2026 | മേയ് 29, വെള്ളി
1201 | ഇടവം 15 , ചോതി
◾ ഒരു കുടുംബത്തിന് വര്‍ഷം 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയുമായി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്നു ദിവസം വരെ ആര്‍ത്തവ അവധി നല്‍കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം പ്രസവ അവധി നിര്‍ബന്ധമാക്കും. പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. എക്സൈസ് നയം മാറ്റും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും.
◾ യുവജനങ്ങളിലെ തൊഴിലില്ലായ്മയിലുള്ള ആശങ്കയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ആദ്യം പരാമര്‍ശിച്ചത്. യുഡിഎഫ് തെരഞ്ഞെടുപ്പു വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കും. ഇതിലെ പ്രധാന ഇനമായ വയോജന വകുപ്പ് ആരംഭിച്ചു. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം യാഥാര്‍ത്ഥ്യമാക്കും. സ്‌കൂള്‍ സിലബസ് പരിഷ്‌കരിക്കും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതി രഹിത ഭരണം കാഴ്ചവക്കും. മതനിരപേക്ഷത പാലിക്കും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. കേന്ദ്ര സര്‍ക്കാറുമായി സഹകരിക്കുമെന്നും അര്‍ഹമായ പിന്തുണ പ്രതീക്ഷിക്കുന്നെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
◾ കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. അതുണ്ടായില്ലെങ്കില്‍ രജിസ്ട്രാര്‍ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തണം. കോടതി ഉത്തരവിട്ടു.
◾ ടെറ്റ് പരീക്ഷയില്‍ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. എന്നാല്‍, 2010 ന് മുമ്പ് നിയമിതരായവര്‍ രണ്ടു കൊല്ലത്തിനകം ടെറ്റ് പാസാകണമെന്ന് ഉത്തരവില്‍ ചെറിയ മാറ്റം വരുത്തി. സമയപരിധി ഒരു വര്‍ഷം കൂടി നീട്ടി മൂന്നുവര്‍ഷമാക്കി. സംസ്ഥാന സര്‍ക്കാര്‍ അടക്കം പുനഃരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.
◾ സില്‍വര്‍ ലൈന്‍ പദ്ധതിക്കു പകരം അതിവേഗ റെയില്‍ പാത നടപ്പാക്കാന്‍ വി.ഡി സതീശന്റെ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ഇതിനായി മെട്രോ വിദഗ്ധന്‍ ഇ ശ്രീധരനുമായി ഇന്നു വൈകുന്നേരം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
◾ വീണ വിജയനെതിതരായ മാസപ്പടി കേസില്‍ നിര്‍ണായക തെളിവുകളുള്ളതിനാല്‍ വൈകാതെത്തന്നെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് നീക്കം. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളില്‍ തെളിവുകള്‍ ലഭിച്ചെന്ന് ഇഡി പറയുന്നു. മാസപ്പടി ഡയറിയിലെ മറ്റു പേരുകളെ കേന്ദ്രീകരിച്ച് തെളിവു ശേഖരണം ആരംഭിച്ചെന്നും ഇഡി പറയുന്നു.
◾ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇ.ഡി അന്വേഷണം ഉടന്‍ തടയണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
◾ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ സ്പീക്കറോട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി പ്രകടമാക്കി. ഗവര്‍ണറുള്ള പരിപാടിക്ക് വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്നും നിര്‍ദേശിച്ചു. ഗവര്‍ണറെ നിയമസഭയിലേക്കു സ്വീകരിക്കുമ്പോഴും പ്രസംഗശേഷം മടങ്ങുമ്പോഴും വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന ലോക്ഭവന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. കേരള പൊലീസിന്റെ ബാന്റ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രമേ ആലപിച്ചുള്ളൂ.
◾ യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖര്‍ നിയമസഭയിലേക്കു പ്രവേശിച്ചതു ചട്ടലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അകത്തു കടന്ന ഡിജിപി മറ്റൊരു വഴിയിലൂടെപുറത്തേക്കു പോയി.
