2026 ജൂലൈ 12, ഞായര്‍
1201 മിഥുനം 28, രോഹിണി, മകീര്യം
1448 മുഹർറം 26
◾ വാനമ്പാടി എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ജര്‍മന്‍, ജപ്പാനീസ് എന്നിങ്ങനെ 20 ഭാഷകളിലായി നാല്‍പ്പത്തയ്യായിരത്തിലേറെ പാട്ടു പാടിയ അപൂര്‍വ ഗായികയാണ് ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണ നേടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങളും ലഭിച്ചു. 2013 ല്‍ പത്മഭൂഷണ്‍ നിരസിച്ചു.
◾ ആറു പതിറ്റാണ്ടിലേറെ സംഗീതസപര്യ ചെയ്ത എസ്. ജാനകിയമ്മയ്ക്കു ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ കണ്ണീര്‍ പ്രണാമം. സംസ്‌കാരം ഇന്ന് മൈസൂരുവില്‍ നടക്കും. രാവിലെ എട്ടു മുതല്‍ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് ഹുണ്ടിയിലെ നവീന്‍ ഫാം ഹൗസില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
◾ തലമുറകളെ പ്രണയാര്‍ദ്രമാക്കിയ ആലാപനമായിരുന്നു എസ്. ജാനകിയുടേത്. തുമ്പീ വാ തുമ്പക്കുടത്തിന്‍, തേനും വയമ്പും, മലര്‍കൊടി പോലെ, മിഴിയോരം നനഞ്ഞൊഴുകും, ആടി വാ കാറ്റേ പാടി വാ കാറ്റേ, നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, നീലജലാശയത്തില്‍ ഹംസങ്ങള്‍, സന്ധ്യേ കണ്ണീരെന്തിനു സന്ധ്യേ, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ എന്നീ ഗാനങ്ങള്‍ മലയാളികളുടെ മനസില്‍ എന്നും തളിരിട്ടുനില്‍ക്കുന്നവയാണ്.
◾ വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് മലയാളികള്‍ അടക്കം 15 പേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ സി തോമസ്, ഭാര്യ ലൊവേനി എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ ഏറേയും തമിഴ്നാട് സ്വദേശികളാണ്. ബോട്ടില്‍ 39 പേര്‍ ഉണ്ടായിരുന്നു.
◾ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഏത് ഉന്നതനായാലും നിയമത്തിനു മുന്നില്‍ വന്നിരിക്കും. അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും കെസി വ്യക്തമാക്കി. അതേസമയം, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
◾ കേസന്വേഷണം അട്ടിമറിച്ചെന്ന എഡിജിപി അജിത് കുമാറിനെതിരായ എസ് ഐ ടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി. എംആര്‍ അജിത് കുമാറിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്നാണ് ഡിജിപി നിയമോപദേശം തേടിയത്.
◾ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. സുധാകരന്‍ നിലവിലെ ശൈലിയിലുള്ള പ്രവൃത്തികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി.
◾ ഗവണ്‍മെന്റ് പ്ലീഡര്‍, സ്പെഷ്യല്‍ പ്ലീഡര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. എബിവിപി സജീവ പ്രവര്‍ത്തകനെ ഗവ. പ്ലീഡര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍ കയറിയിറങ്ങുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
◾ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ രഹസ്യമായി നടപടിയെടുത്തെന്നുമുള്ള ആരോപണം ബിജെപി അച്ചടക്ക സമിതി അന്വേഷിക്കും. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറര്‍ ഇ.കൃഷ്ണദാസും ഉള്‍പ്പെടുന്ന സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.
◾ എസ്. ജാനകിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
◾ അര്‍ജന്റീനക്കെതിരായ ആരോപണങ്ങളോട് താരതമ്യപെടുത്തി കേരള പൊലീസ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. 'നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാം 112' എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷന്‍. കൂടെ റഫറിക്കൊപ്പം അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി നില്‍ക്കുന്ന ഫോട്ടോയും കൊടുത്തിരിക്കുന്നു. കേരളത്തെ ചേര്‍ത്തുപിടിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റിനെതിരെ അര്‍ജന്റീന ആരാധകര്‍ രംഗത്തുവന്നതോടെ പോസ്റ്റ് പിന്‍വലിച്ചു.
