Trending

പ്രഭാത വാർത്തകൾ

2026  ജൂണ്‍ 7, ഞായര്‍ 
1201  ഇടവം 24 , അവിട്ടം
1447  ദുൽഹിജ്ജ 20

◾  പ്രശസ്ത ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 56 വയസായിരുന്നു. ഇന്നു രാവിലെ ഒമ്പത് മുതല്‍ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്ത്യോപചാരമര്‍പ്പിക്കും. സംസ്‌കാരം ഇന്നു വൈകുന്നേരം വീട്ടുവളപ്പില്‍. 1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് ജനനം. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം മിമിക്രി അവതരിപ്പിച്ചാണു കലാരംഗത്തേക്കു ചുവടുവച്ചത്. 2000 ത്തില്‍ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ പ്രിയതാരമായി. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ആദാമിന്റെ മകന്‍ അബുവിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരം, അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ നേടി. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാര്‍ അവസാനമായി പൊതുവേദിയിലെത്തിയത്.

◾  മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് ആറു മരണം. കാസര്‍കോട് ആദൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സീര്‍ (10) എന്നിവര്‍ മരിച്ചു. തൃശ്ശൂര്‍ മണലൂരില്‍ വീടിനു മുകളിലേക്കു മരം വീണ് വിഷ്ണു എന്ന യുവാവ് മരിച്ചു. എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയില്‍ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീല്‍ എന്ന വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ഫാര്‍മസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകന്‍ ശിവനന്ദ് എന്നിവരാണ് മരിച്ചത്.

◾  കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തിയും പ്രതിഷേധവും അറിയിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന 'മോദി - പിണറായി ഡീല്‍' പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിട്ടെന്നും കത്തില്‍ പരാതിപ്പെട്ടു.



◾  പിണറായി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എന്‍ പ്രശാന്തിനെയും സര്‍വീസില്‍ തിരിച്ചെടുത്തു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉത്തരവിട്ടു. ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു അശോകിനെ സസ്പെന്‍ഡ് ചെയ്തത്. രണ്ടുവര്‍ഷമായി പുറത്തുനില്‍ക്കുന്ന പ്രശാന്തിന് ഒന്‍പത് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.

◾  മാസപ്പടി കേസില്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എം ആര്‍ അജയന്‍. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സുപ്രീം തന്നേയും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി നല്‍കിയത്. ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആര്‍എല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ നീക്കം.

◾  നടന്‍ സലിംകുമാറിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കൂടപ്പിറപ്പ്, കുടുംബാംഗം, സഹോദരന്‍. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ തനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

◾  ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് പ്രണാമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍, ഒരാള്‍ക്ക് മാലയിടാനുണ്ടെന്ന് പറഞ്ഞ് അച്ഛന്‍ കൂട്ടിക്കൊണ്ടുപോയ കഥ സലിം പറയാറുണ്ട്. മാലയിട്ടപ്പോള്‍ തന്റെ കവിളില്‍ തലോടിയതു സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനായിരുന്നുവെന്ന വിശേഷം സലീംകുമാര്‍ പറയാറുണ്ടെന്നും വേണുഗോപാല്‍ അനുസ്മരിച്ചു.

◾  ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോള്‍ കരയിപ്പിക്കുക മാത്രമാണെന്ന് മമ്മൂട്ടി. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബക്കില്‍ കുറിച്ചു.

◾  മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സലീം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കു ചേരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

◾  വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നാല് മനുഷ്യജീവനുകളാണ് നഷ്ടമായത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്. പിണറായി കുറ്റപ്പെടുത്തി.

◾  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ തിരുവള്ളൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിന്‍ ഭാസ്‌കറിനെ പോലീസ് ചോദ്യം ചെയ്തു. റിബേഷ് രാമകൃഷ്ണന് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചത് ജിതിനില്‍ നിന്നാണെന്നാണ് സൂചന. ജിതിന്റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. റിബേഷ് രാമകൃഷ്ണന് സ്‌ക്രീന്‍ ഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസ് റിപ്പോര്‍ട്ട്.

◾  കെപിസിസി അധ്യക്ഷപദം ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്ന് സണ്ണി ജോസഫ്. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. സ്ഥാനമൊഴിയാമെന്ന് എംഎല്‍എമാരായ അഞ്ചു ഡിസിസി പ്രസിഡന്റുമാരും അറിയിച്ചു.

