2026 | ജൂണ്‍ 2, ചൊവ്വ
1201 | ഇടവം 19 , മൂലം
◾ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ മാത്രമല്ല, നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ്. അവിടെ കൂടിയിരുന്ന നേതാക്കാളുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും അതിനാല്‍ അവരെക്കൂടി പ്രതികളാക്കണമെന്നുമാണ് ഇഡിയുടെ നിലപാട്.
◾ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. ഷാനിമോള്‍ക്ക് 99 വോട്ടുകള്‍ ലഭിച്ചു. ഇടതുസ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. നാലു പേര്‍ വോട്ടു ചെയ്തില്ല. ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.
◾ ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിനു കിട്ടുന്ന അധിക നികുതി വരുമാനം ഉടന്‍ കുറക്കില്ലെന്നും എന്നാല്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്നുവച്ചു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഒരു രൂപപോലും കുറച്ചില്ല. പകരം ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തുകയാണു ചെയ്തത്. സതീശന്‍ ചൂണ്ടിക്കാട്ടി.
◾ കേന്ദ്രം ഇന്ധനവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെയായിരുന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. വാക്കു പാലിക്കാന്‍ സതീശന്‍ തയ്യാറാകണം. ധവളപത്രമെന്ന ഉമ്മാക്കി കാണിച്ചു വായടിപ്പിക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ നിയമസഭയില്‍ ഭരണപക്ഷത്തെ പിന്തുണച്ചു പ്രസംഗിച്ചപ്പോള്‍ കയ്യടിച്ച ഭരണപക്ഷാംഗങ്ങളോടു കൈയടിക്കേണ്ടെന്നും താനൊരു സ്വതന്ത്ര എംഎല്‍എ ആണെന്നും ജി സുധാകരന്‍. സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണം. സാംസ്‌കാരിക നായകര്‍ കാലുനക്കികളാണ്. പുതിയ സര്‍ക്കാരിനെക്കുറിച്ച് തുടക്കത്തില്‍ നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
◾ കോഴിക്കോട് നന്തിയില്‍ വാഹന പരിശോധനക്കിടെ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മാഹിയില്‍ നിന്ന് അനധികൃതമായി ഡീസല്‍ കടത്തുന്ന സംഘമാണ് ഉദ്യോഗസ്ഥരെ വണ്ടി കയറ്റി കൊല്ലാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം.
◾ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അടുത്ത ബന്ധുവിന് നിയമനം. സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.
◾ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു. പദവി കിട്ടിയില്ലെങ്കില്‍ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നും സിപിഐ.
◾ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമ വിധി വന്ന ശേഷം മതിയെന്നാണ് ഇഡിയുടെ തീരുമാനം.
◾ ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയില്‍ മഴ സാധ്യത. അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മൂന്നു ദിവസം അതി തീവ്ര മഴ.
◾ ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ ഇത്തവണ മലയാളിയും. ഖത്തറിന്റെ 26 അംഗ ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീദ് ഇടം നേടിയത്. ഇതോടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന്‍ മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുള്‍പ്പെടെ 26 അംഗ സ്‌ക്വാഡിനെ ഖത്തര്‍ പ്രഖ്യാപിച്ചു.
◾ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തെ ആവേശാരവങ്ങളോടെ വരവേല്‍ക്കാന്‍ നാടുനീളെ ഫ്ളെക്സ് യുദ്ധം. ഇഷ്ടടീമുകളുടേയും താരങ്ങളുടെ പടുകൂറ്റന്‍ ഫ്ളക്സുകളാണ് ഫുട്ബോള്‍ ഭന്തന്മാരും സംഘങ്ങളും ഉയര്‍ത്തിയിരിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ തമ്മിലാണു'ഫ്ളെക്സ് യുദ്ധം'. ഈ മാസം 11 നാണു ലോക ഫുട്ബോള്‍ മാമാങ്കത്തിനു തുടക്കമാകുന്നത്.