◾ ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ കപ്പലായ 'ഐഎന്‍എസ് സംശോധക്' ഹോം പോര്‍ട്ടായ കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെത്തി. സര്‍വേ വെസല്‍ ലാര്‍ജ് ശ്രേണിയിലെ നാലാമത്തെ കപ്പലാണിത്. കൊച്ചിയിലെത്തിയ കപ്പലിന് നാവികസേനയുടെ പരമ്പരാഗത ജലപീരങ്കി അഭിവാദ്യവും നേവി ബാന്‍ഡിന്റെ അകമ്പടിയോടെയുള്ള സ്വീകരണവും നല്‍കി.
◾ ആലപ്പുഴ ജില്ലയിലെ ദേശീയപാതയോരങ്ങളില്‍ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി 64 കോടി രൂപ അനുവദിക്കും. നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
◾ കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയാക്കി. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കു മര്‍ദ്ദനമേറ്റു. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
◾ പ്രശസ്ത നാടകാചാര്യന്‍ തേവലക്കര പടിഞ്ഞാറ്റക്കര തൂലിക ബേബിക്കുട്ടന്‍ എന്ന ടി.കെ.ഗോപിനാഥക്കുറുപ്പ് അന്തരിച്ചു. 80 വയസായിരുന്നു.
◾ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനു മുന്‍പു തന്നെ സ്തനാര്‍ബുദം ഉണ്ടായിരുന്നെന്ന് ആരോപിച്ച് ചികിത്സാ ചെലവ് നിഷേധിച്ച നിവ ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് 1.3 ലക്ഷം രൂപ നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിലെ സോളന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മുന്‍കൂര്‍ രോഗമുണ്ടായിരുന്നു എന്ന വാദത്തിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
◾ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലെ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 2030 കോടി രൂപയും മന്ത്രിപദങ്ങളും വാഗ്ദാനം ചെയ്തു. സംസ്ഥാനപദവിയും വാഗ്ദാനമുണ്ടെന്നാണ് ജമ്മുവില്‍നിന്നുള്ള ഒരു എംഎല്‍എ പറഞ്ഞത്. സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ബിജെപി ഭാരവാഹിയാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചതെന്നും അദ്ദേഹം ആരോപിച്ചു.
◾ രാജസ്ഥാനിലെ ഭില്‍വാരയിലുള്ള മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ആറു ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ചു ഗര്‍ഭിണികള്‍ മരിച്ചു. ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തില്‍ നടന്ന അസ്വാഭാവിക മരണങ്ങള്‍ മെഡിക്കല്‍ അനാസ്ഥയെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ ബാക്ടീരിയല്‍ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.
◾ റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിനെതിരായ കേസില്‍ 1021 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്. റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. ഇതോടെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 20,367 കോടി രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ശനിയാഴ്ച കണ്ടുകെട്ടിയ സ്വത്തില്‍ റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഓഹരികളും ഉള്‍പ്പെടുന്നുണ്ട്.
◾ അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്ത് തട്ടിപ്പുകേസുകളിലെ പ്രതിയെന്ന് ആരോപണം. 2013 മുതല്‍ 2015 വരെ ഊര്‍ജ വിതരണ വകുപ്പില്‍ തട്ടിപ്പു നടത്തിയതിന് 2019 മുതല്‍ ഇയാളടക്കം 14 ഉദ്യോഗസ്ഥര്‍ക്കെതിരേ കേസുണ്ടെന്നാണ് ആരോപണം.
◾ തൊണ്ണൂറുകളില്‍ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ബാബ ഫര്‍സാന്റെ വീട്ടില്‍നിന്ന് വന്‍തോതില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ബാബ ഫര്‍സാന്‍ അന്തരിച്ച് ആറുമാസത്തിനുശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്.
◾ ജയ്പൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നിയമ വിദ്യാര്‍ത്ഥിക്കെതിരെ ആരോപണവുമായി അമ്മയുടെ സഹോദരന്‍. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അച്ഛനും മരിച്ചിരുന്നുവെന്നും ഇതിന് പിന്നില്‍ നിയമ വിദ്യാര്‍ത്ഥിനി തന്നെയാകാമെന്നാണ് ആരോപണം.
