കൊടുവള്ളി:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് കൗണ്ടറിൽ അമിത തുക ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയിൽ, മണിക്കൂറുകൾക്കകം എയർപോർട്ട് അധികൃതർ ഇടപെട്ട് അധികമായി വാങ്ങിയ തുക തിരികെ നൽകി. ഇന്ന് പുലർച്ചെ നടന്ന സംഭവത്തിൽ രാവിലെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തി ഉച്ചയോടെ നടപടിയെടുത്തത് ശ്രദ്ധേയമായി.
പുലർച്ചെ ഏകദേശം 5 മണിയോടെയാണ് സംഭവം. രണ്ട് മണിക്കൂറിൽ താഴെ സമയം പാർക്ക് ചെയ്ത കാറിന് ഔദ്യോഗിക നിരക്കായ 65 രൂപയ്ക്ക് പകരം 150 രൂപ ഈടാക്കിയെന്നാണ് പരാതി. 200 രൂപ നൽകിയപ്പോൾ 50 രൂപ മാത്രം ബാക്കി നൽകുകയും പാർക്കിംഗ് സ്ലിപ്പോ കമ്പ്യൂട്ടർ ബില്ലോ നൽകാതിരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാരനായ കൊടുവള്ളി മടവൂർ ആരാമ്പ്രം സ്വദേശി ടി എം തസ്നീം മാളിയേക്കൽ രാവിലെ തന്നെ എയർപോർട്ട് ഡയറക്ടർക്കും ബന്ധപ്പെട്ട ഉയർന്ന അധികൃതർക്കും ഓൺലൈനായി പരാതി നൽകി. വാഹന നമ്പർ, പാർക്കിംഗ് സമയം എന്നിവയ്ക്കൊപ്പം, 3.49 മുതൽ 5.09 വരെ വാഹനം പാർക്കിംഗിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഗൂഗിൾ മാപ്സ് ടൈംലൈൻ സ്ക്രീൻഷോട്ടും തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടർ രേഖകളും പരിശോധിച്ച അധികൃതർ ഉച്ചയ്ക്ക് ഏകദേശം 3 മണിയോടെ പരാതിക്കാരനെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും അധികമായി ഈടാക്കിയ തുക ഓൺലൈൻ വഴി തിരികെ നൽകുകയുമായിരുന്നു. വിഷയത്തിൽ കരാർ ഏജൻസിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ എയർപോർട്ട് അധികൃതർ സ്വീകരിച്ച അതിവേഗ നടപടിയെ യാത്രക്കാരൻ അഭിനന്ദിച്ചു. പാർക്കിംഗ് കൗണ്ടറുകളിൽ ഔദ്യോഗിക നിരക്കുകൾ കൃത്യമായി പാലിക്കുന്നതും എല്ലാ യാത്രക്കാർക്കും നിർബന്ധമായും രസീത് നൽകുന്നതും ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
പരാതി നൽകിയത് കാരണം 65 രൂപ ഈടാക്കാതെ 150 രൂപയും ഇപ്പോൾ തിരിച്ച് നൽകി. കൂടുതൽ പരാതിയുമായി മുന്നോട്ട് പോവരുതെന്ന് പരാതിക്കാരനോട് പാർക്കിംഗ് കരാർ ഏജൻസിക്കാർ അഭ്യർത്ഥിച്ചു
Tags:
KOZHIKODE