◾ മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സര്‍ക്കാര്‍ കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയം രമ്യമായി പരിഹരിക്കും. സ്ഥലം കൊടുത്ത് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. താമസക്കാര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
◾ നോവല്‍ കോപ്പിയടി വിവാദത്തില്‍. ഹരിത സാവിത്രിയുടെ 'സിന്‍' എന്ന നോവലിന്റെ പകര്‍പ്പാണ് കെ ആര്‍ മീരയുടെ 'കലാച്ചി'യെന്ന് ആരോപണം. കലാച്ചി നോവല്‍ വായിച്ച് ഞെട്ടിയെന്ന് ഹരിത സാവിത്രി. കാമുകനെ തേടി വിദേശത്തെ സംഘര്‍ഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് നോവലുകളുടെ ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥ കെ ആര്‍ മീര പറയുമ്പോള്‍, കൂര്‍ദിനിലെ കഥയാണ് ഹരിത എഴുതിയത്. രണ്ട് നോവലിന്റെയും പ്രമേയത്തിലെ സാമ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച.
◾ കോടികള്‍ തട്ടിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പുതിയ ഇടത് ഭരണ സമിതി വന്നിട്ടും നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശ പോലും നല്‍കാനാവുന്നില്ലെന്ന് ആരോപണം. ബാങ്കില്‍ കയറിയിറങ്ങിയാല്‍ മൂന്നും നാലും മാസം കൂടുമ്പോള്‍ നിക്ഷേപകര്‍ക്ക് പതിനായിരം രൂപ മാത്രമാണ് കിട്ടുന്നത്. ഇഡി പിടിച്ചെടുത്ത 264 കോടി രൂപയുടെ വായ്പാ ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിസന്ധി മറിടക്കാനാവുമെന്നാണ് ഭരണ സമിതി ആവര്‍ത്തിക്കുന്നത്.
◾ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ ഇന്ന് ഉന്നതതലയോഗം. ജലവിഭവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, കെ മുരളീധരന്‍, സിപി ജോണ്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
◾ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതികള്‍ ഒളിവിലല്ലെന്നും, മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ തയ്യാറായിരിക്കെയാണ് എസ്ഐടി റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിഭാഗം വാദിച്ചു.
◾ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയുടെ പേരില്‍ പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് യോഗനാദത്തിലെ ലേഖനത്തില്‍ വെള്ളാപ്പള്ളി നടേശന്‍. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളുടെമേല്‍ കെട്ടിവെക്കുന്നതും വേട്ടയാടുന്നതും ശരിയല്ലെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു.
◾ കോഴിക്കോട് വടകരയില്‍ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികന്‍ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം.
◾ മുഖ്യമന്ത്രി വി.ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിന് കോഴിക്കോട് ഉള്ള്യേരി സ്വദേശി കരുണന്‍ ചാലിലിനെതിരെ കേസെടുത്ത് അത്തോളി പൊലീസ്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴു അരിച്ച സംഭവത്തില്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
◾ നടന്‍ ടിനി ടോമിനെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കി നടി അന്‍സിബ ഹസന്‍. തന്റെ കുടുംബത്തെ വേട്ടയാടുന്നുവെന്നും, ടിനി സ്ത്രീത്വത്തെ അപമാനിച്ചെന്നും, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചു.
◾ ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു മാസമായി ഒളിവിലായിരുന്ന പ്രതി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
◾ അപകടത്തില്‍ തകരാറായതുമൂലം തത്കാലം വഴിയരികില്‍ പാര്‍ക്കു ചെയ്ത കാര്‍ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു പണം പോക്കറ്റിലാക്കിയ വിരുതനെ പോലീസ് തെരയുന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിന്റെ കാര്‍ തന്റേതാണെന്നു വിശ്വസിപ്പിച്ച് 21 കാരനായ യുവാവ് ആക്രി കച്ചവടക്കാര്‍ക്ക് വിറ്റത്. ലോറിയും ജെസിബിയുമായി കാര്‍ കൊണ്ടുപോകുന്നതറിഞ്ഞ ഉടമ ഓടിയെത്തി തടയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
◾ കൊച്ചി കലൂരില്‍ ഇന്നു പുലര്‍ച്ചെ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കു നേരെയാണ് 11 പേരുടെ സംഘം ആക്രമണം നടത്തിയത്. അക്രമിസംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അക്രമികള്‍ പെണ്‍കുട്ടികളെ മര്‍ദിക്കുകയും ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു.