◾ മട്ടന് പകരം ചിക്കന്‍ വിളമ്പിയതിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ സഹര്‍സ ജില്ലയിലെ രജന്‍പുരിലാണ് സംഭവം. രജന്‍പുര്‍ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബല്‍വാപര്‍ സ്വദേശിയായ മുഹമ്മദ് അന്‍വറിന്റെ മകന്റെയും വിവാഹചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾ ബെംഗളൂരുവില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 34 കാരനായ പ്രശാന്ത് ആണ് അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്. അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവന്‍ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.
◾ ബംഗ്ലാദേശില്‍ കനത്ത മഴമൂലം തെക്കുകിഴക്കന്‍ മേഖലകളില്‍ പ്രളയവും ഉരുള്‍പൊട്ടലും. ദുരന്തത്തില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 44 പേര്‍ മരിച്ചു. പത്തു ലക്ഷത്തിലധികം ആളുകള്‍ പ്രളയക്കെടുതിയില്‍ കുടുങ്ങി ഒറ്റപ്പെടുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഊര്‍ജ്ജിതമാക്കി.
◾ ഓരോ ശത്രുവിനോടും പകരം വീട്ടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനെയി. പട്ടിക തയാറാക്കിയിട്ടുണ്ട്. താന്‍ ഉള്‍പ്പടെ നേതൃത്വം ഇല്ലാതായാലും അത് നടപ്പാകും. ആഗോള തലത്തില്‍ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഇറാന്‍-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം നടക്കുന്നതായി ഇറാന്‍. ഹോര്‍മൂസിലെ കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ധാരണ പൊളിക്കാന്‍ ലക്ഷ്യമിട്ട തീവ്രവിഭാഗങ്ങളാണെന്ന് ഇറാന്‍.
◾ ഡ്രോണ്‍ ഉത്പാദനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചതായി ഇറാന്‍ സൈന്യം. രാജ്യത്തുണ്ടായ യുദ്ധവും സംഘര്‍ഷാവസ്ഥയും ഇറാന്റെ ആയുധ ഉത്പാദനത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ആക്റ്റിംഗ് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
◾ നൈജീരിയയിലെ ഒയോ സംസ്ഥാനത്തുനിന്ന് സായുധ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രണ്ടു മാസത്തിന് ശേഷം രക്ഷപെടുത്തി. സൈനിക നടപടിയിലൂടെയാണ് ഇവരെ മോചിപ്പിച്ചതെന്ന് പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു. സുരക്ഷാ സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ എട്ട് ഭീകരരെ ജീവനോടെ പിടികൂടുകയും നിരവധി പേരെ വധിക്കുകയും ചെയ്തു.
◾ കിഴക്കന്‍ ചൈനയിലെ തീരദേശ നഗരമായ തായ്ഷൗവില്‍ 'ബാവി' ചുഴലിക്കാറ്റ് കരതൊട്ടു. ചൈനയില്‍ എത്തുന്നതിനു മുന്‍പ് ജപ്പാന്റെ തെക്കന്‍ ദ്വീപുകളിലും തായ്വാന്റെ വടക്കന്‍ മേഖലകളിലും കാറ്റ് നാശം വിതച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങള്‍ കനത്ത ഭീഷണിയാണ്.
◾ ബംഗ്ലാദേശിലെ സെമിനാറില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സെക്കന്‍ഡ് സെക്രട്ടറിയായ പൂജാ കുമാരി ഝായാണ് ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതില്‍ വേദിയില്‍തന്നെ പ്രതിഷേധമറിയിച്ചത്.
◾ യുദ്ധക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനം ഒരുക്കിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റിയുടെ ഗാസയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറായ മുഹമ്മദ് അല്‍ വാഹിദി (57) ആണ് കൊല്ലപ്പെട്ടത്.
◾ ടേക്ക് ഓഫിന് പിന്നാലെയുണ്ടായ സാങ്കേതിക തകരാറ് മൂലം ബഹാമാസില്‍ വിമാനം തകര്‍ന്ന് ഒമ്പതു യാത്രക്കാരും പൈലറ്റും അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. ബഹാമാസിലെ ലിന്‍ഡന്‍ പിന്‍ഡ്ലിംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെറുവിമാനം തകര്‍ന്നത്.
