2026 ജൂണ്‍ 1, തിങ്കള്‍
1201 ഇടവം 18 , തൃക്കേട്ട
◾ കേരളത്തെ മികച്ച വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കുട്ടികളുടെ കഴിവുകള്‍ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പട്ടം ജിഎസ്എസ് സ്‌കൂളില്‍ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂളുകളിലേക്ക് എത്തിയത്.
◾ മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. അതുവരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഇഡിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിക്കാര്‍ക്കു മാത്രമാണ് ഇതു ബാധകമാകുക. വീണ വിജയന്‍ അടക്കം അപ്പീലില്‍ കക്ഷി അല്ലാത്തവര്‍ക്കെതിരെ നടപടി തുടരാം.
◾ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യു സംവിധാനം വരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ചാണ് വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നത്.
◾ റെയില്‍വേ സ്റ്റേഷനില്‍ രണ്ടു പോലീസുകാര്‍ തന്നെ മര്‍ദിച്ചെന്ന് എകെജി സെന്ററിലെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേയും ഡ്രൈവര്‍ അനൂപ് ഡിജിപിക്ക് പരാതി നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ പിണറായി വിജയനെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് സംബന്ധിച്ചു തര്‍ക്കമുണ്ടായി. ഇതിനിടെ പൊലീസുകാര്‍ മര്‍ദിച്ചെന്ന് ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.
◾ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇതോടെ നാളെ ഇതേ കോടതിയില്‍ വിചാരണ തുടരും.
◾ ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ് എന്ന ആശയം ആകര്‍ഷകമാണെന്നും നടപ്പാക്കാന്‍ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കും. ആര്‍ത്തവ അവധി പോസിറ്റീവ് ആയി കാണണം. ആര്‍ത്തവ ദിവസങ്ങളില്‍ കടുത്ത ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അവധി പ്രയോജനപ്പെടുത്താം. ആദ്യമായി വിദ്യാലയങ്ങളിലേക്ക് പ്രവേശിച്ച മൂന്നു ലക്ഷം കുട്ടികള്‍ക്ക് നന്മകള്‍ നേരുന്നുവെന്നും മന്ത്രി പറഞ്ഞു.
◾ സംസ്ഥാന ബജറ്റ് ജൂണ്‍ 19 ന്. ബജറ്റിനു മുന്നോടിയായി ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിവിധ വിഭാഗങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തി. വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങളും ധനവകുപ്പ് പരിശോധിച്ചുവരികയാണ്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ സംഘടനാ പ്രതിനിധികളുടെ യോഗം സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ് വിളിച്ചിട്ടുണ്ട്.
◾ സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കിയെന്നാണ് വിവരം.
◾ ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ്. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാന്‍ എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
◾ സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചു. കാലവര്‍ഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി മോന്‍സ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്നം പരിശോധിക്കാന്‍ നാളെ ഉന്നതതല യോഗം ചേരും.
◾ കാട്ടാന ആക്രമണം പരിശോധിക്കാന്‍ വാഴച്ചാലില്‍ എത്തിയ വനംമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ വഴിമുടക്കി കാട്ടാന. തൃശ്ശൂര്‍ വാഴച്ചാലിനടുത്ത് ചാര്‍പ്പയിലാണ് കാട്ടാന വഴിമുടക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര പുനഃരാരംഭിച്ചത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു.
◾ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാര്‍ട്ടിയായ ഡിഎംഎഫ് സിഎംപിയില്‍ ലയിക്കുകയോ ഒരുമിച്ച് നില്‍ക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു. മന്ത്രി സി.പി. ജോണ്‍ പങ്കെടുക്കുന്ന യോഗം ഉടന്‍ പാലക്കാട് ചേരും.
◾ ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാര്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണസംഘം. അഞ്ചുപേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്.
◾ നടി അന്‍സിബ ഹസനേയും തന്നേയും പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിരുത്തി എന്ന അന്‍സിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന കാര്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
◾ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സ് തകര്‍ത്ത സിപിഎം അവ പുനസ്ഥാപിച്ചു. കൊച്ചി മരട് കൊട്ടാരം ജങ്ഷനില്‍ മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് തകര്‍ത്തത് കേസായതോടെയാണ് സിപിഎമ്മിന്റെ ചെലവില്‍ തന്നെ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. പിണറായി വിജയന്റെ വസതിയില്‍ ഇ ഡി പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഫ്ളക്സ് നശിപ്പിച്ചത്. കേസെടുത്തതോടെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയാണു ഫ്ളക്സ് പുനസ്ഥാപിച്ചത്.