◾ തെളിവെടുപ്പിനായി ഗുജറാത്തിലേക്ക് പോകുന്ന വഴിയില്‍ ട്രെയിനില്‍ വച്ച് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് മുക്കത്ത് മൂന്ന് കിലോഗ്രാമിലേറെ എം.ഡി.എം.എയുമായി പിടിയിലായ നീലേശ്വരം സ്വദേശി പുല്ലമ്പാടി വീട്ടില്‍ പറമ്പില്‍ മുഹമ്മദ് ഹനീഫ(32)യെയാണ് കര്‍ണാടക കല്‍ബുര്‍ഗിയില്‍ വച്ച് പിടികൂടിയത്.
◾ പ്രേമബന്ധത്തെ എതിര്‍ത്ത 15 കാരനായ മകനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ വീരേന്ദ്ര (15) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഗംഗമ്മ, ദര്‍ഗപ്പ എന്നിവരാണു പിടിയിലായത്. കൊലപാതകത്തിന് ശേഷം മകനെ കാണാനില്ലെന്ന് അമ്മ പൊലീസില്‍ വ്യാജ പരാതിയും നല്‍കിയിരുന്നു.
◾ ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ കുട്ടിക്കടത്ത് നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ 17 വയസ്സുകാരനെ രക്ഷപ്പെടുത്തുകയും ചെയ്തു. നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കടത്ത് സംഘത്തെ പിടികൂടാനായത്.
◾ റണ്‍വേ നവീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
◾ ബിജെപി ദേശിയ അധ്യക്ഷന്‍ നിതിന്‍ നബീനുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലെ. ആഭ്യന്തരമന്ത്രി അമിത് ഷയെ കാണാന്‍ അണ്ണാമലെ സമയം തേടി. അണ്ണാമലൈ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് കൂടിക്കാഴ്ച.
◾ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി. ഇന്ന് മുതല്‍ ആറാം തീയതിവരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള വീഡിയോയും സിബിഎസ്ഇ പങ്കുവച്ചിട്ടുണ്ട്.
◾ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഉലുബേരിയ പൂര്‍ബയില്‍ നിന്നുള്ള എംഎല്‍എ ഋതബ്രത ബാനര്‍ജി ശ്രമിച്ചെന്ന് മമത ബാലര്‍ജി. ഇന്നലെ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
◾ കൊല്‍ക്കത്തയിലെ ലേക്ക് ടൗണില്‍ സ്ഥാപിച്ച ലിയോണല്‍ മെസ്സിയുടെ 70 അടി ഉയരമുള്ള പ്രതിമ ബംഗാള്‍ പൊതുമരാമത്ത് നീക്കം ചെയ്തു. കഴിഞ്ഞവര്‍ഷം മമത ബാനര്‍ജി സര്‍ക്കാര്‍ സ്ഥാപിച്ച പ്രതിമയാണ് കാറ്റില്‍ ഉലയുന്നതുമൂലം ഇളക്കി മാറ്റിയത്.
◾ ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ട്രംപ് ശകാരിച്ചെന്ന് റിപ്പോര്‍ട്ട്. ലെബനനിലെ സൈനിക നീക്കങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് രൂക്ഷമായി ട്രംപ് പ്രതികരിച്ചതെന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍.
◾ ലെബനനെതിരായ ആക്രമണം തുടരണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് തീവ്ര വലതുപക്ഷ വിഭാഗം. ലബനനെതിരായ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് 'നോ' പറയണമെന്നാണ് ആവശ്യമുയര്‍ന്നത്. വടക്കന്‍ മേഖലയില്‍ ഇറാന്‍ ആക്രമണ ഭീഷണി മുഴക്കിയിരിക്കേ, സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എക്‌സില്‍ കുറിച്ചു.