◾  പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം താന്‍ കോടിയേരി ബാലകൃഷ്ണന്റെ വസതിയില്‍ പോയിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുടുംബത്തെ പാര്‍ട്ടി അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾  താരസംഘടനയായ അമ്മയില്‍ അന്‍സിബയുമായുള്ള തര്‍ക്കപരിഹാരത്തിനു അന്‍സിബയുടെ ആവശ്യമനുസരിച്ചു രൂപീകരിച്ച സമിതിയില്‍ രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരെ ഉള്‍പെടുത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് മൂന്നു പേര്‍.

◾  കരുവന്നൂര്‍ ഇഡി കേസില്‍ വിചാരണക്കു ഹാജരാകണമെന്ന പിഎംഎല്‍എ കോടതി നിര്‍ദേശത്തെ നിയമപരമായി നേരിടുമെന്ന് എ.സി. മൊയ്തീന്‍ എംഎല്‍എ. പിഎംഎല്‍എ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചത്. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും അദ്ദേഹം പറഞ്ഞു.

◾  എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട പിഎംശ്രീ പദ്ധതിയില്‍ ബിജെപി കൂട്ടുകെട്ട് ആരോപിച്ച യുഡിഎഫ്, പദ്ധതി തുടരുമോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎംശ്രീ പദ്ധതിയില്‍ പങ്കാളികളായില്ലെങ്കില്‍ കേരളത്തിനു ഫണ്ട് തരില്ലെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. ഇപ്പോള്‍ വി ഡി സതീശന്റെ യു ഡി എഫ് സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.

◾  വയനാട് മുണ്ടക്കൈ  ചൂരല്‍മല ദുരന്തബാധിതര്‍ക്കു കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം വൈകിയത്  നിര്‍മാണ അനുമതികള്‍ ലഭിക്കാന്‍ വൈകിയതുകൊണ്ടാണെന്ന് മന്ത്രി ടി സിദ്ദിഖ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടില്‍ കല്ലിട്ടിട്ട് 100 ദിവസം പിന്നിട്ടിട്ടും പണി ആരംഭിച്ചില്ലെന്ന് സിപിഎം ആരോപിച്ചിരിക്കേയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്.

◾  എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബര്‍ അടക്കം പ്രതികളായ രണ്ടു യുവതികള്‍ കൂടി പൊലീസിന്റെ കസ്റ്റഡിയില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പാലക്കാട് നിന്നാണ് മുഖ്യപ്രതി അക്ബറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ സെക്സ് റാക്കറ്റ് കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്.

◾  എം ജി സര്‍വകലാശാല സെനറ്റിലേക്ക് ബി ജെ പി ക്കാരെ നോമിനേറ്റു ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി വിവാദത്തില്‍. ചാന്‍സലറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നാമനിര്‍ദ്ദേശം ചെയ്ത 30 പേരില്‍ 17 പേരും ബി ജെ പിക്കാരാണ്. എഴുത്തുകാരുടെ വിഭാഗത്തില്‍ നിന്ന് നിര്‍ദ്ദേശിച്ചത് പ്രമുഖ ബി ജെ പി നേതാവ് ജെ പ്രമീളാദേവിയെയാണ്.

◾  വയനാട് കുടുംബശ്രീ ജില്ലാ മിഷനിലെ ആദിവാസി വികസന പ്രവര്‍ത്തന ഫണ്ടില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള മൂന്നു ജീവനക്കാരെ പിരിച്ചുവിട്ടു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജറും സിപിഎം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ വി. ജയേഷ്, വിഡികെ കോര്‍ഡിനേറ്റര്‍ ഹരീഷ്, സ്പെഷ്യല്‍ പ്രോജക്ട് കോഡിനേറ്റര്‍ സായികൃഷ്ണന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. വനവിഭവങ്ങളുടെ വില്‍പനയില്‍ ക്രമക്കേട് നടത്തിയെന്നാണു കണ്ടെത്തിയത്.

◾  വയനാട് കോളിയാടി മാര്‍ ബസേലിയോസ് എ യു പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 211 വിദ്യാര്‍ത്ഥികളാണ് പനിയും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 73 കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെയും കുടിച്ച വെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിലെ അണുബാധയാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം.

◾  കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിള ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

◾  കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു, ഒരു ലിറ്റര്‍ പാക്കറ്റിന് 375 രൂപയില്‍ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്. അരി, പയറുവര്‍ഗ്ഗങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്ക് സപ്ലൈകോയിലും വലിയ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

◾  പാലക്കാട് ലോട്ടറി വില്‍പ്പനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍. ലോട്ടറി വില്പനക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്.