◾ ചെറുവട്ടൂര്‍ ഗവ. ടിടിഐയില്‍ നിന്ന് 30 വര്‍ഷത്തെ അധ്യാപകവൃത്തിക്കു ശേഷം വിരമിച്ച മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി പിഎസ് ഹുസൈന് എംഎഡ് പരീക്ഷയില്‍ ഒന്നാം റാങ്ക്. ഒപ്പം പരീക്ഷയെഴുതിയ മകള്‍ ഫൗസിയ രണ്ടാം റാങ്കും കരസ്ഥമാക്കി. വിരമിച്ചശേഷം ഹുസൈന്‍ മകള്‍ക്കൊപ്പം മുവാറ്റുപുഴ ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷനില്‍ ചേര്‍ന്ന് എംഎഡ് പഠിക്കുകയായിരുന്നു.
◾ പൊലീസ് കസ്റ്റഡിയിലെ തൊണ്ടിമുതലായ അപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുചക്ര വാഹനമാണ് ആക്രി വ്യാപാരിക്ക് കൈമാറിയത്. സംഭവം വിവാദമായതോടെ പിന്നീട് വാഹനം ആക്രി വ്യാപാരിയില്‍നിന്ന് തിരികെ എത്തിച്ചെന്നാണു റിപ്പോര്‍ട്ട്.
◾ തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ അമ്മ അഖിലയേയും രണ്ടാനച്ഛന്‍ അഷ്‌കറിനെയും നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അഷ്‌കറിന് എതിരെ കൊലക്കുറ്റം ചുമത്തി.
◾ തോട്ടപ്പള്ളി സ്പില്‍വെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎല്‍എ റെജി ചെറിയാനുമായുള്ള വാക്പോരില്‍ അയഞ്ഞ് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. ആരെയും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
◾ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി അസിസ്റ്റന്റ് മാനേജര്‍ വെട്ടത്തുര്‍ സ്വദേശിയായ പുളിക്കാതൊടി വീട്ടില്‍ പ്രിയ മോളാണ് (43) അറസ്റ്റിലായത്.
◾ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ 23 കാരനായ എം കെ അര്‍ജുന്റെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും. മലപ്പുറം സ്വദേശിയായ 48 കാരനാണ് അര്‍ജുന്റെ ഹൃദയം മാറ്റിവയ്ക്കുന്നത്.
◾ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു. മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തില്‍ അനീഷ (46) ആണ് മരിച്ചത്.
◾ സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാനുള്ള സൈറ്റില്‍ വീണ്ടും തകരാര്‍. വെബ്സൈറ്റ് ഉച്ചവരെ പ്രവര്‍ത്തനക്ഷമമായില്ല. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ പിഴവുകളില്‍ പാര്‍ലമെന്ററി സമിതി ഇന്നും മൊഴി രേഖപ്പെടുത്തും. സിബിഎസ്ഇയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയര്‍ന്നു.
◾ 'പോളിമര്‍ പ്ലാസ്റ്റിക് നോട്ടുകള്‍' പുറത്തിറക്കാനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്നതുമായ 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോളിമര്‍ രൂപത്തില്‍ പുറത്തിറക്കുക.
◾ വേശ്യാവൃത്തി നിരോധിക്കാനോ ക്രിമിനല്‍ കുറ്റമാക്കാനോ അല്ല 1956-ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് എന്ന് സുപ്രീംകോടതി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയാനാണ് നിയമം. വേശ്യാവൃത്തിയില്‍ ഇടപെടുന്നവരെ ശിക്ഷിക്കാനല്ല, കുറ്റവാളികളെ ശിക്ഷിക്കാനാണു നിയമം കൊണ്ടുവന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
◾ പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലേക്കു നാലിലൊന്നു പേര്‍ പോലും എത്തിയില്ല. ഇതോടെ യോഗം റദ്ദാക്കി. ജയിച്ച 80 പേരില്‍ ഇരുപതോളം പേര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. ഇതോടെ മമത ബാനര്‍ജി ക്യാമ്പ് കടുത്ത ആശങ്കയിലാണ്.
◾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ചര്‍ച്ച വീണ്ടും സജീവമാക്കാന്‍ ബിജെപി. മണ്ഡല പുനര്‍ നിര്‍ണയ ബില്ല് വീണ്ടും കൊണ്ടുവരാനും ആലോചന. ഈ വിഷയങ്ങളില്‍ ഡിഎംകെയുമായി സര്‍ക്കാര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
◾ സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസുമായി നടത്തിയ ഔദ്യോഗിക കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
◾ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയില്‍ എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി. സെന്റ് ജോസഫ്സ് കോളേജില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. ക്യുആര്‍ കോഡ് പതിപ്പിച്ച പ്രവേശന പാസുള്ള 5000 പേര്‍ക്കാണ് പ്രവേശനം.