◾ അവധിക്കാലവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും യുപിഐ ഇടപാടുകളെ പുതിയ ഉയരത്തിലെത്തിച്ചു. മേയില്‍ 29.90 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. ഒരു വര്‍ഷം മുമ്പ് 25.14 ലക്ഷം കോടിയുടെ ഇടപാടുകളായിരുന്നു. വാര്‍ഷിക വളര്‍ച്ച 19 ശതമാനമാണെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അവധിക്കാല ആഭ്യന്തര യാത്രകള്‍ വര്‍ധിച്ചതും ഐപിഎല്‍ ആവേശം നിറഞ്ഞു നിന്നതും ഇടപാടുകളുടെ എണ്ണം റെക്കോഡിലെത്താന്‍ കാരണമായി. അതേസമയം, യുപിഐ ഇടപാടുകളുടെ വലുപ്പം 2021ല്‍ 1,848 രൂപയായിരുന്നത് 2026ല്‍ എത്തിയപ്പോള്‍ 1,313 രൂപയായി കുറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി യുപിഐ ഇടപാടുകള്‍ തുടങ്ങുന്നത് 2016ലാണ്. ആ വര്‍ഷം ഏപ്രിലിലാണ് യുപിഐ അധിഷ്ടിത ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ആദ്യത്തെ ആ മാസം വെറും 373 ട്രാന്‍സാക്ഷന്‍ മാത്രമാണ് യുപിഐ വഴി നടന്നത്.
◾ 80 വര്‍ഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്നത്തിന് ഉത്തരം കണ്ടെത്തി ഓപ്പണ്‍ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞര്‍ ഈ തെളിവ് സ്വതന്ത്രമായി പരിശോധിക്കുകയും ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിലെ ഒരു ശാഖയായ 'കോമ്പിനാറ്റോറിക്സ്'ലെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ചോദ്യമാണ് എ.ഐ പരിഹരിച്ചത്. പതിറ്റാണ്ടുകളായി ഈ വിഷയത്തില്‍ ഗവേഷകര്‍ പരിശ്രമിച്ചിട്ടും പരിഹരിക്കാന്‍ കഴിയാതിരുന്ന ഈ ചോദ്യത്തിന് എ.ഐ മോഡല്‍ പുതിയൊരു മാര്‍ഗത്തിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു. ഗണിതശാസ്ത്രജ്ഞര്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുപോലെ, പല വഴികളിലൂടെ പരീക്ഷിച്ച്, പരാജയപ്പെട്ട ആശയങ്ങള്‍ ഒഴിവാക്കിയാണ് എ.ഐ അന്തിമ ഫലത്തിലേക്ക് എത്തിയത്. കണക്കിന് പരിഹാരം കണ്ടെത്തിയെങ്കിലും, ഫലം ശരിയാണോ എന്ന് പരിശോധിക്കാന്‍ ഗണിതശാസ്ത്രജ്ഞരുടെ സഹായം ആവശ്യമായിരുന്നു. മനുഷ്യരുടെ വൈദഗ്ദ്യം ഇപ്പോഴും അത്യന്താപേക്ഷിതമാണെന്ന് ഗവേഷകര്‍ ഊന്നിപ്പറയുന്നു.
◾ മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്. മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമയാണിത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രന്‍സ്, മുരളി ഗോപി, സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.
◾ സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് 'കറുപ്പ്'. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ 300 കോടി ക്ലബില്‍ എത്തിയ കറുപ്പ് വിദേശത്ത് നിന്ന് മാത്രം നേടിയത് 78 കോടി രൂപയാണെന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് നെറ്റ് കളക്ഷന്‍ മാത്രം 157 കോടി കടന്നെന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. നിരവധി ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്.
