Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 3, ബുധന്‍ 
1201 | ഇടവം 20 , പൂരാടം

◾  ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ 11 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍. മാളവ്യ നഗറിലെ അഞ്ചുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഫ്ളോറിഷ് സ്റ്റേ' ഹോട്ടലിലാണ് രാവിലെ ഒമ്പതോടെ തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ അധികവും ദക്ഷിണാഫ്രിക്കക്കാരാണ്. രക്ഷപ്പെടാന്‍ ചിലര്‍ കെട്ടിടത്തിനു മുകളില്‍നിന്നു താഴേയ്ക്കു ചാടി. അകത്തു കുടുങ്ങിയവരെ കണ്ടെത്താന്‍ ഉച്ചവരേയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

◾  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആക്രമണത്തില്‍ ഒരു യാത്രാ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-ഒതൈബി അറിയിച്ചു.

◾  രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് നിയമസഭയില്‍ അനുമതിയില്ല. വി ജോയ് ആണ് വിഷയം ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകള്‍ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി. പരാതി ഉണ്ടെങ്കില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

◾  പ്രതിപക്ഷ ഉപനേതൃപദവിക്കായി ഇടതുമുന്നണിയില്‍ തര്‍ക്കം. അസാധാരണ പ്രതിസന്ധി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഉപനേതൃസ്ഥാനം തന്നില്ലെങ്കില്‍ സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നാണ് സിപിഐ നേതാക്കളുടെ നിലപാട്. സമവായ നീക്കങ്ങള്‍ ഇനിയും തുടരും.


◾  പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിറകിലെ ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോണ്‍ രേഖകളും മൊബൈല്‍ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നിലുള്ളവരെ പിടികൂടുമെന്നും എസ് ഐ ടി വ്യക്തമാക്കി.

◾  2026- 27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എല്‍പി സ്‌കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി. യുപി, എച്ച്എസ് വിഭാഗങ്ങളില്‍ അഞ്ച് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതല്‍ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ് 21 ന് ഓണാവധിക്ക് സ്‌കൂള്‍ അടയ്ക്കും. ഓഗസ്റ്റ് 31 ന് സ്‌കൂള്‍ തുറക്കും. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10 ന് തുടങ്ങി 18 ന് അവസാനിക്കും. ഡിസംബര്‍ 18 നാണ് ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടയ്ക്കുക. ഡിസംബര്‍ 28ന് സ്‌കൂള്‍ തുറക്കും.

◾  പുതിയ 71 നിയമസഭാംഗങ്ങള്‍ക്കു സഭാചട്ടങ്ങളില്‍ പരിശീലനം. നിയമസഭയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ചു പ്രത്യേക റൂളിംഗ് നല്‍കി. പുതിയ അംഗങ്ങള്‍ക്കായി 17 ന് സെമിനാര്‍ നടത്തും. സെമിനാറില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രസംഗിക്കും.

◾  നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കല്ലേറു നടത്തിയെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോര്‍ട്ട്. കല്ലേറുണ്ടായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കല്ലേറുണ്ടായിട്ടില്ലെന്നാണു ബസ് ഡ്രൈവറുടെ മൊഴിയെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  എറണാകുളം മലയിടംതുരുത്ത് ഭൂമി തര്‍ക്കത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് സ്ഥലവും വീടും നല്‍കാമെന്ന ഫോര്‍മുല മാത്രമാണ് മുന്നിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും.

◾  കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഹമ്മദ് ഫര്‍മാനെ അറസ്റ്റു ചെയ്യുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. മുഹമ്മദ് ഫര്‍മാന് അധികാര പരിധിയിലുള്ള മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയില്‍ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

◾  കേരളത്തില്‍ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി  സുരേഷ് ഗോപി. കഴിഞ്ഞ പത്തുവര്‍ഷം ഇടതു സര്‍ക്കാരില്‍ നിന്ന് കേള്‍ക്കാത്ത അഭിപ്രായമാണ് കെ. മുരളീധരന്‍ പങ്കുവച്ചത്. അതില്‍ സന്തോഷമുണ്ട്. അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

◾  സഹോദരി ഭര്‍ത്താവിനെ പേഴ്സണല്‍ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധുനിയമനം പ്രതിപക്ഷം ഉയര്‍ത്തിയത്.