◾ പാക് സൈനിക മേധാവി അസിം മുനീറിന് ഇനി രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുമതലയും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപവത്കരിച്ച ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രത്യേക സമിതിയിലാണ് രാജ്യത്തെ സൈനിക മേധാവിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
◾ ഇന്‍ഡോനേഷ്യയില്‍ കോടികളുടെ സമ്പാദ്യമുണ്ടാക്കിയ ചീഫ് പ്രൊസിക്യൂട്ടര്‍ ഫെബ്രി അദ്രിയാന്‍ഷാ രാജിവച്ചു. ഫെബ്രിയുടെ വീട്ടിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും പോലീസ് നടത്തിയ റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണ്ണക്കട്ടികളും വന്‍തോതില്‍ വിദേശ കറന്‍സികളും പിടിച്ചെടുത്തതിന് പിറകേയാണ് രാജി.
◾ അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ വനിതാ എന്‍ജിനിയറെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. ഗൂഗിളിലെ സീനിയര്‍ എന്‍ജിനീയറും 57കാരിയുമായ ശീതള്‍ വ്രസെന്‍ ആണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ശീതളിന്റെ മകനും പരിക്കേറ്റിട്ടുണ്ട്. ജോര്‍ജ്ജിയയിലെ കോബ് കൌണ്ടിയിലാണ് വെടിവയ്പുണ്ടായത്. ഭര്‍ത്താവ് കിര്‍ക് വ്രസെനെ പൊലീസ് അറസ്റ്റുചെയ്തു.
◾ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണില്‍ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മിക്ക താരങ്ങളെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റന്‍ സാലി സാംസനെയും മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിക്കിനെയും കൊച്ചി ലേലത്തിന് മുമ്പേ നിലനിര്‍ത്തിയിരുന്നു. ബേസില്‍ തമ്പിയെ 5.40 ലക്ഷത്തിനാണ് ഇത്തവണ ടീമിലെത്തിച്ചത്.
◾ ഇന്ത്യക്കെതിരായ അവസാന ടി20യിലും ഇന്ത്യക്ക് 56 റണ്‍സിന്റെ തോല്‍വി. 258 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഇംഗ്ലണ്ട് പരമ്പര 4-0 ത്തിന് സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ 64 പന്തില്‍ 131 റണ്‍സ് അടിച്ചുകൂട്ടിയ ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു.
◾ ഇത്തവണ ലോകകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡന്‍ ആഡംസ് മരിച്ചതായി ദക്ഷണാഫ്രിക്കന്‍ മാധ്യമങ്ങള്‍.
◾ ഫിഫ ലോകകപ്പിന്റെ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയിലേക്ക്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടത്. 36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിലൂടെ നോര്‍വേയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജൂഡ് ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 93-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ വിജയമുറപ്പിക്കുകയായിരുന്നു.
◾ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് ഹൗസായ എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ പ്രാരംഭ പൊതു ഓഹരി വില്‍പ്പന ജൂലൈ 14-ന് ആരംഭിക്കുകയാണ്. ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന ഈ ഐപിഒ വഴി 11,693 കോടി രൂപ വിപണിയില്‍ നിന്നും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 545 രൂപ മുതല്‍ 574 രൂപ വരെയാണ് ഐ.പി.ഒയില്‍, എസ്.ബി.ഐ ഫണ്ട്സ് ഓഹരിയുടെ വില പരിധി നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയിട്ടാണ് ഈ ഐ.പി.ഒ വിപണിയിലെത്തുന്നത്. അതായത്, ഇവിടെ സമാഹരിക്കപ്പെടുന്ന തുക കമ്പനിയുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായല്ല ഉപയോഗിക്കുക, മറിച്ച് എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന്റെ സംയുക്ത ഓഹരി ഉടമകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ഫ്രഞ്ച് അസറ്റ് മാനേജ്മെന്റ് കമ്പനിയായ അമുണ്ടിയുടേയും പക്കലേക്കാണ് ഈ തുക എത്തിച്ചേരുക. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെയും എസ്.ഐ.പി സ്‌കീമുകളിലുടെ വരുന്ന നിക്ഷേപത്തിന്റേയും ഗണ്യമായ ഭാഗവും കൈകാര്യം ചെയ്യുന്നത് എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് ആണ്.