◾  ബന്ധു നിയമന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനം ബന്ധു എന്ന നിലയിലല്ല, മറിച്ച് രാഷ്ട്രീയ പരിചയസമ്പത്തും വിശ്വാസ്യതയും മാനദണ്ഡമാക്കിയാണെന്നും, പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് പ്രത്യേക യോഗ്യത മാനദണ്ഡങ്ങള്‍ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

◾  കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. മുന്‍പ് റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് ആയങ്കി ഭീഷണി മുഴക്കിയത്.

◾  കോഴിക്കോട്ടെ ഫോക്കസ് മാളില്‍ പുതിയ ലുലു ഡെയിലി മാള്‍ ആരംഭിച്ചു. 15,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ ലുലു ഡെയിലി കോഴിക്കോട് മേയര്‍ ഒ സദാശിവനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ലുലുവിന്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊന്‍പതാമത്തെയും സ്റ്റോറാണിത്.

◾  കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഭായ് നസീര്‍ മരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

◾  വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. അഞ്ചല്‍ പനയഞ്ചേരി പ്ലാവിള വീട്ടില്‍ ഹരിഷ് കുമാറി (31) നെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്.

◾  കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ഒരാഴ്ചയ്ക്കകം രാജിവയ്ക്കണമെന്നും രാജിവയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നും സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കേ. സര്‍ക്കാരിനെ ഭയന്ന് എത്രകാലം ജീവിക്കും? തന്നെ ജയിലിടക്കുമെന്ന് ഭയന്നാണ് അമ്മ കഴിയുന്നത്. അങ്ങനെ രാജ്യത്ത് എത്ര അമ്മമാര്‍ ഭയന്നു കഴിയുന്നുണ്ടെന്നും ദീപ്കേ പറഞ്ഞു.

◾  സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയെ കൈയേറ്റം ചെയ്ത മൂന്നു പേരെ പൊലീസ് പിടികൂടി. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ച് ഓടിയെത്തിയവര്‍ ആനി രാജയെ തള്ളി താഴെയിടുകയായിരുന്നു. ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാന്‍ വന്നതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

◾  കര്‍ണാടകയില്‍ രാജിവച്ച രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിന്‍വലിച്ചെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. ചില തെറ്റിദ്ധാരണകള്‍ മൂലമാണു രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

◾  റോഡരികില്‍ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ഗോവയില്‍ കോളേജ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മാപുസ സ്വദേശിയായ 23-കാരന്‍ സാമുവല്‍ ഡി ബ്രാഗന്‍സയാണ് മരിച്ചത്. പോലീസ് കേസെടുത്തതിലും സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തിലും യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു

◾  കുവൈറ്റിനും ബഹ്‌റൈനും നേരെ ഇറാന്‍ നടത്തിയ പുതിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം. സുരക്ഷ എന്നത് മിസൈലുകള്‍ കൊണ്ടോ ഡ്രോണുകള്‍ കൊണ്ടോ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് ബഹ്‌റൈന്‍ ഓര്‍മ്മിപ്പിച്ചു.

◾  അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് മുഖ്യതടസ്സം യുഎസ് മരവിപ്പിച്ച ഇറാന്റെ 24 ബില്യന്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുനല്‍കാത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനെയിയുടെ സൈനിക ഉപദേശകന്‍ മൊഹ്സെന്‍ റിസായി ടെഹ്റാനില്‍ സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

◾  ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം റഷ്യയുടെ മിറ ആന്‍ഡ്രീവക്ക്. പോളണ്ടിന്റെ മയ ഹലിന്‍സ്‌കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എട്ടാം റാങ്കുകാരിയായ മിറ കന്നി കിരീടത്തില്‍ മുത്തമിട്ടത്.  19-കാരിയായ മിറയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

◾  ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഫോബ്‌സിന്റെ  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ജാപ്പനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസായോഷി സണ്‍ എന്നിവരെ പിന്നിലാക്കിയാണ് അദാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ആസ്തി 89.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പട്ടികയില്‍ 88 ബില്യണ്‍ ഡോളറുള്ള മുകേഷ് അംബാനി രണ്ടാമതും 87ബില്യണ്‍ ഡോളറുള്ള സോഫ്റ്റ്ബാങ്കിന്റെ മസായോഷി സണ്‍ മൂന്നാമതുമാണ്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി എലോണ്‍ മസ്‌ക് പട്ടികയില്‍ ഒന്നാംസ്ഥാനത്തുണ്ട്. 800 ബില്യണ്‍ ഡോളറിലധികം ആസ്തിയോടെയാണ് തുടരുന്നത്.  രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിളിന്റെ സഹസ്ഥാപകന്‍ ലാറി പേജ്. ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ മൂന്നാംസ്ഥാനത്താണ്.