◾  നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ അഹങ്കാരവും ജനവിരുദ്ധ സമീപനവുമാണെന്ന് മുന്‍ നേതാവ് ടി.കെ. ഗോവിന്ദന്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായ അണികള്‍ തന്നെയാണ് പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തതെന്നും, തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  പാലക്കാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന പ്രഭാവതിയെ പൊലീസ് പിടികൂടി. നെന്മാറ കണിമംഗലം പുഴക്കല്‍ തറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് പിടികൂടിയത്.

◾  പയ്യന്നൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ സംഭവത്തില്‍, വോട്ട് മറിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള വാക്കേറ്റമാണ് അധിക്ഷേപത്തില്‍ കലാശിച്ചത്. വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

◾  സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളത്തോടെ കാലവര്‍ഷം എത്തുമെന്നും വരും ദിവസങ്ങളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

◾  മുന്‍ മന്ത്രി കെ ടി ജലീല്‍ സിപിഎം അംഗത്വം എടുത്തതായി ഫേസ്ബുക്ക് കുറിപ്പ്. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്നും, താനും ഭാര്യയും പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  കൊണ്ടോട്ടി ജോയിന്റ് ആര്‍ടി ഓഫീസില്‍ ടി.പി.അഷ്‌റഫലി എംഎല്‍എയ്ക്ക് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കിയതും എംഎല്‍എ ഉദ്യോഗസ്ഥരുടെ കസേരിയില്‍ കയറിയിരുന്നു യോഗം നടത്തിയതും ചട്ടലംഘനമെന്ന് വിമര്‍ശനം. ഇതിന്റെയെല്ലാം വീഡിയോ റീലാക്കി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണു വിവാദമായത്.

◾  പാലക്കാട് കോളേജ് വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാല്‍ വീട്ടില്‍ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകന്‍ അലന്‍ പുന്നൂസിനെയാണ് (20) കാണാതായത്. കോയമ്പത്തൂര്‍ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാര്‍ത്ഥിയാണ്.

◾  കൊല്ലം നഗര മധ്യത്തില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയല്‍ കില്ലറെന്ന സംശയത്തില്‍ പൊലീസ്. മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പാരിപ്പള്ളിയില്‍ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാള്‍ ആണെന്നാണ് സംശയം.

◾  പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീല്‍ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അശ്വിന്‍ തന്നെയാണ് റീല്‍ പങ്കുവച്ചത്. നിലവില്‍ പരോളിലാണ് അശ്വിന്‍. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നായിരുന്നു പരോള്‍ വ്യവസ്ഥയിലൊന്ന്.

◾  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷനു മുന്നില്‍ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. വിവിധ ജീവനക്കാരുടെ സംഘടനകള്‍ക്കും പെന്‍ഷന്‍ യൂണിയനുകള്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ അവതരിപ്പിക്കാം. ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.

◾  കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ജി. പരമേശ്വര ഉപമുഖ്യമന്ത്രി. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും അടക്കം 11 മന്ത്രിമാര്‍ അധികാരമേല്‍ക്കും. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്. വൈകിട്ട് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പങ്കെടുക്കും.

◾  പശ്ചിമ ബംഗാളിലെ നബദ്വീപില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനല്‍കി. പ്രദേശത്തെ ജനങ്ങളുടെ വികസനത്തിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് വാര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ബിജെപിയില്‍ ചേരില്ലെന്നും അവര്‍ അറിയിച്ചു.