◾ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഇത്തരം ഡിസൈനുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ വലിയൊരു തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ലെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് മെറ്റ ലംഘിച്ചതായി യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തി. ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, വീഡിയോകള്‍ തനിയെ പ്ലേ ആകുക, വ്യക്തിഗതമായ ശുപാര്‍ശകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോക്താക്കളെ ഒരു 'ഓട്ടോപൈലറ്റ് മോഡിലേക്ക്' നയിക്കുകയും അമിതമായ ഉപയോഗത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. പ്രത്യേകിച്ച് കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു.
◾ തിരു വീര്‍ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'യുടെ ട്രെയ്‌ലര്‍ പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഐശ്വര്യ രാജേഷ്, തിരുവീര്‍ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ട്രെയ്‌ലര്‍ കാണിച്ചു തരുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, കോമഡി, പ്രണയം, ഫാന്റസി എന്നിവക്കൊപ്പം ആക്ഷനും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. തിരുവീര്‍ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭരത് മഞ്ചിരാജുവാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ഭരത് ദര്‍ശന്‍ തന്നെയാണ് ചിത്രം രചിച്ചതും. മുരളിധര്‍ ഗൌഡ്, വിഷ്ണു ഓയി ഝാന്‍സി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
◾ കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന്‍ നായകനാകുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സി'ലെ ആദ്യ ഗാനം റിലീസായി. സിദ്ധ് ശ്രീറാമും സെബാ ടോമിയുമാണ് 'ചുരുള്‍ മുടി ചുരുളോ...' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുഹൈല്‍ കോയ ആണ് ഗാനരചന. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഈ ഫാമിലി ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഹാരിയര്‍, സഫാരി മോഡലുകളുടെ 'സ്റ്റെല്‍ത്ത് എഡിഷന്‍' വിപുലീകരിച്ചു. ഇതാദ്യമായാണ് ഈ പതിപ്പ് പെട്രോള്‍ പവര്‍ ട്രെയിനില്‍ അവതരിപ്പിക്കുന്നത്. ഹാരിയര്‍ സ്റ്റെല്‍ത്ത് പെട്രോളിന് 23.43 ലക്ഷം രൂപയും സഫാരി സ്റ്റെല്‍ത്ത് പെട്രോളിന് 24.04 ലക്ഷം രൂപയുമാണ് വില വരുന്നത്. നിലവില്‍ വിപണിയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ലൈനപ്പിനൊപ്പവും, 'ഡാര്‍ക്ക്', 'റെഡ് ഡാര്‍ക്ക്' എന്നീ സ്‌പെഷ്യല്‍ എഡിഷനുകള്‍ക്കൊപ്പവും ഈ പുതിയ പതിപ്പുകളും ലഭ്യമാകും. ഹാരിയറിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റായ 'ഫിയര്‍ലെസ്സ് അള്‍ട്രാ', സഫാരിയുടെ 'അക്കംപ്ലിഷ്ഡ് അള്‍ട്രാ' എന്നീ ട്രിമ്മുകളെ അടിസ്ഥാനമാക്കിയാണ് സ്റ്റെല്‍ത്ത് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ മോഡലുകളിലെ എല്ലാ ഫീച്ചറുകളും ഇതിലും ലഭ്യമാണ്. എന്‍ജിന്റെ കാര്യത്തില്‍, 168 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാറ്റമില്ലാതെ തുടരുന്നു. പുതുതായി ഉള്‍പ്പെടുത്തിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 168 ബിഎച്പി കരുത്തും 280 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും വിധമാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.