◾ യുഡിഎഫ് സര്‍ക്കാരിന്റേത് 'നയരാഹിത്യ പ്രഖ്യാപനം' ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ 10 വര്‍ഷം ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസനങ്ങളുടെ തുടര്‍ച്ച സംബന്ധിച്ച് നയപ്രഖ്യാപനത്തില്‍ ഒന്നുമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഖജനാവില്‍ 5429 കോടി രൂപയുടെ നീക്കിയിരിപ്പ് വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുറത്തേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
◾ കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറത്താത് അവിടെയുള്ളയാള്‍ മാറാത്തതിനാലണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അവിടെ താമസിക്കുന്ന മുഖ്യമന്ത്രി ക്ളിഫ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി താമസം മാറ്റുന്നതോടെ കന്റോണ്‍മെന്റ് ഹൗസിലെ പണി കൂടി പൂര്‍ത്തിയാക്കിയ ശേഷം താന്‍ മാറുമെന്നു പിണറായി പറഞ്ഞു.
◾ കേരള സിലബസ് പരിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രഖ്യാപനം എന്തടിസ്ഥാനത്തിലാണെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സിലബസ് കാലഹരണപ്പെട്ടെന്ന് പറഞ്ഞതു ശരിയല്ല. മുന്‍ സര്‍ക്കാര്‍ സമഗ്രമായ സിലബസ് പരിഷ്‌കരണം നടത്തിയതാണെന്നും ശിവന്‍കുട്ടി.
◾ ഭിന്നശേഷി സൗഹൃദ സൗകര്യമില്ലാത്തിനാല്‍ പ്ലസ് ടു തുടര്‍ പഠനം മുടങ്ങുമോയെന്ന് ആശങ്കപ്പെട്ട മീനാക്ഷിക്ക് ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ചേര്‍ക്കാന്‍ സൗകര്യമൊരുക്കും. സ്‌കൂള്‍ അധികൃതരുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ സംസാരിച്ചു. സ്‌കൂളില്‍ റാമ്പ് പണിയും. ഇതിനു സര്‍ക്കാര്‍ പണം അനുവദിക്കും. ലാബ് സൗകര്യവും താഴത്തെ നിലയിലേക്കാക്കും. തൃപ്പൂണിത്തുറ എംഎല്‍എ ദീപക് ജോയ്ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
◾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ക്ഷേത്രം ഭരണ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും.
◾ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ആറു ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത.
◾ നാലു തവണ അപേക്ഷിച്ചിട്ടും നിഷേധിച്ച അംഗത്വം ബിനീഷ് കോടിയേരിക്ക് അനുവദിച്ചു. പിണറായി വിജയന്‍ ഇടപെട്ടാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്.
◾ ഇടതുപക്ഷ പ്രവര്‍ത്തകരോട് പോലീസ് മാന്യത വിട്ടു പെരുമാറിയാല്‍, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐക്കെതിരെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം.
◾ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് മെമ്പറും ഡിവൈഎഫ് ഐ നേതാവുമായ ചങ്ങ്തൊടിയില്‍ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.
◾ തിരുവനന്തപുരം പൂന്തുറയില്‍ പാഴ്‌സല്‍ കമ്പനിയില്‍നിന്ന് 15 കോടി രൂപ വിലവരുന്ന 20 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. മുഖ്യപ്രതി അല്‍ത്താഫ് പിടിയിലായിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി മാലിയിലേക്കു കടത്താനായിരുന്നു നീക്കം.
◾ സി സദാനന്ദനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സാമൂഹിക സേവനം എന്ന നിലയില്‍ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്ന അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ വാദം കോടതി തള്ളി.
