2026 | ജൂണ്‍ 8 , തിങ്കള്‍
1201 | ഇടവം 25 , ചതയം
◾ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി സര്‍വീസുകളില്‍ ജൂണ്‍ 15 മുതല്‍ നടപ്പാക്കും. 100 ദിവസത്തിനുശേഷം മറ്റു ബസുകളിലും നടപ്പാക്കുന്നതു പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. ഓര്‍ഡിനറി ബസുകളില്‍ ഉണ്ടാകുന്ന 712 കോടി രൂപയുടെ വരുമാന നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍.
◾ ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറേനിയന്‍ നഗരങ്ങളില്‍ ഇസ്രയേലിന്റെ ആക്രമണം. ടെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
◾ ഇറാനിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ലഭ്യമായ യാത്രാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
◾ ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപില്‍ ശക്തമായ ഭൂകമ്പം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. എത്ര പേര്‍ മരിച്ചെന്നു തിട്ടപ്പെടുത്തിയിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്വാന്‍, പലാവു, പാപുവ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലെ തീരപ്രദേശങ്ങളില്‍ പസഫിക് സുനാമി ഉണ്ടാകുമെന്നു മുന്നറിയിപ്പ്.
◾ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കാതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
◾ ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ മുപ്പത്താറുകാരി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരിയമ്മാള്‍(36) ആണ് മരിച്ചത്. പരിക്കേറ്റ 11 കാരനായ മകന്‍ രക്ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. മാരിയുടെ മകന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി വനംമന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
◾ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍. ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും.
◾ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന അതിജീവിതയുടെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറി. ഇതോടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
◾ മാസപ്പടി കേസില്‍ എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ കോടതിയില്‍. അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഇന്നുതന്നെ വാദം കേള്‍ക്കും.
◾ വിദേശത്തു നിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടെത്തിയ 13 അംഗ ക്രിമിനല്‍ സംഘത്തെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടി. പ്രതികള്‍ സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നുള്ളവരും കര്‍ണാടക സ്വദേശികളും ഉള്‍പ്പെടുന്നു.
◾ പൊലിസിലെ പുഴുകുത്തുകളെക്കുറിച്ചു തുറന്നെഴുതി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. 'അധികാരത്തിന്റെ വഴി, അനീതിയുടെയും' എന്ന പുസ്തകം ബുധനാഴ്ച പ്രകാശിതമാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണു പ്രകാശനം ചെയ്യുക. പൊലിസ് കള്ളകേസില്‍ കുരുക്കിയ നെടുമങ്ങാട് ബിന്ദുവിന് ആദ്യ കോപ്പി നല്‍കിയാണു പ്രകാശനം.
◾ നരുവാമൂട് 18 കാരന്‍ ശിവസൂര്യയുടെ കൊലപാതകത്തില്‍ എല്ലാ പ്രതികളും പിടിയില്‍. കാര്‍ത്തിക്, അജിത്, ആരോമല്‍, പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്. ഒന്നര വര്‍ഷം മുമ്പ് പ്രതികളുമായി ടര്‍ഫിലുണ്ടായ തര്‍ക്കമാണ് ശിവസൂര്യയുടെ കൊലപാതകത്തിന് കാരണം.
◾ പിണറായി വിജയനെ പരിഹസിച്ച ജി സുധാകരന്‍ കള്ളുവാങ്ങി കൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന കോമാളിയായെന്ന് സിപിഎം നേതാവ് എച്ച് സലാം. പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും സുധാകരന് യോഗ്യതയില്ലെന്നും സലാം പറഞ്ഞു.
◾ പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
◾ തിരുവനന്തപുരത്ത് പെരുമഴയെത്തുടര്‍ന്ന് പ്രശസ്തമായ പട്ടം ഗേള്‍സ് സ്‌കൂളിലെ സംരക്ഷണ മതില്‍ തകര്‍ന്നു വീണു. സ്‌കൂളിലെ പിന്‍വശത്തെ ക്ലാസ് മുറികളോട് ചേര്‍ന്ന മതിലാണ് ഇടിഞ്ഞുവീണത്. പത്തനംതിട്ടയില്‍ കൂടല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുകളിലേക്ക് ഇന്ന് പുലര്‍ച്ചെ വന്‍ ആല്‍മരം കടപുഴകി വീണു.
