Trending

പ്രഭാത വാർത്തകൾ

2026  ജൂണ്‍ 9 , ചൊവ്വ, 
1201  ഇടവം 26 , പൂരുരുട്ടാതി
1447  ദുൽഹിജ്ജ 22

◾  വീണ്ടും യുദ്ധഭീതി. ഇറാനും ഇസ്രയേലും പരസ്പരം മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ തീരത്ത് എംടി മാരിവെക്സ് എന്ന ഇന്ത്യന്‍ എണ്ണ ടാങ്കര്‍ കപ്പലിനെതിരേ ആക്രമണം. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ കപ്പലില്‍ തീപിടുത്തമുണ്ടായി. കപ്പലില്‍ ഉണ്ടായിരുന്ന 24 ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. നാവികര്‍ക്കു പരിക്കുകളില്ല.

◾  നാലര വര്‍ഷത്തെ എംബിബിഎസ് കോഴ്സിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് തിരികെ നല്‍കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. അഞ്ചു വര്‍ഷത്തെ ഫീസാണ് സ്വാശ്രയ കോളജുകള്‍ വാങ്ങിയിരുന്നത്. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നേകാല്‍ മുതല്‍ നാലു വരെ ലക്ഷം രൂപ തിരികേ നല്‍കേണ്ടിവരും.

◾  കനത്ത മഴമൂലം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷനല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

◾  മാസപ്പടി കേസില്‍ വീണ വിജയനും കരമിണല്‍ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്‍ഫോഴ്സ്മെന്റിനു കൈമാറാന്‍ കോടതി ഉത്തരവിട്ടു. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.



◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിഗ്രഹങ്ങള്‍ക്കു പിറകിലെ പ്രഭാ മണ്ഡലം പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സ്വര്‍ണ സാമ്പിളുകള്‍ കോടതി ശേഖരിക്കും. അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

◾  മാരാരിക്കുളം മുതല്‍ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി. 220.51 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

◾  സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ തിരിച്ചെത്തിയ ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. എന്‍ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോര്‍ജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ കേല്‍ക്കര്‍ തുറമുഖ, വാര്‍ത്താവിതരണ, വയോജന ക്ഷേമ വകുപ്പുകളുടെയും സെക്രട്ടറി ചുമതല വഹിക്കും. എം ജി രാജമാണിക്യം- കെഎസ്ഇബി സിഎംഡി. ടി വി അനുപമ- ഗതാഗത സെക്രട്ടറി, അദീല അബ്ദുളള- പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി. ഷര്‍മിള മേരി ജോസഫ് -ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. രേണു രാജ് -ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി. ഡി സജിത് ബാബു- പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി. സ്നേഹില്‍ കുമാര്‍ സിങ് -പൊതുവിദ്യാഭ്യസ ഡയറക്ടര്‍. ശ്രീധന്യ സുരേഷ് - ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍. പ്രേംകൃഷ്ണന്‍ -സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍. മിന്‍ഹാജ് ആലം- കൃഷിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി.

◾  തെരഞ്ഞെടുപ്പ് തോല്‍വിക്കു നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെറ്റുതിരുത്താന്‍ സിപിഎം. ഓഗസ്റ്റില്‍ വിശാല സംസ്ഥാന സമിതി യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ തെറ്റു തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

◾  സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെന്ന് ഡിജിപി. ഓഗസ്റ്റില്‍ വാടക കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇടത് സര്‍ക്കാറിന്റെ കാലത്ത് ഹെലികോപ്റ്റര്‍ വാടക ധൂര്‍ത്തെന്ന് യുഡിഎഫ് വിമര്‍ശിച്ചിരുന്നു.

◾  ഇന്നു നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെടുകയായിരുന്നു.

◾  ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നു കേരള പോലീസ്. അന്തരിച്ച സലീംകുമാറിന്റെ അന്ത്യകര്‍മങ്ങള്‍ നൂറുകണക്കിനു പേര്‍ മൊബൈല്‍ കാമറയുമായെത്തി ചിത്രീകരിച്ച് തിരക്കുണ്ടാക്കിയ സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

◾  കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നല്‍ പരിശോധയില്‍ ഇന്നലെ മാത്രം 296 പേര്‍ അറസ്റ്റിലായി.