◾ ഇന്ത്യയിലെ 350 സിസി മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ വില ട്രയംഫ് പരിഷ്‌കരിച്ചു. സ്പീഡ് 400, സ്പീഡ് ടി4, സ്‌ക്രാംബ്ലര്‍ 400 എക്സ് സി, ത്രക്സ്റ്റണ്‍ 400 എന്നിവയുടെ വില ഇപ്പോള്‍ 5,000 രൂപ വരെ വര്‍ദ്ധിച്ചു. ഈ മാറ്റം നിരയിലെ നാല് മോഡലുകള്‍ക്കും ബാധകമാണ്. ട്രയംഫ് സ്പീഡ് 400 ന്റെ വില ഇപ്പോള്‍ 2.34 ലക്ഷം (എക്സ്-ഷോറൂം) ആണ്, 2.32 ലക്ഷം (എക്സ്-ഷോറൂം) ല്‍ നിന്ന് 2,000 വര്‍ദ്ധനവ്. സ്പീഡ് ടി4 ന്റെ വിലയും 4,000 വര്‍ദ്ധിച്ചു, ഇപ്പോള്‍ 1.99 ലക്ഷം (എക്സ്-ഷോറൂം) ന് ലഭ്യമാണ്. ത്രക്സ്റ്റണ്‍ 400, സ്‌ക്രാംബ്ലര്‍ 400 എക്സ് സി എന്നിവയ്ക്ക് 5,000 രൂപ വില വര്‍ദ്ധിച്ചു, ഇത് അവയുടെ വില യഥാക്രമം 2.70 ലക്ഷം 2.94 ലക്ഷം എന്നിങ്ങനെയാക്കി. സ്പീഡ് ഠ4 ന്, പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യത്തെ വില മാറ്റമാണിത്.
◾ എല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു. എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്‌നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം. 'കോവിലന്‍'. മാതൃഭൂമി. വില 331 രൂപ.
◾ പൊറോട്ട പൂര്‍ണമായും ഉപേക്ഷിക്കാതെ ആരോഗ്യകരമായി അവ കഴിക്കാനുള്ള മാര്‍ഗം പരീക്ഷിക്കാം. മൈദ കൊണ്ടാണ് പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും. അധിക എണ്ണയും കൊഴുപ്പും ഉപയോഗിക്കുന്നതു മൂലം അനാരോഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും. അതുകൊണ്ട് തന്നെ നിയന്ത്രണമില്ലാതെ കഴിക്കുന്നത് പ്രശ്നമാകും. ഒന്നോ രണ്ടോ പൊറോട്ട കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ പതിവാക്കുന്നതിന് പകരം ആഴ്ചയില്‍ ഒരു തവണ അല്ലെങ്കില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ എന്ന നിലയില്‍ കഴിക്കാം. അതുപോലെ രാത്രി വൈകി പൊറോട്ട കഴിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് നല്ലത്. പൊറോട്ടയോടൊപ്പം എന്ത് കഴിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന ഘട്ടം. എണ്ണ കൂടിയ ബീഫ് ഫ്രൈ അല്ലെങ്കില്‍ ക്രീമി ഗ്രേവികള്‍ എന്നിവ ഒഴിവാക്കണം. പകരം പച്ചക്കറി, ഗ്രില്‍ ചെയ്ത ചിക്കന്‍, മുട്ട, മീന്‍ കറി, കടല കറി എന്നിവ കഴിക്കാം. പൊറോട്ട കഴിക്കുമ്പോള്‍ പ്രോട്ടീന്‍ കൂടെ കൂട്ടാന്‍ ശ്രദ്ധിക്കണം. ഉദ്ദാ: പൊറോട്ടയും മുട്ടക്കറിയും പച്ചക്കറിയും, പൊറോട്ടയും കടലക്കറിയും എന്നിങ്ങനെ കഴിക്കാം. പ്രോട്ടീന്‍ കഴിക്കുമ്പോള്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യാം. 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുപോലെ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും ഒഴിവാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.12, പൗണ്ട് - 128.15, യൂറോ - 110.93, സ്വിസ് ഫ്രാങ്ക് - 121.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.39, ബഹറിന്‍ ദിനാര്‍ - 251.87, കുവൈത്ത് ദിനാര്‍ -307.70, ഒമാനി റിയാല്‍ - 247.42, സൗദി റിയാല്‍ - 25.32, യു.എ.ഇ ദിര്‍ഹം - 25.93, ഖത്തര്‍ റിയാല്‍ - 26.11, കനേഡിയന്‍ ഡോളര്‍ - 68.79.
Tags:
KERALA