കൊടുവള്ളി: 58-ാമത് കോഴിക്കോട് ജില്ലാ റൈഫിൾ & പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന പ്രകടനവുമായി ആരാമ്പ്രം സ്വദേശി റിൻഷാദ് മുനമ്പാറക്കൽ. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ റിൻഷാദ് സ്വർണ്ണ മെഡൽ സ്വന്തമാക്കുകയും സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് റിൻഷാദ് മുമ്പറക്കൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കൂടാതെ, 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൾ വിഭാഗത്തിൽ 213 പോയിന്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച റിൻഷാദ്, വരാനിരിക്കുന്ന സംസ്ഥാന തല കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഉറപ്പാക്കി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 135 ഓളം പ്രതിഭകൾ മാറ്റുരച്ച ആവേശകരമായ ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ, കോഴിക്കോട് ഡിസിപി പദം സിംഗ് IPS മുഖ്യാതിഥിയായി പങ്കെടുത്തു.വിജയികൾക്കുള്ള മെഡലുകളും ഒഫീഷ്യലുകൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
ചടങ്ങിൽ ചീഫ് കോച്ച് വിപിൻദാസ്, നാലാം വൈസ് പ്രസിഡന്റ് ജോസ് ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിനൽ ആനന്ദ്, രഞ്ജി സെബാസ്റ്റ്യൻ, ജോർജ്കുട്ടി ജോൺ, ശശികല എസ്, മുൻ സെക്രട്ടറി ശ്രീദേവനുണ്ണി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
Tags:
SPORTS