Trending

മഴക്കാല രോഗങ്ങൾക്കെതിരെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുമുള്ള അതീവ ജാഗ്രതാ അറിയിപ്പ്.

എളേറ്റിൽ: മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല രോഗം, വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, വൈറൽ പനികൾ തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. 

പ്രത്യേകിച്ച് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും , പകരുന്ന ഷിഗല്ല രോഗം, ഗുരുതര വയറിളക്കം, ഛർദ്ദി, പനി, കാരണമാകുന്നതിനാൽ മുഴുവൻ ആളുകളും അതീവ ശ്രദ്ധ പുലർത്തേണ്ടതും
പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.

🔹 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

🔹 കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.

🔹തുറസായ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.

🔹 വീടുകളിലും, ഓഡിറ്റോറിയങ്ങളിലും, ആരാധാനാലയങ്ങളിലും നടക്കുന്ന ചടങ്ങുകളിലും മറ്റും വെൽക്കം ഡ്രിങ്ക്സ് പ്രത്യേകിച്ച് തണുത്ത പാനീയങ്ങൾ പരിപൂർണ്ണമായും ഒഴിവാക്കുക . കുടിവെള്ള ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിവ ഉറപ്പുവരുത്തുക

🔹 മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്ക്കരിക്കുക

🔹ഭക്ഷണം ശുദ്ധമായ രീതിയിൽ പാചകം ചെയ്യുകയും അടച്ചു സൂക്ഷിക്കുക യും ചെയ്യുക

🔹മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക. ആഴ്ചയിൽ ഒരു ദിവസം കൊതുകിൻ്റെ പ്രജനനം ഇല്ലാതാക്കാൻ ഡ്രൈഡേ  ആചരിക്കുക, വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങൾ  ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും വായ്ഭാഗം , ഉൾഭാഗം, പുറംഭാഗം മുഴുവനായും ഉരച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. വെള്ളം ശേഖരിക്കുന്ന  പാത്രങ്ങൾ അടച്ചു സൂക്ഷിക്കുക

🔹പനി, തലവേദന, ശരീരവേദന, വയറിളക്കം, ഛർദ്ദി, കണ്ണിന് മഞ്ഞനിറം, മൂത്രത്തിന്റെ നിറവ്യത്യാസം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടൻ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടുക.

🔹മലിനജലവുമായി സമ്പർക്കം പുലർത്തേണ്ടി വരുന്നവർ നിർബന്ധമായും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.

🔹 ഏതു പനിയും എന്തുമാവാം. ഏതൊരു രോഗത്തിൻ്റെയും പ്രാരംഭ ലക്ഷണമാണ് പനി . പനിയെ അവഗണിക്കരുത്. പനി വന്നാൽ സ്വയം ചികിത്സ പാടില്ല. പരീക്ഷണത്തിന് നിൽക്കരുത്. വിദഗ്ധ ഡോക്ടറുടെ സഹായം തേടുക
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നു. 

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ മഴക്കാല രോഗങ്ങളുടെ വ്യാപനം തടയാനും, നമ്മുടെ കുടുംബത്തെയും, സമൂഹത്തെയും സുരക്ഷിതമാക്കാനും സാധിക്കുമെന്നും, ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Previous Post Next Post
3/TECH/col-right