കാക്കൂർ: പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികളുടെ കൈയേറ്റം നടന്നതായി പരാതി. ആക്രമണത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഷർട്ടിന്റെ ബട്ടൺ അഴിച്ചിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് രണ്ടുദിവസങ്ങളിലായി നടന്ന മർദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആദ്യം സ്കൂൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്.
സ്കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റിയുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു. സ്കൂൾ അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള അന്വേഷണം.