◾  സിപിഎം-ബിജെപി ഡീല്‍ ആരോപണം ഉന്നയിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി. പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് പി വി ഷാജികുമാര്‍ (നോവല്‍), പി എന്‍ ഗോപീകൃഷ്ണന്‍ (കവിത), എന്‍ പ്രഭാകരന്‍ (കഥ) എന്നിവര്‍ അര്‍ഹരായി. ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

◾  വയനാട് മാര്‍ ബസേലിയോസ് കോളിയാടി സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്‌കൂളിലെ 339 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

◾  മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച 16 പേരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി. തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരന്‍ സഹായധന വിതരണം നിര്‍വഹിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നത്.

◾  ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലില്‍ ഇറങ്ങിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ദേശീയ പാതയുടെ അശാസ്ത്രീയ നിര്‍മ്മാണമാണു കാരണമെന്നാണ് ആരോപണം.

◾  കേരളാ തീരത്ത് കടലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതുമായ ബന്ധപ്പെട്ട കേസില്‍ നാവികര്‍ക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി നല്‍കിയ ഏഴ് നാവികരില്‍ മൂന്നുപേര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി.

◾  ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതിനെതിരായ കേസുകള്‍ക്ക് സഹായം ചെയ്തതിന് റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സര്‍വീസസ് എന്‍ട്രി. സെക്രട്ടേറിയറ്റിലെ അസി. സെക്ഷന്‍ ഓഫീസര്‍ സി ഐ തോമസിനാണ് അവാര്‍ഡ്. റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യമാണ് ഉത്തരവ് ഇറക്കിയത്.  

◾  സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന് ഇന്ത്യ മുന്നണി. വോട്ട് ചോരി ആരോപണത്തില്‍ നടപടി തേടി ചീഫ് ജസ്റ്റിസിന് കത്തു നല്‍കും. സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്നം എന്നിവ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്ന യോഗത്തില്‍ 25 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

◾  പിണങ്ങിപ്പിരിഞ്ഞ ഡിഎംകെയെ അനുനയിപ്പിക്കണമെന്ന് ഇന്ത്യ മുന്നണി യോഗത്തില്‍ നിര്‍ദേശം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പിണറായി വിജയനെതിരേ കടുത്ത ആക്രമണം നടത്തിയതിനു നീരസം പ്രകടിപ്പിച്ച സിപിഎം  നേതാക്കളുമായി ചര്‍ച്ചയ്ക്കു തയാറെന്നു രാഹുല്‍ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ സോണിയാഗാന്ധി ആശ്ളേഷിച്ചുകൊണ്ടാണു യോഗത്തിലേക്കു വരവേറ്റത്. മുന്നണിയില്‍ ഏകോപനമില്ലെന്ന് യോഗത്തില്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

◾  ലക്ഷദ്വീപില്‍ 47 വര്‍ഷമായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം റദ്ദാക്കിയത്. വൈകാതെത്തന്നെ ലക്ഷദ്വീപില്‍ മദ്യശാലകള്‍ തുടങ്ങിയേക്കും.

◾  മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റുന്നു . മധ്യപ്രദേശില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎല്‍എമാരെ മാറ്റുന്നത്. ബിജെപിക്കു രണ്ടു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ശേഷിയാണുള്ളത്.  മീനാക്ഷി നടരാജനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

◾  ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയില്‍ ഉരുകിയ രൂപത്തിലുള്ള സ്റ്റീല്‍ ജീവനക്കാരുടെ ശരീരത്തില്‍ വീണ് ജീവനക്കാര്‍ക്ക് ഗുരുതര പൊള്ളലേറ്റു. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് എന്നറിപ്പെടുന്ന രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിലാണ് അപകടം ഉണ്ടായത്.

◾  ബിജെപിയില്‍ ചേരാന്‍ ഓഫര്‍ ലഭിച്ചെന്ന അവകാശവാദവുമായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. ബിജെപിയുടെ വാഗ്ദാനം താന്‍ നിരസിച്ചെന്നും മമത ബാനര്‍ജിക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.

◾  വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കായുള്ള പുതിയ എച്ച്-1ബി വിസകള്‍ക്ക് 1,00,000 ഡോളര്‍ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ ജഡ്ജി റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഫീസ് വര്‍ദ്ധന പ്രഖ്യാപിച്ചത്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഈ വിധി.