◾ ചെന്നൈയിലെ ഒരു സ്വകാര്യ ബാറില്‍ നൃത്തംചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ കാറിടിപ്പിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ഥിയായ യാന്‍സി(18)യാണ് കൊല്ലപ്പെട്ടത്. യാന്‍സിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന 17-കാരിക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകന്‍(21), ജോഷ്വാ(19), കിഷോര്‍കുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്.
◾ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാവി ഷോളുകള്‍ വിതരണം ചെയ്തു ശ്രീറാം സേനേ. കോളേജിലേക്ക് പോയ കുട്ടികള്‍ക്കാണ് കാവി ഷോളുകള്‍ നല്‍കിയത്.
◾ കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ സ്വദേശിയായ 22 കാരന്‍ പിടിയിലായി. ജമ്മു കശ്മീരിലെ ഉറി സെക്ടറിലുള്ള യുവതിയെ കാണാനാണ് ഇയാള്‍ എത്തിയത്. അതിര്‍ത്തിയില്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കകം ഇയാള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു.
◾ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാള്‍ കയ്യേറിയെന്ന നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കാലാപനിയെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി ബലേന്ദ്ര ഷ പാര്‍ലമെന്റില്‍ ഇങ്ങനെ പറഞ്ഞത്. ഇതോടെ ഏതൊക്കെ സ്ഥലങ്ങള്‍ കൈയേറിയെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങളില്‍ അതിര്‍ത്തി തര്‍ക്കമുണ്ട്.
◾ ഇറാന്റെ തെക്കന്‍ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലുള്ള സിരിക് ദ്വീപില്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവര്‍ അമേരിക്കന്‍ സേന തകര്‍ത്തു. തൊട്ടുപിറകേ, അമേരിക്കയുടെ എയര്‍ ബേസ് തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു.
◾ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവയ്ക്കുമെന്ന അഭ്യൂഹം തള്ളി അദ്ദേഹത്തിന്റെ ഓഫീസ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പെസഷ്‌കിയാന്‍ രാജി വയ്ക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
◾ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പി.എസ്.ജി ടീം ജയിച്ചതിന്റെ ആഘോഷം പാരീസിലും സമീപപ്രദേശങ്ങളിലും അക്രമാസക്തമായി. 780 പേര്‍ അറസ്റ്റിലായി. ഇതിനിടെയുണ്ടായ റോഡപകടത്തില്‍ ഒരാള്‍ മരിച്ചു.
◾ ഐപിഎല്‍ ഫൈനലില്‍ പരാജയപ്പെട്ട് ഹോട്ടലിലേക്കു മടങ്ങുകയായിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് ടീം സഞ്ചരിച്ച ബസിനു തീപിടിച്ചു. ബസില്‍ തീയും പുകയും കണ്ട് ടീമംഗങ്ങള്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കുണ്ടായില്ല.
◾ ഐപിഎല്‍ 2026 സീസണിലെ അവാര്‍ഡുകള്‍ ഒന്നടങ്കം രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി തൂത്തുവാരി. ടൂര്‍ണമെന്റിലെ മികച്ച താരം, എമേര്‍ജിങ് പ്ലെയര്‍, കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്, സൂപ്പര്‍ സ്ട്രൈക്കര്‍, കൂടുതല്‍ സിക്സ് എന്നീ പുരസ്‌കാരങ്ങളാണ് 15കാരനായ സൂര്യവംശി സ്വന്തമാക്കിയത്.
◾ നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരിവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. ഓഹരിവില ഇന്ന് രാവിലെ ഒരുഘട്ടത്തില്‍ അഞ്ചുശതമാനം വരെ കുതിച്ചു. നാലാംപാദത്തില്‍ 2,536 കോടി രൂപയുടെ നഷ്ടമാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 3,067 കോടി രൂപയുടെ ലാഭം നേടിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ വരുമാനവും ലാഭവും നേടികൊടുക്കുന്ന ഗള്‍ഫ് റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ നാലാംപാദത്തില്‍ താറുമാറായിരുന്നു. എന്നിട്ടും വരുമാനം 22,438 കോടി രൂപയായി ഉയര്‍ത്താന്‍ സാധിച്ചു. മുന്‍ വര്‍ഷം 22,152 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 3,073 കോടി രൂപ ലാഭത്തില്‍ നിന്ന് ഈ വര്‍ഷം 2,536 കോടി രൂപ നഷ്ടത്തിലേക്ക് കമ്പനി വീണെങ്കിലും അടിസ്ഥാന ഘടകങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയതാണ് ഓഹരിവില ഉയര്‍ത്തിയത്.