◾  സാങ്കേതിക ലോകം അത്യാധുനിക എഐ സംവിധാനങ്ങളുടെ ഗവേഷണവുമായി മുന്നേറുന്നതിനിടെ, ഇതിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി പ്രമുഖ എഐ കമ്പനികളിലൊന്നായ ആന്ത്രോപിക് രംഗത്ത്. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യ സമൂഹത്തിന്റെയും നിയന്ത്രണ സംവിധാനങ്ങളുടെയും ശേഷിയെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനോ നിര്‍ത്തിവെക്കാനോ ലോകം തയ്യാറാകണമെന്ന് ആന്ത്രോപിക് ആവശ്യപ്പെട്ടു. ഗവേഷണ പ്രബന്ധത്തിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. കമ്പനിയുടെ വിലയിരുത്തല്‍ പ്രകാരം, എഐ സംവിധാനങ്ങള്‍ക്ക് സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാനുള്ള കഴിവ് ഓരോ നാല് മാസത്തിലും ഇരട്ടിയാകുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരുടെ സഹായമില്ലാതെ സ്വയം കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഘട്ടത്തിലെത്താമെന്നാണ് മുന്നറിയിപ്പ്.

◾  നിവിന്‍ പോളിയുടെ റോം - കോം ജോണര്‍ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓണത്തിന് തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിനും മമിതയും ഒന്നിച്ചുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമിത ബൈജു ആണ് നായികയായെത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.

◾  മനുഷ്യനും മൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന 'ലര്‍ക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം റിലീസായി. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിര്‍വ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തും. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന 'ഐസ് ഓണ്‍ ദ പ്രേ' എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ തിരക്കഥാകൃത്ത് കൂടിയായ ജുബിന്‍ ജേക്കബിന്റേതാണ്. ഈണമൊരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. 'ലര്‍ക്ക്' ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. സൈജു കുറുപ്പ്, അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, ടി.ജി. രവി, അനുമോള്‍, മഞ്ജു പിള്ള തുടങ്ങിയ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു.

◾  മണ്‍സൂണ്‍ ഓഫറുകളുമായി മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് കമ്പനികള്‍. ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുമായി മാരുതിയാണ് മുന്നില്‍. മൊത്തം 2.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇന്‍വിക്‌റ്റോയ്ക്ക് നല്‍കുന്നത്. ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍ വേരിയന്റുകള്‍ക്ക് 85,000 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെയും ഇഗ്‌നിസ്, ജിംനി  എന്നിവയ്ക്ക് 45,000 രൂപ വരെയും, ബലേനോയ്ക്ക് 40,000 രൂപ വരെയും, ഫ്രോങ്ക്സിന് വേരിയന്റ് അനുസരിച്ച് 25,000 രൂപ വരെയും ഡിസ്‌കൗണ്ട് ലഭ്യമാണ്. ഹ്യുണ്ടായി ക്രെറ്റയുടെ ചില പെട്രോള്‍ വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും ക്രെറ്റ ഇലക്ട്രിക്കിന് 85,000 രൂപ വരെയും ഗ്രാന്‍ഡ് ഐ10 നിയോസ് 78,000 രൂപ, അല്‍കാസര്‍ 75,000 രൂപ, ഐ20, ഐ20 എന്‍ ലൈന്‍ 63,000 രൂപ വരെയും ഓഫറുകളുണ്ട്. ടാറ്റ മോട്ടോഴ്സ് നെക്‌സോണ്‍, കര്‍വ് എന്നീ മോഡലുകള്‍ക്ക് 55,000 രൂപ വരെയും ഹാരിയര്‍, സഫാരി എസ്യുവികളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 45,000 രൂപ വരെയും ലാഭിക്കാം.

◾  മാര്‍ക്‌സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്‌സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം. 'കാള്‍ മാര്‍ക്‌സിന്റെ അവസാനവര്‍ഷങ്ങള്‍'. മാഴ്സലോ മുസ്തോ. പരിഭാഷ - ടി.നാരായണന്‍ വട്ടോളി. മാതൃഭൂമി. വില 306 രൂപ.