◾  ക്യൂബന്‍ തീരത്ത് കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങള്‍ കുലുങ്ങി. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റില്‍ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഭൂചലനമുണ്ടായത്.

◾  ഇറാന്‍ - ഇസ്രായേല്‍ യുദ്ധം അടിയന്തരമായി നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുപക്ഷവും വെടിനിര്‍ത്തലിന് ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അന്തിമ സമാധാന ചര്‍ച്ചകള്‍ക്ക് തടസമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു.

◾  നൈജീരിയയില്‍ ബോക്കോ ഹറം ഭീകരവാദികള്‍ മൂന്ന് മാസംമുമ്പു തട്ടിക്കൊണ്ടുപോയ 360 പേരെ മോചിപ്പിച്ചു. നൈജീരിയയിലെ മന്ദാര മലനിരകളിലെ ഒരു ഉള്‍ഗ്രാമത്തിലെ ഒളിത്താവളത്തില്‍നിന്നാണ് ഇവരെ മോചിപ്പിച്ചത്. ഇവര്‍ക്ക് കാവല്‍ നിന്ന അനേകം ഭീകരന്‍മാര്‍ പിടിയിലായതായി സൈന്യം അവകാശപ്പെട്ടു.

◾  കുട്ടികളുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടന്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടു. 18 വയസ്സിന് താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.

◾  രണ്ട് വര്‍ഷമായി ഓഹരി വിപണിയില്‍ നിന്നുള്ള ആദായം കുറയുന്നത് ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം പലരും നിര്‍ത്തുകയാണ്. മ്യൂച്വല്‍ ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം എസ്.ഐ.പി. അക്കൗണ്ടുകള്‍ തുടങ്ങുന്നതിനേക്കാള്‍ വേഗത്തില്‍ നിലവിലുള്ളവ നിര്‍ത്തലാക്കുന്ന സാഹചര്യമുണ്ട്. വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമ്പോഴും വിപണിയെ താങ്ങിനിര്‍ത്തുന്നത് എസ്.ഐ.പി. വഴിയുള്ള പണമൊഴുക്കായിരുന്നു. വിപണിയിലെ അസ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചുതുടങ്ങി. ഏപ്രില്‍ മാസത്തില്‍ പുതുതായി ആരംഭിച്ച എസ്.ഐ.പി. അക്കൗണ്ടുകളേക്കാള്‍ (50.7 ലക്ഷം) കൂടുതല്‍ അക്കൗണ്ടുകള്‍ നിര്‍ത്തി (51.3 ലക്ഷം). 2024 സെപ്റ്റംബറിന് ശേഷം വിപണിയില്‍ അനിശ്ചിതത്വം കൂടിയതാണ് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.

◾  പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ മോഡലുകളെ ആശ്രയിക്കുന്നത് കുറക്കാന്‍ മൈക്രോസോഫ്റ്റ് ഏഴ് പുതിയ എ.ഐ മോഡലുകള്‍ അവതരിപ്പിച്ചു. ക്ലോഡ് എ.ഐ ഉപയോഗിക്കുന്നത് കമ്പനിക്ക് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും, ആന്ത്രോപിക്കിന് നല്‍കുന്ന തുക പൂര്‍ണമായും ഒഴിവാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മൈക്രോസോഫ്റ്റിലെ വിവിധ എന്‍ജിനീയറിങ് ടീമുകള്‍ കോഡിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിലവില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ടോക്കണുകള്‍ക്കായി ചിലവഴിക്കുന്നത്. ഓപ്പണ്‍ എ.ഐയുമായി മൈക്രോസോഫ്റ്റിന് നിലവിലുള്ള ദീര്‍ഘകാല പങ്കാളിത്ത കരാര്‍ പ്രകാരം അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എഐ സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ആന്ത്രോപിക്കുമായി ഇത്തരം ദീര്‍ഘകാല ഇളവുകളൊന്നും ഇല്ലാത്തതാണ് ക്ലോഡ് എ.ഐ മൈക്രോസോഫ്റ്റിന് വലിയ ബാധ്യതയാകാന്‍ കാരണം.

