Trending

എളേറ്റിൽ വട്ടോളിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് സ്ഥാപിക്കണം: എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ

എളേറ്റിൽ: എളേറ്റിൽ മർച്ചന്റ് അസോസിയേഷന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം യൂണിറ്റ് പ്രസിഡന്റ് ബി.സി. മോയിൻകുട്ടിയുടെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.

വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ, സംഘടനയുടെ ഇടപെടലുകൾ, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി. 


ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ മൂത്തേടത്ത്, സെക്രട്ടറി PTA ലത്തീഫ് മണ്ഡലം ജനറൽ സെക്രട്ടറി സലാം നരിക്കുനി, ഖാദർ ഹാജി, നജീബ്, മുരളീധരൻ, നാസർ പി ടി, നാസർ ഹാജി, ഷമീർ, എന്നിവർ വ്യാപാരികളുടെ അവകാശ സംരക്ഷണത്തിനും വ്യാപാര മേഖലയിലെ വികസനത്തിനുമായി സംഘടന കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് അഭിപ്രായപ്പെട്ടു സംസാരിച്ചു. 

യോഗത്തിൽ എളേറ്റിൽ പ്രദേശത്ത് KSEB സെക്ഷൻ സ്ഥാപിക്കണമെന്ന പ്രധാന പ്രമേയം അവതരിപ്പിച്ചു. കൊടുവള്ളി സെക്ഷൻ കൺസൂമർമാരുടെ വർധനയും വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനവും കണക്കിലെടുത്ത് എളേറ്റിൽ കേന്ദ്രീകരിച്ച് കെഎസ്ഇബി സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

നിലവിൽ വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്കായി ദൂരസ്ഥ ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എളേറ്റിലിൽ തന്നെ കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് യോഗം ആവശ്യപ്പെട്ടു.

വ്യാപാരികളുടെ വിവിധ പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു.പുതിയ ഭാരവാഹികളായി ബി സി മോയിൻ കുട്ടി യെ യൂണിറ്റ് പ്രസിഡന്റായും, അബ്ദുറഹിമാൻ കാരാട്ട് ജനറൽ സെക്രട്ടറി, മുരളീധരൻ നായർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ ഷംസുദ്ധീൻ എളേറ്റിൽ സ്വാഗതവും, അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right