Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 12 , വെള്ളി 
1201 | ഇടവം 29 , അശ്വതി, ഭരണി

◾  ലോകത്തെ ആദ്യത്തെ ട്രില്യണയര്‍ പദവിക്കടുത്ത് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ്-സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്‌സ് ഓഹരി വിപണിയില്‍ ചരിത്രം കുറിച്ചതോടെയാണിത്. 7,500 കോടി ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 1.77 ലക്ഷം കോടി ഡോളറായി. ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിലൊന്നായി സ്പേസ് എക്‌സ് മാറുകയും ചെയ്തു. ഇതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്തി 97,000 കോടി ഡോളര്‍ ആയിരിക്കുകയാണ്. ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇപ്പോള്‍ ലോകത്തിലെ പല രാജ്യങ്ങളുടെയും ജിഡിപിയേക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ ജിഡിപി ഏകദേശം 4.15 ട്രില്യണ്‍ ഡോളറാണ്. ഇതിന്റെ നാലിലൊന്നിന് തുല്യമാണ് മസ്‌കിന്റെ ഇപ്പോഴത്തെ സമ്പത്ത്.

◾  കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

◾  കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള  രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.



◾  നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും തനിക്കുമിടയില്‍ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. പുണെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് താന്‍ സംസാരിച്ചതിന് ശേഷമാണ് കളക്ടര്‍ വിവരം അറിയിച്ചതെന്നും, പുതിയ കളക്ടറുടെ പരിചയക്കുറവാകാം ഇതിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  പകര്‍ച്ചപ്പനി ബാധിച്ച് 13,025 പേര്‍ ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടി. കൂടാതെ ഇന്നലെ മാത്രം നാലുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

◾  സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി.

◾  സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കി. പകരം ഇവര്‍ക്ക് ഇന്ധനം വാങ്ങാന്‍ പ്രത്യേക ബള്‍ക്ക് സപ്ലൈ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു

◾  എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്ന നിര്‍ദേശത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിലാണ് ഉപദേശം തേടുന്നത്. ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചര്‍ച്ച നടത്തും.

◾  എംജി സര്‍വകലാശാലയില്‍ താത്ക്കാലിക അധ്യാപക നിയമനത്തില്‍ സംഘപരിവാര്‍ അനുകൂലികളെ നിയമിക്കാന്‍ വൈസ് ചാന്‍സിലര്‍ ശ്രമിക്കുന്നുവെന്ന് ഇടത് അധ്യാപക സംഘടന. വകുപ്പ് മേധാവികള്‍ നല്‍കിയ പട്ടിക വിസി തള്ളിയെന്നും ഇത് അക്കാദമിക മികവിനെ വെല്ലുവിളിക്കുന്ന നീക്കമാണെന്നും വിമര്‍ശനം.

◾  മൂന്നുവര്‍ഷത്തിലധികമായി നികുതിയടയ്ക്കാത്തതിനെത്തുടര്‍ന്ന്  സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ഷൊര്‍ണൂര്‍ നഗരസഭ റവന്യൂ റിക്കവറി നടപടിയെടുത്തു. കുളപ്പുള്ളി, ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്കെതിരയാണ് നടപടി.

◾  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

◾  54.37 കിലോമീറ്റര്‍ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത 183-ല്‍ കൊല്ലം ബൈപ്പാസ് ജങ്ഷന്‍ മുതല്‍ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റര്‍ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു.

◾  സംസ്ഥാനത്തെ ഐപിഎസ് അഴിച്ചുപണിയില്‍ ഐജിമാരും എസ്പിമാരും അതൃപ്തരെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മേഖലയില്‍ ഐജിയെ നിയമിച്ചില്ല, തെക്കന്‍ മേഖലയില്‍ വര്‍ഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികള്‍.

◾  താരസംഘടനയായ അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ ഹസന്‍. സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത വരുത്തണമെന്നുമാണ് അന്‍സിബ അറിയിച്ചിരിക്കുന്നത്.

◾  നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന അതിജീവിതയുടെ  ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മെമ്മറി കാര്‍ഡ് - പെന്‍ഡ്രൈവ് എന്നിവ രജിസ്ട്രാര്‍ക്ക് കൈമാറണം. സീല്‍ഡ് കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

◾  സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണ തൈക്കണ്ടിയിലിന് വീണ്ടും സമന്‍സ് അയച്ച് ഇഡി. ബുധനാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

◾  നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്ന് ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യല്‍ ഉണ്ടാവും. കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം.