◾ മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. തൂണേരി ബാലവാടി സ്റ്റോപ്പിനു സമീപമാണ് അപകടമുണ്ടായത്.
◾ ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല. മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.
◾ നീറ്റ് പുനപരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോരാതിരിക്കാന്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് 'രഹസ്യ വാസം' ഏര്‍പ്പെടുത്തി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
◾ സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പിഴവുകളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനും സിബിഎസ്ഇയ്ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം ചോദ്യം ചെയ്ത് എന്‍ എസ് യു നല്‍കിയ ഹര്‍ജിയിലുള്ള കേസ് ഈ മാസം 12ന് പരിഗണിക്കും.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സി ബി എസ് ഇ പരീക്ഷാപ്പിഴവ് എന്നീ വിഷയങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലേക്കു സമരം വ്യാപിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി. മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
◾ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ തെന്നിനീങ്ങി വിമാനങ്ങളില്‍ ഇടിച്ചു. മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി.
◾ പ്രത്യേക ബ്ലോക്കായിരിക്കാന്‍ ലോക്സഭ സ്പീക്കറെ കണ്ട് അനുമതി തേടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാര്‍. ഇരുസഭകളിലുമായി 30 എംപിമാര്‍ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് അവകാശപ്പെടുന്നു.
◾ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുകേന്ദു ശേഖര്‍ റോയ് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവച്ചു.
◾ നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ് ക്ഷണമെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
◾ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമമനുസരിച്ച് പൗരത്വമില്ലാത്ത 4,800 പേരെ നാടുകടത്തി. 836 പേരെ അതിര്‍ത്തി ജില്ലകളിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.
◾ പശ്ചിമേഷ്യന്‍ യുദ്ധം കാരണം, മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാര്‍ഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ, രാജ്യത്ത് അര്‍ബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയില്‍. ജീവന്‍ രക്ഷാ കീമോതെറാപ്പി മരുന്നുകള്‍ പലതും കിട്ടാതായി എന്നാണ് വിവരം.
◾ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി. ഇസ്രയേലും തിരിച്ചടി ശക്തമാക്കി. ഇറാഖിന്റെ വ്യോമപാത മൂന്നു ദിവസത്തേക്ക് അടച്ചു. ഇറാന്റെ അവിവേകത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രായേല്‍ ഭീഷണി മുഴക്കി.
◾ സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് പ്രവിശ്യയില്‍ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശം. അടിയന്തര സാഹചര്യമുള്ളതിനാല്‍ പൊതുജനങ്ങള്‍ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി.
◾ ഫിഫ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അമേരിക്കയില്‍ ടൂര്‍ണമെന്റിനെത്തുന്ന ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ബേസ് ക്യാമ്പിനരികില്‍ രണ്ടു വ്യത്യസ്ത വെടിവയ്പുകളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. യു.എസിലെ കാന്‍സസ് സിറ്റിയിലാണ് സംഭവം.
◾ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. ഒരിന്നിംഗ്‌സിനും 300 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 564 നെതിരെ ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഒന്നാമിന്നിംഗ്‌സില്‍ 152 ന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത് രണ്ടാമിന്നിംഗ്‌സില്‍ 112 ന് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേടിയ യുവ സ്പിന്നര്‍ മാനവ് സുതറാണ് തകര്‍ത്തതെങ്കില്‍ രണ്ടാമിന്നിംഗ്‌സില്‍ നാല് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവുമാണ് അഫ്ഗാനെ തകര്‍ത്തെറിഞ്ഞത്.