◾ അഞ്ചു തവണ ലോകഫുട്‌ബോള്‍ ജേതാക്കള്‍, ആര്‍തര്‍ ഫ്രീഡന്റീഷില്‍ തുടങ്ങി പെലെയിലൂടെ വളര്‍ന്ന് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇതിഹാസതാരങ്ങള്‍, സാംബാശൈലിയുടെ ഭംഗി തുടങ്ങി ഫുട്‌ബോളിനൊപ്പം ചലിക്കുന്ന രാജ്യമാണ് ബ്രസീല്‍. അവരുടെ കാല്‍പ്പന്തിന്റെ ചരിത്രമെന്നത് അധിനിവേശത്തിന്റെയും പട്ടിണിയുടെയും നിലനില്‍പ്പിന്റെയും കൂടി ചരിത്രമാണ്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ആരംഭം തൊട്ട് ആരാധകസമൃദ്ധമായ ലോകകപ്പ് യാത്രകള്‍ വരെ വിവരിക്കുന്ന പുസ്തകം; ഒപ്പം പ്രധാനപ്പെട്ട കളിക്കാരുടെയും പരിശീലകരുടെയും ജീവിതവും. ജയപരാജയങ്ങളിലുപരി ഫുട്‌ബോള്‍വികാരമായി ബ്രസീല്‍ മാറിയ കഥ. കായികചരിത്രാന്വേഷികള്‍ക്കും ആരാധകര്‍ക്കുമായി ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സമ്പൂര്‍ണ്ണചരിത്രം. 'സാംബ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം'. എം.പി സുരേന്ദ്രന്‍. മാതൃഭൂമി. വില 296 രൂപ.
◾ അസഹനീയമായ ആര്‍ത്തവ വേദന പല സ്ത്രീകളുടെയും പേടി സ്വപ്നമാണ്. വേദന കുറയ്ക്കാന്‍ വേദനസംഹാരികളെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ മഗ്നീഷ്യം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ എന്ന സംയുക്തങ്ങള്‍ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. ഇത് കൂടാതെ ചീരയില്‍ അടങ്ങിയ കാല്‍സ്യം, വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ പാലക്ക് ചീര ഡയറ്റില്‍ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാല്‍ തന്നെ പാലക്ക് ചീര പ്രമേഹ രോഗികള്‍ക്കും കഴിക്കാം. വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കുമെന്നതിനാല്‍ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
കുന്നിന്‍മുകളിലായിരുന്നു അയാളുടെ വീടും ചെറിയ കടയും. താഴ്വരയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കഴുതയുടെ പുറത്ത് കയറ്റിയാണ് അദ്ദേഹം വീട്ടിലെത്തിച്ചിരുന്നത്. ആദ്യം അമ്പത് കിലോ. പിന്നീട് എണ്‍പത്. അതും കഴുത പരാതിയില്ലാതെ ചുമന്നു. 'ഇനിയും ചുമക്കാം...' എന്ന യജമാനന്റെ ചിന്ത ഒടുവില്‍ നൂറ് കിലോയിലെത്തി. ഈ പ്രാവശ്യം കഴുത തളര്‍ന്നുവീണു. അപ്പോള്‍ അയാള്‍ ഭാരം പത്ത് കിലോ കുറച്ചു. അതിനെ ഔദാര്യമെന്ന് കരുതി, കഴുത വീണ്ടും യാത്ര തുടര്‍ന്നു. ചൂഷണം പലപ്പോഴും തുടങ്ങുന്നത് ഇങ്ങനെയാണ്... ആദ്യം അല്പം അധികം. പിന്നെ കുറച്ചുകൂടി. ഒടുവില്‍ തളര്‍ന്നുവീഴുമ്പോള്‍, അതില്‍ നിന്ന് അല്‍പം കുറച്ച് അതിനെ 'കരുതല്‍' എന്ന് വിളിക്കും. ചൂഷണം ചെയ്യുന്നവര്‍ക്ക് നമ്മുടെ പ്രയത്‌നങ്ങളേക്കാള്‍ വില, അതിലൂടെ കിട്ടുന്ന ലാഭത്തിനായിരിക്കും. പലപ്പോഴും അവര്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മുഖംമൂടി ധരിച്ചിരിക്കും. അധ്വാനിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, നമ്മളെ ചൂഷണം ചെയ്യുന്നവര്‍ക്ക് വേണ്ടി സ്വയം തീരരുത്. നമ്മുടെ സമയത്തിനും കഴിവിനും അധ്വാനത്തിനും വില കണ്ടെത്താന്‍ ശീലിക്കൂ. സ്‌നേഹമെന്ന പേരിലായാലും ഭയമെന്ന പേരിലായാലും, സ്വയം നഷ്ടപ്പെടുത്തരുത് - ശുഭദിനം.
Tags:
KERALA