◾ മഹാരാഷ്ട്രയിലെ പുണെയില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചു. പുണെയിലെ ഹട്‌സ്പര്‍, പിമ്പിരി ചിഞ്ചുവാഡ് മേഖലകളിലാണ് ദുരന്തമുണ്ടായത്. വ്യാജ മദ്യം കഴിച്ച നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
◾ പശ്ചിമ ബംഗാളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താന്‍ കര്‍ശനമായ പരിശോധനകളും നടപടികളും ആരംഭിച്ചു. ഇതോടെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ബംഗ്ലാദേശിലേക്ക് തിരികെ പോകാന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തി രക്ഷാ സേനയും സംസ്ഥാന പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
◾ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷിയോഗം. ഡി കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സിദ്ധരാമയ്യ ഡല്‍ഹിയില്‍. ഡി.കെ. ശിവകുമാര്‍ മന്ത്രിസഭയില്‍ തന്റെ വിശ്വസ്തര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനാണു നീക്കം. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടെന്ന പാര്‍ട്ടി സര്‍വെ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ മാറ്റാന്‍ എഐസിസി തീരുമാനിച്ചത്.
◾ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും സോണിയാ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥിലെത്തി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഡി. കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെക്കൊണ്ട് തന്നെ നിര്‍ദ്ദേശിപ്പിക്കും. തിങ്കളാഴ്ച വൈകിട്ട് ഡികെ ശിവകുമാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണു ധാരണ.
◾ കാഷ്മീരിലെ രജൗരി ഏറ്റുമുട്ടല്‍ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. വനമേഖലയില്‍ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. വനത്തിലെ ഗുഹയാണ് ഭീകരരുടെ ഒളിത്താവളം. ഓപ്പറേഷന്‍ ഷെരുവാലി ആറാം ദിവസത്തിലേക്ക് കടക്കുകയും സൈന്യം വളയുകയും ചെയ്തതോടെ ഭീകരര്‍ കെണിയിലകപ്പെട്ട അവസ്ഥയിലാണ്.
◾ തമിഴ്നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെന്‍ഷന്‍. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനു കോഴ വാങ്ങിയ പൂജാരി അയ്യപ്പന്‍ അയ്യര്‍ എന്നയാളാണ് സസ്പെന്‍ഷനിലായത്. മന്ത്രി ആണെന്ന് അറിയാതെയാണു പൂജാരി കൈക്കൂലി വാങ്ങിയത്.
◾ ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ ബേത്വ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണാണ് അപകടമുണ്ടായത്.
◾ ഇന്ത്യയില്‍ നിന്നുള്ള രണ്ട് സമാധാനദൗത്യസേന അംഗങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ മരണാനന്തര ആദരവ്. ലാന്‍സ് ഹവില്‍ദാര്‍ ഹര്‍ഭജന്‍ സിങ്ങിനും നായിബ് സുബേദാര്‍ സുജിത് കുമാര്‍ പ്രധാനിനും മരണാനന്തര ബഹുമതിയായി ഡാഗ് ഹാമാര്‍സ്‌കോള്‍ഡ് മെഡല്‍ സമ്മാനിക്കും. മേജര്‍ അഭിലാഷ ബരാക് ഐക്യരാഷ്ട്രസഭയുടെ 2025ലെ മിലിട്ടറി ജെന്‍ഡര്‍ അവാര്‍ഡ്‌നല്‍കും.
◾ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള ഇറേനിയന്‍ നീക്കത്തെ തുണയ്ക്കുന്ന ഒമാനെതിരെ കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക. ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാന്‍ അനുവദിക്കില്ലെന്നും ഇറാന്റെ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നുമാണ് അമേരിക്കയുടെ ആവശ്യം.
◾ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമുണ്ടായ എട്ട് ജില്ലകളില്‍ 14 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുമെന്ന് ഇന്ത്യ. ഇതിനായി 56.02 കോടി രൂപ ഇന്ത്യ ധനസഹായം പ്രഖ്യാപിച്ചു. കരാറുകളില്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവച്ചു.
◾ അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡാളസിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
◾ ഇന്ത്യയെ പുകഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലോകത്തിന്റെ പലഭാഗത്തുനിന്നും ഇസ്രയേലിനെതിരെ എതിര്‍പ്പുയരുമ്പോഴും ഇന്ത്യക്കാര്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
◾ കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍- മിസൈല്‍ ആക്രമണം നടത്തി. കുവൈറ്റിനെതിരേ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി.
