്ഷം മുതല്‍ 77 ലക്ഷം രൂപ വരെയാണ്.
◾ കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ദുഃഖങ്ങളെ തിന്നു ജീവിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്? ആ കുറ്റബോധങ്ങളെയൊക്കെ വളക്കൂറുള്ള മണ്ണാക്കി അതില്‍ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനായാല്‍ അതാണ് ഏറ്റവും വലിയ കാര്യം. സ്വപ്നത്തിനും യാഥാര്‍ത്ഥ്യബോദ്ധ്യത്തിനുമിടയ്ക്ക് പെട്ടുപോകുമ്പോഴും ചെറുപുഞ്ചിരിയുടെ ഒറ്റനൂലിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കുറേ മനുഷ്യരെക്കുറിച്ചുള്ള കഥകള്‍. അഖില കെ.എസ്സിന്റെ ഏറ്റവും പുതിയ സമാഹാരം. 'നിഷ്‌കളങ്കയായ സ്ത്രീ'. അഴില കെ.എസ്. വില 161 രൂപ.
◾ നമ്മുടെ രാജ്യത്ത് 90 ശതമാനത്തോളം ആളുകള്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ഭൂരിഭാഗം പേരും ഓഫീസുകള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങള്‍, വീടുകള്‍ അല്ലെങ്കില്‍ കാറുകള്‍ എന്നിവയ്ക്കുള്ളില്‍ സമയം ചെലവഴിക്കുകയാണ്. ഇനി പുറത്തേക്ക് ഇറങ്ങിയാലും സണ്‍സ്‌ക്രീന്‍, കുട, ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങള്‍, മലിനീകരണം എന്നിവയെല്ലാം ചര്‍മത്തിലെത്തുന്ന അള്‍ട്രാവയലറ്റ് ബി വികിരണത്തിന്റെ അളവ് കുറയ്ക്കും. തല്‍ഫലമായി, വെയില്‍ കൂടുതലുള്ള ദിവസങ്ങളില്‍ പോലും വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. ചര്‍മത്തിന്റെ നിറവും ഇതില്‍ പ്രധാനമാണ്. ഇന്ത്യക്കാര്‍ക്ക് പൊതുവെ ഇരുണ്ട ചര്‍മനിറമായിരിക്കും. അതില്‍ മെലാനിന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. മെലാനിന്‍ ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്. പക്ഷേ, ആവശ്യമായ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടാന്‍ നമ്മള്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കേണ്ടി വന്നേക്കാം. വൈറ്റമിന്‍ ഡിയുടെ കുറവ് ചിലപ്പോള്‍ നിരന്തരമായ ക്ഷീണം, പേശി ബലഹീനത, ശരീരവേദന, നടുവേദന, കുറഞ്ഞ ഊര്‍ജനില, പതിവ് അണുബാധകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. ഭക്ഷണക്രമം വഴി വൈറ്റമിന്‍ ഡിയുടെ കുറവ് നികത്താന്‍ കഴിയുമോ എന്നത് പലപ്പോഴും ഉയരുന്ന ചോദ്യമാണ്. എന്നാല്‍ അത് സാധിക്കില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, പോഷകസമൃദ്ധമായ പാല്‍, കൂണ്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. എന്നാല്‍ അത് ചെറിയ അളവില്‍ മാത്രമാണ്. അതേസമയം, ശരിയായ പരിശോധനയോ ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ ഇല്ലാതെ ഉയര്‍ന്ന അളവിലുള്ള വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കാനും പാടില്ല. ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, രക്തപരിശോധനയിലൂടെ മാത്രമേ സപ്ലിമെന്റുകള്‍ ആവശ്യമുണ്ടോ എന്നും എത്ര അളവില്‍ ആവശ്യമാണെന്നും പറയാന്‍ കഴിയൂ.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.19, പൗണ്ട് - 128.58, യൂറോ - 109.67, സ്വിസ് ഫ്രാങ്ക് - 118.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.79, ബഹറിന്‍ ദിനാര്‍ - 254.18, കുവൈത്ത് ദിനാര്‍ -310.56, ഒമാനി റിയാല്‍ - 250.14, സൗദി റിയാല്‍ - 25.57, യു.എ.ഇ ദിര്‍ഹം - 26.19, ഖത്തര്‍ റിയാല്‍ - 26.26, കനേഡിയന്‍ ഡോളര്‍ - 68.23.
Tags:
KERALA