◾  ബ്രിട്ടന്റെ പുതിയ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. നയത്തില്‍ അയവുവരുത്തിയില്ലെങ്കില്‍, സ്‌കോച്ച് വിസ്‌കി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ നികുതിയിളവുകള്‍ പുനഃപരിശോധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

◾  ഹോര്‍മുസ് കടലിടുക്കിലെ ക്വിഷം ദ്വീപില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍, കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമങ്ങളെ അമേരിക്കന്‍-ബഹ്‌റൈന്‍ പ്രതിരോധ സേനകള്‍ തടഞ്ഞെങ്കിലും ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

◾  വധിക്കപ്പെട്ട് മൂന്ന് മാസത്തിനൊടുവില്‍, മുന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ഇറാന്‍. മൂന്നു ദിവസത്തെ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാല്‍, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്.

◾  ലോകകപ്പ് ഫുട്ബോളിനു പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 11-ന് ആരംഭിക്കുന്ന 2026 ഫിഫ ലോകകപ്പ് കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്.  48 ടീമുകളിലായി 1,248 താരങ്ങള്‍ അണിനിരക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനായി ലോകം കാത്തിരിക്കുകയാണ്.

◾  ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താന്‍ നിര്‍ദേശവുമായി യുഎസ് വ്യാപാര പ്രതിനിധികള്‍ രംഗത്ത്. നിര്‍ബന്ധിത തൊഴിലൂടെ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ ഈ രാജ്യങ്ങള്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 15 രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും ബാക്കിയുള്ളവയ്ക്ക് 12.5 ശതമാനം അധിക തീരുവയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 12.5% വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം കാനഡ, മെക്‌സിക്കോ, യുകെ, യൂറോപ്യന്‍ യൂണിയന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 10% അധിക തീരുവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് യുഎസ് 60 രാജ്യങ്ങള്‍ക്കെതിരെ നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച സെക്ഷന്‍ 301 അന്വേഷണം ആരംഭിച്ചത്.

◾  റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് സഹസ്ഥാപകന്‍ സാംഗ് യിമിംഗ് ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനായി. ചൈനയിലെ ഏറ്റവും ജനപ്രിയ എ.ഐ ചാറ്റ്ബോട്ടായി മാറിയ 'ഡോബൗ'ന്റെ വന്‍ വിജയമാണ് ബൈറ്റ്ഡാന്‍സിന് കരുത്തായത്. ആഗോളതലത്തില്‍ എഐ മേഖലയില്‍ ബൈറ്റ്ഡാന്‍സ് നടത്തുന്ന ശക്തമായ മുന്നേറ്റവും കമ്പനിയുടെ മൂല്യത്തിലുണ്ടായ വന്‍ വര്‍ധനയുമാണ് സാംഗിനെ നേട്ടത്തിലേക്ക് നയിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 92.8 ബില്യണ്‍ ഡോളറാണ് സാംഗ് യിമിംഗിന്റെ നിലവിലെ ആസ്തി. ഇതോടെ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിയും അദ്ദേഹം നിലനിര്‍ത്തി. 117.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനി 86.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഏഷ്യയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

◾  രശ്മിക മന്ദാന, കൃതി സനോണ്‍, ഷാഹിദ് കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം െചയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്നര്‍ 'കോക്ക്ടെയ്ല്‍ 2' ട്രെയിലര്‍ എത്തി. ത്രികോണ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. പ്രീതം ആണ് സംഗീതം. ശാന്തന കൃഷ്ണനാണ് ഛായാഗ്രഹണം. ജൂണ്‍ 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ കോക്ക്‌ടെയിലിന്റെ സ്പിരിച്വല്‍ സീക്വല്‍ ആണ് ഈ സിനിമ. ഹോമി അദജാനിയ തന്നെയാണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാന്‍, ദീപികാ പദുക്കോണ്‍, ഡയാനാ പെന്റി എന്നിവരായിരുന്നു 'കോക്ക്ടെയ്ല്‍' ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

◾  വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി' രണ്ടാം ഭാഗം ടീസര്‍ എത്തി. വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. രമ്യ കൃഷ്ണന്‍, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ ആളുകള്‍. ജൂലൈ മൂന്നിന് തിയറ്ററുകളിലെത്തും.