◾ ഡാനിഷ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ എറിക്സന്‍ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച നടന്ന ഡെന്മാര്‍ക്ക്-യുക്രെയ്ന്‍ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ നെഞ്ചില്‍ കൈവെച്ച് എറിക്സന്‍ ബോധരഹിതനായി വീഴുകയായിരുന്നു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയും പവന് 760 രൂപ താഴ്ന്ന് 1,11,240 രൂപയുമായി. 18 കാരറ്റിന്റെ വില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,425 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,900 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,740 രൂപയുമാണ് വില. അതേസമയം, മാര്‍ച്ച് 2026-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം റെക്കോഡ് അളവായ 880.52 ടണ്ണില്‍ എത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 320 ടണ്ണിലധികം വര്‍ധനയാണ് ഇതിലുണ്ടായത്. ആഗോളതലത്തിലും, മാര്‍ച്ച് മാസത്തിലെ വലിയ തോതിലുള്ള വില്‍പ്പനയ്ക്ക് ശേഷം, ഏപ്രില്‍ മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ വീണ്ടും സ്വര്‍ണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്; ഇത്തവണ 19 ടണ്‍ സ്വര്‍ണ്ണമാണ് ബാങ്കുകള്‍ വാങ്ങിക്കൂട്ടിയത്. ഇതില്‍ 14 ടണ്‍ സ്വര്‍ണം കൂടി സ്വന്തമാക്കിയ പോളണ്ടാണ് ഏറ്റവും വലിയ വാങ്ങലുകാരായി തുടരുന്നത്. ഇതോടെ ഈ വര്‍ഷം ഇതുവരെ പോളണ്ട് വാങ്ങിയ ആകെ സ്വര്‍ണത്തിന്റെ അളവ് 45 ടണ്ണായി ഉയര്‍ന്നു.
◾ ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണ്‍ മോഡ് അവതരിപ്പിച്ച് ഓപ്പണ്‍എഐ. പ്രോംപ്റ്റ് ഇന്‍ജക്ഷന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്ത പുതിയ സുരക്ഷാ ഫീച്ചറാണിത്. ഡേറ്റാ മോഷണം ഗണ്യമായി തടയുന്നു ഇത് പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഈ മോഡ് ഓണ്‍ ചെയ്യുന്നതോടെ ചാറ്റ് ജിപിടിക്ക് പുറംലോകവുമായി നടത്തുന്ന ഇടപെടലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. ലൈവ് വെബ് ബ്രൗസിങ് പരിമിതപ്പെടുത്തുന്നു. ഡീപ് റിസര്‍ച്ച്, ഏജന്റ് മോഡ് എന്നിവ പൂര്‍ണമായും ഓഫാക്കുന്നു. ഫയല്‍ ഡൗണ്‍ലോഡുകള്‍ തടയുന്നു. എന്നാല്‍ ഇമേജ് ജനറേഷനും നേരിട്ടുള്ള ഫയല്‍ അപ്ലോഡുകളും പ്രവര്‍ത്തിക്കും. മെമ്മറി മാറ്റമില്ലാതെ തുടരും. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത എല്ലാ ഉപകരണങ്ങളുടെയും ബ്രൗസറുകളുടെയും ലിസ്റ്റ് കാണിക്കുന്ന ഒരു ആക്ടീവ് സെഷന്‍ മാനേജരോടൊപ്പമാണ് ഓപ്പണ്‍ എഐ ടൂള്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവയെല്ലാം ഒറ്റയടിക്ക് ലോഗ് ഔട്ട് ചെയ്യാന്‍ കഴിയും.