◾  പ്രമേഹ രോഗികള്‍ അവരുടെ ദൈംദിന ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. ചീര, മുരിങ്ങയില എന്നിവയില്‍ ധാരാളം ഭക്ഷ്യനാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പോഷകമൂല്യം കുറഞ്ഞ വെള്ള അരി, മൈദ എന്നിവയ്ക്ക് പകരം ബ്രൗണ്‍ റൈസ്, ഓട്സ്, റാഗി, ചോളം എന്നിവ പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, ഉഴുന്ന് പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായും വേണം. ബദാം, വാല്‍നട്ട്, പിസ്ത, ചിയ വിത്ത്, ഫ്ലാക്സ് വിത്തുകള്‍ എന്നിവ പ്രമേഹരോഗികള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. നാടന്‍ മത്തി പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നു. തൈര് പ്രമേഹരോഗികള്‍ക്ക് ഒരു സൂപ്പര്‍ഫുഡ് ആണ്. പാവക്കയില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് പ്രധാനമാണ്. ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കണം. കൃത്യമായ വ്യായാമവും പിന്തുടരണം.

*ശുഭദിനം*
*കവിത കണ്ണന്‍*
കാറ് നിര്‍ത്തിയപ്പോള്‍ ലോട്ടറി വില്‍ക്കുന്ന കുട്ടി അയാളുടെ അടുത്തെത്തി ഒരു ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിച്ചു.  തനിക്ക് ലോട്ടറിയെടുക്കാന്‍ താല്‍പര്യമില്ലെന്ന് അയാള്‍ പറഞ്ഞെങ്കിലും അവന്‍ തന്റെ അപേക്ഷ തുടര്‍ന്നു.  അവസാനം ലോട്ടറിയുടെ വിലയായ 100 രൂപകൊടുത്തിട്ടു പറഞ്ഞു: എനിക്ക് ലോട്ടറി വേണ്ട, നീ പണമെടുത്തോളൂ.. അവനത് നിരസിച്ചു.  പലതവണ പറഞ്ഞിട്ടും അനുസരിക്കാതായപ്പോള്‍ അദ്ദേഹം ചോദിച്ചു: ആ ലോട്ടറി മറ്റൊരാള്‍ക്ക് കൊടുത്ത് നിനക്ക് പണമുണ്ടാക്കികൂടെ?  അപ്പോള്‍ അവന്‍ പറഞ്ഞു: ലഭിക്കുന്ന പണത്തിന് പകരം അതേ മൂല്യമുളളത് എനിക്ക് നല്‍കണം.  അതെന്റെ ശീലമാണ്.  പിന്നീടുകാണുമ്പോഴെല്ലാം അയാള്‍ അവന്റെ കയ്യില്‍ നിന്നും ലോട്ടറി ചോദിച്ചുവാങ്ങുമായിരുന്നു.  കൈമാറ്റമാണ് എല്ലാ ഇടപാടുകളുടേയും ഊര്‍ജ്ജം.  അതിപ്പോ, ബിസിനസ്സിലായാലും ബന്ധങ്ങളിലായാലും.   എല്ലാവരും നല്‍കുകയും സ്വീകരിക്കുകയും വേണം.  എനിക്കൊന്നും വേണ്ട എന്ന മനോഭാവത്തില്‍ അധികമാര്‍ക്കും ജീവിക്കാനാകില്ല. എന്തെങ്കിലുമൊക്കെ ലഭിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്.  അതു പ്രതിഫലമാകാം, സമ്മാനമാകാം, കടമാകാം..അത് തങ്ങള്‍ക്കും വേണ്ടപ്പെട്ടവരുണ്ടെന്ന ആശ്വാസം നല്‍കുന്നുണ്ട്.  തിരിച്ചു നല്‍കാനുളള പ്രചോദനവും സൃഷ്ടിക്കുന്നുണ്ട്.  സ്വീകരിച്ചതിന് തുല്യമായ എന്തെങ്കിലും നല്‍കുക എന്നത് വാങ്ങുന്നവരുടെ ഉത്തരവാദിത്വമാണ്.   ലഭിച്ച വസ്തുവിനേയും നല്‍കിയ ആളിനേയും ആദരിക്കാനുളള എളുപ്പമാര്‍ഗ്ഗം അവരര്‍ഹിക്കുന്നത് തിരിച്ചുനല്‍കുക എന്നതാണ്.  പരസ്പരം കൈമാറുന്നവയ്ക്കെല്ലാം മൂല്യം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.  വസ്തുവിന്റെ വിലയല്ല, നല്‍കുന്ന പ്രക്രിയക്കാണ് മൂല്യം. - ശുഭദിനം.
Previous Post Next Post
3/TECH/col-right