◾ ഓപ്പണ്‍എഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പായി ആന്ത്രോപിക്. 65 ബില്യണ്‍ (6500 കോടി) ഡോളറിന്റെ ഫണ്ട് ശേഖരണത്തിലൂടെ കമ്പനിയുടെ മൂല്യം 965 ബില്യണ്‍ (96500 കോടി) ഡോളറിലെത്തി. ആന്ത്രോപിക്കിന്റെ വര്‍ധിച്ച മൂല്യം ഓപ്പണ്‍എഐയുടെ 852 ബില്യണ്‍ (85200 കോടി) ഡോളറിന്റെ മൂല്യത്തെ മറികടന്നു. അടുത്തിടെ നടന്ന ഫണ്ടിങ് റൗണ്ടിനുശേഷം ആന്ത്രോപിക്കിന്റെ മൂല്യം ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചുവെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്റഗണുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് യു.എസിലെ ട്രംപ് ഭരണകൂടം വിലക്കുകയും കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്ത എഐ കമ്പനിയാണ് ആന്ത്രോപിക്. ലോകമെങ്ങും പ്രചാരത്തിലുള്ള എഐ കോഡിങ് അസിസ്റ്റന്റായ ക്ലോഡ് കോഡ് അടക്കമുള്ളവയാണ് ആന്ത്രോപിക്കിന്റെ അതിവേഗ വളര്‍ച്ചയുടെ പ്രധാന കാരണം. പല സംരംഭങ്ങളും കോഡിങ്ങിന് ഉപയോഗിക്കുന്ന പ്രധാന എഐ ടൂളായി ക്ലോഡ് കോഡ് മാറിയിട്ടുണ്ട്.
◾ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന 'ഭാസ്‌കരഭരണം' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. അമ്മയും മകനും വീട്ടിലെ ജോലിക്കാരന്‍ വരെ അച്ഛനെ കൊല്ലാന്‍ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറില്‍. മലയാളത്തിലെ പുതിയൊരു ജോണര്‍ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമ. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായക കുപ്പായം അണിയുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ജൂണ്‍ 26 ന് ചിത്രം റിലീസ് ആകും. അച്ഛനെ നന്നാക്കുവാന്‍ ഇറങ്ങി തിരിച്ച ഒരു മകന്റെ കഥയാണ് ചിത്രം പറയുന്നത്. രൂപേഷ് പീതാംബരന്‍, സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ എം ദാസ്, പാര്‍വ്വതി കളരിക്കല്‍, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രന്‍, ശരത് വിജയ്, ജിഷ്ണു മോഹന്‍ എന്നിവരാണ് അഭിനേതാക്കള്‍.
◾ മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വന്‍ ഹിറ്റിലേക്ക്. ഏഴാം ദിനമെത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം 'ദൃശ്യം 3' നേടിയിരുന്നു. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടി. ദൃശ്യം 3 മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസ് ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. തെലുങ്ക് പതിപ്പില്‍ മാത്രം 10 കോടിയും ദൃശ്യം 3 നേടിയിട്ടുണ്ട്. ഇനിയിപ്പോള്‍ ദൃശ്യം 3 മറ്റൊരു മാന്ത്രിക സംഖ്യയായ 300 കോടി കടക്കുമോ എന്നതിലാണ് ആരാധകരുടെ കൗതുകം. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്. ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
◾ മുന്നൂറു കോടി നേടി മുന്നേറുന്ന കറുപ്പിന്റെ വിജയം ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ സമ്മാനിച്ച് നടന്‍ സൂര്യ. ഛായഗ്രാഹകന്‍ ജികെ വിഷ്ണു, സംഗീത സംവിധായകന്‍ സായ് അഭയങ്കാര്‍, എഡിറ്റര്‍ ആര്‍ കലൈവനനുമാണ് പുതിയ കാര്‍ സമ്മാനിച്ചത്. മഹീന്ദ്രയുടെ ബിഇ 6നെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ബാറ്റ്മാന്‍ എഡിഷന്‍. രണ്ട് ബാച്ചുകളിലായി 999 മോഡല്‍ വീതമാണ് മഹീന്ദ്ര പുറത്തിറക്കിയത്. ഡാര്‍ക്ക് നൈറ്റ് സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലിമിറ്റഡ് എഡിഷന്‍ മഹീന്ദ്ര പുറത്തിറക്കിയത്. 28.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഇ 6ന്റെ ഉയര്‍ന്ന മോഡലായ പാക്ക് ത്രീ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. അകത്തും പുറത്തും കറുപ്പഴകിലാണ് ബാറ്റ്മാന്‍ എഡിഷന്‍ എത്തുന്നത്. സസ്‌പെന്‍ഷന്‍ ഭാഗങ്ങളും ബ്രേക്ക് കാലിപ്പറുകളും സ്വര്‍ണ നിറത്തിലാണ് നല്‍കിയിരുന്നത്.