◾ ന്യൂ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികളാണ് 31 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ഫൈനലില്‍ ഏറ്റുമുട്ടുക. മത്സരം വൈകീട്ട് 7.30 ന് ആരംഭിക്കും.
◾ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീന 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ആശങ്കയുണ്ടെങ്കിലും നായകന്‍ ലിയോണല്‍ മെസിയെ ടീമില്‍ ഉള്‍പ്പെടുത്തി. എമിലിയാനോ മാര്‍ട്ടിനസും ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും അടക്കം 2022ല്‍ ലോകചാംപ്യന്മാര്‍ ആയ ടീമിലെ 17 പേരെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ 2 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ വഴി നടക്കുന്ന ഈ വില്‍പനയിലൂടെ 5,000 കോടി രൂപയിലധികം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരി വില്‍പനയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫ്ലോര്‍ പ്രൈസ് 412 രൂപയാണ്. ആകെ 12.32 കോടി ഓഹരികളാണ് വില്‍പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 1 ശതമാനം ഓഹരികള്‍ (6.16 കോടി) അടിസ്ഥാന ഓഫറായും, ബാക്കി 1 ശതമാനം ഓവര്‍സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ 63 ശതമാനത്തിലധികം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 12 ശതമാനം വര്‍ദ്ധിച്ച് 10,908 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 6 ശതമാനം വര്‍ദ്ധനവോടെ 46,490 കോടി രൂപയിലെത്തി. നിലവില്‍ 2.7 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്കുള്ളത്.
◾ അമേരിക്കയുമായി കടുത്ത എഐ മത്സരം തുടരുന്നതിനിടയില്‍, രാജ്യത്തെ പ്രമുഖ എഐ വിദഗ്ധര്‍ക്ക് വിദേശയാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ആലിബാബ, ഡീപ്‌സീക് പോലുള്ള സ്വകാര്യ കമ്പനികളിലെ പ്രധാന എഐ ഗവേഷകര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ ഇനി വിദേശത്തേക്ക് പോകാന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി തേടണം. ചൈനയുടെ എഐ തന്ത്രത്തില്‍ നിര്‍ണായക പങ്കുള്ളവരെയാണ് നിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കന്‍ സാങ്കേതിക നിയന്ത്രണങ്ങളും ചിപ്പ് വിലക്കുകളും കടുപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ എഐ ശേഷി സംരക്ഷിക്കാനും സാങ്കേതിക ചോര്‍ച്ച തടയാനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. 2030ഓടെ ആഗോള എഐ ശക്തിയാകുക എന്നതാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനായി ചിപ്പ് നിര്‍മാണം, ഡാറ്റാ സെന്ററുകള്‍, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗവേഷണം, ടാലന്റ് വികസനം എന്നിവയില്‍ രാജ്യം വന്‍ നിക്ഷേപമാണ് നടത്തുന്നത്.
◾ മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന 'ചിന്ന ചിന്ന ആസൈ' റിലീസിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇന്ദ്രന്‍സും പ്രേക്ഷകരുടെ മനസില്‍ ഇടംനേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്.
◾ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആന്‍ഡ് കോ' ജൂണ്‍ 5ന് ആഗോള റിലീസായി തിയേറ്ററില്‍ എത്തും.സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കിയ ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ജി. കെ എം തമിഴ് കുമരനും പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജും ചേര്‍ന്നാണ് നിര്‍മ്മാണം . ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജയറാം - ഉര്‍വശി ടീം വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം ക്രൈം കോമഡി വിഭാഗത്തില്‍പ്പെടുന്നു. മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സംവിധായകന്‍ പാണ്ഡിരാജ് തന്നെയാണ് രചന.
◾ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ 'സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0' ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 86,500 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. 10.7 ബിഎച്പി കരുത്തും 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.7സിസി, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സഹായത്തോടെ ഈ ബൈക്ക് ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ അവകാശവാദം. ട്രാഫിക്കില്‍ എന്‍ജിന്‍ സുഗമമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന 'ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍' ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ , മാറ്റ് നെക്‌സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്‌നട്ട് ബ്രൗണ്‍ എന്നി അഞ്ചു നിറങ്ങളില്‍ പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 ലഭ്യമാണ്.