◾  മന്ത്രി സണ്ണി ജോസഫിന് പുതിയ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രന്‍ തില്ലങ്കേരിയെ പരിഗണിക്കുന്നു. ബന്ധു നിയമന വിവാദത്തിന് പിന്നാലെ ബെന്നി തോമസ് രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമന നീക്കം .

◾  തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അറസ്റ്റില്‍ പൊലീസ് നടത്തിയത് പട്ടി ഷോയെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. സുഗതന്‍ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണെന്നും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ശ്രീലേഖ പറഞ്ഞു. ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമര്‍ശിച്ചു.

◾  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. പ്രത്യേക നിരീക്ഷണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

◾  തിരുവനന്തപുരം പാറശ്ശാലയില്‍ ഇളകിവീണ പാറയ്ക്കടിയില്‍ വയോധിക കുടുങ്ങി. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു.

◾  കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ജിപ്സം സീലിംഗ് അടര്‍ന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. 2021ല്‍ മദ്രാസ് ഐഐടി നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

◾  ഇന്ത്യന്‍ ഷൂട്ടിങ് താരം ജസ്പാല്‍ റാണ അന്തരിച്ചു. ദില്ലിയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ജസ്പാല്‍ റാണ. പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡും നേടിയിട്ടുണ്ട്.

◾  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ പഠിച്ച വിവിധ ഡിഎംകെ പാര്‍ട്ടി സമിതികള്‍ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. നേതാക്കളുടെ ധാര്‍ഷ്ട്യം, പാര്‍ട്ടിയിലെ വിഭാഗീയത, താഴെത്തട്ടിലെ പ്രവര്‍ത്തകരെ അവഗണിച്ചുള്ള തീരുമാനം എന്നിവയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി  ചൂണ്ടിക്കാണിക്കുന്നത്.

◾  കള്ളക്കേസില്‍ കുടുങ്ങി ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി നീതിക്കായി പോരാടിയ എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ കബീര്‍ കപൂറിന് അദ്ദേഹത്തിന്റെ പൈലറ്റ് ലൈസന്‍സ് ഉടന്‍ പുനഃസ്ഥാപിച്ചു നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് കോടതി ഉത്തരവിട്ടു.

◾  അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വൈകുന്നത് ചോദ്യം ചെയ്ത് പൈലറ്റുമാരുടെ സംഘടന. എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം.

◾  ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ദില്ലിയില്‍ നിന്നും ജല്‍പായ്ഗുരിയിലേക്ക് പോയ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലാണ് ആര്‍.എസ്.എസ് മേധാവി സഞ്ചരിച്ചിരുന്നത്. കല്ലേറുണ്ടായ ഉടന്‍ തന്നെ ആര്‍പിഎഫും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

◾  ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ ഉണ്ടായ  തീപിടുത്തത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് പുലര്‍ച്ചെയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തില്‍ നിന്നും രക്ഷപെടുത്തി.

◾  മധ്യപ്രദേശില്‍ മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎല്‍എമാരെ ഇന്ന് ദില്ലിയില്‍ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം.

◾  മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി.

◾  സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 82-കാരനായ പിതാവിനെ മകന്‍ നടുറോഡിലിട്ട് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. മകനുമായുള്ള സ്വത്തുതര്‍ക്കത്തില്‍ പിതാവായ ജാഫര്‍ പട്ടേലിന് കഴിഞ്ഞദിവസം കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായാണ് മകന്‍ പിതാവിനെ കൊലപ്പെടുത്തിയത്.

◾  തൃണമൂലിന് പിന്തുണ പിന്‍വലിച്ചവര്‍ രാജിവെച്ച് ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിച്ച് ജനപിന്തുണ തെളിയിക്കണമെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഭീഷണിയും സമ്മര്‍ദ്ദവും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച മഹുവ മൊയ്ത്ര ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ആഹ്വാനം ചെയ്തു.

◾  റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സമയത്ത്, ആഗോള എണ്ണ വിപണിയില്‍ വില നിയന്ത്രിക്കാനായി റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക തന്നെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെ പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശിക്കുന്നതിനിടയിലാണ്, വിപണിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അമേരിക്ക തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു എന്ന വസ്തുത മന്ത്രി തുറന്നുപറഞ്ഞത്.