◾ ഇതിഹാസങ്ങള്‍ ബാക്കിവെച്ച മൗനങ്ങളെ സര്‍ഗ്ഗാത്മകമായി വികസിപ്പിച്ചെടുക്കുന്ന അപൂര്‍വ്വമായൊരു വായനാനുഭവം. ലിംഗഭേദങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അംബയുടെ പ്രതികാരവും ശിഖണ്ഡിനിയുടെ പരിവര്‍ത്തനവും സ്തൂണന്‍ എന്ന യക്ഷന്റെ ആത്മസമര്‍പ്പണവും ഇവിടെ പുതിയൊരു ഭാവതലത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. പുരുഷാധിപത്യത്തിന്മേല്‍ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം ജ്വലിക്കുന്ന ഈ നോവല്‍, വ്യാസന്‍ ഒളിപ്പിച്ചുവെച്ച ഇതിഹാസ വിടവുകളെ ഭാവനയാല്‍ മനോഹരമായി നികത്തുന്നു. ദിവ്യപ്രണയവും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കുരുക്ഷേത്രഭൂമിയും, കാല്പനിക ശാസ്ത്രസങ്കല്പവും വായനക്കാരെ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. 'ശിഖണ്ഡിനിയിലൂടെ-ഉടലുകള്‍ മാറുന്ന പോരാളി'. സുജ മനോജ്. ഗ്രീന്‍ ബുക്സ്. വില 136 രൂപ.
◾ ആര്‍ത്തവത്തിന് മുന്‍പായി മുഖക്കുരു വരുന്നതിന് പിന്നില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ആര്‍ത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുകയും ആന്‍ഡ്രോജന്റെ പ്രവര്‍ത്തനം കൂടുകയും ചെയ്യുന്നു. ഈ ഹോര്‍മോണ്‍ മാറ്റം ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെബം എന്നറിയപ്പെടുന്ന എണ്ണമയം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ചര്‍മത്തിലെ മൃതകോശങ്ങളുമായും ബാക്ടീരിയകളുമായും കലരുമ്പോള്‍ ചര്‍മ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പല സ്ത്രീകള്‍ക്കും ആര്‍ത്തവത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ചെറിയ കുരുക്കള്‍, വൈറ്റ്‌ഹെഡ്‌സ്, അല്ലെങ്കില്‍ വേദനയേറിയ വലിയ മുഖക്കുരുക്കള്‍ എന്നിവ ഉണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള മുഖക്കുരു സാധാരണയായി മുഖത്തിന്റെ താഴത്തെ ഭാഗങ്ങളായ താടിയെല്ല്, താടി, കവിളുകള്‍ എന്നിവയ്ക്ക് ചുറ്റുമാണ് ഉണ്ടാകാറ്. മാത്രമല്ല, ഉറക്കമില്ലായ്മ, ശരീരത്തില്‍ ജലാംശം കുറയുന്നത്, മോശം ഭക്ഷണക്രമം, മധുരം അമിതമായി കഴിക്കുന്നത് എന്നിവയെല്ലാം മുഖക്കുരു ട്രിഗര്‍ ചെയ്യാം. ആര്‍ത്തവത്തിന് തൊട്ടുമുമ്പ് ചര്‍മം കൂടുതല്‍ സെന്‍സിറ്റീവ് ആകാറുണ്ട്. ഈ സമയത്ത് വീര്യമേറിയ സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും മുഖം അമിതമായി ഉരച്ചു കഴുകുന്നതും കൂടുതല്‍ ദോഷം ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.95, പൗണ്ട് - 127.81, യൂറോ - 110.68, സ്വിസ് ഫ്രാങ്ക് - 121.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.18, ബഹറിന്‍ ദിനാര്‍ - 251.68, കുവൈത്ത് ദിനാര്‍ -306.87, ഒമാനി റിയാല്‍ - 246.92, സൗദി റിയാല്‍ - 25.17, യു.എ.ഇ ദിര്‍ഹം - 25.83, ഖത്തര്‍ റിയാല്‍ - 26.08, കനേഡിയന്‍ ഡോളര്‍ - 68.73.
Tags:
KERALA