◾  തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്ലം ഡോഗ്' ന്റെ ടീസര്‍ പുറത്ത്. സംയുക്ത ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണ് ഒന്നേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസര്‍ യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചന തരുന്നു. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തില്‍ വിജയ് കുമാര്‍ എത്തുന്നത്. സറീന വഹാബ്, ബ്രഹ്‌മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

◾  പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കുന്ന 'ഐ നോബഡി' റിലീസിനൊരുങ്ങുകയാണ്. പാര്‍വതി തിരുവോത്ത് നായികയായി എത്തുന്ന ചിത്രം ജൂലൈയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹക്കീം ഷാജഹാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെന്‍ഡ് സ്റ്റെര്‍ ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. സോഷ്യോ- പൊളിറ്റിക്കല്‍, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇ4 എന്റര്‍ടൈന്‍മെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾  മാരുതി സുസുക്കി അവരുടെ ജനപ്രിയ എംപിവിയായ ഇന്‍വിക്ടോയില്‍ 2026 ജൂണ്‍ വരെ ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍ മാരുതി സുസുക്കി ഇന്‍വിക്ടോയില്‍ ഉപഭോക്താക്കള്‍ക്ക് 2.15 ലക്ഷം വരെ ലാഭിക്കാം. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. മാരുതി ഇന്‍വിക്റ്റോ തികച്ചും കരുത്തുറ്റതും ആഡംബര പൂര്‍ണവുമായി ഒരു മോഡലാണ്. മാരുതിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയതും പ്രീമിയം കാറുമാണിത്. ഇത് പെട്രോളിലും വൈദ്യുതിയിലും (ബാറ്ററി) പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ യാന്ത്രികമായി ബാറ്ററി പവറിലേക്ക് മാറാന്‍ കഴിയുന്നത്ര മികച്ചതാണ് ഇതിന്റെ എഞ്ചിന്‍. വലിപ്പം കൂടുതലാണെങ്കിലും, ലിറ്ററിന് 23 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് ഇത് നല്‍കുന്നു. എക്സ്-ഷോറൂം വില ഏകദേശം 25 ലക്ഷം മുതല്‍ ആരംഭിക്കുന്നു. അതേസമയം ഉയര്‍ന്ന മോഡലിന് 28.5 ലക്ഷം വരെ വിലവരും.

◾  2008ല്‍ ആദ്യത്തെ ഹിമാലയയാത്ര. തുടര്‍ന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂര്‍വ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തില്‍നിന്ന് തുടങ്ങി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, കാശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഒറീസ, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, കൈലാസം വരെ എത്തിനില്‍ക്കുന്ന, ഭാരതം മുഴുവന്‍ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്കര്‍മ്മമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേര്‍ക്കണ്ണാടിയാകുന്ന കൃതി. 'കന്യാകുമാരി മുതല്‍ കൈലാസം വരെ'. സുലേഖ എം. ഗ്രീന്‍ ബുക്സ്. വില 808 രൂപ.