◾  വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ലണ്ടനിലെ ബര്‍മിങ്ങാമില്‍ കൊടിയേറും. ഇന്ത്യന്‍ സമയം രാത്രി 11ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ശ്രീലങ്കയെ നേരിടും. നിലവിലെ ഏകദിന ലോകകപ്പ് ചാംപ്യന്‍മാരായ ഇന്ത്യ 14ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടും.

◾  ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ദക്ഷിണകൊറിയ. പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ദക്ഷിണകൊറിയ പരാജയപ്പെടുത്തിയത്. ഹ്വാങ് ഇന്‍-ബെയോം, ഓഹ് ഹ്യൂയോന്‍-ഗ്യൂ എന്നിവരാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്. ലാഡിസ്ലാവ് ക്രെജ്‌സിയുടെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍.

◾  മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കായിരിക്കും വരും നാളുകളില്‍ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട  'ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ്' റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്കുകള്‍ എന്നിവ ചൂണ്ടിക്കാട്ടി 2026 ലെ ആഗോള വളര്‍ച്ചാ പ്രവചനം ലോകബാങ്ക് തിരുത്തിക്കുറിച്ചു. ജനുവരിയില്‍ പ്രവചിച്ച 2.9 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായാണ് ഇത്തവണ വളര്‍ച്ചാ നിരക്ക് വെട്ടിയത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ 60 ശതകോടി ഡോളര്‍ നീക്കിവെച്ചിട്ടുണ്ടെന്നും, പ്രതിസന്ധി നീണ്ടാല്‍ ഈ സഹായം 100 ശതകോടി ഡോളര്‍ വരെയായി ഉയര്‍ത്തുമെന്നും ലോകബാങ്ക് അറിയിച്ചു.

◾  ഇന്‍സ്റ്റഗ്രാം അല്‍ഗൊരിതം മാറാന്‍ പോകുന്നു. ഇനി മുതല്‍ നിങ്ങള്‍ എന്തു കാണണമെന്ന് തീരുമാനിക്കുക അല്‍ഗൊരിതമല്ല, മറിച്ച് നിങ്ങളായിരിക്കും. മെറ്റ യുവര്‍ അല്‍ഗൊരിതം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. റീല്‍ ഫീഡിലും എക്‌സ്‌പ്ലോര്‍ പേജുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറാണ് ഇന്‍സ്റ്റ ഇപ്പോള്‍ പ്രധാന ഫീഡിലേക്ക് കൂടി വിന്യസിപ്പിക്കുന്നത്. ഇതോടെ അല്‍ഗൊരിതം തീരുമാനിക്കുന്നതല്ല, മറിച്ച് നിങ്ങള്‍ തീരുമാനിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് റീലുകള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ താല്‍പര്യമനുസരിച്ച് ഫീഡില്‍ മാറ്റങ്ങള്‍ വരുത്താനും റെക്കമെന്റേഷനുകള്‍ ക്രമീകരിക്കാനും കഴിയും. മാത്രമല്ല, നിങ്ങള്‍ക്ക് കാണാന്‍ താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ നീക്കം ചെയ്യാനും ഇഷ്ടമുള്ള വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ഫീഡില്‍ എന്ത് വരണമെന്ന് അല്‍ഗൊരിതത്തോട് ഇനി നിങ്ങള്‍ക്ക് നിര്‍ദേശിക്കാം.

◾  ആക്ഷന്‍ താരം വിശാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മകുടത്തിന്റെ ടീസര്‍ പുറത്ത്. വിശാല്‍ തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നത്. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ടീസറിലും ഈ ഗെറ്റപ്പുകളില്‍ വിശാലെത്തുന്നുണ്ട്. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും മകുടം എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവന്‍ നിന്നു കത്തുന്ന തീയില്‍ നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ചേസിങ്ങുകളും , തീപാറുന്ന കിടിലന്‍ സംഘട്ടന രംഗങ്ങളും ഒപ്പം നാന്‍ കടലിലെ വാഴ്‌റവന്‍ അല്ല, അന്ത കടലയേ ആഴ്‌റവന്‍! എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസര്‍ അവസാനിക്കുന്നത്. തുഷാരാ വിജയനാണ് ചിത്രത്തില്‍ വിശാലിന്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും ചിത്രത്തിലുണ്ട്.. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. ജൂലൈയില്‍ മകുടം റിലീസ് ചെയ്യും.