◾ താഴ്ന്ന ഫ്രീക്വന്‍സിയില്‍ സംവദിക്കുന്ന പ്രകൃതിയുടെ ശബ്ദവും വര്‍ഗ്ഗീയഭ്രാന്തിന്റെ വാള്‍ത്തലമൂര്‍ച്ചകള്‍ തുടച്ചുകളഞ്ഞ ജീവിതങ്ങളുടെ മഹാമൗനവും അധികാരവെറിയുടെ യുദ്ധങ്ങളില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ നിലവിളികളും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ തേങ്ങലുകളും തുടച്ചുമാറ്റപ്പെട്ട കാടുകളുടെ മര്‍മ്മരങ്ങളുമെല്ലാമെല്ലാം പല വരികള്‍ക്കിടയില്‍നിന്നും കാതോര്‍ത്താല്‍ കേള്‍ക്കാനാവുന്ന കവിതകള്‍. എണ്‍പത്, പൂരവെയില്‍, പച്ചമുറി, ഇടവഴികള്‍, കുറ്റിപ്പുറം പാലം വീണ്ടും, ചാരു മജുംദാര്‍ സ്വര്‍ഗ്ഗത്തില്‍, ചോരയൊലിക്കുന്നവര്‍, കലണ്ടര്‍, സംഭാഷണം, ഓര്‍ക്കുക ഭൂമിയെ... തുടങ്ങി മുപ്പതു രചനകള്‍. 'ജയിച്ചവരും തോറ്റവരും'. കെ.സച്ചിദാനന്ദന്‍. മാതൃഭൂമി. വില 120 രൂപ.
◾ ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് (150-250 മി.ലി) വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വലിയ രീതില്‍ മെച്ചപ്പെടുത്തുമെന്ന് പഠനം. എന്നാല്‍ അളവു കൂടിയാല്‍ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് വൃക്ക, ഹൃദയം, ഷുഗര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരില്‍. രാത്രി അമിതമായി വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു ഉണരാനും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു. അതേസമയം, നിര്‍ജ്ജലീകരണം രാത്രിയില്‍ പേശിവലിവു ഉണ്ടാക്കാം, ഇതും ഉറക്കത്തെ അസ്വസ്ഥമാക്കും. കാലക്രമേണ അവര്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം മാത്രമല്ല, ശരീരത്തിന്റെ വീണ്ടെടുക്കല്‍ പ്രക്രിയ തടസ്സപ്പെടുകയും ക്ഷീണത്തിനും തലവേദനയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിന് ഏകദേശം 90 മിനിറ്റ് മുന്‍പ് ചെറുചൂടു വെള്ളത്തില്‍ കുളിക്കുന്നത് ശരീരതാപനില കുറയ്ക്കാനും വേഗത്തില്‍ ഉറങ്ങാനും സഹായിക്കും എന്നതു പോലെ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ശരീരത്തെ സ്വഭാവികമായി തണുപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അധികം വെള്ളം കുടിക്കരുത്. കാപ്പി, ചായ, കൂള്‍ഡ്രിങ്ക്സ് എന്നിവ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. പകല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കൂടുതല്‍ പ്രധാനം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.31, പൗണ്ട് - 127.93, യൂറോ - 110.92, സ്വിസ് ഫ്രാങ്ക് - 121.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.22, ബഹറിന്‍ ദിനാര്‍ - 253.87, കുവൈത്ത് ദിനാര്‍ -308.03, ഒമാനി റിയാല്‍ - 247.84, സൗദി റിയാല്‍ - 25.38, യു.എ.ഇ ദിര്‍ഹം - 26.09, ഖത്തര്‍ റിയാല്‍ - 26.24, കനേഡിയന്‍ ഡോളര്‍ - 69.06.
Tags:
KERALA