◾  ദിവസവും ഏത്തപ്പഴം കഴിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തിലെ പോഷകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു പോഷകമാണ്. പൊട്ടാസ്യം ശരീരത്തിലെ അധിക സോഡിയം പുറത്താക്കാന്‍ സഹായിക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാന്‍ സഹായകമാകാം. ആഴ്ചകളോളം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കുറവ് കാണാന്‍ കഴിയുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഏത്തപ്പഴത്തില്‍ ധാരാളം ലയിക്കുന്ന ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കാം. കൂടാതെ ഇതില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ്. ഏത്തപ്പഴം ഒരു പിടി ബദാമിനൊപ്പം അല്ലെങ്കില്‍ ഓട്‌സ് മീലിനൊപ്പം കഴിക്കുക. ഇത് ഏത്തക്കയിലെ പൊട്ടാസ്യവും ഓട്സിലും ബദാമിലും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഇരട്ടിഫലപ്രദമാണ്. കൂടാതെ ഒരുപാട് പഴുത്ത പഴം തിരഞ്ഞെടുക്കാതിരിക്കുക. അതില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. ഇത് സുഗര്‍ സ്പൈക്ക് ഉണ്ടാക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ എപ്പോഴും ക്ലാസിന്റെ ഒരു മൂലയില്‍ ഒറ്റയ്ക്കിരിക്കും. അധികം സംസാരിക്കില്ല. കളിക്കാനോ കൂട്ടം ചേരാനോ ശ്രമിക്കാറുമില്ല. ചില കുട്ടികള്‍ അവനെ പരിഹസിക്കുമായിരുന്നു. അവന്റെ പഴകിയ യൂണിഫോമിനെയും പഴയ ബാഗിനെയും കുറിച്ച് തമാശകള്‍ പറയും. പക്ഷേ അവന്‍ ഒരിക്കലും പ്രതികരിച്ചില്ല. ഒരു ദിവസം അധ്യാപകന്‍ ക്ലാസിലെ എല്ലാവരോടും ഒരു ചെറിയ കാര്യം കൊണ്ടുവരാന്‍ പറഞ്ഞു. ''നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ ഓര്‍മ്മിപ്പിക്കുന്ന എന്തെങ്കിലും നാളെ കൊണ്ടുവരണം.'' അടുത്ത ദിവസം കുട്ടികള്‍ പലതും കൊണ്ടുവന്നു. കളിപ്പാട്ടങ്ങള്‍... മെഡലുകള്‍... സമ്മാനങ്ങള്‍... പക്ഷേ ആ കുട്ടിയുടെ കൈയില്‍ ഒരു പഴയ ഫോട്ടോ മാത്രമായിരുന്നു. അധ്യാപകന്‍ അതെടുത്ത് നോക്കി. ഫോട്ടോയില്‍ അവന്‍ ഒരു സ്ത്രീയുടെ അരികില്‍ നിന്നുകൊണ്ട് സന്തോഷത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. ''ആരാണ് ഇത്?'' അധ്യാപകന്‍ ചോദിച്ചു. കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു. ''എന്റെ അമ്മ... എനിക്ക് ഏറ്റവും സന്തോഷമായിരുന്ന ദിവസങ്ങളുടെ ഓര്‍മ്മയാണിത്. അമ്മ ഇനി ഇല്ല... എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചതും ചിരിപ്പിച്ചതും അമ്മയായിരുന്നു.'' ആ വാക്കുകള്‍ കേട്ടപ്പോള്‍ ക്ലാസ്സ് മുഴുവന്‍ നിശ്ശബ്ദമായി.  ഇതുവരെ അവനെ പരിഹസിച്ചിരുന്ന കുട്ടികള്‍ പോലും തലതാഴ്ത്തി ഇരുന്നു. അപ്പോള്‍ അധ്യാപകന്‍ പതിയെ പറഞ്ഞു: ''നമ്മള്‍ കാണുന്ന ഓരോ മുഖത്തിനും പിന്നില്‍ മറ്റാരും അറിയാത്ത ഒരു കഥയുണ്ട്. ആരെയെങ്കിലും വിലയിരുത്തുന്നതിന് മുമ്പ്, അവര്‍ എന്തൊക്കെയാണ് അനുഭവിച്ചുകഴിഞ്ഞതെന്ന് ചിന്തിക്കണം. കാരണം ചില പുഞ്ചിരികള്‍ സന്തോഷത്തിന്റെതല്ല... അതിജീവനത്തിന്റെതാണ്.'' ആ ദിവസത്തിനുശേഷം ക്ലാസ്സില്‍ ഒരു മാറ്റം സംഭവിച്ചു.  ഒറ്റയ്ക്കിരുന്ന ആ കുട്ടിക്ക് കൂട്ടുകാര്‍ ലഭിച്ചു. പരിഹാസത്തിന് പകരം സ്‌നേഹം ലഭിച്ചു. അവഗണനയ്ക്ക് പകരം കരുതല്‍ ലഭിച്ചു. നമ്മള്‍ കാണുന്ന ഓരോ മനുഷ്യനും ഒരു കഥയാണ്. ആ കഥയിലെ വേദനകള്‍ നമുക്ക് അറിയില്ല. അതുകൊണ്ട് വിധിക്കാനല്ല...  മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. ഒരു ചെറിയ സ്‌നേഹവും ഒരു നല്ല വാക്കും ചിലപ്പോള്‍ ഒരാളുടെ മുഴുവന്‍ ജീവിതവും മാറ്റിമറിച്ചേക്കാം. - ശുഭദിനം.
Previous Post Next Post
3/TECH/col-right