◾  തമിഴ് നടന്‍ ആര്യ നായകനായെത്തുന്ന 'അനന്തന്‍ കാട്' ഇതിനോടകം മലയാളം, തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന 'അനന്തന്‍ കാട്' ചിത്രത്തിലെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കൃഷ്ണന്‍കുട്ടി എന്ന ശക്തമായ കഥാപാത്രമായി എത്തുന്ന ഇന്ദ്രന്‍സിന്റെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ 25 - നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. ഇന്ദ്രന്‍സ്, മുരളി ഗോപി, സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◾  രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ജൂലൈ 1 മുതല്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളെയും ഇത് ബാധിക്കും. തങ്ങളുടെ കാറുകളുടെ വില 1.5 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഇലക്ട്രിക്, ഐസിഇ കാറുകളുടെ വില വര്‍ദ്ധിക്കുമെന്ന് വ്യക്തമാക്കി. ടാറ്റ ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, കര്‍വ്, സിയറ, ഹാരിയര്‍, സഫാരി എന്നിവയ്ക്കെല്ലാം വില കൂടും. ഇവി കാറുകളെയും വില വര്‍ധന ബാധിക്കും. അടുത്തിടെ പുറത്തിറക്കിയ ടിയാഗോയെയും ബാധിക്കും. ടാറ്റ ഈ മാസം ടാറ്റ ടിയാഗോ ഇവി, സിഎന്‍ജി, പെട്രോള്‍ പതിപ്പുകള്‍ പുറത്തിറക്കി. ഈ കാറിന്റെ വില 4.69 ലക്ഷം മുതല്‍ ആരംഭിക്കുന്നു.

◾  15ാം വയസ്സിലെ ആക്രമണം മുതല്‍ 50-ാം വയസ്സില്‍ മാരക രോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ ഓര്‍മകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പത്മശ്രീ ബഹുമതിക്ക് അര്‍ഹയായ സുനിതയുടെ പോരാട്ടത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ല. സമൂഹത്തില്‍ പ്രകാശം പരത്തുന്ന ആ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്തതും എന്നും ഓര്‍മിക്കപ്പെടുന്നതുമാണ്. 'ഞാന്‍ ഞാന്‍ തന്നെ'. സുനിത കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 449 രൂപ.

◾  മഴക്കാലമായതോടെ ജലദോഷവും ചുമയും പതിവായിരിക്കുകയാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് ഇത് മാറ്റിയെടുക്കാം. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന ഘടകം ശരീരത്തിലെ വീക്കം കുറയ്ക്കാനും തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കാനും സഹായിക്കും. ഒരു കപ്പ് വെള്ളത്തില്‍ ചെറിയ കഷണം ഇഞ്ചി ചതച്ച് ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം. തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാനും ചുമയുടെ തീവ്രത നിയന്ത്രിക്കാനും തേന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ തേന്‍ നേരിട്ട് കഴിക്കാം. ചൂടുവെള്ളത്തിലോ ഇഞ്ചി ചായയിലോ ചേര്‍ത്ത് കുടിക്കാം. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കാന്‍ പാടില്ല. ഉപ്പുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക. മൂക്കടപ്പും സൈനസും കഫക്കെട്ടും കുറയ്ക്കാന്‍ ആവി പിടിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് ചൂടുപാലില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഉറങ്ങുന്നതിന് മുമ്പ് കുടിക്കം. രോഗപ്രതിരോധശേഷിക്ക് ഇത് അത്യുത്തമമാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്താം. ഇത് രോഗാണുക്കളെ പ്രതിരോധിക്കും. ചിക്കന്‍ സൂപ്പോ പച്ചക്കറി സൂപ്പോ കഴിക്കുന്നത് മൂക്കടപ്പ് കുറയ്ക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. ശരീരത്തിന് രോഗത്തോട് പോരാടാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കാന്‍ വിശ്രമം അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.09, പൗണ്ട് - 127.57, യൂറോ - 110.18, സ്വിസ് ഫ്രാങ്ക് - 119.65, ഓസ്ട്രേലിയന്‍ ഡോളര്‍ - 67.04, ബഹറിന്‍ ദിനാര്‍ - 252.86, കുവൈത്ത് ദിനാര്‍ -308.15, ഒമാനി റിയാല്‍ - 247.14, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 25.93, ഖത്തര്‍ റിയാല്‍ - 26.07, കനേഡിയന്‍ ഡോളര്‍ - 68.08.
Previous Post Next Post
3/TECH/col-right