◾  ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം 2026 മെയ് മാസത്തില്‍ സ്വന്തമാക്കി മാരുതി സുസുക്കി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 2,42,688 വാഹനങ്ങളാണ് മാരുതി സുസുക്കി മേയ് മാസത്തില്‍ വിറ്റഴിച്ചത്. പാസഞ്ചര്‍ കാറുകള്‍, എസ് യുവികള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ എന്നിവക്കെല്ലാം വിപണിയില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് മാരുതി സുസുക്കിയെ വില്‍പനയുടെ സര്‍വകാല റെക്കോഡിലേക്കെത്തിച്ചത്. ഇന്ത്യന്‍ വിപണിയില്‍ മാത്രം 1,95,535 വാഹനങ്ങള്‍ മാരുതി സുസുക്കി മെയ് മാസത്തില്‍ വിറ്റു. ഇതും റെക്കോഡാണ്. ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ ആര്‍, ഫ്രോങ്‌സ് എന്നിവയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ആള്‍ട്ടോയും എസ് പ്രസോയും അടങ്ങിയ ചെറുകാര്‍ വിഭാഗവും വില്‍പനയില്‍ കുതിപ്പു രേഖപ്പെടുത്തി. കഴിഞ്ഞ മാസം 41,914 വാഹനങ്ങളാണ് മാരുതി സുസുക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

◾  ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ഈ പുസ്തകം. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഇതിന്റെ ഒന്നാം ഭാഗത്തില്‍ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തില്‍ നാരായണഗുരുവിനെയും സനാതനധര്‍ത്തെയും മുന്‍നിര്‍ത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തില്‍ പൌരാണികവും ഐതിഹാസികവുമായ സങ്കല്‍പ്പങ്ങള്‍ ഇന്‍ന്ത്യന്‍ വര്‍ത്തമാനകാല ജീവിത്തില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നതിനെയും മുന്‍നിര്‍ത്തിയുള്ള ചിന്തകളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'ഭഗവദ് ഗീതയും അയ്യപ്പനും'. ടി. എസ് ശ്യാംകുമാര്‍. ഡിസി ബുക്സ്. വില 288 രൂപ.

◾  ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ സ്ത്രീകളില്‍ അമിതവണ്ണത്തിന് കാരണമാകുന്ന ഘടകമാണ്. കൂടാതെ പോളിസിസ്റ്റിക് ഒവറി സിന്‍ഡ്രോം, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും വണ്ണം കൂടുന്നതില്‍ പങ്കുവഹിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്. മുട്ട, മീന്‍, ചിക്കന്‍, പയറുവര്‍ഗങ്ങള്‍, കടല, തൈര്, പനീര്‍ പോലുള്ളത് ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം വ്യായാമവും ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. നടത്തം, സൈക്ലിങ്, നീന്തല്‍, യോഗ, സ്‌കിപ്പിങ്, സ്ട്രെങ്ത് ട്രെയിനിങ് പോലുള്ളത് പരിശീലിക്കുന്നത് ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അധിക കലോറി ഒഴിവാക്കാനും സഹായിക്കും. അമിതവണ്ണം കുറയ്ക്കുന്നതു വഴി ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.74, പൗണ്ട് - 128.83, യൂറോ - 111.26, സ്വിസ് ഫ്രാങ്ക് - 121.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.63, ബഹറിന്‍ ദിനാര്‍ - 253.96, കുവൈത്ത് ദിനാര്‍ -309.78, ഒമാനി റിയാല്‍ - 249.01, സൗദി റിയാല്‍ - 25.48, യു.എ.ഇ ദിര്‍ഹം - 26.08, ഖത്തര്‍ റിയാല്‍ - 26.31, കനേഡിയന്‍ ഡോളര്‍ - 69.14.
Previous Post Next Post
3/TECH/col-right