◾ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' ബോക്സ് ഓഫീസില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 236 കോടി 70 ലക്ഷം രൂപയാണ്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. നാലു ദിവസം നീളുന്ന ആദ്യ വീക്കെന്‍ഡ് പിന്നിടുന്നതോടെ ചിത്രം മൂന്നൂറു കോടിയിലേക്ക് അടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ 2 ദിനം കൊണ്ട് 181 കോടിയോളം നേടിയ ചിത്രം മൂനാം ദിനം നേടിയത് 55 കോടിയോളം ആഗോള ഗ്രോസ് ആണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അരൂപി'. ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് കെ എസ് ഹരിശങ്കര്‍ ആലപിച്ച 'ഓര്‍മ്മ നിലാവ്...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ, അഭിലാഷ് വാര്യര്‍, കിരണ്‍ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണന്‍ സാഗര്‍, എ കെ വിജുബാല്‍, നെബു എബ്രഹാം, വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആന്‍ മരിയ, അഞ്ജന മോഹന്‍, രേഷ്മ, സംഗീത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
◾ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ അള്‍ട്രാവയലറ്റ് ഉപഭോക്താക്കള്‍ക്കായി 'കില്‍ ദി ബില്‍ പ്രോഗ്രാം' ആരംഭിച്ചു. ഇതില്‍, അള്‍ട്രാവയലറ്റ് എഫ്77 ഉം അള്‍ട്രാവയലറ്റ് എക്സ്47 ഉം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി 30,000 രൂപ വരെ ക്യാഷ്ബാക്ക് നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെട്രോള്‍ ബൈക്കില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം എത്ര തവണ ഓടിച്ചുവെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു പെട്രോള്‍ ബൈക്കില്‍ 60,000 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, അള്‍ട്രാവയലറ്റ് എഫ്77 അല്ലെങ്കില്‍ അള്‍ട്രാവയലറ്റ് എക്സ്47 വാങ്ങുമ്പോള്‍ 24,000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. പരമാവധി ക്യാഷ്ബാക്ക് 30,000 രൂപ ആണ്. പെട്രോള്‍ ബൈക്കുകളില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ധനച്ചെലവില്‍ മാത്രം പ്രതിമാസം ഏകദേശം 3,000 മുതല്‍ 5,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
◾ ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്മരണകള്‍ മാത്രമല്ല. വിശദാംശങ്ങളില്‍ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മള്‍ തിരിച്ചറിയുന്നു. ജീവിതത്തില്‍ അഭ്യുദയം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. 'പരിവര്‍ത്തനം, പ്രതീക്ഷ, വിനയം, സ്നേഹം' എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്തകം. നീതിബോധവും മനുഷ്യസ്നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന രചന. 'ഓര്‍മ്മകളുടെ താഴ്വരയില്‍'. ഹിമ കെ. ഐഎഎസ്. ഗ്രീന്‍ബുക്സ്. വില 417 രൂപ.
◾ സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തുന്ന ബാക്ടീരിയ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ദഹനവ്യവസ്ഥിതിയെ തകരാറിലാക്കുകയും രോഗമായി മാറുകയും ചെയ്യും. ഷിഗെല്ലയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. പലപ്പോഴും ഇതില്‍ രക്തത്തിന്റെ സാന്നിധ്യം കാണപ്പെടാന്‍ സാധ്യതയുണ്ട്. പനി, വയറു വേദന, വയറു ശൂന്യമായിരിക്കുമ്പോള്‍ പോലും ഇടയ്ക്കിടെ ശോധന അനുഭവപ്പെടുക. ബാക്ടീരിയ ശരീരത്തിലെത്തി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ദിവസം മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ത്തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. പൊതുവേ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സാധാരണ ജീവത്തിലേക്ക് തിരികെയെത്താറുണ്ട്. ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. അസുഖ ബാധിതനായ വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക.ഷിഗെല്ല ബാധിതരായ വ്യക്തികളെ ഒരു കാരണവശാലും ഭക്ഷണം പാകം ചെയ്യാനും മറ്റും അനുവദിക്കരുത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.62, പൗണ്ട് - 127.42, യൂറോ - 110.18, സ്വിസ് ഫ്രാങ്ക് - 119.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.45, ബഹറിന്‍ ദിനാര്‍ - 253.55, കുവൈത്ത് ദിനാര്‍ -309.29, ഒമാനി റിയാല്‍ - 248.74, സൗദി റിയാല്‍ - 25.45, യു.എ.ഇ ദിര്‍ഹം - 25.95, ഖത്തര്‍ റിയാല്‍ - 26.29, കനേഡിയന്‍ ഡോളര്‍ - 68.58.
Tags:
KERALA